യുദ്ധ ഭീതി ലെബനാനെ വീണ്ടും വരിഞ്ഞു മുറുകുമ്പോള്‍ ഒരു ദശകം മുന്‍പ് നടത്തിയ ലെബനീസ് യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവിടെ. യുദ്ധങ്ങളേയും കെടുതികളെയും സമാധാനത്തെയും പ്രധിരോധശ്രമങ്ങളെയും ദുരന്തങ്ങളെയും ഓര്‍മ്മകളെയും കഴിഞ്ഞ ദശകത്തില്‍ പല പ്രാവശ്യം നടത്തിയ യാത്രകളുടെ അനുഭവത്തില്‍ അടയാളപെടുത്തുന്നതാണ് ഈ കുറിപ്പ്.
ബെയ്‌റൂത്തിലെ ദുരന്ത ഓര്‍മകളുടെ മ്യൂസിയം
”ബെയ്‌റൂത്തിന്റെ തെരുവുകളിലൂടെ കടന്നു പോകുമ്പോള്‍, ഒച്ചവെക്കാതെ കടന്നു പോകുക. അവിടെ സല്‍മ കാരമി അന്തിയുറങ്ങുന്നു. നിലത്തു അമര്‍ത്തി ചവുട്ടി നടക്കരുത് അവളുണരും.” അറബ് കവി ഖലീല്‍ ജിബ്രാന്‍ ‘ഒടിഞ്ഞ ചിറകുകളില്‍’ എഴുതിയ സൂചനവച്ചു ബെയ്‌റൂത്ത് നഗരത്തിലെത്തിയപ്പോള്‍ ആദ്യം കാണുവാന്‍ ആഗ്രഹിച്ചത്, കവിയുടെ കാമുകി സല്‍മയുടെ ശവകുടീരമാണ്.
ബെയ്‌റൂട്ടിലെ തെരുവ്
താമസിക്കുന്ന ഹോട്ടലിനു അധികം അകലെയല്ലാതെ ഒടുവിലത് കണ്ടെത്തി. ചുറ്റും ലെബനീസ് പട്ടാളക്കാര്‍ വളഞ്ഞു നില്‍ക്കുന്നു. ബൂട്ടുകളുടെ പെരുക്കം, വയര്‍ലസ് സംസാരങ്ങള്‍, യുദ്ധ പ്രതീതി ജനിപ്പിക്കുന്ന തരത്തില്‍ ജാഗ്രതയോടെ നിലയുറപ്പിച്ച പടുകൂറ്റന്‍ ടാങ്കുകള്‍. തൊട്ടടുത്താണ് കഴിഞ്ഞ ദിവസം സൗദിയെ പിന്തുണക്കുന്ന തീവ്ര സലഫി വിഭാഗക്കാര്‍ ബോംബു വര്‍ഷിച്ചത്. നഗരത്തിലെ ശിയ വിഭാഗത്തിന്റെ വീടുകളും, കച്ചവട സ്ഥാപനങ്ങളുമായിരുന്നു ലക്ഷ്യം.
ലെബനാന്‍ വീണ്ടുമൊരു അഭ്യന്തര യുദ്ധത്തിലേക്ക് ആഴ്‌നിറങ്ങുന്നു. മുന്‍പ് പലപ്പോഴും വ്യത്യസ്ത മതക്കാര്‍ തമ്മിലായിരുന്നെങ്കില്‍, ഇത്തവണ ഇസ്ലാമിനകത്തെ സലഫി-സുന്നി വിഭാഗക്കാരും, ശിയ വിഭാഗക്കാരുമാണ് തമ്മിലടി. ഇറാനും, സൗദിയും, അമേരിക്കയും, സിറിയയും, ഇസ്രയേലും കളത്തിലിറങ്ങാതെ സംഘര്‍ഷത്തിന്റെ ഗതി നിശ്ചയിക്കുന്നു.
ഞങ്ങള്‍ പങ്കെടുക്കുന്ന സെമിനാര്‍ ആക്രമണ ഭയം മൂലം, ഹോട്ടലിന്റെ ഭൂമിക്കടിയിലെ നിലയിലാണ് നടന്നത്. പുറം ലോകത്തെക്കുള്ള വഴി ഹോട്ടലില്‍ നിന്ന് കടല്‍തീരത്തേക്ക് തുറക്കുന്ന തുരങ്കം മാത്രം. ചുറ്റും ആക്രമണങ്ങളുടെയും, കലാപത്തിന്റെയും ഭീദിതമായ പാശ്ചാതലത്തില്‍ വാള്‍ട്ടര്‍ ബെഞ്ചമിനും, ഫൂക്കൊയും, അഗമ്പനും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, പ്രബന്ധ അവതാരകര്‍ക്ക്, കാര്യങ്ങള്‍ പറഞ്ഞു സമര്‍ഥിക്കാന്‍ പാടു പെടേണ്ടത്തില്ലെന്ന് ഒരു സുഹൃത്ത് തമാശയായി പറഞ്ഞു. ഉദാഹരണങ്ങള്‍ തിരയാന്‍ പുറത്തേക്ക് തല നീട്ടിയാല്‍ മാത്രം മതി.
ജനാധിപത്യം മറ്റുപല രാജ്യങ്ങള്‍ക്കും ഭരിക്കാനും, ആളുകളെ വരുതിക്ക് നിര്‍ത്താനുമുള്ള സൂത്രമാണെങ്കില്‍, ലെബനാന് അതൊരു അനിവാര്യതയാണ്. അതിജീവനത്തിന്റെ വിഷയവും. അത്രയുണ്ട് രാജ്യത്തിന്റെ വൈവിധ്യം. മുസ്ലീങ്ങള്‍ക്കിടയിലെ സുന്നി, ശിയാ വിഭാഗങ്ങള്‍, ക്രിസ്ത്യാനികള്‍ക്കിടയിലെ മാരോനൈറ്റുകള്‍, സിറിയന്‍ ഓര്‍ത്തോഡൊക്‌സുകള്‍, കത്തോലിക്കര്‍. ഇതില്‍ രണ്ടിലും പെടാത്ത ഡ്രൂസുകള്‍. ജനസംഖ്യാനുപാതികമായി പ്രസിഡണ്ട് പദവി മാരോനൈറ്റുകള്‍ക്കാണെങ്കില്‍, പ്രധാനമന്ത്രി പദവി സുന്നികള്‍ക്കും, പാര്‍ലമെന്റ് സ്പീക്കര്‍ പദവി ശിയ വിഭാഗത്തിനുമായിരിക്കും. അധികാര വീതം വെക്കലിലെ ഈ തര്‍ക്കമാണ് പലപ്പോഴും അഭ്യന്തര കലാപങ്ങളിലേക്ക് നയിച്ചിട്ടുള്ളത്. അനുപാതത്തിലെ മാറ്റം ഭയന്നു കൊണ്ട് തന്നെ കഴിഞ്ഞ മൂന്നു ദശകങ്ങളായി ലബനാനില്‍ ജനസംഖ്യ കണക്കെടുപ്പ് നടന്നിട്ടില്ല.
1948ലെയും, 1967ലെയും ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശം, ഒരു പാട് പലസ്തീനികളെ അയല്‍ രാജ്യമായ ലബനാനിലേക്ക് അഭയാര്‍ഥികളായ് എത്തിച്ചിട്ടുണ്ട്. 1960 കളില്‍, പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ (PLO) നേതൃത്വത്തില്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനുള്ളിലെ സമാന്തര രാജ്യമായി വളര്‍ന്നിരുന്നു. യാസര്‍ അറഫാത്ത് ആയിരുന്നു ആ രാജ്യത്തിന്റെ പ്രസിഡണ്ടും, പ്രധാന മന്ത്രിയും, സര്‍വ സൈന്യാധിപനുമെല്ലാം. PLOയുടെ പതനത്തില്‍ പിന്നീടത് പതുക്കെ ഹമാസിന്റെ ശക്തി കേന്ദ്രമായി മാറി. ഖാലിദ് മിശാല്‍ അടക്കമുള്ള ഹമാസ് നേതാക്കളുടെ ഒളിത്താവളവും. അതുകൊണ്ടു തന്നെ ഇസ്രയേല്‍ സൈന്യത്തിന്റെ സ്ഥിരം ആക്രമണ ലക്ഷ്യവും.
ഇസ്രയേലിന്റെ ഈ ആക്രമാണോല്‍സുകത 1982ല്‍, ത്രീവ്ര-വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പ് ആയ കതയെബ് പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പലസ്തീന്‍ കൂട്ടകൊലയിലേക്ക് വരെ വഴി തെളിയിച്ചു. പലസ്തീന്‍ വിമോചന വാദത്തിന്റെ വേരറുക്കാനെന്ന പേരില്‍ അഴിച്ചുവിട്ട അതിക്രമങ്ങളുടെ പ്രധാന ഇരകള്‍ ബെയ്‌റൂത്തിലെ രണ്ടു അഭയാര്‍ഥി കാംപുകളായ സബ്രയിലും, ഷത്തീലയിലും താമസിക്കുന്ന പലസ്തീനികളായിരുന്നു.
1975 മുതല്‍ 1990 വരെ ഏതാണ്ട് ഒന്നര ദശകം ലെബനാനില്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലമായിരുന്നു. സംഘര്‍ഷഭരിതമായ ഈ കാലഘട്ടത്തിന്റെ ഉപോല്‍പ്പന്നമായാണ് ഹിസ്ബുള്ള ഉയര്‍ന്നു വരുന്നത്. തെക്കന്‍ ലെബനാനിലെ ഇസ്രയേലി അധിനിവേശത്തെ പ്രധിരോധിക്കാന്‍ ഇറാന്റെയും, സിറിയയുടെയും സഹായത്തോടുകൂടി ശിയ പുരോഹിതരുടെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന ഈ പ്രസ്ഥാനം പിന്നീട് അതിരുകള്‍ കടന്ന് രാഷ്ട്രീയമായും, സൈനികമായും അതിന്റെ സ്വാധീനം പലസ്തീനിലേക്കും, സിറിയയിലേക്കും വ്യാപിപ്പിച്ചു. പലസ്തീന്‍ പ്രശ്‌നം പശ്ചിമേഷ്യന്‍ മേഖലയില്‍ മറ്റു പല മത-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും വഴി മാറിയപ്പോള്‍, ഇറാന്‍-സിറിയ അനുകൂല ഹിസ്ബുള്ളയും, സൗദി പിന്തുണയുള്ള തീവ്ര സലഫി ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അരങ്ങായി മാറിയിരിക്കുകയാണ് ലബനാന്‍.
നഗരത്തിന്റെ ഓരോ ഭാഗവും ഓരോ വിഭാഗത്തിന്റെ ‘ഗെറ്റോ’കളാണ്. ഒരു പ്രത്യേക വിഭാഗത്തിനാണ് ഓരോയിടത്തും സമ്പൂര്‍ണ ആധിപത്യം. വടക്കന്‍ പ്രദേശം സുന്നികളുടെ കയ്യിലാണെങ്കില്‍, തെക്ക് ഭാഗം ശിയ വിഭാഗത്തിന്റെ കയ്യില്‍. ഞങ്ങള്‍ താമസിക്കുന്ന ശിയ-അനുപാതം കൂടുതലായ തെരുവില്‍ ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ളയുടെ ബഹുവര്‍ണ പോസ്റ്ററുകള്‍ കൊണ്ട് ചുമരുകള്‍ നിറഞ്ഞിരിക്കുന്നു. ആദ്യ ദിവസം തന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ പരിചയപെട്ട ബെയ്‌റൂത്തിലെ ചുവരെഴുത്തുകളെ കുറിച്ച് ഗവേഷണം ചെയ്യുന്ന സാദിഖ് ഓരോ പൊസ്റ്ററുകളിലും എഴുതിയിരിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ അര്‍ത്ഥം പറഞ്ഞുതന്നു.
അവക്കിടയില്‍ വ്യതസ്തമായൊരു പോസ്റ്റര്‍ ‘ബെയ്‌റൂത്ത്-39’ എന്ന ഒരു ഒരു അറബി കവിത സമാഹാരത്തിന്റെ പ്രകാശനത്തെ കുറിക്കുന്നതായിരുന്നു. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ഒരുകൂട്ടം ലെബനീസ് കവികളുടെ സമാഹാരമാണത്. ബെയ്‌റൂത്തില്‍ ഓരോ പുസ്തക പ്രകാശനവും വലിയ ചടങ്ങുകളാണ്. തെരുവുകള്‍ മുഴുവന്‍ ബഹുവര്‍ണ പോസ്റ്ററുകള്‍ ഒട്ടിച്ചു, സംഗീത പരിപാടികളുടെ അകമ്പടിയോടെ വലിയ ആഘോഷമായി നടത്തപ്പെടുന്നു. ഒരു നഗരത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ എഴുതപെട്ടിട്ടുള്ളത് നിശ്ചയമായും ബെയ്‌റൂത്തിനെ കുറിച്ചായിരിക്കും. അറിയപെടാത്തവരും, അറിയപെടുന്നവരുമായ പാട്ടെഴുത്തുകാര്‍ എഴുതിയ ഏതാണ്ട് നൂറോളം പാട്ടുകളുണ്ട് മെഡിറ്റെറെനിയന്‍ തീരത്തുള്ള ഈ നഗരത്തെ കുറിച്ച്. കവിതകള്‍ അസംഖ്യം വേറെയും.
ബെയ്‌റൂത്ത് നഗരത്തെ കുറിച്ചുള്ള പാട്ടുകളില്‍ നല്ലൊരു പങ്കും എഴുതപെട്ടിട്ടുള്ളത് 1975 മുതല്‍ 1990 വരെ നീണ്ട യുദ്ധത്തിന്റെയും, ആഭ്യന്തര കലാപങ്ങളുടെയും കാലത്താണ്. 1984ലെ ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്ന ബെയ്‌റൂത്തിനെ കുറിച്ച് ചിട്ടപെടുത്തിയ ‘ലി ബെയ്‌റൂത്ത് (ബെയ്‌റൂത്തിനു വേണ്ടി)’ അടക്കം മൂന്നു പാട്ടുകള്‍ പ്രശസ്ത അറബ് ഗായിക ഫൈറൂസ് തന്നെ പാടിയിട്ടുണ്ട്. 1976 ല്‍ പാടിയ ‘ബിബ്ബക് യാ ലുബാന്‍ (ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ലെബനാന്‍), 1979 ല്‍ പാടിയ ‘യാ ഹവാ ബെയ്‌റൂത്ത് (ബെയ്‌റൂത്തിന് പ്രണയപൂര്‍വ്വം)’ എന്നിവയാണ് ഫൈറൂസിന്റെ ബെയ്‌റൂത്തിനെ കുറിച്ചുള്ള മറ്റു പ്രധാനപെട്ട പാട്ടുകള്‍. ‘ബെയ്‌റൂത്തിന് പ്രണയപൂര്‍വ്വം’ എന്ന ഫൈറൂസിന്റെ പാട്ട്, വീണ്ടും 2006 ലെ ഇസ്രയേല്‍ ആക്രമണ കാലത്ത് പ്രശസ്ത ലെബനീസ് പോപ് ഗായിക ഹൈഫ വെബെ പാടി സാംസ്‌കാരിക ചെറുത്തുനില്‍പിന്റെ പുതിയ ഐക്കണ്‍ ആക്കി മാറ്റി.
ഏരിയല്‍ ഷരോണും അഹമദിന്റെ ജീവിതവും
പലസ്തീന്‍ പ്രശ്‌നത്തെ ഉപജീവിച്ചുള്ള ചരിത്ര നാടകത്തില്‍ ഏരിയല്‍ ഷാരോണിന്റെ വേഷം ചെയ്യുന്നതിന് മുന്‍പും പിന്‍പും- ഇങ്ങനെ റബി അഹമദിന്റെ ജീവിതത്തെ രണ്ടായി പകുക്കാം. ഈ വേഷം കെട്ടുന്നതിനു മുന്‍പ് അയാളൊരു പെയിന്റു പണിക്കാരനായിരുന്നു. ബെയ്‌റൂത്ത് നഗരത്തിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍, വീടുകള്‍, ചെറിയ കെട്ടിടങ്ങള്‍ തുടങ്ങിയവ കരാര്‍ അടിസ്ഥാനത്തില്‍ വെള്ള പൂശുന്ന പണി.
ഒറ്റ നാടകമാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോഴും പഴയ ജോലി ചെയ്യുന്നുണ്ടെങ്കിലും, പണിയെടുക്കുന്നിടെത്തെല്ലാം ആളുകള്‍ക്ക് ആവേശമാണ് അഹമദിനെ കാണുമ്പോള്‍. ചെറിയ കച്ചവട സംരംഭങ്ങള്‍ മുതല്‍, ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വരെ അഭയാര്‍ഥി ക്യാമ്പുകളില്‍ നടക്കുന്ന പല പരിപാടികളും ഉത്ഘാടനം ചെയ്യാന്‍ അഹമദിനെ ക്ഷണിക്കാന്‍ ആളുകളുടെ തിരക്കാണ്.
പണിസ്ഥലത്തെ അതേ സംഘമാണ് നാടകത്തിലും അഹമദിന്റെ കൂട്ടാളികളായത്. ഒറ്റക്കണ്ണന്‍ ഇസ്രായേലി ജനറല്‍ മോഷേ ദയാന്‍ ആയി അഭിനയിക്കാന്‍ മാത്രം ആളെ കിട്ടുക പ്രയാസമായിരുന്നു. രൂപമൊത്തുവന്ന പലരുമുണ്ടായിരുന്നെങ്കിലും, ഇത്ര ക്രൂരമായൊരു വേഷമഭിനയിക്കുവാന്‍ ആളുകള്‍ക്ക് മടി.
ഷാരോണിന്റെ വേഷം അഹമദ് ആസ്വദിച്ചു ചെയ്യുന്നുണ്ടായിരുന്നു. കാഴ്ച്ചക്കാരും നന്നായി അതേറ്റെടുക്കുന്നുണ്ട്. ഓരോ ഡയലോഗും നീണ്ട ആര്‍ഗ്യുമെന്റുകളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇസ്രായേലിന്റെ ദുഷ്-ചെയ്തികളെ ന്യായികരിക്കാന്‍ നിരത്തുന്ന വളരെ യുക്തിഭദ്രമായ വാദങ്ങള്‍. ഓരോന്നും കാഴ്ചക്കാര്‍ അടങ്ങാത്ത കലിയോടെ എതിരേല്‍ക്കുന്നു.
രംഗം യഹൂദ രാഷ്ട്രം രൂപികൃതമായത്തിനു ശേഷമുള്ള ആദ്യത്തെ പലസ്തീന്‍ കൂട്ടക്കൊലയില്‍ നടന്ന വിചാരണ. മുഖ്യ പ്രതി പതിനേഴുകാരനായ ഷരോണ്‍. ജെറുസലേമിലെ ഒരു കോടതി മുറിയില്‍, ഗൌരവമേറിയ കുറ്റാരോപണങ്ങള്‍ വന്നു മൂടുമ്പോഴും അവയൊക്കെ കൂസലില്ലാതെ നേരിടുന്ന ഷരോണ്‍. കേസ് വിസ്താരത്തിനിടിയില്‍, ചുറ്റുവട്ടം താമസിക്കുന്ന പലസ്തീനികളെ അകാരണമായി കൊന്നോടുക്കിയതെതെന്തിനെന്ന കോടതിയുടെ ചോദ്യത്തിനുള്ള ഷാരോണിന്റെ മറുപടി രസകരമാണ്. ഇതിനുത്തരമായി എല്ലാ കുറ്റവും ആദ്യകാല സയണിസ്റ്റ് നേതാക്കളിലും, ഇസ്രയേലി ഭരണകൂടത്തിലും തിരിച്ചു ചാര്‍ത്തുകയാണ് ഷാരോണ്‍ ചെയ്യുന്നത്.
”നിങ്ങളല്ലെ പറഞ്ഞത്, സ്വന്തമായ് രാജ്യവും, താമസിക്കാനിടവുമില്ലാത്ത ലോകമെമ്പാടുമുള്ള യഹൂദര്‍ക്ക്, ആള്‍ താമസമില്ലാത്ത പലസ്തീന്‍ സ്വന്തമാക്കിതന്നിരിക്കുന്നുവെന്ന് (Land without people (Palestine) for people without land (Jews). എന്നാല്‍ അത് വിശ്വസിച്ചു യുറോപ്പില്‍ നിന്ന് കുടിയേറിയ ഞങ്ങളെപോലുള്ള യഹൂദര്‍ കണ്ടതാകട്ടെ ഇവിടം നിറയെ ആളുകളാണ്. അവര്‍ (പലസ്തീനികള്‍) പറയുന്നത് ഇത് അവരുടെ ഇടമാണെന്ന്. നിങ്ങള്‍ പറഞ്ഞത് കണക്കിലെടുത്ത് കടന്നുകയറ്റക്കാരായ അവര്‍ ഓരോരുത്തരെയും ഞങ്ങള്‍ കൊന്നുകളയുകയാണ് ചെയ്തത്. ആരാണപ്പോള്‍ യഥാര്‍ത്ഥ കുറ്റക്കാര്‍. ഭരണകൂടാമോ, ഞങ്ങളോ?” ഇങ്ങിനെ ഷാരോണിന്റെ ഓരോ വാദവും യുക്തിയുടെ മഹാ ഖനികളാണ്. ഇവയ്ക്കു മുന്‍പില്‍ പലപ്പോഴും കോടതികള്‍ കുഴങ്ങുന്നു.
നാടകങ്ങള്‍ മിക്കവാറും അവസാനിക്കുന്നത് കൂട്ട മുദ്രാവാക്യം വിളികളോടെയാണ്. അഹമദിന്റെ നേതൃത്വത്തില്‍, സംഘാംഗങ്ങളും, കാഴ്ചക്കാരും ആവേശത്തോടെ വിളിക്കുന്നു, ‘ഇസ്രയേല്‍ തുലയട്ടെ’, ‘ഏരിയല്‍ ഷാരോണ്‍ തുലയട്ടെ.’ ഞങ്ങള്‍ കണ്ട നാടകം അരങ്ങേറിയത് സബ്രയിലാണ്. 1982ല്‍ ആയിരത്തിലധികം വരുന്ന ലെബനാനിലെ പലസ്തീന്‍ അഭയാര്‍ഥികളെ ഇസ്രായേലി സൈന്യത്തിന്റെ സഹായത്തോടെ തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയ സ്ഥലം. അന്ന് ഇസ്രായേലിന്റെ രാജ്യരക്ഷാ മന്ത്രിയായിരുന്ന ഷാരോണ്‍ ആയിരുന്നു ഈ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരന്‍.
ബെയ്‌റൂത്തിലെ, പലസ്തീന്‍ അഭയാര്‍ഥി കാംപുകളില്‍ അരങ്ങേറുന്ന രാഷ്ട്രീയ-ചരിത്ര നാടകങ്ങളില്‍ അധികവും അതുകൊണ്ട് തന്നെ ഷാരോണ്‍ ഒരു പ്രധാന കഥാപാത്രമായിരിക്കും. എന്നാല്‍ ഇതേ സംഘം തന്നെ, ഷേക്‌സ്പിയറുടെ റോമിയോ ആന്‍ഡ് ജുലിയെറ്റിനെ അടിസ്ഥാനമാക്കി അവതരിപിച്ച നാടകത്തിന്റെ പ്രധാന ആകര്‍ഷണം വേഷങ്ങളെക്കാള്‍ അതിലെ അഭിനേതാക്കളായിരുന്നു. റോമിയോ ആയി അഭിനയിച്ചത് ഒരു പലസ്തീന്‍ അഭയാര്‍ഥിയും, ജുലിയെറ്റിന്റെ വേഷം ചെയ്തത് ഇസ്രായേലി പെണ്‍കുട്ടിയുമായിരുന്നു.
ഷത്തീലയിലെ ദുരന്ത ഓര്‍മകളുടെ മ്യൂസിയം
ബെയ്‌റൂത്തിലെ താമസത്തിന്റെ അവസാന ദിനങ്ങളിലൊന്നിലാണ്, ഷത്തീലയിലെ ദുരന്ത ഓര്‍മകളുടെ മ്യൂസിയം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്ന് ലെബനീസ് സുഹൃത്ത് റോസ്‌മേരി ഉപദേശിക്കുന്നത്. മുന്‍പൊരു തവണ ബെയ്‌റൂത്തില്‍ വന്നപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി കണ്ടുപിടിക്കാന്‍ ശ്രമിച്ച്, നടക്കാതെ പോയ ഒന്നാണ് ഈ മ്യൂസിയം. ലെബനീസ് അമേരിക്കന്‍ യൂനിവെഴ്‌സിറ്റിയിലെ സുഹൃത്തുക്കളില്‍ പലരോടും അന്വേഷിച്ചപ്പോള്‍ ആര്‍ക്കും ഒരെത്തും പിടിയുമില്ല. ഇത്തവണ അവിടേക്ക് കൊണ്ടുപോകാന്‍ റോസ്‌മേരി തന്നെ മുന്‍കയ്യെടുത്തു.
1970കളില്‍ പലസ്തീന്‍ പ്രശ്‌നത്തെ കുറിച്ചുള്ള ചരിത്രരചനക്ക് പുതിയ ദിശ നല്‍കിയ ചരിത്രകാരിയാണ് റോസ്‌മേരി സായിഗ്. കൊളോണിയല്‍ ആര്‍കൈവ്‌സുകളില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന്, ഇരകളിലേക്കിറങ്ങിചെന്നു, അവരുടെ ഓര്‍മകള്‍ക്കും, സാക്ഷ്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി വാമൊഴി ചരിത്രത്തിന്റെ പുതിയൊരു രീതി തന്നെ ഇവര്‍ വികസിപ്പിച്ചെടുത്തു.
1950കളുടെ ആദ്യത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പലസ്തീനിലെത്തിയ റോസ്‌മേരി ദീര്‍ഘകാലം ‘ഇക്കണോമിസ്റ്റ്’ പത്രത്തിന്റെ കിഴക്കന്‍ അറബ് മേഖലയിലെ ലേഖികയായിരുന്നു. പിന്നീട് വിയറ്റ്‌നാം യുദ്ധത്തില്‍, അമേരിക്കയുടെ കടന്നുകയറ്റത്തെ യാതൊരുളുപ്പും കൂടാതെ ന്യായീകരിച്ച പത്ത്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ചു. 1953ല്‍ പ്രശസ്ത അറബ് സാമ്പത്തികശാസ്ത്ര വിദഗ്ദനായ യൂസഫ് സായിഗിനെ വിവാഹം ചെയ്തു ബെയ്‌റൂത്തിലേക്ക് താമസം മാറ്റി.
ഒരുകാലത്ത് യാസര്‍ അറാഫത്തിന്റെ അടുത്ത സുഹൃത്തും, സാമ്പത്തിക കാര്യങ്ങളില്‍ ഉപദേഷ്ടാവുമായിരുന്ന യൂസഫ്, പിന്നീട് അറാഫത്തിന്റെ പലസ്തീന്‍ പ്രശ്‌നത്തിലുള്ള കാപട്യം നിറഞ്ഞ നിലപാടുകളിലും, ആത്മാര്‍ത്ഥതയില്ലായ്മയിലും പ്രതിഷേധിച്ചു രാഷ്ട്രീയമായി അദ്ദേഹവുമായി അകലം പാലിക്കുകയായിരുന്നു. 2006ല്‍ ലെബനാനു മേലെയുള്ള കടന്നാക്രമണത്തില്‍, ഹിസ്ബുള്ളയുടെ താവളങ്ങള്‍കൊപ്പം സായിഗ് ദമ്പതിമാരുടെ ബെയ്‌റൂത്ത് നഗരത്തിലെ വീടും ഇസ്രയേല്‍ സൈന്യത്തിന്റെ പ്രധാന ആക്രമണ ലക്ഷ്യമായിരുന്നു.
ബസ്സടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളുടെ ലഭ്യതക്കുറവുമൂലം അഭയാര്‍ഥി ക്യാമ്പിലെക്കുള്ള യാത്ര പ്രയാസം നിറഞ്ഞതായിരുന്നു. പോകേണ്ടിടം ചോദിക്കാതെ നിര്‍ബന്ധിച്ച് ഉള്ളില്‍കയറ്റാന്‍ ഒരുങ്ങിയ ടാക്‌സി ഡ്രൈവര്‍, സ്ഥലം പറഞ്ഞപ്പോള്‍ അയാളുടെ മട്ടുമാറി. ക്യാമ്പ് തുടങ്ങുന്ന സ്ഥലം വരെ ഞങ്ങളെ കൊണ്ടുപോകാന്‍ ടാക്‌സിക്കാരന്‍ വിസമ്മതിച്ചു. ഒടുവിലൊരു ഒത്തുതീര്‍പ്പിന്റെ ഭാഗമായി കുറച്ചു മുന്‍പുള്ള സ്ഥലത്ത് ഇറങ്ങാമെന്ന് ഞങ്ങളും സമ്മതിച്ചു.
ലെബനീസ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി
ഏതാണ്ട് പതിനായിരകണക്കിന് അഭയാര്‍ഥികള്‍ ഷത്തീല കാമ്പില്‍ തിങ്ങിപ്പാര്‍ക്കുന്നു. ആളുകളുടെ എണ്ണം വര്‍ഷം തോറും കൂടുകയാണ്. ഒരു നാട്ടിലെയും പൗരത്വ ഭാരമില്ലാത്ത അവരില്‍ പലര്‍ക്കും, കുടിയോഴിപ്പിക്കപെടലിന്റെയും, പലായനങ്ങളുടെയും തുടര്‍ക്കഥകളാണ് പറയാനുള്ളത്. പലസ്തീനില്‍ നിന്ന് ജൊര്‍ദാനിലെക്കും, അവിടെ നിന്ന് പിന്നീട് ‘ബ്ലാക്ക് സെപ്തംബര്‍’ എന്ന് പില്‍കാലത്ത് പ്രസിദ്ധമായ ജോര്‍ദാന്‍ സൈന്യത്തിന്റെ പലസ്തീന്‍ വേട്ടയില്‍ നാടുവിട്ട് സിറിയയിലെത്തി, അവിടെനിന്ന് അടുത്തകാലത്ത് നടന്ന സംഘര്‍ഷങ്ങളില്‍ പ്രാണരക്ഷാര്‍ത്ഥം ലെബനാനിലേക്ക് കുടിയേറിയ ഒരു മനുഷ്യനെ ഷത്തീല ക്യാമ്പില്‍ റോസ്മേരി ഞങ്ങള്‍ക്ക് പരിച്ചയപെടുത്തി. സിറിയയില്‍ നിന്ന് നൂറുകണക്കിന് അഭയാര്‍ഥികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പുതിയാതായെത്തുന്നത്.
അഭയാര്‍ഥി ക്യാമ്പില്‍ ഇരുവശത്തും തേക്കാതെ ഇഷ്ടികകള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍. അവക്കിടയിലൂടെ നീളുന്ന അല്‍പാല്‍പ്പമായി മാത്രം വെളിച്ചം കടന്നുവരുന്ന, വീതികുറഞ്ഞ വഴികളിലൂടെയുള്ള ഞങ്ങളുടെ നടത്തം അവസാനിച്ചത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിലാണ്. താഴത്തെ നിലയിലുള്ള ഇരുമുറി ഫ്‌ലാറ്റിലെ കേറിചെല്ലുന്ന മുറിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മറ്റേ മുറിയില്‍ ഉടമസ്ഥന്‍ ഡോ: മുഹമ്മദ് ഖാത്തിബിന്റെ താമസവും.
പൊട്ടിയ ചായ കോപ്പകള്‍, ഉടഞ്ഞ പാത്രങ്ങള്‍, വിളക്കുകള്‍, ഒരു കലാപത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന വലിയ ശേഖരമാണ് ഡോ: മുഹമ്മദിന്റെ പലസ്തീന്‍ ദുരന്ത മ്യുസിയം. പലസ്തീന്‍ മണ്ണിലെ യഹൂദ കുടിയേറ്റം തുടങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതലുള്ള ഓരോ കലാപങ്ങളുടെയും, യുദ്ധങ്ങളുടെയും ശേഷിപ്പുകളാണ് അകം നിറയെ. അധിനിവേശാനന്തരം പലസ്തീന്‍ ജനതയ്ക്ക് മുകളില്‍ ഇസ്രയേല്‍ നടത്തിയ ഓരോ ആക്രമണത്തിന്റെയും ചോര മണക്കുന്ന ഒറ്റമുറി.
സംഭാവനയായി കിട്ടിയതും, വാങ്ങിയതുമായ ശേഖരങ്ങളില്‍ അധികവും, 1948ലെ ‘നക്ബ’ അഥവ ‘ദാരുണ സംഭവം’ എന്നു പില്‍കാലത്ത് അറിയപെട്ട പലസ്തീനുമേലുള്ള ഇസ്രായേലി അധിനിവേശം സമ്മാനിച്ചവയാണ്. പടിഞ്ഞാറന്‍ ജറുസലേം, ഇസ്രയേലി സൈന്യം പിടിച്ചടക്കിയപ്പോള്‍ അവിടെ നിന്ന് ആട്ടിയോടിക്കപെട്ടവരുടെ സൂക്ഷിപ്പുകളാണ് അതില്‍ അധിക പങ്കും.
പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ വസ്തുവിനും എന്തെങ്കിലുമൊരു കഥ പറയാനുണ്ടാകും. തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ ആക്രമണത്തിനിടയില്‍ കളഞ്ഞു കിട്ടിയ ചൈനീസ് നിര്‍മിത മഴുവിന് ഒരു പലസ്തീന്‍ അഭയാര്‍ഥി കുടുംബത്തിലെ ആറു പേരെ കൊന്ന കഥ. ഒരുകൂട്ടം താക്കോലുകള്‍ക്ക്, ഇസ്രായേലി സൈന്യം തകര്‍ത്തു കളഞ്ഞ വീടുകളുടെ കഥ. ചില്ലുകൂട്ടില്‍ വച്ചിരിക്കുന്ന ഒരു വടിക്ക് പറയാനുള്ളതാകട്ടെ ഒരു യാത്രയുടെ കഥയാണ്. കിഴക്കന്‍ ജറുസലേം ഇസ്രയേലി സൈന്യത്താല്‍ ആക്രമിക്കപെട്ടപ്പോള്‍, അവിടെനിന്നും ഒളിച്ചു രക്ഷപെട്ട് ബെയ്‌റൂത്തില്‍ കുടിയേറിയ അസ്മാന്‍ എന്ന അറബ് ഗായികയുടെ കഥയാണത്.
സൈന്യത്തിന്റെ കണ്ണില്‍ പെടാതെ ആദ്യ മൂന്നു നാള്‍ അവര്‍ ലെബനീസ് അതിര്‍ത്തിയിലെ പല വീടുകളില്‍ താമസിച്ചു. മുന്നോട്ടുള്ള യാത്രയില്‍, നിശ്ചയമില്ലാത്ത വഴികള്‍, പരിചയമില്ലാത്ത ആളുകള്‍. പിന്നീട് കണ്ണു വെട്ടിച്ചുള്ള സഞ്ചാരം രാത്രയില്‍ മാത്രമാക്കി. അതും അസാധ്യമായപ്പോള്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തലവന്റെ വീട്ടില്‍ സഹായം തേടി. ഇരുളില്‍ ഓടിക്കയറിയ യുവതിയെ സ്വീകരിക്കുവാന്‍ വീട്ടുകാര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അതവരുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാ യിരുന്നു.
അഭയം തേടിയ ആളെ, സ്ത്രീയായാലും, പുരുഷനായാലും ആദ്യ മൂന്നുദിവസം വീട്ടുകാര്‍ കയറ്റി താമസിപ്പിക്കും. ആരാണ്, എവിടെ നിന്ന് വരുന്നു തുടങ്ങിയ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. മൂന്നു ദിവസം ഭക്ഷണം, വിശ്രമം, സുരക്ഷിത്വത്തം ഇവ ഉറപ്പാക്കല്‍ ആഥിതേയരുടെ കടമയാണ്. മൂന്നാം ദിവസം മാത്രമാണ് തിരിച്ചറിയാന്‍ ശ്രമിക്കുക ആരാണ് അഥിതിയെന്ന്. ശത്രുവായാലും ആചാരമര്യാദകള്‍ ഇങ്ങിനെയൊക്കെ തന്നെയാണ്.
മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വടി പിന്നീട് ലോകപ്രശസ്തയായ ഗായിക, അസ്മാനു ഗ്രാമത്തലവന്‍ വീടുവിട്ടു പോകാന്‍ നേരം സ്വരക്ഷക്ക് സമ്മാനിച്ചതാണ്. ഇരു തലയിലും ചെമ്പുകെട്ടിയ ആ വടി അവര്‍ ജീവിതാവസാനം വരെ ലെബനാനിലെ വീട്ടില് സൂക്ഷിച്ചു. അസ്മാന്റെ മക്കളില്‍ നിന്ന് ഡോ. മുഹമ്മദിന് പിന്നീടത് സമ്മാനമായി ലഭിക്കുകയായിരുന്നു. ഒപ്പം ആ വടി യാത്രചെയ്ത വഴികളെ കുറിച്ചുള്ള സൂചനകളും.
സംസാരത്തിനിടയില്‍ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു കെട്ട് കത്തുകള്‍ ഡോ. മുഹമ്മദ് പുറത്തേക്കെടുത്തു.കാലപ്പഴക്കം കൊണ്ട് അവയില്‍ പലതിലെയും എഴുത്തുകള്‍ വായിക്കുവാനകാത്ത വിധം മാഞ്ഞുപോയിരിക്കുന്നു. ‘ ഈ കത്തുകളുടെ മേല്‍വിലാസങ്ങളില്‍ കുറിച്ചിരിക്കുന്ന പല സ്ഥലങ്ങളും ഇന്ന് നിലവിലില്ല’, ചില കവറുകള്‍ കാണിച്ച് അദ്ദേഹം പറഞ്ഞു. ‘1948നു മുന്‍പ് ഇതെല്ലാം പലസ്തീനിലെ സ്ഥലപ്പേരുകളായിരുന്നു, അറബ് ഗോത്ര വിഭാഗങ്ങള്‍ തിങ്ങി പാര്‍ത്തിരുന്ന സ്ഥലങ്ങളുടെ പേരുകള്‍.’
അവയില്‍ ചിലത് ഇസ്രായേലി അധിനിവേശം മൂലമുണ്ടായ കൂട്ട പലായനങ്ങളില്‍ നാമാവശേഷമായി. മറ്റുചിലത് പേരുകള്‍ മാറ്റിയതോടെ ഭൂപടങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. ‘ ഈ പുനര്‍നാമകാരണങ്ങള്‍ക്ക് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.’ 1897ല്‍ നടന്ന ഒന്നാം ലോക സയണിസ്റ്റ് കോണ്‍ഗ്രസിനെ തുടര്‍ന്നുണ്ടായ പലസ്തീനിലെക്കുള്ള ആദ്യകാല യഹൂദ കുടിയേറ്റങ്ങളിലേക്കു നീങ്ങുന്ന ചരിത്രമുണ്ടതിന്. ‘
കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ആദ്യകാല യഹൂദര്‍ കുടിയേറി പാര്‍ത്ത സ്ഥലങ്ങള്‍ക്ക് അറബ് പേരുകള്‍ മാറ്റി ഹീബ്രു പേരുകള്‍ നല്കുന്നത് ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. അല്‍-ഖുദ്‌സ് ജെറുസലേമായി. അറിഹ ജെറീഖോയും, അല്‍-ഹലീല്‍ ഹെബ്രോണുമായി. യഹൂദ രാഷ്ട്രത്തിന്റെ സ്ഥാപനത്തിനു ശേഷം അത് ഒളിവില്‍ നിന്നും തെളിവിലേക്കുവന്നു. നെഗേവ് മരുഭൂമിയടക്കം പലയിടത്തും അത് ഭരണകൂടത്തിന്റെ പ്രഖ്യാപിത പദ്ധതിയായി മാറി. പുനര്‍നാമകരണങ്ങള്‍ സത്യത്തില്‍ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. മലകള്‍, കുന്നുകള്‍, പുഴകള്‍, അങ്ങാടികള്‍, എന്തിന് ചെടികള്‍ക്കും, മരങ്ങള്‍ക്കു വരെ അറബി പേരുകള്‍ക്ക് പകരം പുതിയ ഹീബ്രു പേരുകള്‍ കിട്ടി.
”പലസ്തീനിലെ ഇസ്രയേലി കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ വസ്തുത അത്രയധികം ചര്‍ച്ച ചെയ്യപെട്ടതായി തോന്നുന്നില്ല. സ്ഥലപേരുകള്‍ മാറിയതോടെ ഒരു ജനതയുടെ സ്വന്തം ഭൂമിയില്‍ താമസിക്കാനുള്ള അവകാശങ്ങള്‍ പിഴുതെറിയപ്പെടുകയാണുണ്ടായത്. അധിനിവേശത്തിന്റെ ചരിത്രം ചര്‍ച്ചചെയ്യുമ്പോള്‍, നേരിട്ടുള്ള കടന്നുകയറ്റങ്ങളെപ്പോലെ തന്നെ പരിശോധിക്കപ്പെടെണ്ട ഒന്നാണത്. ഈ കത്തുകളില്‍ കുറിച്ചിരിക്കുന്ന സ്ഥലപേരുകളില്‍ പലതും അങ്ങിനെ അപ-അറബിവല്‍ക്കരണത്തിലൂടെ അപ്രത്യക്ഷമായവയാണ്,”
മുഹമ്മദ് പലസ്തീന്റെ പഴയ ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലത്തെ മാപ്പില്‍ ചൂണ്ടി അതില്‍ പല സ്ഥലങ്ങളും കാണിച്ചുതന്നു. നാല്പ്പതുകളുടെ അവസാനം ഉപേക്ഷിച്ചു പോന്ന അയാളുടെതടക്കമുള്ള സ്ഥലങ്ങള്‍. ഇടക്ക് രണ്ടു പ്രാവശ്യം ഡോ. മുഹമ്മദ് പലസ്തീനില്‍ പോയിരുന്നു. പഴയകുടുംബവീട് കാണാന്‍. ”അവിടെയിപ്പോള്‍ താമസിക്കുന്നത് ഇന്ത്യയില്‍ നിന്നു വന്ന ഒരു ജൂത കുടുംബമാണ്. ആരാണ് മുന്‍പ് ഇവിടം താമസിച്ചിരുന്നതെന്നതിനെ പറ്റി അവര്‍ക്ക് യാതൊരു സൂചനകളുമില്ല. ഇസ്രയേലി ഭരണകൂടം, പലസ്തീനികള്‍ ‘ഒഴിഞ്ഞുപോയ’ സ്ഥലത്ത് അവരെ പുനരധിവസിപ്പിക്കുകയായിരുന്നു. ”ഉന്മൂലനങ്ങളുടെയും, ആട്ടിയോടിക്കലുകളുടെയും ഭയപ്പാട് വിട്ടുമാറാതെ നിലനിന്നിരുന്നതിനാല്‍ യൂറോപ്പില്‍ നിന്നുള്ള യഹൂദര്‍ അവിടെ താമസിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും വന്നവരെയാണ് പകരം താമസിപ്പിച്ചത്.”
ഡോ. മുഹമ്മദ് ഇതു പറഞ്ഞു സംസാരം നിര്‍ത്തുമ്പോള്‍ എനിക്ക് പെട്ടെന്നോര്‍മ വന്നത്, എന്റെ നാടായ കൊടുങ്ങല്ലൂരിന്റെ അയല്‍ പ്രദേശങ്ങളായ മാളയില്‍ നിന്നും, പറവൂരില്‍ നിന്നും, ചേന്ദമംഗലത്തു നിന്നും വാഗ്ദത്ത ഭൂമി തേടി ഇസ്രയേലിലേക്ക് പോയ യഹൂദരെയാണ്. യൂറോപ്പില്‍ നിന്ന് കുടിയേറിയ യഹൂദര്‍ അവര്‍ക്കുവേണ്ടി പണിതീര്‍ത്ത ഒരു രാഷ്ട്രത്തില്‍, അവരുടെ സംസ്‌കാരത്തോടും, ശീലങ്ങളോടും ചേര്‍ന്ന് പോകാനാകാതെ ഇപ്പോഴും കേരളീയരായി ജീവിക്കുന്ന 1950 കളുടെ പകുതിയില്‍ നാടുവിട്ട യഹൂദരിലെ ആദ്യതലമുറയെ. മലയാള ചാനലായ ഏഷ്യാനെറ്റിനു അവര്‍ക്കിടയില്‍ ആയിരത്തിലധികം വരിക്കാരുണ്ടെന്നുള്ളത് ഒരു മാധ്യമ സുഹൃത്ത് പറഞ്ഞതും ഓര്‍മ വന്നു. museum of tragic memories in beirut
മാധ്യമം ആഴ്ച്ചപതിപ്പില്‍ ആണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്.
Content Summary; museum of tragic memories in beirut