June 04, 2026 |
Share on

ഒരു കുടുംബത്തെ ഇല്ലാതാക്കിയ ‘തണ്ണിമത്തന്‍’

മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്

മുംബൈ പൈധുനിയിലെ വലക് ഹലാല്‍ മേമന്‍ ജമാഅത്ത് ഖാനയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് നടന്ന സംസ്‌കാരകര്‍മങ്ങള്‍ക്ക് ഒത്തുകൂടിയവര്‍ക്ക് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. കാരണം, അവര്‍ക്കാര്‍ക്കും ആ മരണങ്ങള്‍ വിശ്വസിക്കാനാകുമായിരുന്നില്ല. തണ്ണിമത്തന്‍ കഴിച്ചതിനെത്തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഒരു കുടുംബത്തിലെ നാലുപേരുടെ വിയോഗമാണ് ആ മുംബൈ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചത്.

അബ്ദുള്ള ഡൊക്കാഡിയ, ഭാര്യ നസീം, മക്കളായ ആയിഷ, സൈനബ് എന്നിവരുടെ വിയോഗവാര്‍ത്തയറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ ജമാഅത്ത് ഖാനയിലെ ആ ചെറിയ ഹാളിലേക്ക് ഒഴുകിയെത്തി. പുരുഷന്മാരും സ്ത്രീകളും വെവ്വേറെയിരുന്ന് പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരുടെയും വാക്കുകള്‍ക്ക് ആ വേദന കുറയ്ക്കാനായില്ല. ജോഗേശ്വരിയില്‍ താമസിക്കുന്ന അബ്ദുള്ളയുടെ മാതാവ് തന്റെ മകന്റെ കുടുംബം ഒന്നടങ്കം ഇല്ലാതായതിന്റെ ഞെട്ടലിലായിരുന്നു.

‘എന്റെ മകന്റെ കുടുംബം മുഴുവനും തുടച്ചുനീക്കപ്പെട്ടുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഞാന്‍ അവരെ കണ്ടതും കൊച്ചുമക്കളോടൊപ്പം കളിച്ചതും. മൂത്തവള്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതായിരുന്നു, ഇളയവള്‍ എട്ടാം ക്ലാസിലും. കൂടുതല്‍ സംസാരിക്കാനുള്ള അവസ്ഥയിലല്ല ഞാന്‍. എനിക്ക് അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉണ്ടായിരുന്നത്. അതിലൊരു മകന്‍ ഇനിയില്ല,’ വിങ്ങിപ്പൊട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.

ദുരന്തം നടന്ന ശനിയാഴ്ച രാത്രിയിലെ സംഭവങ്ങളെക്കുറിച്ച് അബ്ദുള്ളയുടെ സഹോദരഭാര്യ പറയുന്നത് ഇങ്ങനെയാണ്: ‘ശനിയാഴ്ച രാത്രി എന്റെ ഭര്‍ത്താവും മൂന്ന് മക്കളും ഭര്‍ത്താവിന്റെ സഹോദരിയും കൂടി അത്താഴം കഴിക്കാന്‍ പുറത്തുപോയിരുന്നു. ഞാന്‍ എന്റെ നാത്തൂനോടൊപ്പം ഷോപ്പിംഗിന് പോയതിനാല്‍ അവര്‍ക്കൊപ്പം പോയില്ല. രാത്രി 11.45-ഓടെ പുലാവ് കഴിച്ചശേഷം അവര്‍ മടങ്ങിയെത്തി. അപ്പോള്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പിന്നീട് ഏകദേശം പുലര്‍ച്ചെ 1-1.30 ആയപ്പോള്‍ കുട്ടികള്‍ക്ക് വിശക്കുന്നു എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അബ്ദുള്ളയും നസീമും ഒരു തണ്ണിമത്തന്‍ മുറിച്ചു. അവര്‍ നാലുപേരും അത് കഴിച്ചു.’

ഞായറാഴ്ച അവധി ദിനമായതിനാല്‍ അവര്‍ വൈകി എഴുന്നേല്‍ക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പുലര്‍ച്ചെ തന്നെ അവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നുവെന്ന വിവരമാണ് ബന്ധുക്കളെ തേടിയെത്തിയത്. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തണ്ണിമത്തന്‍ കഴിച്ചതാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം കാത്തിരിക്കുകയാണ്. അബ്ദുള്ളയുടെ ബന്ധുവായ മുഹമ്മദ് മുസ്തഫ ഇഖ്ബാല്‍ പറയുന്നത്, അതിഥികളാരും കഴിക്കാത്തതും ആ കുടുംബം മാത്രം കഴിച്ചതുമായ ഒരേയൊരു ഭക്ഷണം തണ്ണിമത്തനാണ് എന്നാണ്. ‘ഞങ്ങള്‍ ഇതിനെ സംശയിക്കുന്നുണ്ടെങ്കിലും ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ ഏകദേശം 15 ദിവസമെടുക്കും. അതുവരെ കാത്തിരിക്കണം,’ അദ്ദേഹം പറഞ്ഞു. കൂടാതെ, സോഷ്യല്‍ മീഡിയയിലൂടെ പടരുന്ന വ്യാജവാര്‍ത്തകളെ വിശ്വസിക്കരുതെന്നും ഒമ്പത് പേര്‍ മരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ച കുടുംബം താമസിച്ചിരുന്ന രണ്ടാം നിലയിലെ ഫ്‌ളാറ്റില്‍ പോലീസ് സംഘം വീണ്ടും പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ അനിവാര്യമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുംബൈ നഗരത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×