July 04, 2026 |
Share on

മൈസൂരു ദസറയും ബുക്കര്‍ ജേതാവ് ബാനു മുഷ്താഖും

കര്‍ണാടകയില്‍ പുതിയ വിവാദം

കർണാടക സർക്കാരിന്റെ മൈസൂരു ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ ബുക്കർ സമ്മാനം നേടിയ എഴുത്തുകാരി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. മുസ്ലീം എഴുത്തുകാരിയെ ഹിന്ദു മതപരമായ ചടങ്ങിന് ക്ഷണിച്ചത് ശരിയാണോ എന്ന് ബിജെപി നേതാക്കൾ ചോദ്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. സമൂഹമാധ്യമങ്ങളിൽ വർഗീയ പോസ്റ്റുകൾ പ്രചരിച്ചതിലും പോലീസ് കേസെടുത്തിട്ടുണ്ട്.

മൈസൂരു ദസറയും ബാനു മുഷ്താഖും

കർണാടകയുടെ ‘നാടഹബ്ബ’ അല്ലെങ്കിൽ സംസ്ഥാന ഉത്സവമാണ് മൈസൂരു ദസറ. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിൻ്റെ വിജയം ആഘോഷിക്കുന്ന ഉത്സവമാണിത്. മൈസൂരുവിൻ്റെ അധിപയായ ചാമുണ്ഡേശ്വരി ദേവിയെ ആദരിച്ചുകൊണ്ടാണ് എല്ലാ വർഷവും മൈസൂരു ദസറ ആഘോഷിക്കുന്നത്. മൈസൂരുവിലെ ചാമുണ്ഡി ഹിൽ ക്ഷേത്രത്തിൽ പൂജകളോടെയാണ് ദസറ ആരംഭിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ആരംഭിച്ച ഈ ആഘോഷം പിന്നീട് മൈസൂർ വോഡയാർ രാജകുടുംബം ഏറ്റെടുക്കുകയും ആഘോഷമാക്കുകയും ചെയ്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ മൈസൂരു കൊട്ടാരം അലങ്കാര വിളക്കുകളാൽ പ്രകാശപൂരിതമാകും. അവസാന ദിവസമായ വിജയദശമിക്ക് നടക്കുന്ന ‘ജംബൂ സവാരി’ എന്ന ആന ഘോഷയാത്രയാണ് ഏറ്റവും വലിയ ആകർഷണം.

കന്നഡ എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും, അഭിഭാഷകയുമാണ് 62 വയസ്സുകാരിയായ ബാനു മുഷ്താഖ്. കർഷകരുടെയും കന്നഡ ഭാഷാ പ്രസ്ഥാനങ്ങളുടെയും മുൻ അംഗം കൂടിയാണ് അവർ. ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2025-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചതോടെയാണ് ആഗോളതലത്തിൽ അവർ ശ്രദ്ധിക്കപ്പെടുന്നത്. ദളിത്, മുസ്ലീം വിഭാഗങ്ങളിലെ സ്ത്രീകളുടെ ജീവിതം ആഴത്തിൽ ആവിഷ്കരിക്കുന്ന അവരുടെ രചനകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കന്നഡ സാഹിത്യ അക്കാദമി അവാർഡ്, ദാനാ ചിന്താമണി അത്തിമാബെ അവാർഡ് എന്നിവയും ഇതിൽപ്പെടുന്നു. അവരുടെ കൃതികൾ മലയാളം, ഹിന്ദി, തമിഴ്, ഉറുദു തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങളുടെ തുടക്കം

മൈസൂരു ദസറയുടെ ഉദ്ഘാടനം ഈ വർഷം ബാനു മുഷ്താഖ് നിർവഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പുരോഗമനപരമായ ചിന്താഗതിയുള്ള” വ്യക്തിയാണ് ബാനു മുഷ്താഖ് എന്നും, അവരുടെ സാഹിത്യ-സാമൂഹിക സംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവത്തിന് നേതൃത്വം നൽകാൻ അവർ തികച്ചും അനുയോജ്യയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഹൈന്ദവ ആചാരത്തോടെ ആരംഭിക്കുന്ന ഒരു ഉത്സവത്തിൽ ബാനു മുഷ്താഖിനെ പോലുള്ള ഒരാളെ ഉൾപ്പെടുത്തുന്നതിനെ പല ബിജെപി നേതാക്കളും എതിർത്തിരുന്നു. “മതപരമായ ചടങ്ങിന് നേതൃത്വം നൽകാൻ അവരുടെ വിശ്വാസം എന്താണെന്ന് വ്യക്തമല്ലാത്ത ഒരാൾക്ക് അവസരം നൽകുന്നത് അനുചിതമാണ്,” എന്ന് നിയമസഭാ കൗൺസിൽ അംഗമായ സി.ടി. രവി പറഞ്ഞു.

മൈസൂരു മുൻ എംപി പ്രതാപ് സിംഹ, സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകാൻ മുഷ്താഖിന് സാധിക്കുമെങ്കിലും, ഒരു ഹൈന്ദവ ഉത്സവത്തിന് അവർ നേതൃത്വം നൽകുന്നത് ശരിയല്ലെന്ന് വാദിച്ചു. “അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ തെറ്റില്ല, പക്ഷേ ചാമുണ്ഡേശ്വരി ദേവിക്ക് പൂജകൾ അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ദസറ പോലുള്ള ഒരു ഹൈന്ദവ മതപരമായ പരിപാടിക്ക് നേതൃത്വം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ല. അവർക്ക് ചാമുണ്ഡേശ്വരി ദേവിയിൽ വിശ്വാസമുണ്ടോ? നമ്മുടെ ആചാരങ്ങൾ അവർ പിന്തുടരുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ ഇതേ ചോദ്യം ഉന്നയിച്ചു. മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിന് മുമ്പ് മുഷ്താഖ് തൻ്റെ മതപരമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദപരമായ ഈ പ്രഖ്യാപനം ഓൺലൈനിൽ വർഗീയ പരാമർശങ്ങൾക്കും കാരണമായി.

അതെ സമയം, ക്ഷണം ലഭിച്ചതിൽ താൻ നന്ദിയുള്ളവളാണെന്നും, ഇത് തനിക്ക് മാത്രമല്ല, കന്നഡ സാഹിത്യത്തിനും ലഭിച്ച ഒരു വലിയ ബഹുമതിയായി കാണുന്നുവെന്നുമാണ് മുഷ്താഖ് പ്രതികരിച്ചത്. “സർക്കാർ കാണിച്ച സ്നേഹത്തിലും ബഹുമാനത്തിലും ഞാൻ സന്തോഷിക്കുന്നു. ദസറ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനും പരിപാടിയിൽ പങ്കെടുക്കാനും അവസരം ലഭിച്ചത് സന്തോഷകരമാണ്,” അവർ കൂട്ടിച്ചേർത്തു.

ദസറയുടെ പ്രതീകാത്മകതയെ ചൊല്ലി പലപ്പോഴും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ചില ദളിത്-പുരോഗമന ഗ്രൂപ്പുകൾ മഹിഷാസുരനെ ഒരു രാക്ഷസനായിട്ടല്ല, മറിച്ച് ഒരു പ്രാദേശിക ഭരണാധികാരിയും ബുദ്ധമത പരിഷ്കർത്താവുമായിട്ടാണ് കണക്കാക്കുന്നത്. പിന്നീട്, ചരിത്രങ്ങളിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയതായും രാക്ഷസനാക്കി ചിത്രീകരിച്ചതായും ഇവർ വാദിക്കുന്നു. ഈ വാദത്തെ അടിസ്ഥാനമാക്കി, ഇവർ മഹിഷാസുരനെ ആദരിച്ചുകൊണ്ട് ‘മഹിഷ ദസറ’ എന്ന പേരിൽ പരിപാടികൾ നടത്താറുണ്ട്. മുഖ്യധാരാ ഉത്സവം തദ്ദേശീയവും സമത്വപരവുമായ പാരമ്പര്യങ്ങളെ ഇല്ലാതാക്കുന്നുവെന്നും അവർ വാദിക്കുന്നു.

എന്നാൽ, ഈ വാദത്തെ ഹിന്ദു സംഘടനകൾ എതിർക്കുന്നു. ഇത് മതപരമായ വിശ്വാസത്തിന് നേരെയുള്ള ആക്രമണമായാണ് അവർ കാണുന്നത്. ‘മഹിഷ ദസറ’ റാലികൾ, പ്രതിമകൾ, പ്രത്യാക്രമണ ഘോഷയാത്രകൾ എന്നിവ പലപ്പോഴും പോലീസ് ശ്രദ്ധയിൽപ്പെടുകയും, സാംസ്കാരിക ഉത്സവത്തെ സാമൂഹ്യ രാഷ്ട്രീയ തർക്കങ്ങളുടെ വേദിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിൽ സിനിമാതാരങ്ങൾ, എഴുത്തുകാർ, കർഷകർ, ആദിവാസി നേതാക്കൾ തുടങ്ങിയ നിരവധി പ്രമുഖർ മൈസൂരു ദസറ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 2017-ൽ എഴുത്തുകാരനായ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തപ്പോഴും സമാനമായ വിവാദം ഉയർന്നിരുന്നു.

content summary: Mysuru Dasara Controversy: Banu Mushtaq’s Invitation Fuels Political Debate

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×