മുനമ്പത്ത് മുന്നൂറില്‍ അധികം കുടുംബക്കാര്‍ വാങ്ങി വീടുവച്ച സ്ഥലങ്ങള്‍ വഖഫിന്റെയാണെന്ന ആശങ്കയില്‍ സമരത്തിലാണ്. ഇവര്‍ ഭൂരിപക്ഷവും ലത്തീന്‍ ക്രൈസ്തവരുമാണ്. അവിടെ പോകുകയും സമരക്കാരെ കാണുകയും അവരുടെ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലം വഖഫ് ഭൂമിയാണോ എന്നതില്‍ അവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ അവകാശപ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായിരിക്കുന്നു. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയും സമാനമായ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നു. രണ്ട് സമിതികളുടെയും അധ്യക്ഷന്മാര്‍ സുറിയാനിക്കാരാണ്. munambam waqf land issue and catholic bishop’s committee
ഇവര്‍ രണ്ടുപേരും കേന്ദ്രത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍ പാസ്സാക്കാന്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഇതു ശരിയായോ എന്നു ശങ്കിക്കുന്നവനാണ് ഇതെഴുതുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത് വഖഫ് പരിഷ്‌ക്കരണ ബില്ലാണ്. ഒരു കത്തോലിക്കാ സന്യാസ വൈദികന്‍ ഇതിനെതിരായി കത്തോലിക്കാ മെത്രാന്മാര്‍ക്ക് എഴുതിയത് വായിച്ചു. 15 കൊല്ലം സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായിരുന്നു എന്ന നിലയില്‍ മെത്രാന്മാര്‍ വേണ്ടത്ര വിവേചനമില്ലാതെ പ്രവര്‍ത്തിച്ചു എന്നു തോന്നിപ്പോയി. ഇതു പരസ്യമായി എഴുതുന്നതിനു കാരണമുണ്ട്. രണ്ടു മത സമൂഹങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ഇതു ദോഷകരമായി ബാധിക്കും എന്നു ഭയപ്പെടുന്നു. യുദ്ധങ്ങള്‍ക്കൊണ്ട് സാധാരണക്കാരന് ശാന്തിപോകുന്ന ഒരു ലോകത്തില്‍ പരസ്പരം വെറുക്കാന്‍ സഭാധികാരികള്‍ കാരണക്കാരാകുന്നു എന്നു ശങ്കിക്കുന്നു.
കാരണം കത്തോലിക്കാ മെത്രാന്മാര്‍ പ്രത്യക്ഷമായി കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നതായി അതു മാറുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ ബില്‍ പാസ്സാക്കാന്‍ മെത്രാന്മാര്‍ രംഗത്തിറങ്ങുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനത്തില്‍ ഇതു ചെയ്യാമോ? (Gaudium Et Spes No. 73;Catechism of the Catholic Church (CCC) 2442) മെത്രാന്മാര്‍ക്കു രാഷ്ട്രീയം പറയാം. പക്ഷെ, അതു ജനത്തിനു വേണ്ടിയുള്ള മൂല്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാവണം. ഒരു സെക്കുലര്‍ ജനാധിപത്യത്തില്‍ കത്തോലിക്കാ സഭയുടെ നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളോട് ഇങ്ങനെ ആവശ്യപ്പെട്ടതു മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തും? ഇത് ഒരു ബഹുസ്വരസമൂഹമാണ്. നിയമ നിര്‍മ്മാണത്തിന് ഉത്തരവാദപ്പെട്ടവര്‍ ഒരു മതത്തിന്റെയും ആളാകാന്‍ പാടില്ല. എല്ലാവര്‍ക്കുംവേണ്ടി നിലകൊള്ളണം.
പാര്‍ലമെന്റിലെ ബില്‍ പാസ്സാക്കേണ്ടതു കത്തോലിക്കാ സഭയുടെ ലക്ഷ്യമാകുന്നത് എങ്ങനെ? ഈ ബില്‍ മറ്റൊരു ന്യൂനപക്ഷ മത സമൂഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. മെത്രാന്മാര്‍ പറയേണ്ടത് മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം എന്നായിരുന്നില്ലേ? വഖഫ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു മെത്രാന്മാരുടെ പ്രശ്നമായത് എങ്ങനെ? അതു പരിഷ്‌ക്കരിക്കണമെങ്കില്‍ ജനാധിപത്യ രീതിയില്‍ അവരേയും കേട്ടുവേണം എന്നു കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞതു തെറ്റാണോ? നിയമം ഉണ്ടാക്കി അടിച്ചേല്‍പിക്കാമോ? ക്രിസ്ത്യാനികളും ന്യൂനപക്ഷമാണ് ഭാരതത്തില്‍. അവര്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും അവകാശമുണ്ട്. അതിനെ സംബന്ധിച്ചു പരാതികളും ഉണ്ടാകാം. ഏകപക്ഷീയമായി നിയമമുണ്ടാക്കി അതു പരിഷ്‌കരിക്കാന്‍ മറ്റൊരു ന്യൂനപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത് എങ്ങനെ ആ ന്യൂനപക്ഷം കാണും?
കത്തോലിക്കാ മെത്രാന്മാരുടെ നേതാക്കള്‍ ഒരു രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്നു. അതു കത്തോലിക്കര്‍ മുഴുവന്‍ അംഗീകരിക്കുന്നതാണോ? കത്തോലിക്കര്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പീഡനത്തിനു വിധേയമാകുന്നുണ്ട്. എല്ലാ കത്തോലിക്കാ മെത്രാന്മാരും ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ? മുനമ്പത്തെ ക്രൈസ്തവരുടെ പ്രതിസന്ധി നീതിയായി പരിഹരിക്കണമെന്നു പറയേണ്ടതാണ്. അതിന് ഈ കക്ഷിരാഷ്ട്രീയം പറയണമായിരുന്നോ? കാരണം ഈ നിലപാട് ഒരു ന്യൂനപക്ഷ മതവിഭാഗത്തിന് എതിരായ നിലപാടായി മാറുന്നു. അതു മതങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ്. മുസ്ലീം വിരോധം പുലര്‍ത്തുന്നവരും അതു പ്രചരിപ്പിക്കുന്നവരും ഉണ്ടാകാം. അത് അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുന്നവരും ഉണ്ടാകാം. മതവൈരത്തിനു മെത്രാന്മാര്‍ കാരണം കൊടുക്കരുത്.
ലൗ ജിഹാദിനെക്കുറിച്ച് മെത്രാന്‍ സമിതി പ്രസ്താവനയിറക്കി. ആധുനിക സമൂഹത്തില്‍ യുവതീ യുവാക്കന്മാര്‍ നിരന്തരം ഇടകലര്‍ന്നു പഠനവും ജോലിയും നടത്തുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഫലമായി മതത്തിനപ്പുറത്തേക്കു പ്രേമബന്ധങ്ങളും വിവാഹങ്ങളും ഉണ്ടാകാം. പ്രേമത്തിന്റെ പേരില്‍ യുവതികളെ വിവാഹക്കെണിയില്‍ വീഴ്ത്തി മതം മാറ്റുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ? ഹാദിയ കേസ്സില്‍ സുപ്രീം കോടതി ഇത് നാഷ്ണല്‍ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) യോട് അന്വേഷിച്ചു. അവര്‍ അങ്ങനെയൊന്നു ഇല്ല എന്ന് സത്യവാങ്മൂലവും കൊടുത്തു. എന്നിട്ടും മെത്രാന്മാര്‍ ഉണ്ട് എന്നു പറയുന്നു. ഇതും മതാന്തര പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല പൊതുബോധത്തിനെ നിഷേധിച്ച് തങ്ങളുടെ അഭിപ്രായം പൊതുബോധമാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു. ഒരു രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയ ലക്ഷ്യത്തെ മെത്രാന്മാര്‍ സ്വന്തമാക്കിയപ്പോള്‍ പ്രകടമായ ഇസ്ലാമിക വിരോധത്തിന്റെ ആരോപണത്തിന്റെ കാരണം കൊടുത്തു.
ഒരു മതവിഭാഗത്തെ വെറുക്കാന്‍ താല്‍പര്യമുള്ള രാഷ്ട്രീയ നിലപാടുകാര്‍ ഉണ്ടാകാം. മുസ്ലീങ്ങളുമായി ക്രൈസ്തവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കുന്നത് ഇത്തരം പ്രകോപനപരമായ പ്രസ്താവനകളിലൂടെയാണോ? 30 ലക്ഷത്തോളം മലയാളികള്‍ അറബി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വലിയ സംഖ്യ മറ്റു രാജ്യങ്ങളിലുമുണ്ട്. ലോകസമാധാനം കേരളത്തില്‍ സമാധാനപരമായി ജീവിക്കാന്‍ ആവശ്യമാണ്. രണ്ടു ലോക മതങ്ങളാണ് ക്രിസ്തുമതവും(32.3%) ഇസ്ലാംമതവും(31%). രണ്ടാം ലോക മഹായുദ്ധവും നാസ്സിസവും ഉണ്ടായതു യഹൂദ മതസമൂഹത്തെ യൂറോപ്പില്‍ വെറുക്കാന്‍ തുടങ്ങിയതില്‍ നിന്നാണ്. ആ വെറുപ്പിനെ ചൂഷണം ചെയ്താണ് നാസ്സികള്‍ അധികാരത്തില്‍ വന്നത്. അവരാണ് യഹൂദര്‍ക്ക് അന്ത്യവിധി കല്‍പിച്ച് 60 ലക്ഷം യഹൂദരെ കൊന്നത്. ബ്ലാക്ക് പ്ലേഗിന്റെ (1347-1351) പേരില്‍ കൊല്ലപ്പെട്ടതു യഹൂദരായിരുന്നു. അവരെക്കുറിച്ച് എന്തെല്ലാം കെട്ടുകഥകളാണ് യൂറോപ്പില്‍ പ്രചരിച്ചത്! ഇസ്ലാം മതത്തെക്കുറിച്ച് കത്തോലിക്ക സഭ പഠിപ്പിക്കുന്നത് അതിനെ വെറുക്കാനാണോ? (Ntosra Aetate, no. 3) നമുക്ക് വേണ്ടതു ചില പ്രശ്ന പരിഹാരങ്ങളാണ്. ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ നേതാക്കള്‍ ക്രൂശിക്കലിനെ ഒരു പ്രശ്ന പരിഹാര മാര്‍ഗമായി കാണുന്നുണ്ടോ? കുരിശുയുദ്ധക്കാരുടെ നിലപാടിനോട് മറുതലിച്ചു തന്നെയാണ് നിയന്ത്രണ രേഖ ലംഘിച്ച് വി. ഫ്രാന്‍സിസ് മൂന്നാം കുരിശുയുദ്ധത്തില്‍ (1189-1102) സുല്‍ത്താനുമായി സൗഹൃദം സ്ഥാപിച്ചത്. സ്നേഹത്തിനും സൗഹൃദത്തിനും മുകളില്‍ ഒരു സത്യവും ക്രിസ്ത്യാനിക്കു ബാധകമാണോ? 12 വര്‍ഷത്തെ സഭാഭരണത്തിനിടയില്‍ 14 അറബി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം മതത്തിന്റെ പേരില്‍ മനുഷ്യനെ വെറുക്കാനല്ലല്ലോ. സ്നേഹമാണ് ക്രൈസ്തവര്‍ക്ക് സര്‍വോല്‍ക്കൃഷ്ടമെങ്കില്‍ സഭാധ്യക്ഷന്മാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം.munambam waqf land issue and catholic bishop’s committee
Content Summary: munambam waqf land issue and catholic bishop’s committee