വിഷക്കൂൺ കൊലക്കേസ്; സൈമണും കുടുംബവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു

എറിൻ കൊലപാതകം നടത്തിയത് കൃത്യമായ പദ്ധതിയോടെയെന്ന് സുഹൃത്ത്

ഓസ്ട്രേലിയയിലെ വിഖ്യാതമായ വിഷക്കൂൺ കൊലപാതക കേസിൽ 5ാം ദിനത്തിലെ വിചാരണ ആരംഭിച്ചിരിക്കയാണ്. കേസിലെ സാക്ഷി വിസ്താരമാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. എറിൻ പാറ്റേഴ്സണിന്റെ മുൻ ഭർത്താവും കേസിലെ ഒന്നാം സാക്ഷിയുമായ സൈമണിൽ നിന്നാണ് വിസ്താരമാരംഭിക്കുന്നത്. കേസിലെ രണ്ടും, മൂന്നും സാക്ഷികളായ ഹണ്ട് , ജെന്നി ഹേയ് എന്നിവരെയും കോടതി ക്രോസ് വിസ്താരം നടത്തി.

ഇരുവർക്കും എറിനെ നേരിട്ട് പരിചയമില്ല, സമൂഹ മാധ്യമത്തിലൂടെ ലഭിച്ച സൌഹൃദമാണ്. എന്നാൽ, ഭർത്താവിനോടും കുടുംബത്തോടും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന തരത്തിൽ സംഭാഷണത്തിൽ എറിൻ പരാമർശിച്ചിരുന്നതായി ഹണ്ട് പറഞ്ഞു. ആശയപരമായി രണ്ട് പേരും തമ്മിൽ വളരെ അന്തരം നിലനിന്നിരുന്നത് എറിനെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ഹണ്ട് കോടതിൽ പറഞ്ഞു. സൈമൺ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്ന് വന്ന വ്യക്തിയും എറിൻ അവിശ്വാസിയുമായിരുന്നു ഇത് ഇരുവർക്കുമിടയിൽ പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഒരു ഗ്രൂപ്പ് കോളിൽ എറിൻ ഉണ്ടായിരുന്നതായും എന്നാൽ പതിവിന് വിപരീതമായി ഒന്നും സംസാരിക്കാതെയാണ് ഇരുന്നതെന്നും ഹണ്ട് പറയുന്നു.

കൂൺ പാകം ചെയ്യുന്നത് സംബന്ധിച്ച് എറിൻ തന്നോട് സംശയങ്ങൾ ചോദിച്ചിരുന്നതായി ഹേയ് പറയുന്നു. കൊലപാതകത്തിന് ശേഷം എറിൻ ഹേയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പത്ത് മിനിറ്റിനടുത്ത് സംസാരിച്ചതായും പറയുന്നു. സംഭാഷണത്തിനിടയിൽ പാകം ചെയ്ത കൂൺ എവിടെ നിന്നാണ് വാങ്ങിയതെന്ന് പരാമർശിച്ചിരുന്നതായി പറയുന്നു. ഇത് കേസിൽ നിർണ്ണായക തെളിവാണ്. ഉച്ചഭക്ഷണത്തിന് ശേഷം തനിക്ക് പെട്ടെന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പോയിരുന്നതായും എറിൻ പറഞ്ഞതായും ഹേയ് ഓർത്തെടുത്തു.

ഡോണ്‍, ഗെയ്ല്‍, ഹെതര്‍ എന്നിങ്ങനെ മൂന്ന് പേരുടെ കൊലപാതകത്തിനും ഇയാനെതിരായ വധശ്രമത്തിനും എറിനെ പ്രതിചേര്‍ത്താണ് നിലവിലെ കേസെങ്കിലും കുറ്റം ചെയ്തതായി ഇതുവരെ എറിൻ പാറ്റേഴ്സൺ സമ്മതിച്ചിട്ടില്ല. ഭ​ക്ഷണത്തിൽ വിഷക്കൂൺ ചേർത്ത് നൽകി മുൻ ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയുമാണ് പാറ്റേഴ്സൺ കൊലപ്പെടുത്തിയത്. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ എറിന്റെ മുൻ ഭർത്താവ് സൈമൺ കോടതിയ്ക്ക് കൈമാറിയിരുന്നു. കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പതിവില്ലാതെ എറിൻ തന്റെ മാതാപിതാക്കളുടെ വിവരം തിരക്കിയത് സൈമൺ ഓർത്തെടുത്തു. ഇതിൽ സംശയം ജനിപ്പിച്ചിരുന്നതായും സൈമൺ പറയുന്നു. സാമ്പത്തിക ചിലവുമായി ബന്ധപ്പെട്ട് കുടുംബാഗങ്ങൾക്കിടയിൽ തർക്കം നിലനിന്നിരുന്നതായി 2022ൽ ഇവർക്കിടയിൽ നടന്ന ഒരു ഗ്രൂപ്പ് ചാറ്റ് വ്യക്തമാക്കുന്നുണ്ട്.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എറിൻ പാറ്റേഴ്സൺ കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാക്കുന്നതാണ് വിചാരണയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. 2023 ജൂലൈ 29നായിരുന്നു മുൻ ഭർത്താവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമായി എറിൻ വിരുന്നൊരുക്കിയത്. അതീവ അപകടകാരിയായ ക്യാപ് മഷ്റൂം ഉപയോഗിച്ചാണ് 49കാരി ബീഫ് വിഭവം തയ്യാറാക്കിയത്. ഇത് അകത്തെത്തിയാണ് മൂന്ന് പേർ മരിച്ചത്. ഓഗസ്റ്റ് നാലിനും അഞ്ചിനുമാണ് എറിൻ നൽകിയ ഭക്ഷണം കഴിച്ച മുൻ ഭർത്താവിന്റെ ബന്ധുക്കൾ മരിച്ചത്. കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നവംബർ 2നാണ് എറിനെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസും കൊലപാതക ശ്രമവുമാണ് 49കാരിക്ക് എതിരെ ചുമത്തിയിട്ടുള്ളത്.

content summary: In the mushroom murder case, the accused, Erin, had conflicts with her ex-husband’s family and carefully planned the murder, according to a friend

This post was last modified on May 5, 2025 12:31 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment