ഭൂമിയില്‍ കുരുങ്ങി ലീഗ്, വാദങ്ങളെ പൊളിച്ച് രേഖകള്‍

പികെ ബഷീര്‍ എംഎല്‍എ ക്കെതിരെ ലീഗിനുള്ളില്‍ കടുത്ത വിമര്‍ശനം

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി ഭൂമി വാങ്ങിയത് സംബന്ധിച്ച് ലീഗിനുള്ളില്‍ വിവാദം പുകയുന്നു. മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നല്‍കി ഭൂമി വാങ്ങിയെന്ന ആരോപണത്തില്‍, പദ്ധതിയുടെ ഉപസമിതി കണ്‍വീനര്‍ കൂടിയായ പികെ ബഷീര്‍ എംഎല്‍എ ക്കെതിരെ ലീഗിനുള്ളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

വയനാട് ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനായി 40 കോടിയിലധികം രൂപയാണ് ലീഗ് പിരിച്ചെടുത്തത്. ആറ് കോടിക്ക് വെള്ളിത്തോടിനടുത്ത് ലഭിക്കേണ്ട ഭൂമി, തോട്ടഭൂമിയാണെന്ന കാരണത്താല്‍ ഉപേക്ഷിച്ച് 12 കോടി ചെലവഴിച്ച് മറ്റൊരു തോട്ടം തന്നെ എന്തിന് വാങ്ങിയെന്ന ചോദ്യമാണ് ലീഗ് നേതൃത്വത്തിനുള്ളത്. തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ വാങ്ങിയ 11.5 ഏക്കറില്‍, ഒരേക്കര്‍ ഒഴികെ ബാക്കിയുള്ളവയില്‍ നിര്‍മാണാനുമതി പാടില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ലീഗില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ക്ക് സംബന്ധിച്ച് തങ്ങള്‍ക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അഴിമുഖത്തോട് പ്രതികരിച്ചത്.

40 കോടി രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭൂമിയിടപാടില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് ലീഗ് നേതൃത്വം പികെ ബഷീറിനെതിരെ ഉന്നയിക്കുന്നത്. നിര്‍മാണത്തിനായി 11 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തത് പികെ ബഷീര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു. അതീവ ഗൗരവമുള്ള വിഷയത്തെ ഉപസമിതി ബാലിശമായാണ് കണ്ടതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വയനാട് ഭൂമി വിവാദത്തില്‍ പികെ ബഷീറിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

വയനാട് ദുരിതബാധിതര്‍ക്കായി ലീഗ് വാങ്ങിയ 11 ഏക്കര്‍ ഭൂമി അധികം വില നല്‍കിയെന്ന ആരോപണമാണ് ലീഗിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലത്തിന്, സെന്റിന് 65,000 രൂപ വരെയാണ് വിലയെന്നും, എന്നാല്‍, മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് 1,20,000 ലധികം രൂപ നല്‍കിയാണ് എന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 11 ഏക്കര്‍ ഭൂമിയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ മുസ്ലിം ലീഗിന് ആറ് കോടിയോളം രൂപ ചെലവായി എന്നാണ് ആരോപണം.

വയനാട് തോട്ടം ഭൂമി 30,000 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെ പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും നിര്‍മാണസമിതി അംഗവുമായ അഭിഭാഷകനാണ് ഭൂമി വില്‍പന മുടക്കിയതെന്നാണ് ആരോപണം. അഭിഭാഷകനായ കല്ലന്‍കോടന്‍ മൊയ്തുവിന്റെതുള്‍പ്പെടെ അഞ്ച് വ്യക്തികളില്‍ നിന്നാണ് നിലവില്‍ ലീഗ് ഭൂമി വാങ്ങിയിരിക്കുന്നത്. അധിക തുക മുടക്കി വാങ്ങിയ ഭൂമിയാകട്ടെ നിര്‍മാണാനുമതി ഇല്ലാത്തതാണെന്നതും വിവാദത്തെ ശക്തമാക്കുന്നു.

തൃക്കൈപ്പറ്റ വില്ലേജില്‍ ലീഗ് വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം നിര്‍മ്മാണങ്ങള്‍ക്ക് വിലക്കുള്ള പ്ലാന്റേഷന്‍ ഭൂമിയുടെ സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ടതാണെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂ ഉടമകളില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കാപ്പിത്തോട്ടം തരംമാറ്റിയെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ ഇല്ലെന്നും ഉടന്‍തന്നെ നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നുമാണ് ലീഗിന്റെ വിശദീകരണം.

എന്നാല്‍ വാങ്ങിയത് തോട്ടഭൂമിയല്ലെന്നും, പരാതികളൊക്കെ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്നും ലീഗ് നേതാക്കള്‍ പറയുമ്പോഴും 1954 മുതല്‍ ഇത് തോട്ടഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിനോടകം പുറത്തുവന്നിട്ടുമുണ്ട്.

ഭൂമി വാങ്ങിയത് സംബന്ധിച്ച് ലീഗില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും കണ്ണായ സ്ഥലത്ത് ഭൂമി വാങ്ങിയത് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ്. തോട്ടഭൂമിയല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും റവന്യൂ വകുപ്പ് നടത്തുന്ന ഹിയറിങില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പികെ ബഷീര്‍ എംഎല്‍എ ‘മാധ്യമ’ ത്തോട് പറഞ്ഞത്.

ഇതിനെല്ലാം പുറമെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്‌ചെലവുണ്ടായെന്ന വിമര്‍ശനവും ലീഗിനെതിരെ ഉയരുന്നുണ്ട്. നിലവില്‍ പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭൂമി വീട് നിര്‍മാണം പൂര്‍ത്തിയായ ശേഷം എട്ട് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്ത് നല്‍കും. രണ്ട് തവണ രജിസ്‌ട്രേഷന്‍ നടത്തുന്നതിലൂടെ രണ്ട് കോടിയോളം രൂപയുടെ പാഴ്‌ചെലവുണ്ടാകുമെന്നുമാണ് വിമര്‍ശനം. തിടുക്കപ്പെട്ട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന ചോദ്യവും ലീഗിനുള്ളില്‍ ഉയരുന്നുണ്ട്.

വിവാദങ്ങള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്നും ലീഗിന്റെ പ്രവര്‍ത്തനത്തെയല്ല, പാവപ്പെട്ട ദുരിതബാധിതരായ ജനങ്ങള്‍ക്ക് കിട്ടുന്ന സഹായത്തെയാണ് വിവാദം ഉണ്ടാക്കുന്നവര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നുമാണ് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം അഴിമുഖത്തോട് പ്രതികരിച്ച്.

ഭൂമി സംബന്ധിച്ച് നിയമക്കുരുക്ക് ഉള്ളതിനാല്‍ പദ്ധതി വൈകുമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കെ, ഫണ്ട് തട്ടിപ്പിന്റെ പേരില്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഭൂമി വിവാദം മുസ്ലീം ലീഗിനെയും കുരുക്കിയിരിക്കുകയാണ്.muslim league land deal controversy in Wayanad; Documents that disprove arguments

Content Summary: muslim league land deal controversy in Wayanad; Documents that disprove arguments

This post was last modified on July 16, 2025 6:02 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment