ചെളിയിൽ പുതഞ്ഞ ബെഡുകളും അവശിഷ്ടങ്ങളും, കാണാമറയത്ത് ഇപ്പോഴും 41 പേർ

വെള്ളപ്പൊക്കം തുടച്ചെറിഞ്ഞ ടെക്സസിലെ ക്യാമ്പ് മിസ്റ്റിക്

ടെക്സസിലെ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ ക്യാമ്പായ ക്യാമ്പ് മിസ്റ്റികിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സന്തോഷം ഭക്തിയും നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥലം ശൂന്യമാണ്. പെൺകുട്ടികൾ ഉപയോ​ഗിച്ചിരുന്ന ബങ്ക് ബെഡുകളിൽ പലതും ഇപ്പോൾ ചെളിയിൽ പുതഞ്ഞു കിടക്കുകയാണ്. ഒരു വേനൽക്കാല ക്യാമ്പിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവിടെ ഇപ്പോൾ ബാക്കി.

അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം 78 ആയി ഉയ‍ർന്നു. 41 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജീവൻ നഷ്ടപ്പെട്ടവരിൽ 68 പേരും കെർ കൗണ്ടിയിലെ ക്രിസ്ത്യൻ പെൺകുട്ടികളുടെ ക്യാമ്പിലുള്ളവരായിരുന്നു. പെൺകുട്ടികളുൾപ്പെടെ പത്തു പേരെ ഇനിയും കണ്ടെത്താനും സാധിച്ചിട്ടില്ല. ജൂലൈ നാലാം തീയതി പൊതു അവധി ദിവസമായ വെള്ളിയാഴ്ച പുലരുന്നതിന് തൊട്ടുമുമ്പുണ്ടായ പേമാരിയിൽ 45 മിനിറ്റിനുള്ളിലാണ് നദിയിലെ ജലനിരപ്പ് 26 അടിയായി ഉയർന്നത്. നദീതീരത്ത് നിന്ന് 500 അടി മാത്രം ഉയരമുള്ള താഴ്ന്ന ക്യാബിനുകളിലാണ് പെൺകുട്ടികളിൽ പലരും ഉറങ്ങിയിരുന്നത്. ബൈബിൾ പഠനത്തിനും ക്യാമ്പ് ഫയർ ഗാനങ്ങൾക്കുമായി കുട്ടികൾ ഒത്തുകൂടിയിരുന്ന അകത്തളങ്ങളിൽ പെൺകുട്ടികൾ ഉപയോ​ഗിച്ചിരുന്ന സാധനങ്ങൾ ചിതറി കിടക്കുന്നുണ്ട്. സെൻട്രൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 78 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 28 കുട്ടികൾ ഉൾപ്പെടെ 68 പേരും ക്യാമ്പ് മിസ്റ്റിക് സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ നിന്നുള്ളവരായിരുന്നു. മരിച്ചവരിൽ ക്യാമ്പിന്റെ ദീർഘകാല ഡയറക്ടർ റിച്ചാർഡ് ഡിക്ക് ഈസ്റ്റ്‌ലാൻഡും നിരവധി യുവ ക്യാമ്പർമാരും ഉൾപ്പെടുന്നുണ്ട്. ക്യാമ്പിലെ പത്ത് പെൺകുട്ടികളെയും ഒരു കൗൺസിലറെയും ഇപ്പോഴും കാണാനില്ല.

കൊടുങ്കാറ്റ് വീശിയടിക്കുന്ന ശബ്ദം കേട്ടാണ് 13 വയസുകാരി സ്റ്റെല്ല തോംസൺ അന്ന് ഉണരുന്നത്. ക്യാമ്പിലെ ഏറ്റവും ഉയർന്ന ക്യാബിൻ ആയിരുന്നു സ്റ്റെല്ലയുടേത്. ഹെലികോപ്റ്ററുകൾ തലയ്ക്കു മുകളിലൂടെ പറക്കാൻ തുടങ്ങിയപ്പോൾ, എന്തോ ഭയാനകമായത് സംഭവിക്കുന്നതായി അവൾ മനസ്സിലാക്കിയിരുന്നു. ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ് നദിക്കരയിൽ വെള്ളപ്പൊക്കമുണ്ടായതായി തന്റെ ക്യാബിനുള്ളിലെ പെൺകുട്ടികൾ പറയുന്നത് അവൾ കേട്ടു.

ആ വാർത്ത ലഭിച്ചപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഭയമായി, ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങിയെന്ന് സ്റ്റെല്ല ഡാളസ് പറയുന്നു. രക്ഷാപ്രവർത്തകർ ഞങ്ങളെ രക്ഷിക്കുമ്പോഴും ഞങ്ങൾക്ക് ആശങ്ക മറ്റു ക്യാബിനുള്ളിലെ ആളുകളെക്കുറിച്ചായിരുന്നു. സൈനിക ട്രക്കുകൾ എത്തിയാണ് വെള്ളത്തിനടിയിൽ നിന്ന് ഞാൻ ഉൾപ്പെടെയുള്ളവരെ പുറത്തെത്തിച്ചത്. വെള്ളത്തിൽ നിന്ന് പ്രതികരണം ലഭിക്കുന്നത് അനുസരിച്ച് അവർ പെൺകുട്ടികളെ പുറത്തെടുക്കുന്നുണ്ടായിരുന്നുവെന്ന് സ്റ്റെല്ല തോംസൺ പറഞ്ഞു. വലിയ മരങ്ങൾ കടപുഴകി വീണു, അവ ശക്തിയായി ഒഴുകുന്ന പുഴയിലൂടെ നീങ്ങുന്നത് ഞങ്ങൾ കണ്ടു. അത് ക്യാമ്പ് മിസ്റ്റിക് ആയിരുന്നുവെന്ന് തോന്നാത്ത വിധത്തിൽ ആ പ്രദേശം ആകെ മാറി. കുന്നുകളുടെ മുകളിലെ ഞങ്ങളുടെ ക്യാബിനുകൾ പോലും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരുന്നുവെന്ന് ക്യാമ്പ് മിസ്റ്റിക്കിന്റെ കൗൺസിലറായ കാതറിൻ സോമർവില്ലെപറഞ്ഞു. തന്റെ പരിചരണത്തിലുള്ള ക്യാമ്പിലെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അവർ പറഞ്ഞു.

മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേര്‍ന്ന് പ്രകൃതിരമണീയമായ സ്ഥലമാണ് ടെക്‌സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

content summary: Mud-covered belongings of girls, 41 people are still missing after a flash flood swept through a summer camp in Texas

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment