June 16, 2026 |

‘പേവിഷബാധയേറ്റാൽ മുറിവേറ്റ ഭാ​ഗം സോപ്പ് ഉപയോ​ഗിച്ച് കഴുകണം, എത്രയും വേ​ഗം വാക്സിൻ നൽകണം’

പേവിഷബാധ വാക്സിനുകൾ ഫലപ്രദമെന്ന് ഡോക്ടർമാർ

സംസ്ഥാനത്ത് പേവിഷബാധയെ തുടർന്ന് ഏഴ് വയസുകാരി മരിച്ച സംഭവം ആരോ​ഗ്യരം​ഗത്ത് ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശിനിയായ നിയ ഫൈസൽ എന്ന ഏഴ് വയസുകാരിയാണ് മരിച്ചത്. കുട്ടിക്ക് ഐഡിആർവി (ഇൻട്രാ ഡെർമൽ റാബീസ്) ഡോസും ആന്റീ റാബീസ് സെറവും നൽകിയതിന് ശേഷവും മരണം സംഭവിച്ചതാണ് സംഭവത്തിന്റെ ​ഗൗരവം വർദ്ധിപ്പിച്ചിരിക്കുന്നത്.

റാബീസ് വാക്സിൻ്റെ ​ഗുണമേന്മയിൽ സംശയിക്കേണ്ട കാര്യമില്ലെന്നും മറ്റ് കാരണങ്ങളാവാം മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർ ജിൽസ് ജോർജ് അഴിമുഖത്തോട് പ്രതികരിച്ചു. പേവിഷബാധയേറ്റാൽ ചെയ്യേണ്ട പ്രഥമ ശ്രുശ്രൂഷ ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും പല കേസുകളിലും അത് നടത്താറില്ലെന്നും ഡോക്ടർ ജിൽസ് ജോർജ് കൂട്ടിച്ചേർത്തു.

‘പേവിഷബാധയുടെ വാക്സിൻ വളരെ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ചില കേസുകളിൽ വാക്സിൻ പരാജയപ്പെടാറുണ്ട്. അത് വാക്സിൻ ഫലപ്രദമല്ലാത്തത് കൊണ്ടല്ല, മറിച്ച് വാക്സിൻ എടുക്കുന്നതിലുള്ള കാലതാമസമാണ്. പല തരത്തിലാണ് മനുഷ്യർക്ക് പേവിഷമുള്ള ജീവികളിൽ നിന്ന് കടിയേൽക്കുന്നത്. അതിനെ ക്ലാസ് ഒന്ന്, ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് എന്നിങ്ങനെ വേർതിരിക്കാൻ കഴിയും. ക്ലാസ് മൂന്നിൽ ഉൾപ്പെടുത്തുന്നത് മുഖത്തും തലയിലും ഏൽക്കുന്ന മുറിവാണ്. ഇത്തരം സന്ദർഭങ്ങളിൽ എത്രയും വേ​ഗം വാക്സിൻ നൽകിയില്ലെങ്കിൽ തലച്ചോറിലേക്കും നാഡിവ്യൂഹത്തിലേക്കും പേവിഷബാധ വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ പ്രവേശിച്ച് കഴിഞ്ഞാൽ വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാൻ കഴിയില്ല.

വാക്സിൻ എടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് പേവിഷബാധയേറ്റാൽ ചെയ്യേണ്ട പ്രഥമ ശ്രുശ്രൂഷ. പട്ടി കടിച്ചാൽ ഉടനെ കടിയേറ്റ ഭാ​ഗം ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റെങ്കിലും സോപ്പ് ഉപയോ​ഗിച്ച് വൃത്തിയായി കഴുകണം. മുറിവേറ്റ ഭാ​ഗം സോപ്പ് ഉപയോ​ഗിച്ച് കഴുകിയാൽ തന്നെ ഒരു പരിധിവരെ വൈറസ് ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ കഴിയും. പിന്നീട് ചെയ്യാൻ കഴിയുന്നത് എത്രയും വേ​ഗം വാക്സിൻ എടുക്കുക എന്നതാണ്. വാക്സിൻ എടുത്താൽ തന്നെ ആന്റിബോഡി രൂപപ്പെടാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും. പൂർണമായും വാക്സിന്റെ സംരക്ഷണം ലഭിക്കണമെങ്കിൽ 15 ദിവസമെങ്കിലും എടുക്കും. ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ എടുക്കുന്നതിന് ഒപ്പം തന്നെ ഇമ്മ്യൂണോ​ഗ്ലോബിൻ അല്ലെങ്കിൽ മോണോക്ലോണൽ ആൻ്റിബോഡീസ് കൂടി എടുക്കണം. ഈ ആൻ്റിബോഡീസ് മുറിവിന് ചുറ്റുമാണ് എടുക്കേണ്ടത്. ഇതും എത്രയും വേ​ഗമാണ് കുത്തിവെയ്ക്കേണ്ടത്. നാല് ഡി​ഗ്രി മുതൽ ഏഴ് ഡി​ഗ്രി വരെ സെന്റി​ഗ്രേഡിലാവണം വാക്സിൻ സൂക്ഷിക്കേണ്ടത്. അതും ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ്. അല്ലാത്തപക്ഷം വാക്സിന്റെ പൊട്ടൻഷ്യൽ കുറയും. മാത്രമല്ല, ഇൻട്രാ ഡെർമൽ എടുക്കുന്നത് തൊലിപ്പുറത്താണ്. ആ സാഹചര്യത്തിൽ നന്നായി അറിയുന്നവരല്ല കുത്തിവെയ്പ് എടുക്കുന്നതെങ്കിൽ അത് ശരീരത്തെ ബാധിക്കാൻ കാരണമാകാറുണ്ട്. വാക്സിൻ ഷെഡ്യൂളും കൃത്യമായി പാലിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് പൂർണ്ണമായ സംരക്ഷണം ലഭിക്കുകയുള്ളൂ. ഇതിലേതിലെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ വാക്സിൻ ഫലപ്രദമാകില്ല’, ഡോക്ടർ ജിൽസ് ജോർജ് അഴിമുഖത്തോട് പറഞ്ഞു.

പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള ബോധവത്കരണം എല്ലാവർക്കും ലഭിക്കണമെന്നും വാക്സിനുകൾ അതിന്‍റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഡോക്ടർ സൈറു ഫിലിപ്പ് അഴിമുഖത്തോട് പ്രതികരിച്ചു.

‘പേവിഷബാധയേറ്റ് നടക്കുന്ന മരണങ്ങളിൽ വാക്സിൻ മോശമാണെന്ന് പറയാൻ ഒരിക്കലും കഴിയില്ല. ആഴത്തിലുള്ള മുറിവ് ആണെങ്കിൽ വൈറസ് നേരിട്ട് ഞരമ്പുകളിലേക്ക് കടക്കുന്നു. പലർക്കും ഇത്തരം സംഭവങ്ങളുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന അറിവ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പേവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള ബോധവത്കരണം എല്ലാവർക്കും ലഭിക്കേണ്ടത് അത്യാവശ്യമാണ്. പേവിഷമുള്ള ജീവികളുടെ കടിയേറ്റാൽ സോപ്പ് ഉപയോ​ഗിക്കുന്നത് കുറച്ച് വൈറസുകളെയെങ്കിലും നശിപ്പിക്കാൻ സാധിക്കും. ഈ പെൺകുട്ടിയുടെ കേസിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. നിലവിൽ കേരളത്തിൽ നൽകിവരുന്ന വാക്സിനുകൾ പരാജയപ്പെടുന്നു എന്നതിന് തെളിവുകൾ ഇല്ല. മാത്രമല്ല വാക്സിനുകൾ അതിന്‍റെ ജോലി കൃത്യമായി ചെയ്യുന്നു എന്നതിന് തെളിവുകൾ ഉണ്ട്. ഡോ. ചിന്ത ഉൾപ്പെടെയുള്ള ആളുകൾ നടത്തിയിട്ടുള്ള പഠനങ്ങളും വാക്സിൻ സ്വീകരിച്ചവരിൽ മരണം ഉണ്ടാകുന്ന സമയത്ത് നടത്തിയിട്ടുള്ള പരിശോധനകളും അതിന് ഉദാഹരണമാണല്ലോ’, ഡോക്ടർ സൈറു ഫിലിപ്പ് അഴിമുഖത്തോട് പറഞ്ഞു.

ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: rabies death; Doctors say rabies vaccines are effective and precautions have to taken

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×