January 22, 2025 |

മുനമ്പത്തെ വഖഫ് കുരുക്കും രാഷ്ട്രീയ ഇരട്ടത്താപ്പും

വഖഫ് സ്വത്തുക്കളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007 ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എംഎ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഗുജറാത്തിലെ വ്യാപാരിയായിരുന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജി 1902 ലാണ് കൊച്ചിയില്‍ എത്തുന്നത്. മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 400 ലധികം ഏക്കര്‍ ഭൂമിയുടെ തര്‍ക്കത്തിന്റെ തുടക്കവും അവിടെ നിന്നാണ്. തിരുവിതാംകൂര്‍ മഹാരാജാവ് കടപ്പുറത്തിന് ചുറ്റുമുള്ള 404 ഏക്കര്‍ ഭൂമി കൃഷി ആവശ്യത്തിനായി സേട്ടിന് പാട്ടത്തിന് കൊടുത്തു. 1948 ല്‍ ഈ ഭൂമി സത്താര്‍ സേട്ടിന്റെ പിന്‍ഗാമിയായ സിദ്ദിഖ് സേട്ടിന് മഹാരാജാവ് തീറാധാരം ചെയ്ത് നല്‍കി. 1948 ആഗസ്റ്റ് 12 ന് സിദ്ദിഖ് സേട്ട് ഈ ഭൂമി ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ വിദ്യാഭ്യാസത്തിനായി കോഴിക്കോട് ഫറൂഖ് കോളേജിന് വഖഫ് ചെയ്യുകയായിരുന്നു. 1950 നവംബര്‍ ഒന്നിന് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. Munambam waqf land controversy

ഭൂപരിഷ്‌കരണമോ, ഭൂമി സംബന്ധമായ സമഗ്ര നിയമങ്ങളോ ഉള്ള കാലമായിരുന്നില്ല അത്. 1954 ലാണ് വഖഫ് ആക്ട് ആവിഷ്‌കരിച്ചത്. അത് പ്രകാരമാണ് 1954 മുതല്‍ വഖഫ് ചെയ്ത ഭൂമി സംബന്ധിച്ച വസ്തുതകള്‍ സമഗ്രമായി രേഖപ്പെടുത്തണമെന്ന നിഷ്‌കര്‍ഷത ഭരണകൂടത്തിനുണ്ടാകുന്നത്. ആക്ട് പ്രകാരം എവിടെയൊക്കെ വഖഫ് ചെയ്ത ഭൂമിയുണ്ടോ അതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും, അന്യാധീനപ്പെടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കണമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ അന്നൊന്നും മുനമ്പത്തെ ഈ ഭൂമി വഖഫ് രേഖകളിലൊന്നും വന്നിരുന്നില്ല.

ഭൂമി ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫറൂഖ് കോളേജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിക്കരുതെന്നും, കോളേജിന് ഈ ഭൂമി ആവശ്യമില്ലാതെ വരുന്ന ഘട്ടത്തില്‍ സിദ്ദിഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കോ തിരികെ നല്‍കണമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഫറൂഖ് കോളേജിന്റെ ഉന്നമനം മാത്രം ലക്ഷ്യംവച്ച കോളേജ് മാനേജ്‌മെന്റ് ഇഷ്ടദാനമായി കിട്ടിയ മുനമ്പത്തെ ഭൂമിയിലേക്ക് പിന്നീട് തിരിഞ്ഞുനോക്കാതെയായി. ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എംവി പോളും അഡ്വ. മൈക്കിളും ആയിരുന്നു അക്കാലത്ത് ഭൂമി നോക്കി നടത്തിയിരുന്നത്. ഇവര്‍ 1989 മുതല്‍ പലരില്‍ നിന്നും വില വാങ്ങി ഭൂമി മറിച്ചുവില്‍ക്കുകയുമായിരുന്നു.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാന്‍ ആ സര്‍ട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികള്‍ അപ്രകാരം ചെയ്തത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഫറൂഖ് കോളേജ് മാനേജ്മെന്റും തദ്ദേശവാസികളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടര്‍ന്നു. ഭൂമി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയതാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പിന്നീടുള്ള കോടതി ഉത്തരവുകള്‍ പ്രദേശവാസികള്‍ക്ക് പ്രതികൂലമായി.

1975 ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘം രൂപീകരിക്കുകയും പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസ് 12 വര്‍ഷം തുടര്‍ന്നു. 1989 ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റിന് കൂടിയ വില നല്‍കി അന്നുണ്ടായിരുന്ന കുടികിടപ്പുകാര്‍, അവരുടെ തലമുറ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അവര്‍ നല്‍കിയത്. സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലും അന്ന് സ്ഥലത്തിന് 100 രൂപയില്‍ താഴെ മാത്രമായിരുന്നു വില. കാലങ്ങളായി അവിടെ ജീവിച്ചുപോന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കൂടിയാണ് വലിയ വിലയ്ക്ക് ഭൂമി വാങ്ങാന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് ഫറൂഖ് കോളേജ് മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280 ഓളം ആധാരങ്ങളാണ് 1989 മുതല്‍ 1993 വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്തത്.

വഖഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മയാണ് പിന്നീട് ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഹൈക്കോടതി 2016 ല്‍ സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രശ്നമെന്ന നിലയില്‍ പ്രദേശവാസികള്‍ക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂ വകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കോടതി സ്റ്റേ നല്‍കി.

Post Thumbnail
തലച്ചോര്‍ തിന്നും അമീബ കുട്ടികളില്‍ അതിവേഗമെത്തും, കാരണം അറിയാംവായിക്കുക

വിവിധ മതവിഭാഗങ്ങളില്‍ പെട്ട 614 കുടുംബങ്ങളാണ് നിലവില്‍ മുനമ്പത്ത് വഖഫ് ഭീഷണി നേരിടുന്നത്. കഴിഞ്ഞദിവസം വയനാട് മാനന്തവാടിയിലും 5.45 ഏക്കര്‍ ഭൂമിക്കുമേല്‍ വഖഫിന്റെ നോട്ടീസ് ലഭിച്ചിരുന്നു. വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഭൂമി പണയപ്പെടുത്താനോ വില്‍പന നടത്താനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. എന്നാല്‍ 50 വര്‍ഷങ്ങള്‍ക്കിടെ ഈ ഭൂമിയുടെ വലിയൊരുഭാഗം കടലേറ്റത്താല്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ന് ഈ ഭൂമി 114 ഏക്കറായി ചുരുങ്ങി.

waqf land

മുനമ്പത്തെ സമരം

‘കാലങ്ങളായി ഞങ്ങള്‍ ഈ മണ്ണില്‍ ജീവിച്ചുവരുന്നവരാണ്. 1989 ല്‍ ആണ് ഈ ഭൂമി ഞങ്ങള്‍ പണം കൊടുത്ത് വാങ്ങിയത്. വീടുകള്‍ പണിയുന്നതിനായി ലോണും വാഹനം വാങ്ങിക്കാനുമായി വാഹനവായ്പയും എടത്തവരാണ് ഇവിടുങ്ങളിലെ ഭൂരിഭാഗം പേരും. ഇതിനൊക്കെ പുറമെയാണ് മക്കളുടെ പഠനത്തിനും മറ്റുമായി എടുത്തിരിക്കുന്ന വിദ്യാഭ്യാസ ലോണുകളുമെല്ലാം. ഇങ്ങനെയൊരു അവസരത്തിലാണ് വഖഫ് ഭൂമിയാണ് ഇതെന്ന പേരില്‍ ഞങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. മുനമ്പത്തെ വഖഫിന്റേതെന്ന് പറയുന്ന ഭൂമി അന്ന് കൂടി വില നല്‍കിയാണ് ഞങ്ങള്‍ വാങ്ങിയത്. ആ പണം കൊണ്ടുപോയി അവര്‍ ഫറൂഖ് കോളേജിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചു. എന്നാല്‍ 1980 കളിലാണ് ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മിച്ചത്. അതുവരെ ഉണ്ടായിരുന്ന 404 ഭൂമിയില്‍ 114 ഏക്കര്‍ ഭൂമിയേ കടല്‍ എടുത്തശേഷം ഇപ്പോള്‍ ഉള്ളൂ. സര്‍ക്കാര്‍ വീണ്ടും 404 ഏക്കര്‍ ഭൂമി ഫറൂഖ് കോളേജിന് ഇതിന്റെ പേരില്‍ കൊടുത്താല്‍ കോടാനുകോടി രൂപയുടെ സ്വത്ത് ഫറൂഖ് കോളേജിന് വന്നുചേരും. ഇത് സര്‍ക്കാരിനെ കൊള്ളയടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്. ഒരു ജനവിഭാഗത്തെ പറ്റിക്കാനാണ് ഇവര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. വഖഫ് മന്ത്രിയുടെ ഈ നിലപാടിനെ കാട്ടുനീതി എന്നേ പറയാന്‍ കഴിയൂ’വെന്ന് സമരസമിതി കണ്‍വീനറും പ്രദേശവാസിയുമായ ജോസഫ് ബെന്നി അഴിമുഖത്തോട് പറഞ്ഞു.

വഖഫ് സ്വത്തുക്കളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007 ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എംഎ നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. 23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു എന്നതായിരുന്നു കണ്ടെത്തല്‍. അതില്‍ ഏറ്റവും കൂടുതല്‍ കൈയ്യേറ്റം നടന്നിരിക്കുന്നതും മുനമ്പത്താണെന്നാണ് കണ്ടെത്തല്‍.

പ്രതിരോധത്തിലായി ഭരണ-പ്രതിപക്ഷം

മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ മുറുകവെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളെ ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്നത് കൂടിയായി മാറിയിരിക്കുകയാണ് ഈ തര്‍ക്കവിഷയം.

‘മുനമ്പത്തെ വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. 2008 ല്‍ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. അതില്‍ അന്വേഷണ കമ്മീഷന്‍ 24 റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തതില്‍ ഒന്ന് മുനമ്പത്തെ കുറിച്ചായിരുന്നു. അന്വേഷണ കമ്മീഷന്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്തത് ഇത് വഖഫ് പ്രോപ്പര്‍ട്ടിയാണെന്നാണ്. വഖഫ് ആക്ടിലെ 97-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍, വഖഫ് ബോര്‍ഡിന് ഈ ഭൂമി തിരിച്ച് പിടിക്കാന്‍ നിര്‍ദേശം നല്‍കണമെന്നതായിരുന്നു ശുപാര്‍ശ. 97-ാം വകുപ്പ് പ്രകാരം സര്‍ക്കാരിന് അങ്ങനെയൊരു നിര്‍ദേശം കൊടുക്കാനുള്ള അധികാരമുണ്ട്. ആ അധികാരം നടപ്പിലാക്കുകയല്ലാതെ വഖഫ് ബോര്‍ഡിന് വേറെ നിവൃത്തിയില്ലായിരുന്നു. ആ ശുപാര്‍ശ 2010 മെയ് 5 ന് പാലോളി മുഹമ്മദ് കുട്ടി വഖഫ് മന്ത്രിയായിരുന്ന കാലത്ത്, അതായത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാബിനറ്റില്‍ വച്ച് അംഗീകരിച്ചു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ക്യാബിനറ്റ് യോഗത്തില്‍ അജണ്ടയായി വച്ച് റിപ്പോര്‍ട്ടുകളിലെ ശുപാര്‍കള്‍ അംഗീകരിച്ചു. ആ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ അതേമാസം 11 -ാം തീയതി സര്‍ക്കാര്‍ ഒരു ഉത്തരവിറക്കി. മുനമ്പം പ്രോപ്പര്‍ട്ടി തിരിച്ചുപിടിക്കാനുള്ള നടപടി ബോര്‍ഡ് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 2006-11 കാലത്ത് ഇടതുപക്ഷ സര്‍ക്കാരാണ് ഈ ഭൂമി വഖഫിന്റെതാണെന്ന് കണ്ടെത്തിയത്. പിന്നീട് ഈ സര്‍ക്കാര്‍ വരുന്നത് 2016 ല്‍ ആണല്ലോ. അതിനിടയില്‍ 2013 ല്‍ സംരക്ഷണവേദി എന്ന് അവകാശപ്പെടുന്ന ഒരു കടലാസ് സംഘടന കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നു. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടില്ലെന്നും ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. അങ്ങനെ 2016 ല്‍ കേരള ഹൈക്കോടതി ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഉത്തരവ് ഇറക്കി. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്നും നിരന്തരമായി ബോര്‍ഡിനോട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വഖഫ് ബോര്‍ഡ് മുമ്പത്തെ ഭൂമി വഖഫ് പ്രോപ്പര്‍ട്ടിയാണെന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് സിഇഒ ആയിരുന്ന എന്നെ ചുമതലപ്പെടുത്തി. അതിന്റെ ഭാഗമായി അവിടെ അനധികൃതമായി താമസിക്കുന്ന/ നിയമത്തിന് വിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയവരില്‍ നിന്നും 2019 ന് ശേഷമുള്ള നികുതി സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആ കത്ത് നല്‍കിയതോടെ അവിടുത്തെ വന്‍കിട റിസോര്‍ട്ടുകളുടെ പിന്‍ബലത്താല്‍ പരിസരവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും വഖഫ് വകുപ്പ് മന്ത്രി മുഖേന തഹസില്‍ദാര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Post Thumbnail
പേരിനൊപ്പമുള്ള 'പാണ്ഡ്യ' വെട്ടി നടാഷ; മോഡല്‍-ക്രിക്കറ്റര്‍ ബന്ധം അവസാനിച്ചെന്ന് സോഷ്യല്‍ മീഡിയവായിക്കുക

സര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടെങ്കിലേ പിന്‍വലിക്കൂവെന്ന് ഞാന്‍ നിലപാട് എടുത്തതോടെ സര്‍ക്കാര്‍ തന്നെ ഒരു ഉപസമിതിയെ കണ്ടെത്തി. റവന്യൂ മന്ത്രിയും, വഖഫ് മന്ത്രിയും, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, മൈനോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന ഉപസമിതി അവരുടെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയത് പ്രദേശവാസികളായവരുടെ നികുതി സ്വീകരിക്കാമെന്നായിരുന്നു. അവിടെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് കാണിച്ചത്. ഒരുഭാഗത്ത് വഖഫ് ഭൂമിയാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട സര്‍ക്കാര്‍ തന്നെ അവിടെയുള്ളവര്‍ക്ക് പിന്നെ നികുതി അടയ്ക്കാന്‍ അവസരം നല്‍കുകയായിരുന്നു.

abdul rahman

വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി എം അബ്ദുൽസലാമു൦ മന്ത്രി അബ്ദുൽ റഹ്മാനു൦

ഇപ്പോഴത്തെ വഖഫ് മന്ത്രിയായ അബ്ദു റഹ്‌മാന്റെ വലംകൈ ആയ, മുമ്പുപറഞ്ഞ കടലാസ് സംഘടനയുടെ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്നയാള്‍ ഹൈക്കോടതിയില്‍ പോയി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ സ്റ്റേ വാങ്ങുകയാണ് ഉണ്ടായത്. മുനമ്പത്തെ ഭൂമി വഖഫ് ആണോ എന്നതില്‍ സര്‍ക്കാരാണ് നയം വ്യക്തമാക്കേണ്ടത്. രണ്ട് മതന്യൂനപക്ഷങ്ങളെ തമ്മില്‍ അടിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ഇത് വഖഫ് പ്രോപ്പര്‍ട്ടി ആണെങ്കില്‍ അവിടുത്തുകാര്‍ കൈവശം വച്ചിരിക്കുന്ന ആധാരം അസാധുവാണ്. ആ ആധാരത്തിന് നിയമപ്രാബല്യം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനായി നിലവിലെ ഈ ഭൂമി പൊതുആവശ്യത്തിനെന്ന പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രദേശവാസികള്‍ക്ക് തന്നെ നല്‍കണം. അതിനായി ചെറിയ തുകയും നിശ്ചയിക്കാവുന്നതാണ്. അങ്ങനെ അവരുടെ കൈവശം ഇരിക്കുന്ന രേഖ നിയമവിധേയമാക്കാന്‍ കഴിയുമെന്നും മുന്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയും മുന്‍ വഖഫ് ബോര്‍ഡ് സിഇഒ മായ അഡ്വ. ബിഎം ജമാല്‍ അഴിമുഖത്തോട് വിശദീകരിച്ചു.

jamal

മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി പി എം ജമാല്‍

ഇതിനെല്ലാം പുറമെയാണ് മുന്‍ കോണ്‍ഗ്രസ്സ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോ നിലവിലെ മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് സ്വത്താണെന്ന് 1960 ല്‍ നിയമസഭയില്‍ നല്‍കിയ മറുപടി പ്രസംഗവും ചര്‍ച്ചയായിരിക്കുന്നത്. 1960 നവംബര്‍ 14 നാണ് ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായി ഭൂമി ഫറൂഖ് കോളേജിന്റേതാണെന്ന് വ്യക്തമാക്കിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമി ഫറൂഖ് കോളേജിന് അവകാശപ്പെട്ടതാണെന്നും ഇതേ നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം വ്യക്തമാക്കിയെന്നും രേഖകളില്‍ പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിക്കുന്നത് മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫിന്റേതല്ലയെന്നാണ്. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം ആദ്യം സന്ദര്‍ശിച്ച് പൊതുയോഗം നടത്തിയ വ്യക്തി താനാണെന്നും ജനങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശത്തെ വഖഫ് ഭൂമിയാക്കാന്‍ കഴിയില്ലെന്നുമാണ് വിഡി സതീശന്റെ നിലപാട്.

എന്താണ് വഖഫ് സ്വത്തുക്കള്‍ ?

1995 ലെ വഖഫ് നിയമ പ്രകാരം വഖഫ് ബോര്‍ഡാണ് സ്വാതന്ത്രാനന്തര ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ഈ നിയമത്തിലെ സെക്ഷന്‍ 32 അനുസരിച്ച്, ഒരു സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും പൊതുവായ മേല്‍നോട്ടം സംസ്ഥാന/ യൂണിയന്‍ ടെറിട്ടറി വഖഫ് ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. ഈ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ വഖഫ് ബോര്‍ഡുകള്‍ക്കാണ് അധികാരമുള്ളത്.

Post Thumbnail
മനുഷ്യന്റെ കടന്നു കയറ്റമാണോ ദുരന്തത്തിന് കാരണം?വായിക്കുക

നിലവിലെ നിയമമനുസരിച്ച് ഒരു ഭൂമി വഖഫ് ഭൂമിയാണോ എന്ന് നിശ്ചയിക്കേണ്ടത് വഖഫ് ബോര്‍ഡും ജില്ലാ ജഡ്ജി ഉള്‍പ്പെടുന്ന ട്രിബ്യൂണലുമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ രൂപം കൊടുക്കുന്ന ഈ ട്രിബ്യൂണലില്‍ ജില്ലാ ജഡ്ജിയെ കൂടാതെ മുസ്ലിം നിയമത്തിലുള്‍പ്പെടെ അറിവുള്ള ഒരാളെ കൂടി ഉള്‍പ്പെടുത്തി മൂന്നംഗങ്ങള്‍ ഉണ്ടാകും.

രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കളാണ് നിലവില്‍ വഖഫ് ബോര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഉള്ളതെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1.2 ലക്ഷം കോടി രൂപ ഇവയുടെ ആകെ മൂല്യം വരും. ലോകത്തിലെ ഏറ്റവും വലിയ വഖഫ് കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

waqf board

1954 ലെ നിയമം 1964, 1969, 1984 വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്തു. വഖഫ് സ്വത്തുക്കള്‍ അനധികൃതമായി കൈമാറ്റം ചെയ്യുന്നത് തടയുന്നതിനും കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള കര്‍ശന നടപടികള്‍ ഉള്‍പ്പെടുത്തി 2013 ലാണ് അവസാന ഭേദഗതി നടന്നത്. 2024 ഓഗസ്റ്റ് 8ന് രണ്ട് ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വഖഫ് ഭേദഗതി ബില്‍ 2024 ഉം മുസല്‍മാന്‍ വഖഫ് റിപീല്‍ ബില്‍ 2024 ഉം. 1995 ലെ വഖഫ് ഭേദഗതി ബില്‍ ഭേദഗതി ചെയ്യുന്നതിലൂടെ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ബില്ലിലൂടെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഭരണവും നടത്തിപ്പും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുപിന്നില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

വീശുന്നത് വര്‍ഗീയ വിഭജനത്തിന്റെ കാറ്റ്

ഭൂരിഭാഗം മുസ്ലീം രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന മനോഭാവമുള്ളവരാണ്.
സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളായ ഒരു വിഭാഗത്തിന്റെ ജീവിതപ്രശ്‌നമായാണ് മുനമ്പം വിഷയത്തെ സമൂഹത്തിലെ വലിയൊരു വിഭാഗവും കാണുന്നത്. എന്നാല്‍ ഇതിനെ മുസ്ലീം സമുദായവും, ക്രൈസ്തവരായ ലത്തീന്‍ കത്തോലിക്കരും തമ്മിലുള്ള വിഷയമായി വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം ആളുകള്‍ക്കിടയിലേക്ക് വര്‍ഗീയതയുടെ നിറം പകരാന്‍ ശ്രമിക്കുന്നവരെ നാട് അകറ്റിനിര്‍ത്തുക തന്നെ വേണം. അല്ലാത്തപക്ഷം മുനമ്പത്തും പടരുക വര്‍ഗീയതയുടെ തീജ്വാലകളാകും. Munambam waqf land controversy

 

content summary; Munambam waqf land controversy

×