വഖ്ഫ് നിയമഭേദഗതി രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നാം മറന്നുപോകാന്‍ പാടില്ലാത്ത ഒരു വഖ്ഫ് വിവാദമുണ്ട്. എങ്ങനെയാണ് വഖ്ഫ് ഭൂമിയായിരുന്ന മുംബൈ നഗരമധ്യത്തിലെ സ്ഥലം, ഒരു അനാഥാലയം പ്രവര്‍ത്തിച്ചിരുന്ന ഭൂമി എങ്ങനെയാണ് മുകേഷ് അംബാനിയുടെ കൊട്ടാരം നില്‍ക്കുന്ന ഇടമായി മാറിയത്? ആ കൊട്ടാരത്തിന്റെ കഥയെന്താണ്? അത് എങ്ങനെയാണ് നഗരത്തിന്റെ മധ്യത്തില്‍ ഉയര്‍ന്ന് വന്നത്? Mukesh ambani’s palace and waqf law
മുതിര്‍ന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫിന്റെ ‘കഴുകന്മാരുടെ വിരുന്ന് (ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്)’ എന്ന പ്രശസ്ത പുസ്തകത്തിലെ ഒര്യായത്തില്‍ ഈ വഖ്ഫ് ഭൂമി ആന്റിലിയ കൊട്ടാരമായി മാറി മാറിയ കഥ വിവരിക്കുന്നുണ്ട്. ആ അധ്യായത്തിന്റെ പ്രസക്തഭാഗങ്ങളാണ് ‘അഴിമുഖം’ പുനഃപ്രസിദ്ധികരിക്കുന്നത്
പ്രമുഖ അന്വേഷാണത്മക മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് എഴുതിയ ‘കഴുകന്മാരുടെ വിരുന്ന്’ (എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്; ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ-യുടെ മലയാളം പരിഭാഷ)‘ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ്, ഇനി പറയുന്നത്;
*
റോഡിനപ്പുറത്ത് തവിട്ടുനിറത്തില്‍ മീറ്ററുകള്‍ ഉയരത്തില്‍ മതില്‍ക്കെട്ടും മരത്തിന്റെ ഫ്രെയിമില്‍ അലങ്കാരപ്പണികളോടുകൂടിയ കൂറ്റന്‍ ഇരുമ്പ് ഗ്രില്‍ വാതിലുകളും കാണാം. വാതിലുകള്‍ വശത്തേക്ക് തെന്നിത്തുറക്കുമ്പോള്‍ അകത്ത് കൂറ്റന്‍ പൂച്ചട്ടികളില്‍ ഹരിതാഭമായ പൂന്തോട്ടത്തിന്റെ കാഴ്ച കാണാം. കതകുകള്‍ക്ക് ഇരുവശങ്ങളിലായി കാവല്‍ പുരകളില്‍ യന്ത്രത്തോക്കുകള്‍ ഏന്തിയ പാരാമിലിട്ടറി കമാന്‍ഡോകള്‍ നില്‍ക്കുന്നു. എന്റെ ഇടതുവശത്തായി സുരക്ഷാഭടന്‍മാരുടെ സംഘത്തിനു മുന്നിലായി സിവില്‍ വേഷധാരികളിരിക്കുന്ന ഒരു പോലീസ് പട്രോള്‍ വാഹനം നില്‍ക്കുന്നു. മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഒരു ചെറിയ നടപ്പാത ചെന്നെത്തുന്നത് ഒരു കോമ്പാണ്ടിലേക്ക് തുറക്കുന്ന ചെറിയ വാതിലിനടുത്തേക്കാണ്. എന്റെ വലത്തുവശത്ത് മതില്‍ക്കെട്ട് അവസാനിക്കുന്ന സ്ഥലത്ത് കുറച്ചു ചെറുപ്പക്കാര്‍ പുകവലിച്ചുകൊണ്ട് നില്‍ക്കുന്നു. മുംബൈയിലെ പ്രസന്നമായ ഫ്രെബുവരി മദ്ധ്യാഹ്നമാണന്ന്.

ഞാന്‍ മേലോട്ട് നോക്കി. ആ ടവറിന്റെ പല നിലകള്‍ ഹരിതവല്ലരികള്‍ പൊതിഞ്ഞുനില്‍ക്കുന്നു. ഗ്ലാസും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ പോലും ഊര്‍ജ്ജക്ഷമതയേറിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ഒരു ആര്‍ക്കിടെക്റ്റാണ് അത് രൂപകല്പന ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥമായതെന്ന് തോന്നിക്കുന്ന സസ്യലതാദികള്‍ ബാല്‍ക്കണികളില്‍ നിന്ന് തൂങ്ങിക്കിടക്കുന്നുണ്ട്. കുറച്ച് ബൊഗൈന്‍വില്ലപ്പൂക്കളും കാണാനുണ്ട്. വലിയ ബാല്‍ക്കണികളും ചാഞ്ഞു നില്‍ക്കുന്ന ബീമുകളും വളരെയധികം ഗ്ലാസ്സും ദൃശ്യമാണ്. കാഴ്ച്ചവട്ടത്തെങ്ങും ആളനക്കം കാണാനില്ല. കെട്ടിടത്തിന്റെ ഉച്ചി എനിക്ക് കാണാനാകുന്നില്ല. അത്രയൊന്നുമുയരമില്ലാത്ത എന്റെ സുഹൃത്ത് സക്കീര്‍ അതിനായുള്ള ഉദ്യമം നേരത്തേ ഉപേക്ഷിച്ചിരുന്നു. 170 മീറ്റര്‍ ഉയരമുള്ള ആന്റിലിയ, ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യന്റെ, മുകേഷ് അംബാനിയുടെ, വീട് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ വലുതായിരുന്നു. 1,50,000 കോടി രൂപയേക്കാളധികം മതിപ്പുള്ള സമ്പത്താണ് അയാള്‍ക്കുള്ളത്. പതിവിനേക്കാള്‍ ഏറെയുയര്‍ന്ന സീലിങ്ങാണ് ഓരോ നിലയ്ക്കുമെന്നതിനാല്‍ കെട്ടിടത്തിന് 27 നിലകളേയുള്ളൂ. സാധാരണ മട്ടിലുള്ള നിര്‍മ്മിതിയാണെങ്കില്‍ 60 നിലകള്‍ ഉണ്ടാകുമായിരുന്നേനെ.
ആ മധ്യാഹ്നത്തില്‍ ഞങ്ങള്‍ മാത്രമായിരുന്നു ആന്റിലിയക്ക് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ എങ്കിലും ചുറ്റുപാടുമുള്ള കച്ചവടക്കാര്‍ പറഞ്ഞതനുസരിച്ച്, ഒരുപക്ഷേ സമീപകാലത്തെ ഓര്‍മ്മയില്‍ വച്ച് ഏറ്റവും ചെലവേറിയ ഭവനം കാണാന്‍, ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സന്ദര്‍ശകര്‍ വരാറുണ്ട്. മുംബൈയുടെ തെക്കന്‍ ഭാഗത്ത് നഗരത്തിന്റെ വിഹായസ്സിലേക്ക് എഴുന്ന് നില്‍ക്കുന്ന ഈ വീട് പണിയാന്‍ അംബാനിമാര്‍ ഏകദേശം പതിനായിരം കോടി രൂപ ചെലവ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
4,00,000 ചതുരശ്ര അടിയുടെ വീട് ലോകത്തെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന ഭവനങ്ങളില്‍ ഒന്ന് എന്ന നിലയില്‍ പല അന്താരാഷ്ട പ്രസിദ്ധീകരണങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. 2010 നവംബറില്‍ നടന്ന ഈ വീടിന്റെ ഗൃഹപ്രവേശത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ട 80 അതിഥികളില്‍ ഒരാളായ ശോഭ ഡേ എന്ന എഴുത്തുകാരി, 21-ാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നാണ് ആശ്ചര്യം കൂറിയത്. ‘ഒരു ഭ്രമാത്മക അവസ്ഥയില്‍ നാം സിന്‍ഡ്രല്ലയുടെ നൃത്തശാലയില്‍ ആണ് എന്ന് പോലും തോന്നാം, അവര്‍ അത്ഭുതപ്പെട്ടു. ‘മുംബൈയുടെ മലിനാന്തരീക്ഷത്തെ താഴെയുപേക്ഷിച്ചു കൊണ്ട് ഈ ഉയരത്തില്‍ ശുദ്ധവായു ശ്വസിക്കുന്നത് മഹത്തായ അനുഭവമാണ്’ എന്ന് പ്രശസ്ത സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടതായിട്ടാണ് ശോഭ ഡേ ഉദ്ധരിച്ചത്. ശേഖര്‍ കപൂറിന്റെ സിനിമാറ്റിക് ഭാവുകത്വം കണക്കിലെടുത്താല്‍ അര്‍ത്ഥഗര്‍ഭമായ പ്രസ്താവനയാവാം അദ്ദേഹം നടത്തിയത്.
എന്നാല്‍ എല്ലാവരും ഇങ്ങനെ ആശ്ചര്യപ്പെട്ടില്ല. 2012ല്‍ എഴുതിയ ഒരു ലേഖനത്തില്‍ എന്തുകൊണ്ടാണ് അംബാനിമാര്‍ തങ്ങളുടെ കെട്ടിടത്തിന് ആന്റിലിയ എന്ന് പേരിട്ടത് എന്ന് എഴുത്തുകാരി അരുന്ധതി റോയ് അത്ഭുതം കൂറുകയുണ്ടായി; ‘എട്ടാം നൂറ്റാണ്ടോളം പഴക്കമുള്ള ഐബീരിയന്‍ ഐതിഹൃത്തില്‍ പറയുന്ന കാല്‍പ്പനിക ദ്വീപുകളുടെ പേരാണ് ആന്റില്ല. മുസ്ലിങ്ങള്‍ ഹിസ്പാനിയ പിടിച്ചടക്കിയപ്പോള്‍ ആറ് വിസിഗോഥിക് ബിഷപ്പുമാര്‍ അവരുടെ ഇടവകക്കാരോടൊപ്പം കപ്പലുകളില്‍ കയറി രക്ഷപ്പെട്ടു. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടവര്‍ ആന്റില്ല ദ്വീപുകളില്‍ എത്തിപ്പെടുകയും അവിടെ നിലയുറപ്പിച്ച് തങ്ങളുടെ പുതു നാഗരികത പണിതുയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. തങ്ങളുടെ കൊട്ടാരത്തിന് ആന്റിലിയ എന്ന് പേരിട്ടുകൊണ്ട് തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും മലിനാവസ്ഥയുമായി എല്ലാ ബന്ധങ്ങളും മുറിച്ചുകളയുക, എന്നിട്ട് ഒരു പുതു നാഗരികത പടുത്തുയര്‍ത്തുക എന്നതാണോ അംബാനിമാര്‍ പ്രതീക്ഷിക്കുന്നത്? ഇന്ത്യയിലെ ഏറ്റവും വിജയകരമായ വിഘടനവാദ പ്രസ്ഥാനത്തിന്റെ അന്തിമ കര്‍മ്മമാണോ ഇത്? മധ്യവര്‍ഗ്ഗത്തിന്റേയും ഉപരിവര്‍ഗ്ഗത്തിന്റേയും ബഹിരാകാശത്തിലേക്കുള്ള വേറിട്ടു പോക്ക്?’-അവര്‍ എഴുതി.
ലിബറല്‍ ബുദ്ധിജീവികള്‍ മാത്രമല്ല അസ്വസ്ഥരായത്. ‘എന്തിനാണ് ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇതിനാലാണ് വിപ്ലവകാരികള്‍ സൃഷ്ടിക്കപ്പെടുന്നത്’; സമകാലിക ശതകോടീശ്വരനായ രത്തന്‍ടാറ്റ 2011 മെയ് മാസത്തില്‍ ലണ്ടന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘അവിടെ ജീവിക്കുന്നയാള്‍ അയാള്‍ക്കു ചുറ്റും കാണുന്നതിനെപ്പറ്റി പരിഗണനയുള്ളയാളായിരിക്കണം. അയാള്‍ അങ്ങനെയല്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കടകരമാവും; കാരണം, ജനങ്ങളുടെ കഷ്ടപ്പാടിന് ആശ്വാസം പകരാനായി വഴി കാണുന്നതിനു വേണ്ടി തങ്ങളുടെ വന്‍ സമ്പത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും മാറ്റിവയ്ക്കുന്ന ആളുകളെയാണ് രാജ്യത്തിന് ആവശ്യം’.

ആന്റിലിയയെപ്പറ്റി രത്തന്‍ ടാറ്റയുടെ പരാമര്‍ശം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ടാറ്റാ ഗ്രൂപ്പ് ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കി; ‘മിസ്റ്റര്‍ അംബാനിയുടെ വീടിനെപ്പറ്റി ഇന്ത്യന്‍ മീഡിയയില്‍ വന്ന കഥകളെക്കുറിച്ച് ഒരു വിശദീകരണം പുറപ്പെടുവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയവയും വസ്തുതാപരമായി ശരിയല്ലാത്തവയുമാണ്. സമ്പത്തിനെപ്പറ്റി മിസ്റ്റര്‍ ടാറ്റ നടത്തിയ പരാമര്‍ശം സമൂഹത്തിലെ ഏറ്റത്താഴ്ചകളെക്കുറിച്ച് വിപുലമായ അര്‍ത്ഥത്തിലുള്ളതാണ്. പരാമര്‍ശങ്ങള്‍ ബോധപൂര്‍വം അതിവൈകാരികമാക്കിത്തീര്‍ക്കപ്പെട്ടതായി കാണുന്നു’.
ആന്റിലിയയില്‍ നിന്ന് റോഡ് മുറിച്ചുകടന്നാല്‍ ഒരു നിര ഷോപ്പുകള്‍ ഉണ്ട്; ഓരോന്നും കഷ്ടിച്ച് 100 ചതുശ്രഅടിക്ക് മേലെ മാത്രം വരുന്നവ. ഒന്ന് പച്ചക്കറി വില്‍ക്കുന്ന കട, മറ്റൊന്ന് ബ്രെഡും പഞ്ചസാരയും പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കട, മൂന്നാമത്തേത് രണ്ട് കടകള്‍ കൂട്ടിച്ചേര്‍ത്ത ഒരു ഡിസൈനര്‍ ഷോപ്പ്, പിന്നെ ഒരു എ.ടി.എമ്മും. എ.ടി.എമ്മിനു ശേഷമുള്ള അവസാനത്തെ കട അടച്ചിട്ടിരിക്കുകയാണ്; ഷട്ടര്‍ പുതിയ പെയിന്റടിച്ചിട്ടുണ്ട്. കണ്ണില്‍ കരടായിരിക്കുന്ന ഈ മാര്‍ക്കറ്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിന് ഈ കടകള്‍ വാങ്ങിക്കുന്നതിനായി അംബാനിയുടെ ആളുകള്‍ കടയുടമകളെ സമീപിക്കുന്നതായി അവിടെ സംസാരമുണ്ട്. നാലുകോടി രൂപ വാങ്ങിക്കൊണ്ട് അവസാനത്തെ ഷോപ്പുകാരന്‍ സ്ഥലം വിട്ടു. മാര്‍ക്കറ്റില്‍ കിട്ടിയ വിവരമനുസരിച്ച് ഷോപ്പിന് പുറത്തു മരത്തിന്റെ സ്റ്റാന്‍ഡിന്‍ മേല്‍ വച്ച് പച്ചക്കറി വിറ്റിരുന്ന ഒരാള്‍ക്ക് ആ സ്ഥലം ഒഴിഞ്ഞു പോകാന്‍ ഒരു കോടി രൂപ കിട്ടി. പച്ചക്കറി വില്‍പ്പനക്കാരന്‍ ഇപ്പോള്‍ ദൂരെപ്പോയി ഒരു വലിയ വീട് വാങ്ങുകയും മറ്റൊരു സ്ഥലത്ത് പച്ചക്കറി വില്‍ക്കാന്‍ തുടങ്ങുകയും ചെയ്തു- ചുരുങ്ങിയ പക്ഷം ഇങ്ങനെയാണ് അവിടെയുള്ളവര്‍ നല്‍കുന്ന വിവരങ്ങള്‍. അംബാനിയും കുമാര്‍ മംഗലം ബിര്‍ളയും വീട് വച്ചിരിക്കുന്ന വഴിയോരത്തുള്ള, ഈ ചെറുകിട ഷോപ്പുകാര്‍ വസ്തു വില്‍പനയില്‍ ഒരു പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണെന്ന് പറയാം.
ഒരു കച്ചവടക്കാരന്‍ ഞങ്ങളോട് പറഞ്ഞത് അയാള്‍ക്ക് മൂന്ന് കോടി രൂപയുടെ ഓഫര്‍ ഉണ്ടെന്നാണ്; ‘പക്ഷെ ഞാന്‍ എന്റെ ഡിമാന്‍ഡ് അഞ്ചു കോടിയാക്കി’. ഷോപ്പുടമകള്‍ അവര്‍ക്ക് കൈവന്ന പുതിയ കീര്‍ത്തി ആഘോഷിക്കുന്നത് വ്യക്തമാണ്; കൂടെ അപ്രതീക്ഷിതമായ സാമ്പത്തിക ഉന്നതിയുടെ സാധ്യതയും. 500 പേര്‍ ജോലിചെയ്യുന്ന ആന്റലിയ്ക്കുള്ളില്‍ ജീവനക്കാര്‍ക്കായി വലിയ ഒരു ക്യാന്റീന്‍ ഉണ്ട്. ഇതൊന്നും തന്നെ ഷോപ്പ് ഓണര്‍മാര്‍ക്ക് എന്തെങ്കിലും കച്ചവടം നേരിട്ട് നല്‍കുന്നില്ല. അംബാനിയുടെ വീട്ടിലെ ജീവനക്കാരില്‍ ആരെങ്കിലും ഒരു പാക്കറ്റ് ബ്രെഡോ പഞ്ചസാരയോ അടിയന്തിരാവശ്യത്തിന് വാങ്ങിക്കാനായി ഈ ഷോപ്പുകളിലേക്ക് വരാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ‘ഈ സാധനങ്ങള്‍ അവര്‍ തിന്നുന്നവയാണെന്ന് നിങ്ങള്‍ കരുതുന്നോ’? തന്റെ ഷോപ്പിലെ സാധനങ്ങള്‍ക്ക് നേരെ വെറുപ്പോടെ അംഗവിക്ഷേപം നടത്തിക്കൊണ്ട് അയാള്‍ പറഞ്ഞു. എന്നെപ്പോലുള്ള ടൂറിസ്റ്റുകള്‍ ഒരു കുപ്പി വെള്ളത്തിനോ ശീതളപാനീയത്തിനോ വേണ്ടി അവിടെ വരുന്നു. മുംബൈയിലെ ഉഷ്ണ കാലാവസ്ഥയില്‍ ഈ അംബരചുംബിയുടെ അടി മുതല്‍ മുടി വരെ നോക്കുന്നത് തന്നെ ആയാസമുള്ള ഒരു വ്യായാമമാണ്. മാത്രമല്ല, ആന്റിലിയക്ക് പുറത്ത് ആ കെട്ടിടം മുഴുവന്‍ നോക്കിക്കാണാന്‍ കഴിയുന്ന ഒരു ഇടം വേറെയില്ല.
2002ല്‍ ഈ കെട്ടിടം പണിയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഈ കൊച്ചു മാര്‍ക്കറ്റ് കഥകളുടേയും ഊഹാപോഹങ്ങളുടേയും ഉറവിടമാണ്. കെട്ടിടത്തിനുള്ളില്‍ 150 നായ്ക്കള്‍ ഉണ്ടെന്നും അവയെ നോക്കാനായി 20 പേരുണ്ടെന്നുമാണ് ഒരു കടയില്‍ ജോലി ചെയ്യുന്നയാള്‍ പറഞ്ഞത്. പ്രായംചെന്ന ഒരാള്‍ അത് തിരുത്തി. ‘അത് അതിശയോക്തിയാണ്. മിക്കവാറും 40 നായ്ക്കള്‍ കാണുമായിരിക്കും.’ കെട്ടിടത്തിന് പുറത്ത് തുടലിട്ടിട്ടുള്ള ഒരു നായയെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.
പൂന്തോട്ടങ്ങളും സ്വിമ്മിംഗ് പൂളും സിനിമ ഹാളും അതുപോലുള്ള സാകര്യങ്ങളും ഉള്ളിലുണ്ടെന്ന് മറ്റൊരാള്‍ പറയുന്നു. പക്ഷേ ഇതൊന്നും തന്നെ ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാരണം, ആന്റിലിയയില്‍ താമസിക്കുന്നവരോ കാവല്‍ക്കാരോ ഇതര ജീവനക്കാരോ മാര്‍ക്കറ്റില്‍ വരുന്നില്ല. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്നു മക്കളില്‍ ഇളയവനായ ആനന്ദ് എന്ന ചെറുപ്പക്കാരന്‍ മാത്രമാണ് വല്ലപ്പോഴും പുറത്തിറങ്ങുന്ന അംബാനി കുടുംബക്കാരന്‍. 2016ല്‍ നാടകീയമായി ശരീരഭാരം കുറച്ചു കൊണ്ട് പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നതു വരെ, തന്റെ തടിയന്‍ ശരീരഭാരവുമായി മല്ലടിച്ചിരുന്ന ആ ചെറുപ്പക്കാരന്‍ അംഗരക്ഷകരോടൊപ്പം വല്ലപ്പോഴും നടക്കാന്‍ ഇറങ്ങിയിരുന്നു. അയാളുടെ സഹോദരങ്ങളായ ഇഷയും ആകാശും ഒരിക്കല്‍ പോലും പുറത്തു കാണപ്പെട്ടിട്ടില്ല. ചിലപ്പോഴെല്ലാം അല്‍പ്പം കിലോമീറ്ററുകള്‍ മാറി തറവാട്ടുവീട്ടില്‍ താമസിക്കുന്ന ഇവരുടെ ഇളയച്ഛനായ അനില്‍ അംബാനി ഈ പ്രദേശത്ത് വരാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അംബാനിക്കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ അത് വാര്‍ത്തയാകുന്നു. അന്റിലിയയില്‍ നിന്ന് വളരെ അകലെയല്ലാതെ, 2013 ഡിസംബര്‍ ഏഴിന് രാത്രി റിലയന്‍സ് ഗ്രൂപ്പ് വക ഒരു കറുത്ത ആസ്റ്റന്‍ മാര്‍ട്ടിന്‍ റുപ്പീഡ് മറ്റു രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറിയപ്പോള്‍ ആകാശ് അംബാനിയാണ് റുപ്പീഡ് ഓടിച്ചിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വളരെ വേഗത്തില്‍ തന്നെ വെബ് സൈറ്റുകളില്‍ നിന്ന് ആ വാര്‍ത്ത അപ്രത്യക്ഷമാവുകയും ടെലിവിഷന്‍ ചാനലുകള്‍ ആ വിഷയത്തില്‍ മൗനം പാലിക്കുകയും ചെയ്തു. വാഹനാപകടത്തിന്റെ പിറ്റേന്ന് റിലയന്‍സിന്റെ പഴയ ഡ്രൈവര്‍ 55 വയസ് പ്രായമുള്ള ബന്‍സിലാല്‍ ജോഷി പോലീസിനു മുന്നില്‍ ഹാജരാവുകയും താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അവകാശപ്പെടുകയുണ്ടായി. ആസ്റ്റന്‍ മാര്‍ട്ടിന്‍ റുപ്പീഡിന് അകമ്പടിയായി ഒപ്പം വന്നിരുന്ന രണ്ട് എസ്യുവികളിലൊന്നില്‍, അപകടം നടന്ന സ്ഥലത്തു നിന്ന് താന്‍ കയറിപ്പോവുകയാണുണ്ടായത് എന്ന് അയാള്‍ പറഞ്ഞു. വാഹനാപകടത്തെ സംബന്ധിച്ച രേഖകള്‍ പ്രകാരം യുവ അംബാനിയിലേക്ക് സംശയം നീളുന്ന ഒന്നും പിന്നീടുണ്ടായതുമില്ല. പക്ഷെ, റിലയന്‍സ് ഗ്രൂപ്പിനെപ്പറ്റിയുള്ള മറ്റനേകം കാര്യങ്ങളിലെന്നപോലെ ചോദ്യങ്ങള്‍ ഇപ്പോഴും ചൂഴ്ന്ന് നില്‍ക്കുന്നു.
കെട്ടിടത്തെ ദുരാത്മാക്കളില്‍ നിന്ന് വിമുക്തമാക്കാനായി വിശേഷ പ്രാര്‍ത്ഥനകള്‍ നടത്താന്‍ വേണ്ടി ഒരു പുരോഹിതന്‍ തുടര്‍ച്ചയായി ആന്റിലിയ സന്ദര്‍ശിക്കാറുണ്ടെന്ന് മാര്‍ക്കറ്റിലെ ഒരു തൊഴിലാളി എന്നോട് പറഞ്ഞു. കെട്ടിടത്തിന്റെ ബേസ്മെന്റില്‍, അതായത്, ഭൂനിരപ്പില്‍നിന്ന് ആറ് നില താഴെ, 10 മുതല്‍ 12 അടി വരെ ആഴത്തില്‍ പുരോഹിതന്‍ ഒരു കുഴി കുഴിച്ചിട്ടുണ്ട്. ‘പ്രാര്‍ത്ഥനകള്‍ക്ക് 10 ശതമാനം ഫലമേ ഉണ്ടാകുന്നുള്ളൂ’ അയാള്‍ കൂട്ടിച്ചേര്‍ത്തു.
വിശേഷാല്‍ പ്രാര്‍ത്ഥനയെ പറ്റിയും ആത്മീയ പ്രശ്നങ്ങളെപ്പറ്റിയും കാര്യമായി അറിയില്ലെങ്കിലും ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പ്രസ്തുത ഭൂമിയില്‍ ഒരു അനാഥാലയം നിന്നിരുന്ന കാര്യം തനിക്കറിയാമെന്ന് മാര്‍ക്കറ്റിലെ ഒരു പഴയ അംഗം പറഞ്ഞു. ഏകദേശം അറുപതോളം മുസ്ലീംകുട്ടികള്‍ ആ ഭൂമിയിലുള്ള ഒരു പഴയ കെട്ടിടത്തില്‍ താമസിച്ചിരുന്നു; അത് വഖഫ് ഉടമസ്ഥതയിലുള്ള ഭൂമിയുമായിരുന്നു. ‘എല്ലാ ദിവസവും രാവിലെ ഒരു ബസില്‍ ഈ കുട്ടികള്‍ അടുത്തുള്ള സ്‌കൂളിലേക്ക് പോവുകയും വൈകുന്നേരങ്ങളില്‍ തിരിച്ചെത്തുകയും ചെയ്തുകൊണ്ടിരുന്നു’, ആ വൃദ്ധന്‍ പറഞ്ഞു.
ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മതപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യപ്പെടുന്ന ഭൂമിയോ പണമോ മറ്റു സമ്പത്തോ വഖഫ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സൂക്ഷിക്കുന്നത്. ഇന്ത്യയക്ക് ദീര്‍ഘമായ വഖഫ് പാരമ്പര്യവും 1954ലെ വഖഫ് ആക്റ്റ് എന്ന കേന്ദ്ര നിയമവും അതിനു വിധേയമായി ഓരോ സംസ്ഥാനത്തും വഖഫ് ബോര്‍ഡുകളുടെ ഭരണത്തിന്‍ കീഴില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും നൂറുകണക്കിന് കെട്ടിടങ്ങളുമുണ്ട്. ‘അനാഥാലയം വരുന്നതിനു മുമ്പ് അവിടെയൊരു ശ്മശാനം ഉണ്ടായിരുന്നു’, ആ വൃദ്ധന്‍ തന്റെ ഓര്‍മ്മയില്‍ ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് പറഞ്ഞു. എങ്ങനെയാണ് ശ്മശാനവും അനാഥാലയവും നിലനിന്നിരുന്ന വഖഫ് ഭൂമി ഇന്ത്യയിലെ ഏറ്റവും ധനികരായ കുടുംബത്തിന്റെ വീട് ആയി മാറിയത്? അത് അന്വേഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ റെക്കോര്‍ഡുകളിലും കോടതിക്കേസുകളിലും സമീപകാല പരാതികളിലും വിശദാംശങ്ങള്‍ ലഭ്യമാണ്.
ആന്റിലിയ നിലകൊള്ളുന്ന അള്‍ട്ടാമൌണ്ട് റോഡിലെ 4532 ചതുര്രശമീറ്റര്‍ സ്ഥലത്തിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട് കറുപ്പ് കയറ്റുമതിയുടെയും തുണിമില്ലുകളുടെയും ബ്രിട്ടീഷ് തുറമുഖ നഗരം എന്ന നിലയില്‍നിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലേക്കുള്ള മുംബൈയുടെ പരിണാമത്തിന്റെ കഥ.
ഒരു നൂറ്റാണ്ടിനു മുന്‍പ് ഈ ഭൂമി മുംബൈയിലെ മറ്റൊരു ധനാഡ്യന്റെ കയ്യിലായിരുന്നു. മുകേഷ് അംബാനിയോളം തന്നെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളായിരുന്നു അയാള്‍. സര്‍ കരിമ്പോയ് ഇബ്രാഹിംബോംബെയ്ക്കും കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തിനുമിടയ്ക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന, അന്നുതന്നെ ധനാഡ്യരായിരുന്ന കുടുംബത്തില്‍ 1840ല്‍ ജനിച്ച ഇസ്മയിലി ദാവൂദി ബോഹ്റ മുസ്ലിം ആയിരുന്നു. ആദ്യം ഹോങ്കോങ്ങിലേക്കും ഷാങ്ങ്ഹായ്ലേക്കും കറുപ്പും പട്ടും കയറ്റിയയയ്ക്കുകയും പിന്നീട് ബോംബെയിലെ തുണിമില്ലുകള്‍ സ്വന്തമാക്കുകയും ചെയ്തു കൊണ്ട് തന്റെ കച്ചവടം വളരെ ശക്തമായി വികസിപ്പിക്കാന്‍ സ്വന്തം കുടുംബചരിത്രം സര്‍ കരിമ്പോയ് ഇബ്രാഹിമിനെ സഹായിച്ചു. പ്രശസ്തിയുടെ ഉച്ചിയില്‍ നില്‍ക്കുന്ന കാലഘട്ടത്തില്‍ ഇബ്രാഹിമിന്റെ സാമാജ്യത്തിന് ബോംബെയിലും കല്‍ക്കട്ടയിലും ഹോങ്ങ്കോങ്ങിലും ഷാങ്ഹായിലും കോബെയിലും ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിലും ഓഫീസുകള്‍ ഉണ്ടായിരുന്നു.

1910ല്‍ ബ്രിട്ടിഷ് സാമ്രാജ്യം ഇബ്രാഹിമിന് ബാരണ്‍ പദവി നല്‍കി. അദ്ദേഹത്തിന് കീര്‍ത്തി പാടിയവരില്‍ പിന്നീട് പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദാലി ജിന്നയും ഉണ്ടായിരുന്നു. 1894ല്‍ ഇബ്രാഹിം തന്റെ സമുദായത്തിലെ അനാഥരുടെ ക്ഷേമത്തിനു വേണ്ടി കരിമ്പോയ് ഇബ്രാഹിം ഖോജ അനാഥാലയം ആരംഭിച്ചു. അള്‍ട്ടാമാണ്ട് റോഡിലെ ഭൂമി, ചില രേഖകള്‍ പ്രകാരം, യഥാര്‍ത്ഥത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്വാളിയോര്‍ രാജാവ്, ഇബ്രാഹിമിന് നല്‍കിയതാണ്. അവിടം മുതല്‍ക്ക് ഭൂമിയെപ്പറ്റിയുള്ള വസ്തുതകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും അത്, 2002 ല്‍ ആ ഭൂമി സ്വന്തമാക്കാന്‍ ആന്റിലിയ കൊമ്മേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് സഹായകമാവുകയും ചെയ്തു. ഓദ്യോഗിക രേഖകള്‍ പറയുന്നത് ഈ വസ്തു കരിമ്പോയ് ഇബ്രാഹിം ഖോജ ഓര്‍ഫനേജ് ട്രസ്റ്റിന്റേതാണ് എന്നാണ്. ഒരു ട്രസ്റ്റാണ് ഈ വസ്തുവിന്റെ ഉടമകളായിരിക്കുന്നത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമായി കാണേണ്ടതാണ്. നിരവധി പ്രശ്നങ്ങളില്‍ ഒന്നാമത്തേത് ഇതാണ്: സ്വന്തം സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരു മുസ്ലിം സമര്‍പ്പിച്ചതാണ് എന്നതിനാല്‍ ഈ ഭൂമി ഒരു സ്വകാര്യ ട്രസ്റ്റ് ആവാന്‍ പറ്റുകയില്ല; മറിച്ച് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കീഴിലാവാനേ പറ്റൂ.
വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇസ്മായിലി ദാവൂദി ബോഹ്റ സമുദായത്തില്‍ നിന്നുള്ള സംഭാവനകളായ ഈ ട്രസ്റ്റും ഇതുപോലെയുള്ള മുപ്പതിന് മേലെയുള്ള ട്രസ്റ്റുകളും, തങ്ങള്‍ വഖഫ് ഉടമയിലുള്ളവയായി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ആവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചിരുന്നു എന്നതാണ് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. കോടതിക്കേസ് ഉയര്‍ന്നു വന്നപ്പോള്‍ മഹാരാഷ്ട സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടു. വഖഫ് ബോര്‍ഡ്, ബോഹ്റ സമുദായ ട്രസ്റ്റുകളെ ഒഴിവാക്കിക്കൊണ്ടുള്ള തങ്ങളുടെ സമ്പത്തിന്റെ പരിഷ്‌കരിച്ച ലിസ്റ്റ് സമര്‍പ്പിച്ചു. എന്തായാലും മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് ഒരു പുതിയ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ വരികയും സ്വത്തു സംബന്ധിച്ച ലിസ്റ്റ് പരിഷ്‌ക്കരിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മേല്‍പറഞ്ഞ സ്വത്തുവിവര ലിസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പ്രശ്നം നീണ്ടു പോയ സാഹചര്യത്തില്‍, ട്രസ്റ്റില്‍ നിന്ന് വസ്തു ആന്റിലിയ കമ്മേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് 21 കോടി രൂപയ്ക്ക് വാങ്ങി. ആ റോഡിന്റെ വശത്തുള്ള ഭൂമിക്ക് അക്കാലത്ത് ഇതിന്റെ 25 മടങ്ങെങ്കിലും വിലയുണ്ടായിരുന്നു എന്നാണ് ഈ വിഷയങ്ങള്‍ പരിശോധിക്കാനായി നിയോഗിക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. പിന്നീട്, ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ട് അംബാനിക്കമ്പനി വഖഫ് ബോര്‍ഡിന് 16 കോടി രൂപ സംഭാവനയായി നല്‍കി എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ സ്വത്ത് സംബന്ധിച്ച കേസ് ബോംബെ ഹൈക്കോടതിക്കും വഖഫ് ബോര്‍ഡിനുമിടയ്ക്ക് സഞ്ചരിച്ചു, ഒടുവില്‍ അത് സുപ്രീം കോടതി വരെ എത്തി; 2015ല്‍ മഹാരാഷ്ട സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട നടപടി റിപ്പോര്‍ട്ട് പ്രകാരം, ഈ കച്ചവടം അസാധുവാണെന്നാണ് വഖഫ് ബോര്‍ഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട റിട്ട. ജസ്റ്റിസ് എ.ടി.എ.കെ ഷെയ്ക്ക് പറഞ്ഞത്: ‘വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഈ ഭൂമി അംബാനിക്ക് വിറ്റത്. വഖഫ് ബോര്‍ഡ് റൂള്‍ 32 (2)ജെ പ്രകാരം ഭൂമി വില്‍ക്കാനായി ബോര്‍ഡ് അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗം അംഗങ്ങളുടെ മുന്‍കൂര്‍ അനുമതിയും അത് ബോര്‍ഡിന്റെ മീറ്റിംഗില്‍ പ്രമേയമായി പാസാക്കുകയും വേണം. അതിനാല്‍ ഭൂമി വില്‍പ്പന അസാധുവാണ് എന്നാണ്. ഇക്കാര്യങ്ങളില്‍ ഇപ്പോഴും പൂര്‍ണമായ തീര്‍പ്പുണ്ടായിട്ടില്ലെന്നും ആ ഉദ്യോഗസഥന്‍ വ്യക്തമാക്കി.
ഈ ഭൂമി കൈമാറ്റം സംബന്ധിച്ച പരാതി ഒടുവില്‍ ഡല്‍ഹിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലും എത്തി. ഇതോടെ ഒരുകൂട്ടം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉക്കാര്യത്തില്‍ കര്‍ശന നിലപാട് തന്നെ സ്വീകരിച്ചു. 2010 ഡിസംബര്‍ ഒന്നിന് ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി മഹാരാഷ്ട്ര സര്‍ക്കാരിന് എഴുതി: ‘അള്‍ട്ടാമൌണ്ട് റോഡിലെ 4532 ചതുശ്ര മീറ്റര്‍ വസ്തു ആന്റലിയ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് വില്‍പ്പന നടത്തിയതില്‍ 1995ലെ വഖഫ് നിയമത്തിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടില്ല എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നത്. അതുകൊണ്ട്, മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കേണ്ടതാണ്’. അതായത്, ഈ വസ്തു കൈമാറ്റത്തിനു പിന്നില്‍ ക്രിമിനല്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നതായിരുന്നു ഇതിന്റെ വിവക്ഷ.
രാജ്യത്തെ സമ്പന്നരും പ്രബലരുമായ ചിലരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് എങ്ങനെയാണ് നിയമത്തെ നോക്കുകുത്തിയാക്കുകയും ഭരണഘടനാപരമായ കാര്യങ്ങളെ അട്ടിമറിക്കുകയും ചെയ്തത് എന്നതാണ് ഈ കേസ് തെളിയിക്കുന്നത്: 2010 ഒക്ടോബര്‍ 25ന് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ആഷിഷ് ജോഷി, കേന്ദ്ര വിജിലന്‍സ് കമ്മീഷന് എഴുതിയ കത്തില്‍ പറയുന്നു. എന്നാല്‍ ഈ പറഞ്ഞ ഒരു ശുപാര്‍ശകളും ഈ കേസില്‍ കാര്യമായ ഫലമുണ്ടാക്കിയില്ല. താന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടുവെന്നും ഹരിയാനയിലെ ഒരു അപ്രധാനമായ പോസ്റ്റിലേക്ക് ഒതുക്കപ്പെടുകയും ചെയ്തുവെന്ന് ജോഷി പറഞ്ഞു. 2015 ആദ്യം ഞാന്‍ ജോഷിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അദ്ദേഹം, ഡല്‍ഹിയില്‍ ഭവനരഹിതരായവര്‍ക്ക് രാത്രി അഭയം നല്‍കാനുള്ള വകുപ്പിന്റെ ചുമതലക്കാരനായി ജോലി ചെയ്യുകയായിരുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി കൊമ്പുകോര്‍ത്തതിനെ കുറിച്ച് ജോഷി ആ സമയത്ത് ആലോചിക്കുന്നതു പോലുമില്ലായിരുന്നു. പക്ഷേ, അവര്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചവരാണ്, റിലയന്‍സിനെ ഒഴിവാക്കിക്കൊണ്ട് ഒന്നും നടക്കില്ല, ഓരോ തവണയും അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ അതിനി വൈദ്യുതിയുടെ കാര്യത്തിലായാലും മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തിലായാലും പെട്രോകെമിക്കല്‍സിന്റെ കാര്യത്തിലായാലും ഒക്കെ – നാം നിരന്തരം ഇടപെട്ടു കൊണ്ടിരിക്കേണ്ട സാഹചര്യമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള അവരുടെ സ്വാധീനശേഷിയെക്കുറിച്ചും നിരവധി ഊഹാപോഹങ്ങളുണ്ട്. അവരുടെ ചില ജോലിക്കാരും അവരുമായി അടുപ്പം പുലര്‍ത്തുന്നവരും പാര്‍ലമെന്റ് അംഗങ്ങളായുണ്ട്. പക്ഷേ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് റിലയന്‍സ് ഓദ്യോഗികമായി വന്‍ തുക സംഭാവന നല്‍കിയതായി തെളിവുകളൊന്നുമില്ല. വിവിധ മേഖലകള്‍ രണ്ട് അംബാനി സഹോദരങ്ങളും ചേര്‍ന്ന് സ്വന്തമാക്കിക്കൊണ്ടുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ അത്ഭുതാവഹമായ വളര്‍ച്ച ഒന്നാന്തരമൊരു പഠനവിഷയമാണ്; വേണ്ടപ്പെട്ട ആളുകളെ ഒപ്പം നിര്‍ത്താനും തീരുമാനങ്ങളെ സ്വാധീനിക്കാനും ഇന്ത്യ ഒരുക്കുന്ന സാധ്യതകള്‍ എന്താണ് എന്ന് പഠിക്കാന്‍.
2002ലെ ഗുജറാത്ത് വംശഹത്യയുടെ കളങ്കങ്ങളില്‍ നിന്ന് മോദിയെ ശുദ്ധീകരിച്ചെടുക്കാന്‍ അയാളെ സഹായിച്ച മറ്റു വ്യവസായികള്‍ക്കൊപ്പം മുന്നണിയിലുണ്ടായിരുന്നവരാണ് മുകേഷ് അംബാനിയും അനില്‍ അംബാനിയും. എന്നിരുന്നാലും, അംബാനി കുടുംബം ഹിന്ദു വലതുപക്ഷ ക്യാമ്പിലെ അടിയുറച്ച അംഗങ്ങളിലൊന്നല്ല. രാഷ്ട്രീയത്തിലെ മോദിയുടെ ബദ്ധശത്രു, സോണിയ ഗാന്ധി 2005ല്‍ മോസ്‌കോയില്‍ ചെന്നിറങ്ങിയത് റിലയന്‍സിന്റെ ഒരു സ്വകാര്യ വിമാനത്തിലായിരുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധുനിക ഇന്ത്യയിലെ ബിസിനസുകാര്‍ നേരിടുന്ന വെല്ലുവിളികളെ പ്രതിനിധീകരിക്കുന്നതാണ് അംബാനിമാരുടെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയാഭിമുഖ്യവും. സുതാര്യമായും സത്യസന്ധമായും ബിസിനസ് നടത്തണമെന്ന് ഒരു കമ്പനി വിചാരിച്ചാല്‍ പോലും രാഷ്ട്രീയം അതിന് അവരെ അനുവദിക്കില്ല.
2008ലാണ് ആന്റിലിയയുടെ നിര്‍മാണം കാര്യമായി ആരംഭിക്കുന്നത്. ലോകമെമ്പാടും നിരവധി യൂണിവേഴ്സിറ്റികളും വന്‍ കെട്ടിടങ്ങളുമൊക്കെ രൂപകല്‍പ്പന ചെയ്തിട്ടുള്ള പെര്‍കിന്‍സ് ആന്‍ഡ് വില്‍സ് ആണ് ഇതിന്റെയും രൂപരേഖ തയാറാക്കിയത്. ഓസ്ട്രേലിയയില്‍ നിന്നുള്ള ലെറ്റന്‍ ഹോള്‍ഡിങ്സ് ആയിരുന്നു മുഖ്യ കോണ്‍ട്രാക്ടര്‍. അതിനൊപ്പം, മറ്റ് നിരവധി കമ്പനികളും ഈ ബഹുനില മാളിക കെട്ടിയുയര്‍ത്താന്‍ ഉള്‍പ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ ഒരു വര്‍ഷമാണ് 2008. ഈ സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിമതികളുടേയും സ്വജനപക്ഷപാതത്തിന്റെയും ഒക്കെ ആരോപണങ്ങളില്‍പ്പെട്ട് പ്രതിരോധത്തിലാകുന്നതും നിരവധി ഇന്ത്യന്‍ കോടീശ്വരന്മാരും ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളാണെന്ന് വെളിപ്പെടുന്നതും. ഒരു സമയത്ത് ഇന്ത്യന്‍ ഉദാരവത്ക്കരണത്തിന്റെ പിതാവെന്ന് ആഘോഷിക്കപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ, അഴിമതി കണ്ടില്ലെന്ന് നടിച്ചിരിക്കുന്ന കഴിവുകെട്ട ഒരു രാഷ്ട്രീയക്കാരന്റേതായി മാറി; വ്യക്തിപരമായി അദ്ദേഹത്തിന്റേത് മികച്ച പ്രതിച്ഛായ ആയിരുന്നെങ്കിലും. ആ വര്‍ഷമാദ്യം ടെലികോം കമ്പനികള്‍ക്ക് 122 പുതുതലമുറ 2ജി ലൈസന്‍സ് നല്‍കിയത് നിയമങ്ങള്‍ വളച്ചൊടിച്ചും നിരവധി പേര്‍ക്ക് വന്‍തോതില്‍ കോഴ നല്‍കിയുമാണ് എന്നത് വ്യക്തമായിരുന്നു.
2010-ഓടെ, ആന്റിലിയ വാസയോഗ്യമാകുന്ന സമയത്ത് 1,76,000 കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണം വെളിവാക്കിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരുവിധപ്പെട്ട ഇന്ത്യക്കാര്‍ക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയായിരുന്നു അത്. പിന്നാലെ നിരവധി ഏജന്‍സികള്‍ കേസ് അന്വേഷണം ആരംഭിച്ചു. സുപ്രീം കോടതിയുടെ ഒരു ബഞ്ച് കേസില്‍ സ്ഥിരമായി മേല്‍നോട്ടം നടത്തിത്തുടങ്ങി. പ്രധാനപ്പെട്ട പ്രതികളിലൊരാള്‍ മുകേഷ് അംബാനിയുമായി തെറ്റിപ്പിരിഞ്ഞ ഇളയ സഹോദരന്‍ അനില്‍ അംബാനിയുടെ കമ്പനികളായിരുന്നു. സീ വൈന്‍ഡ് എന്ന മുംബൈയിലെ 18 നില കുടുംബ വീട്ടിലാണ് അനില്‍ അംബാനിയുടെ താമസം, അവിടെ നിന്നാണ് മുകേഷ് അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറ്റുന്നത്.Mukesh ambani’s palace and waqf law
Content Summary: Mukesh ambani’s palace and waqf law