മുത്തുവേല്‍ കരുണാനിധി; എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍

എം. കരുണാനിധിയുടെ ചരമവാര്‍ഷികമാണ് ഇന്ന്

രാഷ്ട്രീയക്കാരന്‍, ഭരണാധികാരി, പ്രാസംഗികന്‍, നാടകകൃത്ത്, തമിഴ് സിനിമകളുടെ കഥ, സംഭാഷണ രചയിതാവ്, തമിഴ് സാഹിത്യത്തിലെ പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, സംഗീതജ്ഞന്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമുള്ള കരുണാനിധിയേപ്പോലെ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ തന്നെ വിരളമാണ്.

‘എന്‍ ഉയിരിനും മേല്‍ കഴക ഉടന്‍പിറപ്പുകള്‍’
(പാര്‍ട്ടിയിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍, എന്റെ ജീവനും മേലെയാണ്),’

-മുത്തുവേല്‍ കരുണാനിധി.

ഒരു കാലത്ത് ആത്മമിത്രവും, സഹപ്രവര്‍ത്തകനും, പിന്നീട് തന്റെ രാഷ്ട്രീയ എതിരാളിയും പിന്നീട് ആജന്മ ശത്രുവുമായി മാറിയ എം ജി ആറിന്റെ പുതിയ പാര്‍ട്ടി 1977 ലെ നിയമസഭാ ഇലക്ഷനില്‍ ഡി.എം.കെ.യെ തറപറ്റിച്ച്, കരുണാനിധിയുടെ വാഴ്ച അവസാനിപ്പിച്ച കാലം. ഇലക്ഷനില്‍ ഡി.എം.കെയുടെ പരാജയത്തെക്കുറിച്ചുള്ള തന്റെ വിശദീകരണയോഗത്തില്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും, ജനലക്ഷങ്ങളെയും മുന്‍നിറുത്തി പ്രസംഗം ആരംഭിച്ചപ്പോള്‍ മുത്തുവേല്‍ കരുണാനിധി ആദ്യവാചകം തൊടുത്തു.

മുത്തുവേൽ കരുണാ നിധി

‘നിധിയെല്ലാം
അവന്‍ (എം.ജി.ആര്‍) കൊണ്ട് പോയാച്ച്! ഇപ്പോള്‍ ഞാന്‍ വെറും കരുണെ! ‘
ഇതുകേട്ട മറീന ബീച്ചിലെത്തിലെത്തിയ ജനസമുദ്രം ഇളകി മറഞ്ഞു, ഡി.എം.കെയുടെ പരാജയകഥയെല്ലാം മറന്ന് ഉയിരിനും ഉയിരായ ഉടന്‍പിറപ്പുകള്‍, അവര്‍ അലറി വിളിച്ചു! ‘കലൈഞ്ജര്‍ വാഴ്ക ! കലൈഞ്ജര്‍ വാഴ്ക !

മുത്തുവേല്‍ കരുണാനിധിക്ക് ജനങ്ങളെ കൈയ്യിലെടുക്കാന്‍ മാത്രകള്‍ മതി. അദ്ദേഹത്തിന്റെ ഇത്തരം പേച്ചുകള്‍ അവരിഷ്ടപ്പെട്ടു! ആരാധിച്ചു. അതുകൊണ്ടാണല്ലോ 1957 മുതല്‍ 1977 വരെ തമിഴ്മക്കള്‍, ജനനായകനായി അംഗീകരിച്ചത്. ഇത് മനസ്സിലാക്കാന്‍ അധികമൊന്നും അറിവ് വേണ്ട.

1996 ല്‍ തമിഴ്‌നാട്ടിലെ സാംസ്‌കാരിക മന്ത്രിയായിരുന്ന തമിഴ് കുടിമകനെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചെന്നെയില്‍ വെച്ച് അഭിമുഖം നടത്തുകയായിരുന്നു.
പത്രപ്രവര്‍ത്തകന്‍: – ‘തമിഴിലെ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവ്?
മന്ത്രി: തമിഴ് പണ്ഡിതനായ കലൈഞ്ജര്‍ കരുണാനിധി.
തമിഴില്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയ സൃഷ്ടി?
കലൈഞ്ജര്‍ രചിച്ച ‘പൊന്നര്‍ ശങ്കര്‍’

കരുണാ നിധി പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരോടൊപ്പം

കുറേനേരം, അഭിമുഖം ഇങ്ങനെ പോയപ്പോള്‍, മടുപ്പും അരിശവും തോന്നിയ ആ പത്രപ്രവര്‍ത്തകന്‍ ചോദിച്ചു
സുന്ദര രാമസ്വാമിയുടെ കൃതികളെ കുറിച്ച് എന്ത് പറയുന്നു ?

മന്ത്രി : ആരാണ് അയാള്‍?

പത്രപ്രവര്‍ത്തകന്‍: തമിഴിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരന്‍.

മന്ത്രി: ‘നിങ്ങള്‍ക്ക് അദ്ദേഹം പ്രധാനപ്പെട്ട ആളായിരിക്കാം, എനിക്കങ്ങനെയല്ല. ഞങ്ങള്‍ക്ക് സര്‍വ്വവും തമിഴ് ഭാഷാപണ്ഡിതനായ കലൈഞ്ജര്‍ മാത്രമാണ്. ‘

നൊബേല്‍ സമ്മാനത്തിന് ആ വര്‍ഷം സുന്ദരരാമസ്വാമിയുടെ പേര് ശുപാര്‍ശ ചെയ്തതായി പറയുന്നു. ഇത്രയും പ്രശസ്തനായ ഒരെഴുത്തുകാരനെ തമിഴ്‌നാട്ടിലെ സാംസ്‌കാരിക മന്ത്രിക്ക് പോലും, അറിയില്ല! തമിഴ്‌നാട്ടിലെ സാംസ്‌കാരിക മന്ത്രി ചിന്തിക്കുന്നത് ഇങ്ങനെയാണെങ്കില്‍, ദ്രാവിഡ സംസ്‌കാരത്തില്‍ ഊറ്റംകൊള്ളുന്ന തമിഴ് മക്കള്‍ ഒരിക്കലും വേറിട്ട് ചിന്തിക്കില്ല. അതെ അവര്‍ക്കും സാഹിത്യവും, കലയും, സര്‍വ്വവും കലൈഞ്ജര്‍ തന്നെ.!

ഇന്ത്യയിലെ പല രാഷ്ട്രീയക്കാര്‍ക്കും തങ്ങള്‍ മഹത്തായ ജീവിതം നയിച്ചുവെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ എം.കരുണാനിധിക്ക് അതിനു കഴിയും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു
ഞാന്‍ ഒരു ‘പെരുവാഴവ്’ (വളരെ മഹത്തായ) നയിച്ചു.

കരുണാനിധി, ശിവാജി ഗണേശൻ

പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ അണ്ണാദുരൈ, രാജാജി, കാമരാജ്, ഇന്ദിരാഗാന്ധി, വി.പി. സിംഗ്’ എന്നീ വലിയ നേതാക്കളുമായി ഇടകലര്‍ന്നു പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍, ഭരണാധികാരി, പ്രാസംഗികന്‍, നാടകകൃത്ത്, തമിഴ് സിനിമകളുടെ കഥ, സംഭാഷണ രചയിതാവ്, തമിഴ് സാഹിത്യത്തിലെ പണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, സംഗീതജ്ഞന്‍ എന്നിങ്ങനെ തന്റെ ബഹുമുഖ വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയ നേതാവും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ഇന്ത്യയിലില്ലായിരുന്നു. ആ ജീവിതം ഒരര്‍ത്ഥത്തില്‍ ഈ നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രത്തിലെ ‘പെരുവാഴവ്’ തന്നെ യായിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുക്കുവളെ ഗ്രാമത്തില്‍ 1924 ജൂണ്‍ മൂന്നിനാണ് കരുണാനിധി ജനിച്ചത്… ദക്ഷിണാമൂര്‍ത്തിയെന്നാണ് മാതാപിതാക്കള്‍ ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കരുണാനിധി എന്നാക്കി മാറ്റി. തിരുക്കുവളൈയിലെ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

13-ാം വയസ്സില്‍, കരുണാനിധി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, അദ്ദേഹം തന്റെ ആദ്യ ചരിത്ര നോവല്‍ സെല്‍വചന്ദ്ര എന്ന പേരില്‍ തമിഴില്‍ എഴുതി. ആ നോവലിലെ ആദ്യ വാചകം ഇങ്ങനെ ആരംഭിക്കുന്നു ”തമിഴ് വാഴ്ഗ, തമിഴര്‍ വാഴ്ഗ” (തമിഴ് വാഴുക, തമിഴര്‍ വാഴുക)
പതിമൂന്നു വയസ് തൊട്ടെ അദ്ദേഹം തമിഴ് ഭാഷയോടും തമിഴരുടെ ക്ഷേമത്തോടും എത്രമാത്രം അഭിനിവേശം പുലര്‍ത്തിയിരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍.

ജി. രാമചന്ദ്രനെ താരപദവിയിലെക്കുയർത്തിയ കരുണാനിധി എഴുതിയ സിനിമ ‘രാജകുമാരി’

നോവലിന്റെ ‘ആമുഖം’ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘ഇന്നത്തെ ദ്രാവിഡ നാട് അതിന്റെ കലകളും നാഗരികതയും നഷ്ടപ്പെട്ട്, ജാതികളുടെയും നിരവധി അന്ധവിശ്വാസങ്ങളുടെയും വലയില്‍ കുടുങ്ങി അതിജീവിക്കാന്‍ പാടുപെടുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, തുളു എന്നീ ദ്രാവിഡ ഭാഷകളില്‍ ഏറ്റവും മികച്ച ഭാഷയായ തമിഴിനെ നശിപ്പിക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്, അതിനാല്‍ ദ്രാവിഡര്‍ ഉണരേണ്ട സമയമായി’.

1942 ല്‍ കരുണാനിധി ‘മുരശൊലി’ എന്നൊരു പ്രസിദ്ധീകരണം മാസികയായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ചേരന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയ കരുണാനിധിയെ തിരുവാരൂരില്‍ സന്ദര്‍ശനത്തിനെത്തിയ നേതാവ് സി.എന്‍.അണ്ണാദുരെ സന്ധിച്ചതോടെ ആധുനിക തമിഴ്‌നാടിനെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നേതാവിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു.

1944 ല്‍ ദ്രാവിഡര്‍ കഴകത്തിന്റെ ഏറ്റവും സ്വാധീനമുള്ള നേതാവായി വളര്‍ന്നു വരികയായിരുന്നു സി.എന്‍. അണ്ണാദുരൈ. അക്കാലത്ത് കരുണാനിധി പത്മാവതിയെ വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു മകന്‍ ജനിക്കുന്നു. അതില്‍ ജനിച്ച മകനാണ് എം.കെ. മുത്തു. 1948ല്‍ പത്മാവതി മരിച്ചു. 1948 ല്‍ കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. അതില്‍ അവര്‍ക്ക് നാല് കുട്ടികളുണ്ടായി. അവര്‍ എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, എം.കെ. സെല്‍വിയും എം.കെ. തമിഴരസു.

ശിവാജി ഗണേശനെ സൂപ്പർ താരപദവിയിലേക്കുയർത്തിയ കരുണാനിധിയുടെ തിരക്കഥയിൽ പുറത്ത് വന്ന ‘ ‘പരാശക്തി’യിൽ ശിവാജി ഗണേശൻ (1952)

അക്കാലത്ത് ദ്രാവിഡര്‍ കഴകത്തിന്റെ ഏറ്റവും ശക്തനും യുക്തിവാദിയും തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ മേല്‍ക്കോയ്മയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്വേച്ഛാധിപത്യ’ പ്രവര്‍ത്തനരീതിയില്‍ അസ്വസ്ഥരായി. 1949 സെപ്റ്റംബറില്‍, ഒരു സംഘം വിമത ഡി.കെ. പ്രവര്‍ത്തകര്‍ അണ്ണാദുരെയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിച്ചു..

സി.എന്‍.അണ്ണാദുരെയുടെ ജീവചരിത്രകാരന്‍ പി.സി ഗണേശന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ദിശ തന്നെ അടിമുടി മാറ്റി മറച്ച ഈ, ചരിത്ര സംഭവത്തെ കുറിച്ച് എഴുതി.

”ദ്രാവിഡ പ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൂടുതല്‍ ഭാവനാത്മകമായ ഒരു നേതൃത്വം ഈ കാലത്ത് ആവശ്യപ്പെടുന്നതിനാല്‍ അണ്ണയും അനുയായികളും പെരിയാറില്‍ നിന്ന് വേര്‍പിരിഞ്ഞത് ചരിത്രപരമായ അനിവാര്യതയായിരുന്നു’.

‘ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാവി പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ആദ്യ പൊതുയോഗം 1949 സെപ്റ്റംബര്‍’ മദ്രാസിലെ റോയപ്പേട്ടയിലെ റോബിന്‍സണ്‍ പാര്‍ക്കില്‍ നടന്നു.

തമിഴ്നാട്ടിൽ മനുഷ്യർ വലിക്കുന്ന റിക്ഷകൾ നിരോധിച്ച് സൈക്കിൾ റിക്ഷകൾ നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി കരുണാനിധി (1973 )

1953 ല്‍ തമിഴ്‌നാട്ടിലെ കല്ലക്കുടി എന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ഡാല്‍മിയപുരം എന്നാക്കി മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭം നയിക്കാന്‍ ഡിഎംകെ കരുണാനിധിയെ തിരഞ്ഞെടുത്തു. ഉത്തരേന്ത്യന്‍ വ്യവസായി രാമകൃഷ്ണ ഡാല്‍മിയുടെ ഒരു സിമന്റ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ച തിരുച്ചി ജില്ലയിലെ ഒരു ഗ്രാമമായിരുന്നു കല്ലക്കുടി, സ്റ്റേഷന്റെ പേര് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു. ഇന്ത്യന്‍ യൂണിയനിലെ ഉത്തരേന്ത്യന്‍ മേധാവിത്വവും തമിഴിനോടുള്ള കേന്ദ്രത്തിന്റെ അവഹേളനവും കണ്ട് അതിനെ പരസ്യമായി എതിര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

സമരമാരഭിച്ച ജൂലൈയില്‍, കരുണാനിധി തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെ തോളില്‍ കയറി സ്റ്റേഷനിലെ ”ഡാല്‍മിയപുരം” നെയിംബോര്‍ഡിന് മുകളില്‍ ”കല്ലക്കുടി” എന്ന് തമിഴ് പോസ്റ്റര്‍ ഒട്ടിച്ചു. തുടര്‍ന്ന്, സമീപമുള്ള റെയില്‍വേ ട്രാക്കിന് കുറുകെ കിടന്ന കരുണാനിധിയേയും മറ്റ് നാല് ഡി.എം.കെ നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ കരുണാനിധിയെയും മറ്റുള്ളവരെയും അഞ്ച് മാസത്തെ കഠിന തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു.

ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന കരുണാനിധി സഞ്ചരിച്ചിരുന്ന കാര്‍ തിരുപ്പത്തൂരില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഇടതു കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കണ്ണില്‍ ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതിനുശേഷമാണ് തന്റെ ട്രേഡ് മാര്‍ക്കായ കറുത്ത കണ്ണട ധരിക്കാന്‍ തുടങ്ങിയത്.

1989 ലെ ദേശീയ മുന്നണി നേതാക്കളോടൊപ്പം കരുണാനിധി.
ജോതി ബസു, വി.പി. സിങ്, എൻ. ടി. ആർ. കരുണാനിധി. ദേവിലാൽ, രാമകൃഷ്ണ ഹെഗ്‌ഡേ

1957-ലെ ഇലക്ഷനില്‍ കുളിത്തലൈയിലെ വിജയത്തോടെ അസംബ്ലിയിലെത്തിയ അദ്ദേഹത്തിന്റെത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ ജൈത്രയാത്രയായിരുന്നു. ഏഴ് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ കരുണാനിധി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്കുള്ള ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം തോറ്റിട്ടില്ല.

1965 ഫെബ്രുവരിയില്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെ ഹിന്ദി മാത്രം ഔദ്യോഗിക ഭാഷയാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ, അത്
മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് എന്നതിനാല്‍ ഡിഎംകെ ഇതിനെതിരെ, 1965 ജനുവരി 26 ന് റിപ്പബ്ലിക് ദിനം ദുഃഖാചരണമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതേത്തുടര്‍ന്ന് അക്രമാസക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തമിഴ്നാട്ടിലുടനീളം പൊട്ടിപ്പുറപ്പെട്ടു. ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജനക്കൂട്ടം ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. പലയിടത്തും പോലീസ് വെടിയുതിര്‍ത്തു. പോലീസുകാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് നിരവധി യുവാക്കള്‍ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരണം വരിക്കാന്‍ ശ്രമിച്ചു.

ചെന്നെ ഫ്ലൈ ഓവർ അഴിമതി കേസിൽ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തപ്പെട്ട കരുന്നാനിധി ചെന്നെ സെൻട്രൽ ജയിലിൽ പ്രതിഷേധിച്ച് കുത്തിയിരിക്കുന്നു 2001 ജൂൺ 30

1965 ലെ ഹിന്ദി വിരുദ്ധ സമരത്തില്‍ തീവണ്ടി തടഞ്ഞതിന്, അറസ്റ്റ് ചെയ്ത് കരുണാനിധിയെ സേലം ജയിലില്‍ 30 നാള്‍ പാര്‍പ്പിച്ചു. അവിടെ നിന്ന് മോചിതനായി ഏര്‍ക്കാട് എക്‌സ്പ്രസില്‍ തിരികെ വരുന്ന വാര്‍ത്ത മദ്രാസിലെ ഒരു പ്രധാന ഇംഗ്ലീഷ് പത്രം കൊടുത്തത് ഇങ്ങനെ!
‘കലൈഞ്ജര്‍ എക്‌സ്പ്രസ്സ് മദ്രാസിലെത്തി’ പോലിസ് വലയം ഭേദിച്ച് പതിനായിരങ്ങള്‍ എഗ്മോര്‍ റെയിവേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിച്ചു. അങ്ങനെ, ഹിന്ദിവിരുദ്ധ സമരത്തിലൂടെ തമിഴ്‌നാട്ടില്‍ കരുണാനിധി സര്‍വ സമ്മതനായ ജനനേതാവായി.

1967 ല്‍ അണ്ണാദുരെ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പ്രചാരണത്തിന് ഡിഎംകെ ട്രഷറര്‍ എന്ന നിലയില്‍ കരുണാനിധി അന്ന് സ്വരൂപിച്ചത് 11 ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ജനങ്ങളുടെയും ഇടയിലുള്ള സ്വാധീനം തെളിയിക്കുന്ന പ്രവര്‍ത്തനമായിരുന്നു അത്.

1967 ജനുവരിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരും മത്സരിക്കുന്ന മണ്ഡലങ്ങളും അണ്ണാദുരൈ പ്രഖ്യാപിക്കുമ്പോള്‍, അദ്ദേഹം ചെന്നൈയിലെ സൈദാപേട്ട് മണ്ഡലത്തിന്റെ പേര് മാത്രം പറഞ്ഞു. സ്ഥാനാര്‍ത്ഥിയാരെന്ന് പറയാതെ , ഒരു നിമിഷം പ്രസംഗം നിറുത്തി. പ്രവര്‍ത്തകരും വേദിയിലുള്ളവരും ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നപ്പോള്‍

അണ്ണാദുരൈ പേര് പ്രഖ്യാപിച്ചു ‘പതിനൊന്ന് ലക്ഷം.’ ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം തിങ്ങി നിറഞ്ഞ സദസ്സില്‍ നിന്ന് കാതടപ്പിക്കുന്ന കരഘോഷവും മുഴങ്ങി. പതിനൊന്ന് ലക്ഷം എന്താണെന്നും അത് ആരാണെന്നും അവിടെ കൂടിയ ഒരു പിഞ്ചു കുഞ്ഞിന് പോലുമറിയാമായിരുന്നു.

അതിനടിവരയിട്ട പോലെ സ്ഥാനാര്‍ഥിയുടെ പേര് ഇടി മുഴങ്ങും പോലെ അവിടെ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു ‘കലൈഞ്ജര്‍ വാഴ്ക ! കലൈഞ്ജര്‍ വാഴ്ക !’ കരുണാനിധി തമിഴരുടെ ശക്തനായ നേതാവായതിന്റെ ജനശബ്ദമായിരുന്ന അന്ന് മുഴങ്ങിയത്.

1967 ല്‍ ഫെബ്രുവരിയില്‍ ഡിഎംകെ ആദ്യമായി അധികാരത്തിലെത്തി. 234 അംഗ സഭയില്‍ ഡിഎംകെയും ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യവും ചേര്‍ന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി കേവല ഭൂരിപക്ഷം നേടി. അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.കാമരാജും മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലവും പരാജയപ്പെട്ടു. അണ്ണാദുരെ മുഖ്യമന്ത്രിയായി. തമിഴ്‌നാട്ടിലെ ആദ്യത്തെ കോണ്‍ഗ്രസേതര മന്ത്രിസഭ. രണ്ട് വര്‍ഷത്തിന് ശേഷം 1969 ഫെബ്രുവരി 3-ന് അര്‍ബുദ ബാധിതനായിരുന്ന അണ്ണാദുരെ ചെന്നൈയില്‍ വച്ച് അന്തരിച്ചു.

പിന്നീട് 1969 ഫ്രെബ്രുവരി 9 ന് 45 കാരനായ കരുണാനിധിയെ പാര്‍ട്ടി നേതാവായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. അണ്ണാദുരെയുടെ പിന്‍ഗാമിയായി, തമിഴ്നാട് കലൈഞ്ജര്‍ കരുണാനിധി മുഖ്യമന്ത്രിയായി.

കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ തമിഴ് നാട് മുഖ്യമന്ത്രി കരുന്നാനിധിയെ ചെന്നെയിൽ സന്ദർശിച്ചപ്പോൾ 2006 ജൂൺ 10

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കരുണാനിധി സഖ്യമുണ്ടാക്കി. അങ്ങനെ 1971 മാര്‍ച്ചില്‍ നടന്ന നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പില്‍ ഡിഎംകെ മത്സരിച്ചു. അന്ന് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം കോണ്‍ഗ്രസ് (സംഘടന) – കാമരാജിന്റെയും രാജാജിയുടെയും നേതൃത്വത്തിലുള്ള സ്വതന്ത്ര പാര്‍ട്ടി സഖ്യത്തെ പരാജയപ്പെടുത്തി. 234 മണ്ഡലങ്ങളില്‍ 184-ലും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ ഡിഎംകെ വന്‍ വിജയം നേടി. സൈദാപേട്ടയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കരുണാനിധി ചീഫ് രണ്ടാം തവണയും മുഖ്യമന്ത്രിയായി.

കരുണാനിധി തന്റെ സാഹിത്യരചനാ വൈഭവം സിനിമയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തമിഴ്ചലചിത്ര രംഗത്ത് വന്‍ മാറ്റങ്ങളുണ്ടായി. അദ്ദേഹമെഴുതിയ പരാശക്തി, യെന്ന ചിത്രത്തിലൂടെയാണ് ശിവാജി ഗണേശന്‍ താരമാകുന്നത്. തുടര്‍ന്ന്, എം.ജി.ആര്‍ സൂപ്പര്‍ താരമായത് കരുണാനിധി സംഭാഷണം എഴുതിയ ചിത്രങ്ങളിലൂടെയാണ്. കരുണാനിധി എഴുതിയ ഡയലോഗ് പറഞ്ഞാണ് എം.ജി.ആര്‍ താരപദവിയിലേക്കുയര്‍ന്ന് മക്കള്‍ തിലകമാവുന്നത്. ജനപ്രിയ തമിഴ് ചിത്രങ്ങളില്‍ ഏഴകളുടെ കൂടെ നിന്ന് അനീതിയോട് പൊരുതി ജയിക്കുന്ന അതിസുന്ദരനും, ധീരനും, നിത്യ കാമുകനുമായ നായകന്‍ എന്ന പ്രതിച്ഛായ എം.ജി.യാറിന് ചാര്‍ത്തിക്കൊടുത്തത് കരുണാനിധിയുടെ കഥാപാത്രങ്ങളാണ്.

കോണ്‍ഗ്രസ്സിനെ തകര്‍ത്ത് 1967ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ സി.എന്‍ അണ്ണാദുരെയുടെ ശിഷ്യന്‍മാരായിരുന്നു. കരുണാനിധിയും, എം.ജിയാറും തന്റെ രണ്ട് കണ്ണുകള്‍ എന്നാണ് ഇരുവരേയും അണ്ണാ വിശേഷിപ്പിച്ചിരുന്നത്. ഇവരെ ഉപയോഗിച്ച് പാര്‍ടിക്ക് ആളെ കൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നത്തെ പോലും അന്നും തമിഴ് മക്കള്‍ ചലചിത്ര താരങ്ങളെ, ദൈവങ്ങളേപ്പോലെ ആരാധിക്കുന്ന കാലമായിരുന്നു.

പാര്‍ട്ടിയോഗങ്ങളില്‍ ആളു കൂടണമെങ്കില്‍ എം.ജി യാര്‍ വേണമെന്ന അവസ്ഥ സംജാതമായതോടെ കരുണാനിധി തന്റെ എതിരാളിയായി എം.ജിയാറിനെ കാണാന്‍ തുടങ്ങി. ഒടുവിലത് പാര്‍ട്ടിയില്‍ നിന്ന് എം.ജിയാറിനെ പുറത്താക്കലില്‍ അവസാനിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ദോഷകരവും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതുമായ സമീപകാല പ്രവര്‍ത്തനങ്ങള്‍ കാരണം എംജിആറിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപനം വന്നു.

1972 ഒക്ടോബറില്‍ എംജിആര്‍ ‘ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്ന പാര്‍ട്ടി സ്ഥാപിച്ചു. കല്യാണസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) എം.ജി.ആറിനെ ശക്തമായി പിന്തുണച്ചു.

1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിന് ശേഷം 1976 ജനുവരി 31 ന് കേന്ദ്രം ആര്‍ട്ടിക്കിള്‍ 356 ഭരണഘടനയെ അടിസ്ഥാനമാക്കി കരുണാനിധി സര്‍ക്കാരിനെ പുറത്താക്കി തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അന്ന് ക്രമസമാധാന തകര്‍ച്ചയാണ് തമിഴ് നാട്ടിലെന്ന് ഗവര്‍ണര്‍ കെ. കെ ഷാ കേന്ദ്രത്തിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടുകളാണ് ഈ നടപടിക്ക് കാരണം. വിചിത്രമായ ഒരു കാര്യം, കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പുറത്താക്കുന്നതിന്റെ തലേനാള്‍ കൂടി ഗവര്‍ണര്‍ ഷാ കരുണാനിധി ഭരിക്കുന്ന തമിഴ്‌നാട് ‘രാമരാജ്യം’ തന്നെയെന്ന് പ്രശംസിച്ചിരുന്നു.

കരുണാനിധിക്കെതിരെയും ചില മന്ത്രിസഭാംഗങ്ങള്‍ക്കെതിരെയും ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദം ആര്‍.എസ്. സര്‍ക്കാരിയയെ ഏകാംഗ കമ്മീഷനായി നിയമിച്ചു. അതിനെതിരെ ഡി.എം.കെ പ്രക്ഷോഭമാരംഭിച്ചപ്പോള്‍ നേതാക്കളായ മുരശൊലി മാരന്‍ , കരുണാ നിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ , മദ്രാസിലെ മുന്‍ മേയറായ ചിട്ടി ബാബു എന്നിവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ഒപ്പം ആയിരക്കണക്കിന് ഡി. എം. കെ പ്രവര്‍ത്തകരും ജയിലിലായി. പോലീസിന്റെ മര്‍ദനമേറ്റ് രോഗിയായ ചിട്ടി ബാബു മരണമടഞ്ഞു.

പ്രസ്സ് സെന്‍സര്‍ഷിപ്പിനെതിരെ കരുണാനിധി ഡി.എം.കെ മുഖപത്രമായ മുരശൊലിയിലൂടെ ആഞ്ഞടിച്ചു. പ്രസ് സെന്‍സര്‍മാരെ പരിഹസിച്ചു കൊണ്ട് മുരശൊലിയില്‍ ഒരു ലേഖനം പ്രതൃക്ഷപ്പെട്ടു, തലവാചകം ഇങ്ങനെയായിരുന്നു. ‘വെണ്ടക്ക ആരോഗ്യത്തിന് നല്ലതാണ്’ – റഷ്യയില്‍ പോയി ഇതേക്കുറിച്ച് ഗവേഷണം നടത്തി തിരികെ വന്ന ആദി ലക്ഷ്മി കണ്ടെത്തിയതാണിത് ‘

സെന്‍സര്‍മാരുടെ പക്ഷപാതപരമായ നിലപാടിനെതിരെ കരുണാനിധി ഒരു ലഘു രേഖ എഴുതി അച്ചടിച്ചു. മദ്രാസിലെ അണ്ണാ സാലിയിലെ അണ്ണാ പ്രതിമയ്ക്കരികില്‍ ചെന്ന് നിന്ന് ഡി.എം.കെയുടെ കൊടിയും കയ്യിലേന്തി തന്റെ ലഘുരേഖ വിതരണം ചെയ്തു. തന്റെ നിലപാട് വ്യക്തമാക്കി ജനങ്ങളോട് സംവദിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഒരിക്കലും പാഴാക്കിയിരുന്നില്ല. പ്രായമാകുന്നതനുസരിച്ച് അദ്ദേഹം മാറുന്ന സാങ്കേതികവിദ്യയോടൊപ്പം സഞ്ചരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രസംഗിക്കുമ്പോള്‍ പോലീസ് അദ്ദേഹത്തിന്റെ മൈക്ക് പിടിച്ചെടുത്തു. ഉടനെ കയ്യില്‍ പിടിച്ച് സംസാരിക്കാവുന്ന മെഗാഫോണ്‍ ഉപയോഗിച്ച് അവിടെ കൂടിയ 2000 പേരോട് സംസാരിച്ചു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:
‘മൈക്കില്ലാത്ത കാലത്ത് ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങി. മൈക്ക് ഉള്ള കാലത്ത് മൈക്ക് കിട്ടാതെ പ്രസംഗിക്കാന്‍ നിര്‍ബന്ധിതനായി. എന്റെ പ്രസംഗം പ്രസ്ഥാനത്തെ വളര്‍ത്താന്‍ വേണ്ടിയാണ്. എന്റെ പ്രസംഗവും ജീവിതവുമെല്ലാം പാര്‍ട്ടിക്കും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും സംസാരിക്കാന്‍ കഴിയുന്നത്. ജനങ്ങളോടൊപ്പം കഴിയാന്‍ പറ്റുന്നത്. അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്നത്.’ കലൈഞ്ജര്‍ പ്രസംഗിക്കുമ്പോള്‍ ഫിദല്‍ കാസ്‌ട്രോവിന്റെ ശൈലിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരുന്നു.

ജനങ്ങളുമായി ബന്ധപ്പെടാനുള്ള കരുണാനിധിയുടെ അഭിനിവേശം ജീവിത കാലത്തുടനീളം പുലര്‍ത്തി. ജനങ്ങളെ അളക്കുന്നതിനും അവരിലേക്ക് കൃത്യമായ രീതിയില്‍ എത്തിച്ചേരുന്നതിനും സാങ്കേതിക വിദ്യ ഒരു അത്ഭുതകരമായ വഴിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് 84-ാം വയസ്സിലും അദ്ദേഹം സ്വന്തം ഫെയ്സ്ബുക്ക് തുടങ്ങിയത്. ഫേസ്ബുക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഒരു സഹായി അദ്ദേഹത്തിന്റെ പേജ് കാണിച്ച് വിശദീകരിച്ചപ്പോള്‍, പോസ്റ്റിലെ അഭിപ്രായങ്ങള്‍ കാണിച്ച് തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

നല്ല അഭിപ്രായങ്ങള്‍ മാത്രം ധാരാളം കണ്ട കരുണാനിധി ചോദിച്ചു.
‘ഇതെങ്ങനെ സംഭവിച്ചു’?
‘ഞങ്ങള്‍ പോസ്റ്റുകളിലെ അഭിപ്രായങ്ങള്‍ നിയന്ത്രിക്കാറുണ്ട് ‘
ഫേസ്ബുക്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.,
കരുണാനിധി അമ്പരന്നു. ‘അതിനര്‍ത്ഥം?’ അദ്ദേഹം ചോദിച്ചു.
‘മോശം അഭിപ്രായങ്ങള്‍ ഞങ്ങള്‍ മാറ്റും’ അയാള്‍ പറഞ്ഞു.
‘എന്തുകൊണ്ട് ?’
‘കാരണം അവ മോശം ഭാഷയിലെഴുതിയ കമ്മന്റാണ്’ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
”അത് പാടില്ല, നിങ്ങളത് ചെയ്യരുത്” കരുണാ നിധി പറഞ്ഞു.

പക്ഷേ, അയ്യാ, ചില അഭിപ്രായങ്ങള്‍ വ്യക്തിപരമായുള്ള അധിക്ഷേപങ്ങളാണ്. അയാള്‍ പറഞ്ഞു. ഒ.കെ. ആളുകള്‍ എന്നെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചേക്കാം. പക്ഷേ അവര്‍ അത് ചെയ്താല്‍ അവര്‍ ഏത് തരക്കാരെന്ന് മറ്റുള്ളവര്‍ക്ക് മനസിലാവുമല്ലോ. അതോടെ ആ സംഭാഷണം അവിടെ അവസാനിച്ചു. ജനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ കലൈഞ്ജറുടെ സമീപനം ഇത്തരത്തില്‍ ലളിതവും സമര്‍ത്ഥവുമായിരുന്നു.

1977 ജൂണില്‍ സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു. എഐഎഡിഎംകെ, ഡിഎംകെയെ പരാജയപ്പെടുത്തി, എംജിആര്‍ മുഖ്യമന്ത്രിയായി. എങ്കിലും അണ്ണാനഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി പ്രതിപക്ഷ നേതാവായി.

എം.ജി.ആര്‍ തിരിച്ചടിച്ചതോടൈ തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു പോരാട്ടം ആരംഭിച്ചു. അക്കാലത്തെ തമിഴ് പടങ്ങളിലത് പോലെ സ്റ്റണ്ടും, തമാശയും നിറഞ്ഞതാായിരുന്നു എം.ജി.യാറും കലൈഞ്ജറും തമ്മിലുള്ളള പോരാട്ടം. സിനിമാലോകത്ത് എം.ജിയാറിനെ നേരിടാന്‍ തന്റെ മകന്‍ മുത്തുവിനെ എം.ജി.യാറിന്റെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ച് ഒരു സിനിമ പുറത്തിറക്കി. ഏഴകളുടെ കണ്ണീരൊപ്പാന്‍ ഒറിജിനല്‍ പുരൈച്ചിത്തലൈവന്‍ ഉള്ളപ്പോള്‍ എന്ത് പകരക്കാരന്‍ ? തമിഴ് മക്കള്‍ മുത്തുവിനെ അംഗീകരിച്ചില്ല.

1973 ജൂണില്‍ മനുഷ്യന്‍ വലിക്കുന്ന റിക്ഷ തമിഴ്‌നാട്ടില്‍ നിരോധിച്ച്, സൈക്കിള്‍ റിക്ഷകള്‍ നല്‍കിക്കൊണ്ട് കരുണാനിധി പുതിയൊരു കാല്‍വെയ്പ്പ് നടത്തി. ലക്ഷക്കണക്കിന് വരുന്ന റിക്ഷാ തൊഴിലാളികളെ പാട്ടിലാക്കാനായിരുന്നു ഇത്. തന്റെ സുന്ദരമായ ചിത്രമുള്ള ബനിയനുകള്‍ റിക്ഷാക്കാര്‍ക്ക് നല്‍കി എം.ജിയാര്‍ ഉടനെ തിരിച്ചടിച്ചു! അങ്ങനെ കരുണാനിധി നല്‍കിയ സൈക്കിള്‍ റിക്ഷയില്‍ എം.ജി.യാറിന്റെ പടമുള്ള ബനിയനും ധരിച്ച് റിക്ഷക്കാര്‍ മദ്രാസ് നഗരത്തില്‍ വിലസി.

അക്കാലത്ത് മലയാളിയായ സൂപ്പര്‍ സംവിധായകന്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘റിക്ഷാക്കാരന്‍’ എന്ന പടത്തിലെ അഭിനയത്തിന് എം.ജി.ആറിന് ഭരത് അവാര്‍ഡ് ലഭിച്ചു. തന്റെ ശുപാര്‍ശ കൊണ്ടാണ് ഭരത് അവാര്‍ഡ് കിട്ടിയത് എന്ന് കരുണാനിധി പ്രഖ്യാപിച്ചതോടെ എം.ജിയാര്‍ ബഹുമതി നിരസിച്ചു! അതോടെ ‘വാദ്ധ്യാര്‍’ തമിഴ് മക്കളുടെ സഹതാപം നേടി. (എം.ജിയാറിനെ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ വിളിച്ചിരുന്ന പേരാണ് വാദ്ധ്യാര്‍!)
എം.ജി.യാറിന്റെ പുതിയ ചിത്രമായ ‘ഉലകം ചുറ്റും വാലിബന്‍’ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മദ്രാസ് നഗരസഭ പോസ്റ്റര്‍ ഒട്ടിക്കുന്നതിനുള്ള നികുതി 25 പൈസയില്‍ നിന്ന് ഒരു രൂപയായി ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച എം.ജി.യാര്‍ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാതെ പടം റിലീസ് ചെയ്തു.! പടം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ നല്‍കരുത് എന്ന് കരുണാനിധി രഹസ്യമായി ഉടമകളെ വിളിച്ചു പറഞ്ഞു. പക്ഷേ, അതേറ്റില്ല, നടികര്‍തിലകം ശിവാജി ഗണേശന്‍ തന്റെ തിയേറ്ററില്‍ ഈ പടം കളിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

എം. ജിയാറും വെറുതെയിരുന്നില്ല. മദ്രാസിലെ തിരക്കേറിയ ജെമിനി സര്‍ക്കിളില്‍ 40 അടി ഉയരത്തില്‍ ഈ പടത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചു .! (ഏറ്റവും നല്ല തമാശ, തിയേറ്ററുകളില്‍ ഈ പടത്തിന്റെ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെ ഡി.എം.കെയുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് വന്ന് അടിച്ചോടിക്കുമായിരുന്നു എന്നതാണ്)

അക്കാലത്ത് താഷ്‌ക്കന്റ് ഫിലിം മേളയില്‍ പങ്കെടുക്കാന്‍ എം.ജിയാറിന് ക്ഷണം ലഭിച്ചു. അദ്ദേഹം ലത എന്ന തന്റെ പുതിയ നായികയുമായാണ് താഷ്‌ക്കെന്റിലേക്ക് പോയത്. അതിനെ വിമര്‍ശിച്ച് കൊണ്ട് കരുണാനിധിയുടെ പക്ഷക്കാര്‍ മദ്രാസിലെ ചുമരുകളിലെല്ലാം പോസ്റ്റര്‍ പതിച്ചു, ‘എം.ജി.ആര്‍ എന്തിന് ലതയെ റഷ്യയില്‍ കൊണ്ടുപോയി?’ ഇതായിരുന്നു പോസ്റ്ററിലെ വാചകം. തമിഴ്‌നാട്ടിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ത്താല്‍ അല്‍ഭുതമില്ല!

ഇങ്ങനെ കരുണാനിധി എം.ജിയാറിനെ തോല്‍പ്പിക്കാന്‍ ചതുരുപായങ്ങളും പയറ്റിക്കൊണ്ടിരുന്നു. മലയാളികള്‍ക്കെതിരെ തമിഴ് വികാരമിളക്കിവിടാനും കരുണാനിധി മറന്നില്ല. മലയാളിയായ എം.ജിയാര്‍ തമിഴ്‌നാട് ഭരിക്കാന്‍ അര്‍ഹനല്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത് എം.ജിയാറിന്റെ മരണത്തിന്, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. 1987 ഡിസംബറില്‍, കരുണാനിധി ഈ പ്രസ്താവന ഒരിക്കല്‍ കൂടി ഉയര്‍ത്തിയിരുന്നുവെങ്കിലും 13 കൊല്ലം, തന്റെ മരണം വരെ (1987 ഡിസംബര്‍ 24) കരുണാനിധിയെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്താന്‍ എം.ജിയാറിന് കഴിഞ്ഞു.

1988 സെപ്റ്റംബറില്‍ ഏഴ് പാര്‍ട്ടികളുടെ ദേശീയ മുന്നണി രൂപീകരിക്കുന്നതില്‍ കരുണാനിധി പ്രധാന പങ്ക് വഹിച്ചു. വി.പി. സിംഗ് കണ്‍വീനറായി, രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്(ഐ)യെ നേരിടാന്‍. ദേശീയ മുന്നണിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്തംബര്‍ 17 ന് ചെന്നൈയില്‍ ഡിഎംകെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു വലിയ റാലിയും പൊതുയോഗവും അദ്ദേഹം സംഘടിപ്പിച്ചു. മദ്രാസ് കണ്ട ഏറ്റവും വലിയ റാലിയായ് അത് മാറി.
റാലിയെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രിമാരായ എന്‍.ടി. രാമറാവു, എസ്.ആര്‍. ബൊമ്മൈ, പി.കെ. മഹന്ത, ദേവി ലാല്‍ എന്നിവര്‍ക്ക് പുറമെ വി.പി. സിംഗ്, കരുണാനിധി, അജിത് സിംഗ്, എസ്.എസ്.ബര്‍ണാല, ബിജു പട്‌നായിക്, കെ.പി. ഉണ്ണികൃഷ്ണന്‍ വിവിധ വ്യക്തിത്വമുള്ള വടക്കേന്ത്യ നേതൃത്വത്തേയും തെന്നിന്ത്യയിലെ നേതാക്കളേയും തന്റെ നാട്ടില്‍ കൊണ്ടുവന്ന് ഒരേ വേദിയില്‍ ഒരുമിപ്പിക്കാന്‍ കഴിവുള്ള ഇന്ത്യയിലെ ഒരേയൊരു നേതാവ് കലൈഞ്ജറായിരുന്നു.

എം.ജി.ആര്‍ ന്റെ കാലശേഷം കരുണാനിധി നേരിട്ട ശക്തയായ എതിരാളിയായിരുന്നു ജയലളിത. 2001 മെയ് ല്‍ എഐഎഡിഎംകെ, ടിഎംസി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, പാട്ടാളി മക്കള്‍ കച്ചി (പിഎംകെ) എന്നിവയുടെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തി. ജയലളിത മുഖ്യമന്ത്രിയായി. ചെപ്പോക്കില്‍ നിന്ന് കരുണാനിധിയെ രണ്ടാം തവണയും പ്രതിനിധിയായി തിരഞ്ഞെടുത്തു.

ജയലളിത അധികാരമേറ്റയുടന്‍ ചെന്നെയില്‍ 10 ഫ്‌ലൈഓവറുകളുടെ നിര്‍മ്മാണത്തില്‍ 12 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് കരുണാനിധിക്കും മകന്‍ സ്റ്റാലിനടക്കം മറ്റ് 12 പേര്‍ക്കുമെതിരെ 2001-ല്‍ കേസ് ഫയല്‍ ചെയ്തു. 2001 ജൂണ്‍ 30 ന് ജയലളിതയുടെ കല്‍പ്പനപ്രകാരം തമിഴ്നാട് പോലീസ് ഒലിവര്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചുകയറി, 71-കാരനായ കരുണാനിധിയെ പുലര്‍ച്ചെ 2 മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, ചെന്നൈ ഫ്‌ലൈ ഓവര്‍ അഴിമതിക്കേസില്‍ അറസ്റ്റിന് തുനിഞ്ഞു.

തന്റെ കിടപ്പുമുറിയിലേക്ക് പോലീസ് അതിക്രമിച്ച് കയറിയപ്പോള്‍ അറസ്റ്റ് ഭയന്ന് നിലവിളിക്കുന്ന നേതാവിന്റെ ദയനീയ ചിത്രം ലോകം മുഴുവന്‍ അന്ന് കണ്ടു.
2001 ജൂണ്‍ 30 ന് പുലര്‍ച്ചെ അദ്ദേഹത്തിന് സംഭവിച്ചത് താന്‍ എഴുതിയ നിരവധി തിരക്കഥകളെ വെല്ലുന്നതായിരുന്നു. ഒരിക്കലും കരുണാനിധി സങ്കല്‍പ്പിക്കാത്ത ഒരു സിനിമാരംഗം പോലെ അത് ഒരു പേക്കിനാവായി അദ്ദേഹത്തെ ചുറ്റി വരിഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിയോടെ ചെന്നൈയിലെ വസതിയില്‍ നിന്ന് കരുണാനിധിയെ കിടക്കയില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. 78 വയസ്സുള്ള ഡിഎംകെ നേതാവിന് വസ്ത്രം മാറാന്‍ പോലും സമയം നല്‍കിയില്ല. വീട്ടിലെ ടെലിഫോണ്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു, അമ്മയുടെ ആജ്ഞകള്‍ നടപ്പിലാക്കാന്‍ അവിടെയുണ്ടായിരുന്ന കര്‍ക്കശക്കാരും പോലീസുകാരെക്കൊണ്ട് വീട് നിറഞ്ഞു – മുഖ്യമന്ത്രിയായിരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ മുന്നില്‍ ആദരവോടെ നിന്നിരുന്ന അതേ പോലീസുകാര്‍. കരുണാനിധി തന്റെ മൊബൈല്‍ ഫോണില്‍ മുരസൊലി മാരനെ വിളിച്ചു. കേന്ദ്രമന്ത്രി കൂടിയായ മാരന്‍ അന്ന് ചെന്നൈയിലുണ്ടായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം സ്ഥലത്തെത്തി. പിറകെ സണ്‍ ടിവി സംഘവും എത്തി.

‘അയ്യോ കൊല പണ്ണാതെ’ എന്ന് നിലവിളിക്കുന്ന, ഭയന്ന, ദുര്‍ബലനായ ഒരു വൃദ്ധനെ പത്ത് പോലീസുകാര്‍ പടികളിലൂടെ താഴേക്ക് വലിച്ചിഴയ്ക്കുന്നത്, ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ വാനിലേക്ക് കയറ്റിയ ശേഷം, ആടിയുലയുന്ന ഒരു കാലില്‍ നിന്ന് അയാളുടെ റബ്ബര്‍ ചെരുപ്പ് വീഴുന്നത്, മനുഷ്യാവകാശ ലംഘനത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും മാരകമായ തെളിവുകള്‍ ക്യാമറകള്‍ പകര്‍ത്തി. സംസ്ഥാനമെമ്പാടുമുള്ള ടിവി പ്രേക്ഷകര്‍ അവിശ്വസനീയതയോടെ അത് കണ്ടു. അറസ്റ്റ് വാറണ്ട് ഹാജരാക്കാന്‍ മാരന്‍ പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ പരുഷമായ മറുപടിയായിരുന്നു സ്ഥലത്തെത്തിയ ഡിഎംകെയിലെ മറ്റൊരു കേന്ദ്രമന്ത്രിയായ ടി.ആര്‍. ബാലുവിനോടും പോലീസ് സമാനമായ പെരുമാറ്റമാണ് നടത്തിയത്. ഇത് ഒരു ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു, സണ്‍ ടിവി ഈ പരിപാടി തമിഴ് നാടുമുഴുവന്‍ ഇടവേളയില്ലാതെ അതെല്ലാം സംപ്രേഷണം ചെയ്തു.

1991 ല്‍ ജയലളിതയെ ഡിസംബറില്‍ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തിലധികം ജയിലിലടക്കുകയും വിചാരണ ചെയ്യാന്‍ കരുണാനിധി മൂന്ന് പ്രത്യേക കോടതികള്‍ സജ്ജീകരിക്കുകയും ചെയ്തതിന്റെ തിരിച്ചടിയായിരുന്നു, പ്രതികാരമായിരുന്നു പുരട്ചി തലൈവിയുടെ ഈ രാത്രി വേട്ട. കരുണാനിധിയുടെ ബദ്ധശത്രുവായ മദ്രാസ് പോലീസ് കമ്മീഷണര്‍ മുത്തു കറുപ്പനെ തന്നെ നേതൃത്വം നല്‍കി ജയലളിത പോലീസ് സംഘത്തെ അയച്ചത്.

ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കരുണാനിധി തന്നെ ജയലളിത വെല്ലൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് ഭയന്നു. എങ്കിലും പിന്നീട് ജാമ്യം കിട്ടി മോചിതനായി. ഈ സംഭവം കലൈഞ്ജറെ ഒരു പേക്കിനാവായി എന്നും വേട്ടയാടിയിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലയളവില്‍ ഡിഎംകെ ജയലളിതയേ വലിയ രീതിയില്‍ ശല്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നതിന് കാരണമിതായിരുന്നു.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ അഴിമതിയുടെ പിതാവ് എന്നായിരുന്നു എതിരാളികള്‍ വിളിച്ചത്. ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി കരുണാനിധി തന്റെ കുടുംബത്തെ മാറ്റിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അഴിമതിയാരോപണം നേരിട്ട അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു കരുണാനിധി’

ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിലെ ആദ്യ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ഇരട്ടതാപ്പ് തമിഴ് നാട് കണ്ടു. എം. ജി. ആര്‍ LTTE യേയും വേലുപ്പിള്ള പ്രഭാകരനേയും പിന്‍തുണച്ചത് കൊണ്ട് മാത്രം കരുണാനിധി LTTE യുടെ എതിരാളികളായ ശീലങ്കന്‍ വിമോചന സംഘടനയായ TELO വിനേയും അതിന്റെ നേതാവ് സീരി സഭാരത്‌നത്തേയും തുണച്ചു.

എം.ജി. യാറിന്റെ മരണശേഷം അധികരത്തിലെത്തിയപ്പോള്‍ അദ്ദേഹം LTTE യെ മറയില്ലാതെ പിന്‍തുണച്ചു. 1987 ല്‍ ജാഫ്‌നയില്‍ വെച്ച് താന്‍ മുന്‍പ് പിന്‍തുണച്ച TELO എന്ന സംഘടനയുടെ തലവന്‍ സഭാരത്‌നത്തെയും മറ്റ് അംഗങ്ങളേയും LTTE നിഷ്ഠൂരമായി കൊലപ്പെടുത്തി TELO സംഘടനയെ LTTE വേരോടെ പിഴുതെറിഞ്ഞിരുന്നു. തന്റെ പഴയ സഖാക്കളെ മുച്ചൂടും നശിപ്പിച്ച LTTEയുമായി പിന്നീട് കൈകോര്‍ക്കാന്‍ കരുണാനിധിക്ക് യാതൊരു മടിയും ഉണ്ടായില്ല.
1990 ല്‍ IPKF ശീലങ്കയില്‍ നിന്ന് ഇന്ത്യയില്‍ തിരികെ എത്തിയപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാതെ ചടങ്ങ് ബഹിഷ്‌കരിച്ച മുഖ്യമന്ത്രി കരുണാനിധിയുടെ നടപടി വ്യാപക വിമര്‍ശനം വിളിച്ചു വരുത്തി. പിന്നീട് LTTE പോലൊരു തീവ്രവാദി സംഘടനക്ക് തമിഴ്‌നാടില്‍ പടര്‍ന്ന് പന്തലിക്കാന്‍ കരുണാനിധി ഭരണകൂടം മൗനാനുവാദം നല്‍കിയത് ഒടുവില്‍ രാജീവ് ഗാന്ധിയുടെ നിഷ്ഠൂരവധത്തില്‍ അവസാനിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തിലെ കരുണാനിധിയെന്ന ഉദയ സൂര്യന്‍, 2008 ഓഗസ്റ്റ് 7 ന് അസ്തമിച്ചപ്പോള്‍ എട്ട് പതിറ്റാണ്ട് നിറഞ്ഞുനിന്ന, തമിഴ്‌നാടിന്റെ രാഷ്ട്രീയസാംസ്‌കാരിക ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു അദ്ധ്യായമാണ് അവസാനിച്ചത്.

തമിഴ് സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അദ്ദേഹത്തിന് കലൈഞ്ജര്‍ (കലാകാരന്‍), മുത്തമിഴ് അരിഗ്‌നാര്‍ (തമിഴ് പണ്ഡിതന്‍) എന്നീ പേരുകള്‍ നേടിക്കൊടുത്തു. മുഖ്യമന്ത്രിയായി, 6,863 ദിവസം അദ്ദേഹം തമിഴ്‌നാട് ഭരിച്ചു. തമിഴ്‌നാട് രാഷ്ട്രിയത്തെ ദേശീയ രാഷ്ട്രീധാരയിലേക്ക് കൊണ്ടുവന്ന തെന്നിന്ത്യയിലെ ആദ്യത്തെ രാഷ്ടീയ നേതാവായാണ് ചരിത്രം കരുണാനിധിയെ വിലയിരുത്തുക.

ഉത്തരേന്ത്യന്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു അധികാരമുപയോഗിച്ച്, വിലപേശി തമിഴര്‍ക്ക് കേന്ദ്രത്തില്‍ നിന്ന്, ആവശ്യമായതെല്ലാം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തമിഴ്‌നാട് ശക്തിയാര്‍ജിച്ചതും കലൈഞ്ജറുടെ ഭരണത്തിലൂടെ തന്നെ.

കരുണാനിധി യൗവനത്തിൽ

കഴിഞ്ഞ 60 വര്‍ഷത്തെ തമിഴകത്തെ എല്ലാ കലാ സാംസ്‌കാരിക രാഷ്ട്രിയ സാമൂഹിക രംഗത്തും ഈ മനുഷ്യന്റെ സാന്നിധ്യമുണ്ടായിരുന്നു. ഈ കാലമെത്രയും അദ്ദേഹമറിയാതെ ഒരു ചലനവും തമിഴ്‌നാടില്ലായിരുന്നു. ഒറിജിനല്‍ ദ്രാവിഡന്‍! അതായിരുന്നു കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി. Muthuvel Karunanidhi; The Dravidian who always stood tall

Content Summary: Muthuvel Karunanidhi; The Dravidian who always stood tall

This post was last modified on August 7, 2025 6:07 pm

അമർനാഥ്‌:
Related Post
Leave a Comment