മുസ്ലിം വനിതകള്‍ നമസ്‌കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധീകരണം; ബിജെപി എംപി വിവാദത്തില്‍

സ്ത്രീകൾ നിസ്കരിച്ച സ്ഥലത്ത് ഹിന്ദു സംഘടനകൾ ശിവവന്ദനം നടത്തുകയും ചെയ്യു

BJP workers performed a purification ritual

പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ മുസ്ലിം വനിതകൾ നമസ്‌കാരം നടത്തുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ഹിന്ദുസംഘടനകൾ ശുദ്ധീകരണ ചടങ്ങ് നടത്തിയ നടപടി വിവാദമായി. ബി.ജെ.പി എം.പി മേധാ കുൽക്കർണിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകൾ സ്ത്രീകൾ നിസ്കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കുകയും ശിവവന്ദനം നടത്തുകയും ചെയ്യു. ശുദ്ധീകരണ ചടങ്ങ് നടത്തുന്നതിൻ്റെ വീഡിയോ നേതാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മറാത്ത സാമ്രാജ്യത്തിൻ്റെ പ്രതീകമായ പുനെ കോട്ടയിലെ സംഭവം ഓരോ പുനെ നിവാസിക്കും ആശങ്കയും രോഷവുമുണ്ടാക്കുന്ന വിഷയമാണെന്ന് കുൽക്കർണി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

നിലവിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണ്. ശനിവാർ വാഡ മുസ്ലീം സ്ത്രീകൾക്ക് പ്രാർത്ഥന നടത്താനുള്ള സ്ഥലമല്ല. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ശനിവാർ വാഡയിൽ ശിവവന്ദന നടത്തുകയും സ്ഥലം ശുദ്ധീകരിക്കുകയും ചെയ്തു. കാവിക്കൊടി നാട്ടാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഞങ്ങളെ തടയുകയായിരുന്നു. ഇവർ എവിടെ കണ്ടാലും നിസ്കരിക്കുകയും തുടർന്ന് അത് വഖഫ് സ്വത്തിൽ ചേർക്കുകയും ചെയ്യും. ഹിന്ദു സമൂഹം ജാഗ്രതയിലാണ്, കുൽക്കർണി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രാ മന്ത്രി നിതീഷ് റാണെയും ശനിവാർ വാഡയിൽ നമസ്‌കാരം നടത്തിയതിനെ ശക്തമായി അപലപിച്ചു. ശനിവാർ വാഡക്ക് ഒരു ചരിത്രമുണ്ടെന്നും അത് ധീരതയുടെ പ്രതീകമാണെന്നും നിതീഷ് റാണെ പറ‍ഞ്ഞു.

ശനിവാർ വാഡ ഹിന്ദു സമൂഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. ഹാജി അലിയിൽ ഹിന്ദുക്കൾ ഹനുമാൻ ചാലിസ ചൊല്ലിയാൽ മുസ്ലീങ്ങളുടെ വികാരങ്ങളെ അത് വേദനിപ്പിക്കില്ലേ? നിങ്ങൾ പള്ളിയിൽ പോയി നിസ്കരിക്കുക. ഹാജി അലിയിൽ ഹനുമാൻ ചാലിസയോ ആരതിയോ നടത്തിയാൽ ഈ ആളുകൾക്ക് വിഷമം തോന്നരുത്, നിതീഷ് റാണെയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം, ബിജെപി എംപിയുടെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ രം​ഗത്തെത്തി. ഇന്ത്യയിലെ മതനിരപേക്ഷതയും ബഹുസ്വരതയും നശിപ്പിക്കുന്നവരാണ് ബിജെപിയെന്ന് എ.ഐ.എം.ഐ.എം. വക്താവ് വാരിസ് പത്താൻ കുറ്റപ്പെടുത്തി. “അവർ വെറുപ്പ് മാത്രമാണ് പരത്തുന്നത്. നാല് മുസ്ലിം സ്ത്രീകൾ ജുമാ ദിവസത്തിൽ ഒരു സ്ഥലത്ത് നമസ്‌കാരം ചെയ്തതിൽ എന്താണ് പ്രശ്നം? ഹിന്ദുക്കൾ ട്രെയിനിലോ വിമാനത്താവളത്തിലോ ഗർബ നൃത്തം ചെയ്യുമ്പോൾ ഞങ്ങൾ ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എ.എസ്.ഐ സംരക്ഷിക്കുന്ന സ്മാരകങ്ങൾ എല്ലാവർക്കും ഉള്ളതാണ്. മൂന്നു മിനിറ്റ് നമസ്‌കാരത്താൽ ഇത്രയും പ്രശ്നമാണോ? ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യാവകാശം ഉറപ്പുനൽകുന്നു. നിങ്ങൾക്ക് ഇത്രയധികം വെറുപ്പ് എന്തിന്? ശുദ്ധീകരിക്കേണ്ടത് സ്ഥലമല്ല, വെറുപ്പിൽ മുങ്ങിയിരിക്കുന്ന നിങ്ങളുടെ മനസ്സാണ്,
പത്താൻ വ്യക്തമാക്കി.

Content Summary: Muslim women offer namaz at Pune’s historic fort; BJP MP conducts ‘purification’ ritual using cow urine

This post was last modified on October 21, 2025 1:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment