ഓസ്ട്രേലിയയെ ഞെട്ടിച്ച വിഷക്കൂൺ കൊലപാതകം; എറിൻ പാറ്റേഴ്സൺ കുറ്റക്കാരി

കൊലനടത്തിയത് ആസൂത്രിതമായി

വിഷക്കൂൺ നൽകി മുൻ ഭർത്താവിന്റെ കുടുംബത്തെ കൊലപ്പെടുത്തിയ എറിൻ പാറ്റേഴ്സണിനെ കുറ്റക്കാരിയായി കണ്ടെത്തി. വിക്ടോറിയൻ സുപ്രീം കോടതിയിൽ 11 ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് 12 അംഗ ജൂറി എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയാണെന്ന് വിധിച്ചത്.

ഒരുച്ചയൂണ്, മൂന്ന് മരണങ്ങള്‍, കുറേ നുണകള്‍: ഓസ്ട്രേലിയയിലെ വിഷക്കൂണ് കൊലക്കേസ് കഥ

എറിന്റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ എന്നിവരും ഗെയ്‌ലിന്റെ സഹോദരി ഹെതർ വിക്കിൻസൺ എന്നിവരെ കൊലപ്പെടുത്തിയതിനാണ് കുറ്റക്കാരിയായി കണ്ടെത്തിയത്. ഹീതറിന്റെ ഭർത്താവ് ഇയാൻ വിൽക്കിൻസണെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭക്ഷണത്തിൽ വിഷക്കൂൺ ചേർത്ത് നൽകിയാണ് എറിൻ കുടുംബത്തിലെ അം​ഗങ്ങളെ കൊലപ്പെടുത്തിയത്. ഇയാൻ മാത്രമാണ് ഭക്ഷണം കഴിച്ചിട്ടും മരിക്കാതെ രക്ഷപ്പെട്ടത്.

2023 ജൂലൈ 29നായിരുന്നു മുൻ ഭർത്താവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമായി എറിൻ വിരുന്നൊരുക്കിയത്. അതീവ അപകടകാരിയായ ക്യാപ് മഷ്റൂം ഉപയോഗിച്ചാണ് 49കാരി ബീഫ് വിഭവം തയ്യാറാക്കിയത്. ഇത് അകത്തെത്തിയാണ് മൂന്ന് പേർ മരിച്ചത്. ഓഗസ്റ്റ് നാലിനും അഞ്ചിനുമാണ് എറിൻ നൽകിയ ഭക്ഷണം കഴിച്ച മുൻ ഭർത്താവിന്റെ ബന്ധുക്കൾ മരിച്ചത്. കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നവംബർ 2ന് എറിനെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസും കൊലപാതക ശ്രമവുമാണ് 49കാരിക്ക് എതിരെ ചുമത്തിയത്.

താൻ കൊലപാതകം ചെയ്തിട്ടില്ല എന്നാണ് എറിൻ തുടക്കം മുതൽ വാദിച്ചിരുന്നത്. എറിൻ പാറ്റേഴ്സണിന്റെ മുൻ ഭർത്താവും കേസിലെ ഒന്നാം സാക്ഷിയുമായ സൈമണിൽ നിന്നാണ് വിസ്താരമാരംഭിച്ചത്. കേസിലെ രണ്ടും, മൂന്നും സാക്ഷികളായ ഹണ്ട് , ജെന്നി ഹേയ് എന്നിവരെയും കോടതി ക്രോസ് വിസ്താരം നടത്തി. സോഷ്യൽ മീഡിയ വഴിയാണ് ഹണ്ടിനും ജെന്നി ഹേയ്ക്കും എറിനെ പരിചയം. ഭർത്താവിനോടും കുടുംബത്തോടും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന തരത്തിൽ സംഭാഷണത്തിൽ എറിൻ പരാമർശിച്ചിരുന്നതായി ഹണ്ട് മൊഴി നൽകിയിരുന്നു.

ആശയപരമായി രണ്ട് പേരും തമ്മിൽ വളരെ അന്തരം നിലനിന്നിരുന്നത് എറിനെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ഹണ്ട് കോടതിൽ പറഞ്ഞു. സൈമൺ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്ന് വന്ന വ്യക്തിയും എറിൻ അവിശ്വാസിയുമായിരുന്നു ഇത് ഇരുവർക്കുമിടയിൽ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഒരു ഗ്രൂപ്പ് കോളിൽ എറിൻ ഉണ്ടായിരുന്നതായും എന്നാൽ പതിവിന് വിപരീതമായി ഒന്നും സംസാരിക്കാതെയാണ് ഇരുന്നതെന്നും ഹണ്ട് പറഞ്ഞിരുന്നു.

കൂൺ പാകം ചെയ്യുന്നത് സംബന്ധിച്ച് എറിൻ തന്നോട് സംശയങ്ങൾ ചോദിച്ചിരുന്നതായി ഹേയ് പറഞ്ഞു. കൊലപാതകത്തിന് ശേഷം എറിൻ ഹേയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പത്ത് മിനിറ്റിനടുത്ത് സംസാരിച്ചതായും പറയുന്നു. സംഭാഷണത്തിനിടയിൽ പാകം ചെയ്ത കൂൺ എവിടെ നിന്നാണ് വാങ്ങിയതെന്ന് പരാമർശിച്ചിരുന്നതായി പറയുന്നു. ഇത് കേസിൽ നിർണ്ണായക തെളിവാണ്. ഉച്ചഭക്ഷണത്തിന് ശേഷം തനിക്ക് പെട്ടെന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പോയിരുന്നതായും എറിൻ പറഞ്ഞതായും ഹേയ് പറഞ്ഞു.

കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ എറിന്റെ മുൻ ഭർത്താവ് സൈമൺ കോടതിയ്ക്ക് കൈമാറിയിരുന്നു. നിരവധി വഞ്ചനകളാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടറായ നാനെറ്റ് റോജേഴ്‌സ് വാദിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞാണ് പ്രതി മറ്റുള്ളവരെ വിളിച്ചു വരുത്തിയത്. മറ്റുള്ളവര്‍ക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെങ്കിലും സ്വന്തമായി അത് കഴിച്ചില്ല. വയറിന് സുഖമില്ലെന്ന് നുണ പറഞ്ഞാണ് കഴിക്കാതിരുന്നത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

Content Summary: mushroom murder case; Erin Patterson found guilty

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment