ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലത്തെ സജീവമായ മാധ്യമപ്രവര്‍ത്തനത്തിനു ശേഷം എം.വി നികേഷ്‌കുമാര്‍ ആ ദൗത്യം നിര്‍ത്തി ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍, അതല്ലെങ്കില്‍ നികേഷിന്റെ മനസ്സിലിരിപ്പനുസരിച്ച് ഇതൊരു ഇടവേളയല്ല, ഫുള്‍സ്റ്റോപ്പാണ്. ദീര്‍ഘകാലമായി അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്ന സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്കുള്ള കൂടുമാറ്റം.
ഏഷ്യാനെറ്റ് വിട്ടപ്പോഴും ഇന്ത്യവിഷന്‍ വിട്ടപ്പോഴുമെല്ലാം ഇനി അടുത്തൊരു ചാനലില്‍ താനുണ്ടാകുമെന്ന് നികേഷിനും നികേഷിനെ ശ്രദ്ധിക്കുന്ന നമുക്കെല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്നു. ഇത്തവണ നികേഷ് തന്നെ പറയുന്നു താന്‍ പൂര്‍ണമായും മറ്റൊരു മേച്ചില്‍പുറം തേടി പോകുകയാണെന്ന്. കുറേക്കാലമായി രാഷ്ട്രീയമാണ് നികേഷിനെ മാടിവിളിച്ചുകൊണ്ടിരുന്നതെന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം. അങ്ങനെ മാധ്യമപ്പടിയിറങ്ങി രാഷ്ട്രീയപ്പടി കയറാനൊരുങ്ങുന്ന പ്രിയ മിത്രത്തിനോട് പറയാനുള്ള വാക്കുകളാണ് ഇവിടെ ഈ ലേഖനത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്, ‘നികേഷ്‌കുമാര്‍ എം.വി.ആറിനെ കണ്ടു പഠിക്കണം, പഠിക്കരുത്’ എന്ന്. കണ്ടു പഠിക്കണമെന്നും കണ്ടു പഠിക്കരുതെന്നും മുന്നിലും പിന്നിലുമായി പറയാന്‍ മതിയായ കാരണമുണ്ട്. എന്തുകൊണ്ട് നികേഷ് എം.വി.ആര്‍ രൂപീകരിച്ച സി.എം.പിയിലേയ്ക്കു പോകുന്നില്ല എന്നതിലും എന്തുകൊണ്ട് എം.വി.ആര്‍ ഒരു കാലത്ത് തള്ളിപ്പറയുകയും കടുത്ത രീതിയില്‍ വിമര്‍ശിക്കുകയും ചെയ്ത സിപിഐഎമ്മിനെ രാഷ്ട്രീയ മേച്ചില്‍ പുറമാക്കുന്നു എന്നതിലും ആ ചോദ്യത്തിന് ഉത്തരമുണ്ട്. രണ്ടു തീരുമാനത്തിലും എം.വി.ആറിനെ കണ്ടുപഠിക്കേണ്ടതും അനുകരിക്കാന്‍ പാടില്ലാത്തതുമായ പാഠമുണ്ട്.
നികേഷ് കുമാറിനാണ് എം.വി.ആറിന്റെ മക്കളില്‍ പിതാവിന്റെ ഊര്‍ജ്ജം പൂര്‍ണമായും കിട്ടിയതെന്ന് തോന്നിയിട്ടുണ്ട്. ഊര്‍ജമെന്നതിനെ വരുംവരായ്ക നോക്കാത്ത എടുത്തുചാട്ടം എന്നും വിശേഷിപ്പിക്കാം. വെട്ടൊന്ന് കണ്ടം രണ്ട് എന്ന ശൈലി. ലാഭനഷ്ടം നോക്കാതെ സ്വന്തം തീരുമാനത്തില്‍ അടിയുറച്ചു മുന്നോട്ടു പോകുന്ന ശൈലി. അതില്‍ അഭിമാനം കൊള്ളുന്ന മനസ്സ്. എം.വി രാഘവന്‍ അത് രാഷ്ട്രീയത്തില്‍ പയറ്റി. നികേഷ് കുമാര്‍ മാധ്യമരംഗത്തും.
സി.പി.എമ്മില്‍ ജനറല്‍ സെക്രട്ടറി മുതല്‍ പി.ബി മെമ്പര്‍മാരുള്‍പ്പെടെ പ്രായവും അനുഭവ സമ്പത്തുമുള്ള നേതാക്കള്‍ ധാരാളം കേരളത്തില്‍ ഉണ്ടായിരുന്ന കാലത്തും തലയെടുപ്പുള്ള ഗജവീരനെപ്പോലെയായിരുന്നല്ലോ എം.വി രാഘവന്‍. ഇ.എം.എസ് ഉള്‍പ്പെടെ ആരുടെ മുന്നിലും നട്ടെല്ലു നിവര്‍ത്തി സ്വന്തം നിലപാടു പറയാനും വിമര്‍ശിക്കാനും വിയോജിക്കാനും എം.വി.ആറിന് മടിയുണ്ടായിരുന്നില്ല, ഭയം തീരെയുണ്ടായിരുന്നില്ല.
മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്നും മതേതര പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക പാര്‍ട്ടിയാണെന്നും അടുത്തകാലത്താണല്ലോ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാഷ് പറഞ്ഞത്. അക്കാര്യം വളരെ മുന്നേ പറയുക മാത്രമല്ല, അതിനായി മുന്നിട്ടിറങ്ങുകയും ചെയ്ത നേതാവാണ് എം.വി.ആര്‍. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മുസ്ലിം ലീഗിനെ ഒപ്പം കൂട്ടണമെന്ന ആശയം പാര്‍ട്ടിയില്‍ അവതരിപ്പിച്ചതിനെയാണല്ലോ ബദല്‍രേഖ എന്നു പറയുന്നത്.
അന്ന് ബദല്‍രേഖ തയ്യാറാക്കുന്നതില്‍ എം.വി.ആറിന് ഒപ്പവും പിന്നിലും പല നേതാക്കളുമുണ്ടായിരുന്നു, ഉന്നതന്മാര്‍ ഉള്‍പ്പെടെ. പക്ഷേ, പാര്‍ട്ടിയില്‍ അതിന് അംഗീകാരം കിട്ടില്ലെന്ന സൂചന ലഭിച്ചപ്പോള്‍ മിക്കവരും പിന്‍വലിഞ്ഞു. അവിടെയാണ് എം.വി.ആറിന്റെ വേറിട്ട ശൈലി നാം കണ്ടത്. ഒപ്പമുള്ള പ്രഗത്ഭരെല്ലാം മാറിയെന്നറിഞ്ഞിട്ടും അദ്ദേഹം പിന്‍വാങ്ങിയില്ല. അതു പിന്നീട് എം.വി.ആര്‍ എന്ന അതിശക്തനായ സി.പി.എം നേതാവിന്റെ പാര്‍ട്ടിക്കു പുറത്താകലിലേയ്ക്കു വഴിവച്ചു. അതൊരു ലാഭനഷ്ടം നോക്കാത്ത എടുത്തുചാട്ടമായിരുന്നു. ഒപ്പമുണ്ടാകുമെന്നു വിശ്വസിച്ച നേതാക്കളെല്ലാം പിന്‍വലിഞ്ഞിട്ടും ഒപ്പം കുറച്ചുപേര്‍ മാത്രമേ ഉള്ളൂവെന്നറിഞ്ഞിട്ടും എം.വി.ആര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി. ആദ്യം ലീഗും പിന്നീട് കോണ്‍ഗ്രസ്സും സഹായത്തിനെത്തി. സി.എം.പി യു.ഡി.എഫിന്റെ ഭാഗമായി. അതിന്റെ നേട്ടം എം.വി.ആറിനേക്കാള്‍ യു.ഡി.എഫിനായിരുന്നു. ഉരുക്കിന്റെ നട്ടെല്ലുള്ള നേതാവിനെയാണ് അവര്‍ക്കു കിട്ടിയത്. എം.വി.ആര്‍ കടുത്ത സി.പി.എം വിമര്‍ശകനായി. സി.പി.എം നേരിട്ട രാഷ്ട്രീയപ്രതിസന്ധികളില്‍ ഒന്ന് അക്കാലത്ത് എം.വി.ആര്‍ ഉന്നയിച്ച വിമര്‍ശനങ്ങളായിരുന്നു.
പക്ഷേ, ജീവിതാന്ത്യത്തില്‍ എം.വി.ആറിന് നഷ്ടബോധമുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. താന്‍ ജീവശ്വാസമായി കരുതിയ സി.പി.ഐ എമ്മിലേയ്ക്കു തിരിച്ചുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന യാഥാര്‍ത്ഥ്യം എടുത്തുചാട്ടത്തിനിടയില്‍ താന്‍ മറന്നുപോയതായി അദ്ദേഹത്തിനു തോന്നിയിരിക്കാം. എം.വി.ആറിനെപ്പോലൊരു നേതാവിനെ മറുപക്ഷത്തിന് ഊര്‍ജ്ജമായി വിട്ടുകൊടുത്തത് വിഡ്ഢിത്തമായെന്ന് സി.പി.എമ്മിനും തോന്നിയിരിക്കണം. അവസാനകാലത്ത് അദ്ദേഹത്തോട് സി.പി.എം നേതാക്കള്‍ കാണിച്ച അനുഭാവ മനോഭാവം അതാണു കാണിക്കുന്നത്.
തന്റെ പിതാവ് രൂപം കൊടുത്ത സി.എം.പി ഇപ്പോഴും സജീവമായി രാഷ്ട്രീയരംഗത്തുണ്ടെങ്കിലും അവര്‍ക്കൊപ്പവും അതു വഴി യു.ഡി.എഫിനൊപ്പവും പോകാതെ നികേഷ് കുമാര്‍ സി.പി.ഐ എമ്മിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത് വെറുതയല്ല. വികാരാവേശത്തിന്റെ പുറത്ത് പാര്‍ട്ടി വിട്ടത് ശരിയായില്ലെന്ന എം.വി.ആറിന്റെ അന്ത്യകാലത്തെ ചിന്ത നേരില്‍ കണ്ടവനാണല്ലോ നികേഷ്‌കുമാര്‍.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പടിയിറങ്ങുമ്പോള്‍ നികേഷ് പറഞ്ഞ വാചകങ്ങള്‍ ഇവിടെ പ്രസക്തമാണ്: ‘എന്റെ ജീവിതത്തില്‍ എപ്പോഴും രാഷ്ട്രീയപ്രവര്‍ത്തനമുണ്ടായിരുന്നു. ഞാന്‍ ജനിച്ചു വീണ വീടുപോലും പാര്‍ട്ടി ഓഫീസ് പോലെയായിരുന്നു. സ്‌കൂള്‍, കോളജ് കാലത്ത് സജീവമായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാമെന്നതിനാലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുത്തത്. രാഷ്ട്രീയം സിരകളില്‍ അലയടിച്ചതിനാലാണ് 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.’
എം.വി.ആര്‍ കാണിച്ച ലാഭനഷ്ടം നോക്കാത്ത എടുത്തുചാട്ടം മാധ്യമരംഗത്തു കാണിച്ചയാളാണ് നികേഷ് കുമാര്‍. ഇക്കാലമത്രയും മലയാള ദൃശ്യമാധ്യമ രംഗത്ത് ഒന്നാംസ്ഥാനത്തുള്ള ഏഷ്യാനെറ്റിന്റെ തുടക്കത്തില്‍ അതിന്റെ എഡിറ്റോറിയല്‍ ടീമില്‍ ഉണ്ടായിരുന്ന, ആ ചാനലിന്റെ അവതാരകരില്‍ ഒന്നാം സ്ഥാനക്കാരനായി പില്‍ക്കാലത്ത് മാറിയ നികേഷ് അവിടം വിട്ട് ഇന്ത്യാവിഷനില്‍ ചേര്‍ന്നപ്പോള്‍, അക്കാണിച്ചത് വിഡ്ഢിത്തം എന്നു പറയാത്തവര്‍ ചുരുക്കം. പക്ഷേ, ആര്‍ക്കും തളര്‍ത്താനാവാത്ത ഉര്‍ജ്ജം നികേഷില്‍ ഉണ്ടായിരുന്നു. തുടക്കം മുതല്‍ സാമ്പത്തികമായി തട്ടിമുട്ടി നീങ്ങിയ ഇന്ത്യാവിഷനെ കയ്യില്‍ കിട്ടിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വെളിപ്പെടുത്തലുള്‍പ്പെട്ട ചൂടന്‍ വാര്‍ത്തകളിലൂടെ ജനഹൃദയത്തില്‍ ഒന്നാമതാക്കി. അവിടെ നിന്നാണ് സ്വന്തം നിലയില്‍ ചാനല്‍ എന്ന സ്വപ്നവുമായി റിപ്പോര്‍ട്ടറിനു തുടക്കം കുറിച്ചത്. ഒരു പക്ഷേ, സാമ്പത്തിക പരാധീനത ഇത്രയേറെ അനുഭവിക്കേണ്ടി വന്ന ചാനല്‍ വേറേ കാണില്ല. ഉടമയെന്ന നിലയില്‍ അതിന്റെ ഭാരം മുഴുവന്‍ തലയില്‍ വയ്്ക്കേണ്ടി വന്നപ്പോഴും മികച്ച അവതാരകനായി, മികച്ച വാര്‍ത്തകളും വിശേഷങ്ങളുമായി നികേഷ് റിപ്പോര്‍ട്ടറിനെ താങ്ങി നിര്‍ത്തി. ഇതിനിടയിലായിരുന്നു അഴീക്കോട് മണ്ഡലത്തിലെ മത്സരവും നേരിയ വോട്ടിനുള്ള തോല്‍വിയും. ആ തോല്‍വി ഇപ്പോഴും കോടതിയുടെ പരിശോധനയിലാണ്.
2016 ല്‍ ജയിച്ചിരുന്നെങ്കില്‍ അന്നു മാധ്യമപ്പടിയിറങ്ങേണ്ടയാളായിരുന്നു നികേഷ്. ഒരുപക്ഷേ, അദ്ദേഹം മന്ത്രിയുമാകേണ്ടതായിരുന്നു. അതിനുള്ള ഭാഗ്യം സിദ്ധിച്ചത് നികേഷിനെപ്പോലെ വിപുലമായ രാഷ്ട്രീയപാരമ്പര്യമില്ലാത്ത അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വീണാ ജോര്‍ജിനാണ്.
തോല്‍വിക്കു ശേഷം പൂര്‍ണസമയ മാധ്യമപ്രവര്‍ത്തനത്തിലേയ്ക്കു നികേഷ് തിരിച്ചു വന്നപ്പോള്‍ പലരും കരുതി ഇനി അദ്ദേഹത്തിന്റെ തട്ടകം മാധ്യമരംഗം മാത്രമാകുമെന്ന്. എന്നാല്‍, നികേഷ് തന്നെ പറഞ്ഞപോലെ സിരകളില്‍ രാഷ്ട്രീയം തിളച്ചു നില്‍ക്കുന്ന രാഘവസന്തതിക്ക് അതിനു കഴിയുമായിരുന്നില്ല.
ലേഖനത്തിലെ തലക്കെട്ടില്‍ പറയാനുദ്ദേശിച്ചത് എന്തെന്ന് നികേഷിന് അറിയാം. മറ്റുള്ളവരുടെ ശ്രദ്ധയിലേയ്ക്ക് അതൊന്നു വിശദമാക്കാം. രാഷ്ട്രീയത്തില്‍ നട്ടെല്ലോടെ പ്രവര്‍ത്തിക്കണമെന്ന നല്ല പാഠം അവതരിപ്പിച്ച നേതാവാണ് എം.വി.ആര്‍. തനിക്കു ശരിയെന്നു തോന്നിയത് തുറഞ്ഞു പറയുന്നയാള്‍. അത് നികേഷിനും മനസ്സില്‍ പതിപ്പിക്കാവുന്ന പാഠമാണ്. അതേസമയം, വ്യക്തി പ്രസ്ഥാനത്തിനു കീഴ്പ്പെട്ടു നില്‍ക്കണമെന്ന കമ്യൂണിസ്റ്റ് പാഠം ഉള്‍ക്കൊള്ളാന്‍ എം.വി. രാഘവന്‍ ചിലപ്പോഴെല്ലാം മറന്നു. ബദല്‍രേഖ കാലത്ത് അദ്ദേഹം പറഞ്ഞത് ശരിയായ നിലപാടായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ സി.പി.ഐഎമ്മില്‍ ബഹുഭൂരിപക്ഷമാണ്. അതു തന്നെയാണല്ലോ മാസങ്ങള്‍ക്കു മുമ്പ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്. പക്ഷേ, അക്കാലത്ത് പാര്‍ട്ടി ഫോറത്തില്‍ എടുത്തു തീരുമാനത്തെ അംഗീകരിക്കാനും പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തിരുത്തല്‍ പ്രവര്‍ത്തനം നടത്താനും എം.വി.ആര്‍ മറന്നു. അന്ന് അദ്ദേഹം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നെങ്കില്‍ പില്‍ക്കാലത്ത് പാര്‍ട്ടി എം.വി.ആറിന്റെ കൈകളില്‍ ഭദ്രമാകുമായിരുന്നു. അന്ത്യകാലത്ത് പാര്‍ട്ടി വിട്ടതിനെക്കുറിച്ച് അദ്ദേഹത്തിന് വേദനിക്കേണ്ടി വരില്ലായിരുന്നു. നികേഷ് അനുകരിക്കാന്‍ പാടില്ലാത്തത് ആ എടുത്തുചാട്ടമാണ്. കമ്യൂണിസ്റ്റിന്റെ ജീവിതപ്പാത എക്കാലത്തും പരവതാനി വിരിച്ചതാവണമെന്നില്ല. mv nikesh kumar end his journalism career and stars active politics like his father m v raghavan
Content Summary; mv nikesh kumar end his journalism career and stars active politics like his father m v raghavan