ഡിജിറ്റൽ ബാങ്കിംഗ്, സൈബർ തട്ടിപ്പുകൾ, സർവ്വ സാധാരണമായ ഇന്നത്തെ ലോകത്ത്, 55 വർഷം മുമ്പ്, ഇതേ ദിവസം- മെയ് 24 ന് നടന്ന നാഗർവാല സാമ്പത്തിക തട്ടിപ്പ് ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തിലെ ഒരു ഭയാനകമായ ഓർമ്മപ്പെടുത്തലാണ്.
അമ്പത്തിയഞ്ച് വർഷം മുമ്പ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസ് ഒരു സാമ്പത്തിക കുറ്റത്തിന് പ്രതിക്കൂട്ടിൽ നിന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും സെക്രട്ടറിയുടെയും സ്വരം ഫോണിലൂടെ അനുകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 60 ലക്ഷം രൂപ ഒരാൾ അടിച്ച് മാറ്റി. സൊറാബ് നഗർ വാലയെന്നയാളിനെ ഈ കുറ്റത്തിന് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ അംഗങ്ങൾക്കും ബാങ്കിലെ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് പ്രതിപക്ഷംആരോപിച്ചതോടെ ദുരൂഹത വർദ്ധിച്ചു. 55 വർഷം കഴിഞ്ഞിട്ടും ഇന്നും സത്യം പുറത്തുവരാത്ത സാമ്പത്തിക ബാങ്ക് തട്ടിപ്പാണ് നാഗർവാല കേസ്.

നാഗർവാല അപവാദമെന്ന് അറിയപ്പെട്ട ഈ നാമ്പത്തിക തട്ടിപ്പ് ഒരു പക്ഷേ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സാമ്പത്തിക കുറ്റകൃത്യമാണ്. ഇന്നത്തെ സങ്കീർണ്ണമായ സൈബർ ഹാക്കുകളിൽ നിന്നോ സായുധ കവർച്ചകളിൽ നിന്നോ വ്യത്യസ്തമായി, ഈ മോഷണത്തിന് തോക്കുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിച്ചിരുന്നില്ല. ഒരു ടെലിഫോണും അതിലൂടെയുള്ള ഒരാളുടെ ശബ്ദാനുകരണവും കൊണ്ടാണ് ഈ തട്ടിപ്പ് വിജയകരമായി നടത്തിയത്. കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടത് ഒരേ ഒരാൾ മാത്രവും.
അമ്പത്തിയഞ്ച് വർഷം മുമ്പ്, 1971 മെയ് 24 ന് ന്യൂഡൽഹിയിലെ പാർലമെന്‍റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെ ചീഫ് ക്യാഷ്യറായ വേദ് പ്രകാശ് മൽഹോത്രയ്ക്ക് ഒരു കോള്‍ വരുന്നു. രാവിലെ 11.45 ന് ബാങ്കിലെ 45468 എന്ന ഡയറക്ട് നമ്പറിലേക്കാണ് കോള്‍. ബാങ്കിൻ്റെ എക്‌ചേഞ്ച് വഴിയോ ഇൻ്റർകോം വഴിയോ വരാത്തതിനാൽ ആ കോൾ പുറത്ത് നിന്നുള്ളതായിരുന്നു എന്ന് വ്യക്തമായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു ഫോൺ കോൾ.

റിസീവർ എടുത്ത മൽഹോത്ര ആ ശബ്ദം വ്യക്തമായി കേട്ടു- ‘പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.എൻ. ഹക്സറാണ് സംസാരിക്കുന്നത്. അതീവ രഹസ്യമാണ് ഇത്. ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് പ്രധാനപ്പെട്ട, എന്നാല്‍ രഹസ്യ സ്വഭാവമുള്ള ഒരു ദൗത്യത്തിനായി അടിയന്തരമായി പ്രധാന മന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും 60 ലക്ഷം രൂപ വേണം. അത് കൈപ്പറ്റാൻ ഒരാളെ അയക്കും’ ഫോണിലെ ശബ്ദം മൽഹോത്രയോട് പറഞ്ഞു. ‘ഈ തുക വ്യോമസേനാ വിമാനത്തിൽ ബംഗ്ലാദേശിലേക്ക് അയക്കാനുള്ളതാണ്. ഇത് അടിയന്തിര സ്വഭാവമുള്ള ഒരു രഹസ്യമാണ്. ആരോടും വെളിപ്പെടുത്താൻ പാടില്ല.’
എങ്ങനെ ഇത് ചെയ്യണമെന്ന നിർദ്ദേശവും ഫോണിലൂടെ അയാള്‍ നല്‍കി. രാജ്യത്തെ അക്കാലത്തെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റും മികച്ച സംഘാടകനുമായിരുന്ന പി. എൻ. ഹക്സർ ഇന്ദിരാഗാന്ധിയുടെ മികച്ച ഭരണനേട്ടങ്ങളായ പ്രിവി പേഴ്‌സ്, ബാങ്ക് ദേശീയവൽക്കരണം തടങ്ങിവയുടെ പിന്നിലെ പ്രധാന ശിൽപ്പിയുമായിരുന്നു. ബാങ്കിംഗ് ഇടപാടിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മൽഹോത്ര ഇത്തരമൊരു ഇടപാടിലെ സാങ്കേതിക തടസം വ്യക്തമാക്കിയപ്പോൾ ഫോണിലുള്ള ആൾ പറഞ്ഞു. ‘എങ്കിൽ പ്രധാനമന്ത്രി നിങ്ങളോട് നേരിട്ട് സംസാരിക്കും’.

അടുത്ത നിമിഷം മൽഹോത്രക്ക് സുപരിചിതമായ ആ ശബ്ദം ഫോണിലൂടെ അയാൾ കേട്ടു ‘ ഞാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് സംസാരിക്കുന്നത്.’ തുടർന്ന് ആ ശബ്ദം പണം കൈമാറേണ്ട രീതിയും, പണം നൽകേണ്ട വ്യക്തിയോട് പറയേണ്ട രഹസ്യ കോഡും, സന്ധിക്കേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞു. മറുവശത്തുള്ള ശബ്ദം ഇന്ത്യൻ പ്രധാനമന്ത്രിയുടേതാണെന്ന് മൽഹോത്രയ്ക്ക് ഉറപ്പായിരുന്നു. ഇടപാടിൻ്റെ ഔദ്യോഗിക രീതിയറിയാവുന്ന മൽഹോത്ര ചോദിച്ചു. ‘ഞാൻ ആ വ്യക്തിയെ എങ്ങനെ തിരിച്ചറിയും?’
‘ആ വ്യക്തി നിങ്ങളോട് ”ബംഗ്ലാദേശ് കാ ബാബു” എന്ന കോഡ് വാക്ക് പറയും നിങ്ങൾ ബാർ-അറ്റ്-ലോ” എന്ന് മറുകോഡ് പറയണം. ഇതിലൂടെ അദ്ദേഹം എൻ്റെ കൊറിയർ ആണെന്ന് നിങ്ങൾക്ക് ഉറപ്പാകും. അതിനുശേഷം, നിങ്ങൾ അദ്ദേഹം പറയുന്നതുപോലെ ചെയ്യുക’. പിന്നെ ഫോൺ ശബ്‌ദം പറഞ്ഞു. ‘പണം നൽകിയ ശേഷം നേരെ എന്‍റെ വീട്ടിലേക്ക് വരൂ, നിങ്ങൾക്ക് ഇടപാടിൻ്റെ ഒരു രസീത് ലഭിക്കും’. അത്രയും പറഞ്ഞ് ഫോൺ കട്ടായി. ഉടനെ ബാങ്കിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൽഹോത്ര തന്‍റെ ഓഫീസിൽ നിന്ന് ഇറങ്ങി ബാങ്കിന്‍റെ കാറുകൾ പാർക്ക് ചെയ്തിരുന്ന കോമ്പൗണ്ട് ഗേറ്റിലേക്ക് നടന്നു. രണ്ട് പേർ അംബാസഡർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ട്രങ്ക് പെട്ടി കൊണ്ടുവന്നു. 100 രൂപയുടെ കെട്ടുകളായി 60 ലക്ഷം രൂപ അതിൽ നിറച്ചിരുന്നു. കാർ ഡ്രൈവർ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ മാൻ ബഹാദൂറും അവിടെയുണ്ടായിരുന്നു. കുമാർ ട്രങ്ക് തുറന്ന് പെട്ടി കാറിൻ്റെ ഡിക്കിയിലാക്കി. മൽഹോത്ര അംബാസിഡർ കാറിൻ്റെ കീ വാങ്ങിയ ശേഷം ഡ്രൈവറെ ഒഴിവാക്കി സ്വയം കാറോടിച്ച് പോയി.
അപ്പോൾ മൽഹോത്രയുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച ആ ഫോൺ കോൾ ലഭിച്ചിട്ട് അരമണിക്കൂർ കഴിഞ്ഞിരുന്നു. മൽഹോത്ര കൊറിയറെ കാണാന്‍ നിശ്ചയിക്കപ്പെട്ട സമയം ഉച്ചയ്ക്ക് 12.30 ആയിരുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള സവിശേഷമായ നിയോകൊളോണിയൽ ശൈലിയിലുള്ള കെട്ടിടമായ ഫ്രീ ചർച്ചിന് സമീപമുള്ള എസ്‌ബിഐയുടെ പാർലമെന്‍റ് സ്ട്രീറ്റ് ബ്രാഞ്ചിൽ നിന്ന് കഷ്ടിച്ച് 100 അടി അകലെ, മൽഹോത്ര കാർ നിർത്തി. ഫോണിൽ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹം കാറിൽ നിന്ന് ഇറങ്ങി. അപ്പോൾ ഒലിവ്-പച്ച തൊപ്പി ധരിച്ച, ഉയരമുള്ള, തടിച്ച, വെളുത്ത നിറമുള്ള ഒരാൾ മൽഹോത്രയ്ക്കരികിൽ വന്നു. അടുത്തെത്തിയ അയാൾ പറഞ്ഞു, “ഞാൻ ബംഗ്ലാദേശ് ബാബു . “മൽഹോത്ര നിർദ്ദേശം കിട്ടിയ പ്രകാരം മറുപടി പറഞ്ഞു, “ഞാൻ ബാർ-അറ്റ്-ലോ” “നമുക്ക് പോകാം” എന്ന് അയാൾ പറഞ്ഞു, ഇരുവരും കാറിൽ കയറി. കാർ അശോക റോഡ്, ഇർവിൻ റോഡ് അങ്ങനെ മുന്നോട്ട് നീങ്ങി.
അയാൾ മൽഹോത്രയോട് പറഞ്ഞു ‘പണം കൊണ്ടുപോവാനുള്ള ഒരു വ്യോമസേനാ വിമാനം എന്നെ കാത്തിരിക്കുന്നു. അതിനാൽ ഉടനെ എനിക്ക് വിമാനത്താവളത്തിലെത്തണം. ഞാന്‍ ഒരു ടാക്സി വാടകയ്‌ക്കെടുക്കാം. നിങ്ങൾ ഉടനെ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോകണം. ഉച്ചയ്ക്ക് 1 മണിക്ക് അവർ നിങ്ങളെ കാണും. ഇടപാടിൻ്റെ രസീത് നൽകും’ കാർ വില്ലിംഗ്ഡൺ ക്രസന്‍റും, സർദാർ പട്ടേൽ മാർഗും കടന്ന് പഞ്ചശീല്‍ മാര്‍ഗിലൂടെ വേഗത്തിൽ ഓടി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്താൻ ഏറ്റവും വേഗതയേറിയ ഏളുപ്പ വഴിയായിരുന്നു അത്. പാലം വിമാനത്താവളം വരെ താൻ വരാമെന്ന് മല്‍ഹോത്ര സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു, ‘അതീവ രഹസ്യമായ കാര്യമാണിത്, അതിനാൽ വേണ്ട’. വിമാനത്താവളത്തിലേക്ക് പകുതി ദൂരം പിന്നിട്ടപ്പോൾ പഞ്ചശീല്‍ മാര്‍ഗിന്‍റെ സമീപം കാര്‍ നിര്‍ത്താന്‍ അയാൾ മൽഹോത്രയോട് ആവശ്യപ്പെട്ടു. അവിടെ ഒരു ടാക്സി സ്റ്റാന്‍ഡ് ഉണ്ടായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ അയാൾ ഒരു ടാക്സിയും പെട്ടി എടുക്കാൻ ഒരു പോർട്ടറെയും വിളിച്ചു. തലപ്പാവ് ധരിച്ച സിഖ് വംശജനായ ടാക്സി ഡ്രൈവർ ഡിക്കി തുറന്നു, മൽഹോത്ര വന്ന അംബാസഡർ കാറിൽ നിന്ന് ഫിയറ്റിന്‍റെ ഡിക്കിയിലേക്ക് പണപ്പെട്ടി മാറ്റി. മൽഹോത്ര ട്രങ്കിന്‍റെ താക്കോൽ ആ വ്യക്തിക്ക് കൈമാറി. ടാക്സിയിൽ കയറുമ്പോൾ, കൂപ്പുകൈകളോടെ ആ മനുഷ്യൻ പറഞ്ഞു, ‘എന്‍റെ പേര് അസീസ്. ജയ് ബംഗ്ലാദേശ്, ജയ് ഭാരത് മാതാ.’ പിന്നെ അയാളെയും കൊണ്ട് ആ ഫിയറ്റ് ടാക്സി മുന്നോട്ട് നീങ്ങി.
മൽഹോത്ര അപ്പോൾ ഒരു കാര്യം ചെയ്തു. ആ ഫിയറ്റ് ടാക്സിയുടെ നമ്പർ തൻ്റെ കയ്യിലെ നോട്ട് പാഡിൽ എഴുതി നമ്പർ: DLT 1622. പിന്നെ മൽഹോത്ര അംബാസഡറിൽ കയറി സഫ്ദര്‍ജംഗിലേക്ക് കാറോടിച്ചു. അവിടെ പ്രധാന മന്ത്രിയിൽ നിന്ന് ഇടപാടിൻ്റെ രസീത് വാങ്ങണം, എന്നാലേ ഈ ദൗത്യം പൂർത്തിയാകൂ എന്ന് അയാള്‍ കരുതി. അപ്പോൾ സമയം ഉച്ചയ്ക്ക് ഒരു മണിയായിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വണ്ടിയോടിച്ച് എത്തിയ മൽഹോത്ര പ്രധാനമന്ത്രിയെ കാണാണമെന്ന് വസതിയിലെ ഔദ്യോഗിക സ്‌റ്റാഫിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും സെക്രട്ടറി ഹക്‌സറും ഉച്ചഭക്ഷണം കഴിക്കുകയാണെന്ന് അവർ അയാളോട് പറഞ്ഞു. കാത്ത് നില്‍പ്പിനൊടുവിൽ, ഉച്ചയ്ക്ക് 1.30 ന്, മൽഹോത്ര ഹക്സറെ കണ്ടു. രാവിലെ മുതൽ നടന്നതെല്ലാം മൽഹോത്ര അദ്ദേഹത്തോട് പറഞ്ഞു. മൽഹോത്രയുടെ കഥ കേട്ട ഹക്‌സർ നടുങ്ങിപ്പോയി. ഇന്ദിരാഗാന്ധി ആ ദിവസം മുഴുവൻ സമയവും പാർലമെന്‍റിലായിരുന്നു.. പി.എൻ. ഹക്‌സർ അന്ന് ബാങ്കിലേക്ക് വിളിച്ചിട്ടേയില്ല.

പ്രിൻസിപ്പൽ സെക്രട്ടറി ഹക്സർ കാര്യത്തിൻ്റെ ഗൗരവം പെട്ടെന്ന് മനസിലാക്കി. അദ്ദേഹം മൽഹോത്രയോട് വ്യക്തമായി പറഞ്ഞു, ’പ്രധാനമന്ത്രിയോ ഞാനോ അങ്ങനെയൊരു ഫോൺ വിളിക്കുകയോ അത്തരമൊരു ഉത്തരവ് നൽകുകയോ ചെയ്തിട്ടില്ല. വളരെ ഗുരുതരമായ, അസാധാണമായ ഒരു തട്ടിപ്പിന് നിങ്ങൾ ഇരയായിട്ടുണ്ട്. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി എത്രയും പെട്ടെന്ന് പരാതി നൽകുക.’ അത് കേട്ടതും താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മൽഹോത്രയ്ക്ക് വ്യക്തമായി.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഒരു തട്ടിപ്പായിരുന്നു അന്ന് നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടേയും സെക്രട്ടറിയുടെയും സ്വരം ഫോണിലൂടെ അനുകരിച്ച് നടത്തിയ, സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ നേരിട്ട ഏറ്റവും ആദ്യത്തെ സാമ്പത്തിക തട്ടിപ്പ്. പിന്നീട് റുസ്തം സൊഹ്‌റാബ് നാഗർവാല എന്നൊരാളെ ഈ കേസിൽ അറസ്റ്റ് ചെയ്തു. രാജ്യത്തെ പിടിച്ചു കുലുക്കിയ ഇപ്പോഴും കെട്ടടങ്ങാത്ത ഇത് ‘നാഗർവാല അപവാദം’ എന്നറിയപ്പെടുന്നു. ഒരാൾ ഫോണിലൂടെ നടത്തിയ ആ മിമിക്രിയിൽ അന്ന് ബാങ്കിന് നഷ്ടമായത് 60 ലക്ഷം രൂപ. അതും അന്നത്തെ കണക്കില്‍. ഇന്നത്തെ കണക്കില്‍ നോക്കിയാല്‍ അത് 170.62 കോടി രൂപ വരും. മിമിക്രിയുടെ ചരിത്രത്തിൽ ഒരാൾക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം എന്ന് ഇതിനെ വേണമെങ്കിൽ പറയാം.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന പേരില്‍ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഈ കേസിൻ്റെ യഥാർത്ഥ വസ്തുതകൾ ഇപ്പാഴും ചുരുളഴിയാതെ ദുരൂഹമായി നിലനിൽക്കുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട ആദ്യത്തെ സാമ്പത്തിക തട്ടിപ്പായി ഇന്നും പാർലിമെൻ്റിൽ പോലും ഇത് ഇടയ്ക്ക് ഉദ്ധരിക്കപ്പെടുന്നു. 1971-ലെ നാഗർവാല അഴിമതി അന്വേഷിക്കാൻ 1978-ൽ മൊറാർജി ദേശായി സർക്കാർ കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷൻ തലവൻ ജസ്റ്റിസ് ജഗൻമോഹൻ ‘ഒരു നിഗൂഢതയ്ക്കുള്ളിലെ നിഗൂഢതയിൽ പൊതിഞ്ഞ ഒരു കടങ്കഥ’ എന്നാണ് ഈ ക്രമക്കേടിനെ വിശേഷിപ്പിച്ചത്.

രഹസ്യ ഫണ്ടുകൾ കൈകാര്യം ചെയ്യാൻ അവകാശമുള്ള ബാങ്കിലെ ഒരേയൊരു ഉദ്യോഗസ്ഥൻ മൽഹോത്രയായിരുന്നു. രഹസ്യ ഏജൻസികളുമായുള്ള ബന്ധവും വിശ്വാസ്യതയും കാരണം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ചാണക്യപുരി പോലീസ് സ്റ്റേഷനിൽ ബാങ്ക് പരാതി നൽകി.
മൽഹോത്ര എസ്‌ബിഐ ബാങ്കിൽ തിരിച്ചെത്തിയപ്പോൾ വിവരമറിഞ്ഞ് അവിടെയുള്ളവരെല്ലാം പരിഭ്രാന്തരായി. ഡെപ്യൂട്ടി ഹെഡ് കാഷ്യർ റുഹൈൽ സിംഗ് ഹെഡ് ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു. കണ്ണീരോടെ മൽഹോത്ര എന്താണ് സംഭവിച്ചതെന്ന് പോലീസിനോട് വിവരിച്ചു. പോലീസ് മേധാവി ASP ഡി.കെ. കശ്യപ് ക്ഷമയോടെ അത് കേട്ടു. തുടർന്ന് വയർലെസ് ഓപ്പറേറ്ററോട് ഒരു സന്ദേശം ഫ്ലാഷ് ചെയ്യാൻ നിർദ്ദേശിച്ചു. നാഗർവാല കേസിന് അവർ കൊടുത്ത പേര് ‘ഓപ്പറേഷൻ തൂഫാൻ’ എന്നായിരുന്നു. ആ പേരില്‍ അയച്ച സന്ദേശം ഇതായിരുന്നു: ‘വാഹന നമ്പർ DLT 1622 വാഹനം കണ്ടെത്തുക, അതിൽ ഒരു സിഖ് ഡ്രൈവറുണ്ട്. ഡ്രൈവറെയും ടാക്സിയെയും പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരിക. ‘പത്ര റിപ്പോർട്ടർമാരും ഈ വാർത്ത അറിഞ്ഞു. എസ്‌ബിഐയിൽ നിന്ന് ₹60 ലക്ഷം മോഷ്ടിക്കപ്പെട്ടുവെന്ന വാർത്ത ഡൽഹിയിലുടനീളം പെട്ടെന്ന് പരന്നു. പിറ്റേന്ന് പത്രങ്ങളുടെ മുൻപേജ് വാത്തകളിൽ ബാങ്ക് തട്ടിപ്പ് നിറഞ്ഞു നിന്നു.

ഇതിനിടയിൽ മൽഹോത്രയുടെ മൊഴിയനുസരിച്ച് അറിവായ ”ബംഗ്ലാദേശി ബാബു” എന്ന് വിളിക്കപ്പെടുന്ന ആൾ കയറിയ ടാക്സി ഏതെന്ന് പോലീസ് കണ്ടെത്തി. അതിൻ്റെ ഒരു വലിയ സ്യൂട്ട്‌കേസുമായി ആ യാത്രക്കാരൻ ഇറങ്ങിയ സ്ഥലവും അയാൾ മൊഴിയില്‍ പറഞ്ഞു. പണം കൈപ്പറ്റി ഫിയറ്റ് ടാക്സി കാറിൽ കയറിയ നാഗർവാല, തന്നെ പാഴ്സി ധർമ്മശാലയിലേക്ക് കൊണ്ടുപോകാനാണ് ഡ്രൈവർ പരംജിത്തിനോട് ആവശ്യപ്പെട്ടത്. മറീന ഹോട്ടലിനും പാഴ്സി ധർമ്മശാലയ്ക്കും ഇടയിലുള്ള മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ പത്ത് മിനിറ്റിൽ താഴെ സമയമെടുത്തു. ധർമ്മശാലയിൽ എത്തിയ നാഗർവാല ഡിക്കിയിൽ നിന്ന് രണ്ട് സ്യൂട്ട്കേസുകളും രണ്ട് ബാഗുകളും പുറത്തെടുത്ത് നേരെ തന്‍റെ മുറിയിലേക്ക് പോയി.
ആ ഡ്രൈവർക്ക് 500 രൂപയാണ് കൂലിക്ക് പുറമേ ടിപ്പായി നൽകിയത്. അന്നത്തെ വലിയ തുക. ( ഒരു പവൻ സ്വർണ്ണത്തിന് അന്ന് വില 140 രൂപ). പോലീസ് പെട്ടന്ന് തിരച്ചിൽ നടത്തി. രാത്രി 9:45 ന്, പാഴ്സി ധർമ്മശാലയിൽ നിന്ന് നാഗർവാലയെ അവർ കണ്ടെത്തി പിടികൂടി. അയാൾ നൽകിയ വിവരമനുസരിച്ച് ഡിഫൻസ് കോളനിയിലെ ഒരു വീട്ടിൽ നിന്ന് ₹59,95,000 രൂപ പോലീസ് കണ്ടെടുത്തു. നഷ്ടമായത് ₹60 ലക്ഷ രൂപയാണ്. പക്ഷേ, പിടിച്ചെടുത്ത തുകയിൽ, 5,000 രൂപ കുറവായിരുന്നു. എങ്കിലും ഓപ്പറേഷൻ തൂഫാൻ ഡൽഹി പോലീസ് വിജയകരമായി പൂർത്തിയാക്കി.

ഇനിയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറുന്നത്. അതാകട്ടെ അവിശ്വസനീയവും യുക്തിരഹിതവുമായിരുന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ കേസ് പരിഹരിച്ച് കുറ്റവാളിയെ അറസ്‌റ്റ് ചെയ്ത പോലീസ്, അർദ്ധരാത്രിയിൽ ഒരു പത്രസമ്മേളനം വിളിച്ചു. അന്നു രാത്രി 9:45 ഓടെ, ഒരു പരാതിയിൽ അന്വേഷണം നടത്തുമ്പോൾ ഡൽഹി ഗേറ്റിനടുത്തുള്ള ഒരു പാഴ്സി ഗസ്റ്റ് ഹൗസിൽ ഒരാൾ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയെന്നും അയാളുടെ കൈവശം ഒരു സ്യൂട്ട്കേസ് നിറയെ പണമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അയാളുടെ പേര് റുസ്തം സൊഹ്‌റാബ് നാഗർവാല. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയിൽ മുമ്പ് ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന 50 കാരനായ മുൻ ഇന്ത്യൻ ആർമി ക്യാപ്റ്റനാണ് പാഴ്സി വംശജനായ നാഗർ വാല.
വിമാനത്തിൽ കയറി വിദേശത്തേക്ക് കടക്കും മുമ്പ് അയാളെ പോലീസ് പിടികൂടി, ഡൽഹി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയ കുറച്ച് പണമുൾപ്പെടെ 60 ലക്ഷത്തിൽ ഭൂരിഭാഗം പണവും കണ്ടെടുത്തു എന്നൊക്കെ പോലീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. നാഗർവാല ഫോണിൽ ഇന്ദിരാഗാന്ധിയുടെ ശബ്ദം അനുകരിച്ച് ചീഫ് കാഷ്യർ മൽഹോത്രയോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവരെപ്പോലെ, ഒരു പുരുഷന് ഒരു സ്ത്രീയുടെ ശബ്ദം അനുകരിക്കാൻ കഴിയുമെന്ന് അന്വേഷണോദ്യോഗസ്ഥൻ കശ്യപിന് ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപകാരം നാഗർവാല പിന്നീട് പോലീസിന് മുന്നിൽ പ്രധാനമന്ത്രിയുടെ ശബ്ദം സംഭാഷണമായി അനുകരിച്ചു. അത് യഥാർത്ഥത്തിൽ താനാണെന്ന് അവിടെയുണ്ടായിരുന്നവരെ ബോധ്യപ്പെടുത്താൻ നാഗർ വാല രണ്ടോ മൂന്നോ തവണ അങ്ങനെ ചെയ്തു. അതോടെ ബാങ്കിൽ മൽഹോത്രയെ ഫോണിലൂടെ വിളിച്ചത് നാഗർ വാല തന്നെയെന്ന് പോലീസിന് ബോധ്യമായി. പക്ഷേ, മഞ്ഞ് കട്ടയുടെ ഒരു അറ്റം മാത്രമായിരുന്നു അത്.
മൂന്ന് ദിവസത്തിന് ശേഷം, നാഗർവാലയുടെ സ്വമേധയാ ഉള്ളതും എന്നാൽ സ്ഥിരീകരിക്കാത്തതുമായ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കി കേസ് തുടങ്ങി. ദ്രുത വിചാരണ എന്ന് അവകാശപ്പെടുന്ന കേസിൽ, അയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡൽഹി പോലീസ് നാഗർ വാലയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി. ഖന്ന കേസ് പരിഗണിച്ചു. മണിക്കൂറുകൾക്കുള്ളിൽ നാഗർവാലയ്ക്ക് രണ്ട് വർഷം കഠിനതടവും 2000 രൂപ പിഴയും വിധിച്ചു. അതോടെ കേസിലെ ഏക പ്രതിയായ നാഗർവാല തിഹാർ ജയിലിലെ ‘സി’ ക്ലാസ് തടവുകാരനായി.

ഇവിടം മുതൽ നാഗർവാല കേസിൻ്റെ അസാധരണത്വം ആരംഭിക്കുന്നു. കേസുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതല്‍ ആഴത്തിലുള്ളതാണെന്ന കാര്യം പുറത്ത് വരാന്‍ തുടങ്ങി.. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ, ഇത്രയും വലിയ ഒരു കേസ് കോടതിയില്‍ തീർപ്പാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും.
● മെയ് 24 ന് നാഗർവാല അറസ്റ്റിലായി.
● മെയ് 26 ന് അദ്ദേഹം കുറ്റസമ്മതം നടത്തി.
● മെയ് 27 ന് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷം തടവിന് ശിക്ഷിച്ചു.
എന്നാൽ കേസ് വിചാരണ വെറും 10 മിനിറ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നിയമ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വിചാരണയും ശിക്ഷാ വിധിയുമായിരുന്നു അത്. കേസ് അവസാനിപ്പിക്കാൻ നീതിന്യായ വ്യവസ്ഥ ഇത്ര തിടുക്കം കാണിച്ചത് എന്തുകൊണ്ടാണ്? കോടതിയിലെത്തുമ്പോള്‍ നാഗർവാല യഥാർത്ഥ സത്യങ്ങൾ തുറന്ന് പറയുമെന്ന് ആരെങ്കിലും ഭയപ്പെട്ടിരുന്നോ? കേസിൻ്റെ വിധിക്ക് ശേഷം ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.
കേസിനെ കൂടുതൽ സങ്കീർണമാക്കി ക്കൊണ്ട് നാഗർവാലയെ അറസ്റ്റ് ചെയ്ത അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് ദേവീന്ദർ കുമാർ കശ്യപ് ആറ് മാസത്തിന് ശേഷം, മഥുരയ്ക്ക് സമീപം ഒരു ദുരൂഹമായ റോഡപകടത്തിൽ മരിച്ചു. 1967 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ കശ്യപ്, അടുത്തിടെ മാത്രം വിവാഹിതനായിരുന്ന വ്യക്തിയായിരുന്നു. നാഗർ വാല കേസിൻ്റെ ആരംഭം തൊട്ടേ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നും അതിന് പിന്നിലുള്ള കുറ്റവാളികള്‍ ആരൊക്കെയാണെന്നതിനെക്കുറിച്ചും അദ്ദേഹത്തിന് പലതും അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഇല്ലാതാക്കിയതാണെന്നും പലരും വിശ്വസിക്കുന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ വെറും 10 മിനിറ്റിനുള്ളിലാണ് നാഗർവാലയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബാങ്കിൻ്റെ ചീഫ് കാഷ്യർ മൽഹോത്ര, ടാക്സി ഡ്രൈവർ തുടങ്ങിയ പ്രധാന സാക്ഷികളെ പോലും ഒരിക്കൽ പോലും പ്രോസിക്യൂഷൻ കോടതിയിൽ വിളിച്ചു വരുത്തിയില്ല. കൂടാതെ പ്രധാനമന്ത്രി ഗാന്ധിയോട് മൊഴി നൽകാൻ കോടതി ഒരിക്കലും ആവശ്യപ്പെട്ടില്ല.

അതേസമയം, നാഗർവാലയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്ത് അന്നത്തെ പ്രതിപക്ഷം റിവിഷൻ ഹർജി ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനായി ഒരു യോഗവും നടന്നു. എ.ബി വാജ്പേയി, രാജ് നാരായണൻ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഇതിൽ പങ്കെടുത്തു. കേസിൽ ഇന്ദിരാ ഗാന്ധി ഇടപെട്ടുവെന്ന് ഏകകണ്ഠമായി അവർ ആരോപിച്ചു. അതിനിടെ താൻ മോചിതനാകുമെന്നാണ് നാഗർവാല കരുതിയിരുന്നത്. ശിക്ഷിക്കപ്പെട്ടത് അയാൾക്ക് വലിയൊരു തിരിച്ചടിയായി. പുനർവിചാരണ ആവശ്യപ്പെട്ട് അയാൾ ഉന്നത കോടതിയെ സമീപിച്ചപ്പോൾ സർക്കാർ പരിഭ്രാന്തരായി.
കറന്‍റ് എന്ന വാർത്താ വാരികയുടെ എഡിറ്ററായ ഡി. എഫ് കാരകയ്ക്ക് റുസ്തം സൊഹ്‌റാബ് നാഗർവാല ഒരു കത്തെഴുതി. മറ്റൊരു പാഴ്സിയായ ഡി.എഫ് കാരക തൻ്റെ സഹായത്തിനെത്തുമെന്ന് നാഗർ വാല പ്രതീക്ഷിച്ചു. മാത്രമല്ല 60 കളിൽ പ്രധാനമന്ത്രി നെഹ്റുവിന്‍റെ നയങ്ങളെ നിശിതമായി വിമർശിച്ച ഒരു എഡിറ്ററായിരുന്നു കാരക. അതേ സമീപനം ഇന്ദിരാഗാഡിയോടും കാരക തുടരുമെന്ന് നാഗർവാല കരുതി.
അയാൾ കാരകക്ക് എഴുതി, “ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ വാരികയ്ക്ക് ഒരു അഭിമുഖം നൽകാൻ ആഗ്രഹിക്കുന്നു, ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും ഏറ്റവും വലിയ കഥയും.” എന്നാൽ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്, കാരക രോഗബാധിതനായി, പകരം സംസാരിക്കാൻ മറ്റൊരാളെ ജയിലിലേക്ക് അയച്ചു. പക്ഷേ, നാഗർവാല അയാളോട് സംസാരിക്കാൻ വിസമ്മതിച്ചു.
നാഗർവാല ഒടുവിൽ തന്‍റെ കുറ്റസമ്മതം പിൻവലിക്കാൻ ശ്രമിച്ചു, ഇതിനു പിന്നിലെ ” പ്രബലരായ, അധികാര സ്ഥാനത്തുള്ളവരെ ” രക്ഷിക്കാൻ തന്നോട് കുറ്റകൃത്യം സമ്മതിക്കാൻ ചിലർ നിർബന്ധിച്ചുവെന്ന് അയാൾ അവകാശപ്പെട്ടു. താൻ ബലിയാടായി എന്ന നിലപാടിലേക്ക് എത്തിയ അയാൾ കേസിൻ്റെ പുനർവിചാരണ ആവശ്യപ്പെട്ടു.
എന്നാൽ രഹസ്യങ്ങൾ തുറന്നുപറയുന്നതിന് മുമ്പ്, നെഞ്ചുവേദനയെത്തുടർന്ന് നാഗർവാലയെ ആശുപത്രിയിലേക്ക് മാറ്റി. 1972 മാർച്ച് 2 ന്, നാഗർവാല തന്‍റെ 50-ാം ജന്മദിനത്തിൽ ജി.ബി. പന്ത് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മൃതിയടഞ്ഞു. ഈ മരണത്തിൽ സംശയങ്ങൾ ഉയർന്നെങ്കിലും ശരീരത്തിൽ വിഷാംശം ഇല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. അസ്വാഭാവികമായി ഒന്നും തന്നെ മരണകാരണമായി ഇല്ലായിരുന്നു. അങ്ങനെ നാഗർ വാലയുടെ രഹസ്യങ്ങൾ അദ്ദേഹത്തോടൊപ്പം മരിച്ചു. പക്ഷേ, കേസിൻ്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയങ്ങളും പിന്നെയും നിലനിന്നു.
ഇപ്പോഴും കേസിനെ നിലനിര്‍ത്തുന്ന പരിഹരിക്കപ്പെടാത്ത അഞ്ച് ചോദ്യങ്ങൾ ഇവയാണ് : നാഗർവാല പ്രധാനമന്ത്രിയുടെ ശബ്ദം കൃത്യമായി അനുകരിച്ചതെങ്ങനെ? എന്തുകൊണ്ടാണ് കാഷ്യർ മൽഹോത്ര സ്റ്റാൻഡേർഡ് ബാങ്ക് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കാത്തത്? നാഗർവാല ഒറ്റയ്ക്കാണോ പ്രവർത്തിച്ചത്, അതോ മറ്റൊരാളെ സംരക്ഷിക്കുകയായിരുന്നോ? പൂർണ്ണമായ അന്വേഷണം നടത്താതെ കേസ് ഇത്ര വേഗത്തിൽ അവസാനിപ്പിച്ചത് എന്തുകൊണ്ടാണ്?
1977-ൽ, ഇന്ദിരാഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായ ശേഷം, അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാർ ഈ നാഗർവാല ക്രമക്കേട് കണ്ടെത്താൻ ഒരു ഔപചാരിക അന്വേഷണം ആരംഭിച്ചു. വിരമിച്ച ജഡ്ജിയായിരുന്ന, ജസ്റ്റിസ് പിംഗിൾ ജഗൻമോഹൻ റെഡ്ഡിയാണ് ഇതിന് നേതൃത്വം വഹിച്ചത്. 1978 ൽ, രേഖകൾ പഠിച്ച്, സാക്ഷികളെ വിസ്തരിച്ചതിനും, പോലീസ് ഫയലുകൾ പരിശോധിച്ചതിനും ശേഷം ജഗൻമോഹൻ റെഡ്ഡി കമ്മീഷൻ 820 പേജുള്ള ഒരു ബൃഹത്തായ റിപ്പോർട്ട് പുറത്തിറക്കി. അതിലെ കണ്ടെത്തലുകൾ വിശദവും പലതും വെളിപ്പെടുത്തുന്നതുമായിരുന്നു:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണക്കിൽ പെടാത്ത ചില സ്വകാര്യ ഫണ്ടുകൾ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി, ഇത് ബാങ്ക് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ കമ്മീഷന്‍ ഉയർത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥർ പോലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തി, പ്രധാനപ്പെട്ട വിശദാംശങ്ങളിലേക്കുള്ള പ്രവേശനം വൈകിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തുവെന്നും കമ്മീഷൻ പറഞ്ഞു. എന്നിരുന്നാലും, പൊതുജനമധ്യത്തിൽ സംശയം ഉണ്ടായിരുന്നിട്ടും, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ ഇതിൽ പങ്കാളിയായിരുന്നുവെന്നോ അല്ലെങ്കിൽ അവർ ബാങ്കിൽ ഏതെങ്കിലും പണം രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്നോ നേരിട്ടുള്ള ഒരു തെളിവും കമ്മീഷൻ കണ്ടെത്തിയില്ല.
കമ്മീഷന്‍റെ വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തൽ, നാഗർവാലയ്ക്ക് ഒരു സ്ത്രീയുടെയും ശബ്ദം അനുകരിക്കാൻ കഴിയില്ല എന്നായിരുന്നു. ചില വൈകല്യങ്ങൾ കാരണം നാഗർ വാലക്ക് ശ്രീമതി ഗാന്ധിയുടെ ശബ്ദം അനുകരിക്കുക അസാധ്യമാണ്. ഇത് സംബന്ധിച്ച പോലീസിന്‍റെ ഔദ്യോഗിക ഭാഷ്യം കമ്മീഷൻ തള്ളിക്കളഞ്ഞു (പോലീസ് കേസ് ഡയറിയിൽ നാഗർ വാല അവരെ കേൾപ്പിച്ച മിമിക്രിയെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിരുന്നില്ല). നാഗർവാലയുടെ കുറ്റസമ്മതം പോലീസ് അംഗീകരിക്കാൻ പാടില്ലായിരുന്നു എന്നാണ് കമ്മീഷൻ പറഞ്ഞത്. അതിനെ പിന്തുണയ്ക്കാൻ ശക്തമായ തെളിവുകളൊന്നുമില്ലായിരുന്നു.
നാഗർവാല കേസിന്‍റെ അന്വേഷണത്തിലും വിചാരണയിലും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ഇന്ദിരാ ഗാന്ധിയുടെ പങ്കാളിത്തം കമ്മീഷന് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും, ശ്രീമതി ഗാന്ധിക്ക് നാഗർവാല കേസിൽ പങ്കുണ്ടെന്ന കാര്യം ഞങ്ങൾ ഇപ്പോഴും തള്ളിക്കളയുന്നില്ലെന്ന് എ. ബി. വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിരാഗാന്ധി ഒരിക്കലും നാഗർ വാല കേസ് പരസ്യമായി പരാമർശിച്ചില്ല. അവരുടെ മൗനം കൂടുതൽ കിംവദന്തികൾക്ക് കാരണമായി.
സർക്കാർ നിർദ്ദേശപ്രകാരമാണോ നാഗർവാല പ്രവർത്തിച്ചത്? യഥാർത്ഥത്തിൽ ഒരു രഹസ്യ ദൗത്യം പരാജയപ്പെട്ടതായിരുന്നോ ഇത്? എന്തുകൊണ്ടാണ് വിചാരണ ഇത്ര വേഗത്തിലും രഹസ്യമായും നടന്നത്?എന്തുകൊണ്ടാണ് ഇതില്‍ ഉൾപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹമായി കൊല്ലപ്പെട്ടത്? ചീഫ് കാഷ്യർ മൽഹോത്രയ്ക്ക് വലിയ തുകകൾ പിൻവലിക്കാൻ അധികാരമുണ്ടായിരുന്നോ? നാഗർ വാല എന്ത് കൊണ്ട് ബാങ്ക് മാനേജരെ ഫോൺ വിളിച്ചില്ല? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. ഇന്നും, നാഗർവാല കേസിലെ രഹസ്യങ്ങൾ ദുരൂഹമായി തുടരുന്നു. ഇത് നന്നായി ആസൂത്രണം ചെയ്ത ഒരു അഴിമതിയായിരുന്നോ? അതോ ഒരു അതീവ രഹസ്യ ദൗത്യം തെറ്റിപ്പോയതായിരുന്നോ? അതോ പ്രബലരായ വ്യക്തികളെ സംരക്ഷിക്കാൻ നാഗർവാലയെ നിശബ്ദനാക്കിയതാണോ? ഈ സത്യങ്ങൾ ഒരിക്കലും അറിയാൻ സാധിച്ചില്ല.
1970കൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാടകീയമായ ഒരു ദശകമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരവധി പ്രധാന സംഭവങ്ങൾ നടന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ വിജയം നേടി. രാജ്യം ആദ്യത്തെ ആണവ പരീക്ഷണം നടത്തി. എന്നാൽ അഴിമതിയും രാഷ്ട്രീയ പിരിമുറുക്കവും വർദ്ധിച്ചുകൊണ്ടിരുന്നു. തുടർന്ന് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ (1975–77) പ്രഖ്യാപിച്ചു. നാഗർവാല അഴിമതി സർക്കാർ രാഷ്ട്രീയമായി അവഗണിച്ചു.

സാമ്പത്തികാര്‍ത്ഥത്തില്‍ ഇത് അത്ര വലിയ അഴിമതി കേസായിരുന്നില്ലെങ്കിലും, സർക്കാരിലുള്ള പൊതുജന വിശ്വാസത്തിന് ഗുരുതരമായി കോട്ടം സംഭവിക്കാന്‍ ഇതും കാരണമായി. അധികാര ദുർവിനിയോഗമെന്ന വർദ്ധിച്ചു വരുന്ന പ്രതിച്ഛായയ്ക്ക് ഇത് ആക്കം കൂട്ടി. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിൽ നാഗർവാല കേസ് സാരമായ പങ്കു വഹിച്ചിരുന്നു.
1972 നവംബറിൽ ചീഫ് കാഷ്യർ മൽഹോത്രയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അയാൾക്ക് പ്രൊവിഡൻ ഫണ്ട് നിഷേധിക്കപ്പെട്ടു. ബാങ്കിന് പണം നഷ്ടമാകാതെ തിരികെ കിട്ടിയെങ്കിലും, ഈ സംഭവത്തോടെ ബാങ്കിൻ്റെ വിശ്വാസ്യതക്ക് ഇളക്കം തട്ടി. എസ്.ബി.ഐ രേഖകൾ നശിപ്പിച്ചതിനാൽ മൽഹോത്രയെ ‘വീണ്ടും അറസ്റ്റ് ചെയ്യാൻ’ കഴിയില്ലെന്ന് പറഞ്ഞ ഡൽഹി പോലീസിന്‍റെ നിയമ ഉപദേഷ്ടാവിന്‍റെ നിർദ്ദേശം ഫയലിൽ എഴുതപ്പെട്ടു.
ഫയലിലെ അവസാന കുറിപ്പ് ഇതായിരുന്നു: ‘നാഗർവാലയുമായി ബന്ധപ്പെട്ട രേഖകൾ റെഡ്ഡി കമ്മീഷനിൽ ഹാജരാക്കുന്നതിനായി സിബിഐക്ക് കൈമാറിയെന്നും, ചോദ്യം ചെയ്യപ്പെടുന്ന അന്വേഷണവുമായി ബന്ധപ്പെട്ട ചില അവശ്യ രേഖകൾ ഉള്‍പ്പെട്ട എഫ് 7 (72) ഫയൽ തന്നെ കണ്ടെത്താനാകുന്നില്ല. അതിനാൽ അന്വേഷണം സാധ്യമല്ല.’ അങ്ങനെ 1981 ജനുവരി 15 ന് നാഗർവാല കേസ് സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചു.
ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ റോഹിൻടൺ മിസ്ത്രി എഴുതിയ പ്രശസ്ത ഇംഗ്ലീഷ് നോവലായ ‘സച്ച് എ ലോംഗ് ജേർണി’ യിൽ നാഗർവാല കേസ് കടന്നു വരുന്നുണ്ട്. ‘സച്ച് എ ലോംഗ് ജേർണി’ യിലെ കഥാപാത്രം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് (RAW) വേണ്ടി പ്രവർത്തിക്കുന്ന മേജർ ജിമ്മി ബില്ലിമോറിയ യഥാർത്ഥ ജീവിതത്തിലെ റുസ്തം നാഗർവാലയുടെ സാങ്കൽപ്പിക പ്രതിരൂപമാണ്. നോവലിലെ കഥാപാത്രവും പ്രവർത്തനങ്ങളും നാഗർവാല വിവാദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രകാശ് പത്രയും റഷീദ് കിദ്‌വായിയും ചേർന്നെഴുതിയ The Scam That Shook a Nation: The Nagarwala Scandal എന്ന പുസ്തകം 2024 ൽ പുറത്ത് വന്നു.

ഇന്ദിരാഗാന്ധി സർക്കാരിനെ ഉലച്ച നാഗർവാല സാമ്പത്തിക തട്ടിപ്പിന്‍റെ ആവേശകരമായ സംഭവകഥ പത്ര റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ, പോലീസിന് മുമ്പാകെയുള്ള മൊഴികൾ, നാഷണൽ ആർക്കൈവ്സ് രേഖകൾ, തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പി ജഗൻമോഹൻ റെഡ്ഡി കമ്മീഷന് മുമ്പാകെയുള്ള മൊഴികൾ എന്നിവയെ അടിസ്ഥാനമാക്കി എഴുതിയ മികച്ച അന്വേഷണാത്മക കൃതിയാണ്.
ലേഖകർ ആമുഖത്തിൽ പറയുന്നു: “സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ അതിന്‍റെ നിഗമനങ്ങളിൽ എത്തി, പക്ഷേ അതിന്‍റെ അനുമാനങ്ങൾ ചർച്ചാവിഷയമാണ്.” കുറ്റസമ്മതം നടന്നെങ്കിലും, യഥാർത്ഥ കുറ്റവാളികളുടെ ഐഡന്‍റിറ്റികൾ അവ്യക്തമായി തുടർന്നു. സംശയങ്ങൾ ഇല്ലാതാക്കാൻ അന്വേഷണ പ്രക്രിയ വളരെ വേഗത്തിലായിരുന്നു. ചുരുക്കത്തിൽ, നിരവധി ചോദ്യങ്ങളുണ്ടായിരുന്നു, ഉത്തരങ്ങൾ ലഭിച്ചത് കുറച്ച് മാത്രമായിരുന്നു. ആ യഥാർത്ഥ ചോദ്യങ്ങളിൽ ചിലത് ഇപ്പോഴും അവശേഷിക്കുന്നു.‘

നാഗർ വാല കേസ് നടന്ന് 18 വർഷങ്ങൾക്ക് ശേഷം കൊല്ലത്തെ കോർപ്പറേറ്റീവ് ബാങ്കിൽ മുഖ്യമന്ത്രിയുടെ ശബ്‌ദം അനുകരിച്ച് ബാങ്ക് മാനേജറെ വിളിച്ച് 25 ലക്ഷം രൂപ മുഖ്യന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് ഒരാൾ തട്ടിയെടുത്തു. നാഗർവാല കേസ് നടന്നത് യഥാർത്ഥ ജീവിതത്തിലാണെങ്കിൽ ഈ സംഭവം 1989 ൽ പുറത്ത് വന്ന ‘ചാണക്യൻ’ എന്ന മലയാള സിനിമയിലാണെന്ന് മാത്രം.

സാബ് ജോൺ എഴുതി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചാണക്യനിൽ നടൻ ജയറാമാണ് മുഖ്യമന്ത്രി മാധവ മേനോൻ്റെ (തിലകൻ) ശബ്ദത്തിൽ ബാങ്ക് മാനേജറോട് പണം കൊടുക്കാൻ സംസാരിക്കുന്നത്. ജോൺസൺ എന്ന കഥാപാത്രത്തിൻ്റെ (കമൽഹാസൻ) മാധവ മേനോനോടുള്ള പ്രതികാര നടപടിയുടെ പദ്ധതിയായിട്ടാണ് സിനിമയിൽ ഈ രംഗം. ചാണക്യൻ സിനിമയിലെ ഈ രംഗമൊക്കെ നടക്കുന്നതാണോ എന്ന് ഒരു ചലച്ചിത്ര വാരികയിലെ സിനിമാ നിരൂപണത്തിൽ ഒരാൾ എഴുതി. എഴുതിയ നിരൂപകന് അറിയാത്ത, യഥാർത്ഥത്തിൽ നടന്ന സംഭവമായ നാഗർവാല കേസിലെ പ്രധാന കഥാപാത്രങ്ങളെല്ലാം, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാക്കി ഭൂമിയിൽ നിന്ന് അപ്പോൾ അപ്രത്യക്ഷമായിരുന്നു.
Content Summary: In 1971, the mysterious Nagarwala case shook India after ₹60 lakh was withdrawn from SBI using a voice allegedly mimicking Indira Gandhi. The case was solved unusually fast, but unanswered questions and suspicions of a cover-up remain even today.