ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന് ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണ ചടങ്ങ് ദുരന്തമായി മാറിയതിൽ ആർസിബിയെ വിമർശിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ടീമിന്റെ വിജയ പരേഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആർസിബി പോലീസിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. അനുമതി ലഭിക്കും മുൻപേ സമൂഹ മാധ്യമങ്ങളിലൂടെ വിജയാഘോഷങ്ങൾക്ക് ആർസിബി ആഹ്വാനം നൽകിയതായും ഇത് മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ ആളുകളുടെ ഒത്തുചേരലിന് കാരണമായതായും ജസ്റ്റിസ് ബി കെ ശ്രീവാസ്തവയും അഡ്മിനിസ്ട്രേറ്റീവ് അംഗം സന്തോഷ് മെഹ്‌റയും ഉൾപ്പെട്ട ട്രൈബ്യൂണലിന്റെ ബെംഗളൂരു ബെഞ്ച് പ്രസ്താവനയിൽ പറഞ്ഞു. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു.
ഇതറിഞ്ഞും നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടി നേരിട്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ വികാസിനെതിരായ കർണാടക സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കിയ വേളയിലാണ് ബെഞ്ച് നിരീക്ഷണം നടത്തിയത്. ചടങ്ങ് ദുരന്തമായി മാറാൻ കാരണം സുരക്ഷ ക്രമീകരണങ്ങളിലെ വീഴ്ചയാണെന്ന് ആദ്യം മുതൽക്കേ ആരോപണം നിലനിന്നിരുന്നു. സ്വീകരണ ചടങ്ങിലേക്ക് പ്രതീക്ഷിച്ചതിലും അധികം എത്തിയതും പ്രധാന ഗേറ്റിന് മുന്നിലടക്കം തിക്കും തിരക്കും ശക്തമായതുമാണ് ദുരന്തകാരണമായത്.
തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടു, കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ, ഡിസിപി ശേഖർ എച്ച് ടെക്കണ്ണവർ, അഡീഷണൽ പോലീസ് കമ്മീഷണർ വികാസ് കുമാർ വികാസ് എന്നിങ്ങനെ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു. ജൂൺ 5 ലെ സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവിനെ വികാസ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തിരുന്നു, അതിൽ മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സമയക്കുറവ് മൂലം ആഘോഷങ്ങൾക്ക് ശരിയായ ക്രമീകരണങ്ങൾ നടത്താൻ പോലീസിന് സാധിച്ചില്ലെന്ന് ചൊവ്വാഴ്ചത്തെ ഉത്തരവിൽ ട്രൈബ്യൂണൽ പറഞ്ഞു.
‘പോലീസിന് വേണ്ടത്ര സമയം നൽകിയില്ല. 2025 ജൂൺ 3 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ രാത്രി മുഴുവൻ ബെംഗളൂരുവിലെ തെരുവുകളിൽ പൊതുജനങ്ങൾക്ക് സേവനം ലഭ്യമായിരുന്നു, മുകളിൽ പറഞ്ഞ പൊതുജനങ്ങളുടെ കാര്യങ്ങൾ പോലീസ് കൈകാര്യം ചെയ്തിരുന്നു. ‘വിധാന സൗധ’യുടെ കാമ്പസിൽ സംസ്ഥാന സർക്കാർ മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു.ആ സ്ഥലത്ത് പോലീസിനെയും വിന്യസിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാതെ ആർസിബി നടത്തിയ പ്രകടനം തിരിച്ചടിയായി, പോലീസ് ആക്ടോ മറ്റ് നിയമങ്ങളോ പ്രകാരമുള്ള ക്രമീകരണങ്ങൾ വെറും 12 മണിക്കൂറിനുള്ളിൽ ചെയ്യണമെന്ന് പോലീസിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നും’ ബെഞ്ച് പറഞ്ഞു. ‘പോലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണ്. അവർ ‘ദൈവം’ (ഭഗവാൻ) അല്ല, മാന്ത്രികനുമല്ല, വിരൽ ഞൊടിച്ചാൽ ഏതൊരു ആഗ്രഹവും നിറവേറ്റാൻ കഴിയുന്ന മാന്ത്രിക ശക്തികളും അവർക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
content summary: Tribunal blames RCB for fatal stampede outside Chinnaswamy Stadium