ഭരണനയങ്ങളിൽ ജനങ്ങൾ വലയുമ്പോഴും സ്വയം ബ്രാൻഡ് ചെയ്യുന്ന മോദിയും ട്രംപും

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് റെക്കോർഡ് തുകയാണ് അടുത്ത കാലങ്ങളിൽ പിൻവലിച്ചത്

രാഷ്ട്രീയത്തെ വിപണിയായി മാറ്റിക്കൊണ്ട് സ്വയം ബ്രാൻഡ് ചെയ്യുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ  ഭരണമാതൃകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുടരുന്നത്. മാധ്യമ വാർത്തകളിലെ പ്രധാന തലക്കെട്ടുകളിൽ ഇരുവരും ഇടം പിടിക്കുന്നതും ഇതേ തന്ത്രം ഉപയോഗിച്ചുകൊണ്ടാണ്. ട്രംപിൻ്റെ  ആദ്യകാല ഭരണത്തെക്കുറിച്ച് പരാമർശിക്കുന്ന ഫയർ ആന്റ് ഫ്യൂരി എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയായ മൈക്കൽ വൂൾഫ്, മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായി മാറാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെക്കുറിച്ച് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു.

മോദിയും ട്രംപും നടപ്പിലാക്കുന്ന ഭരണനയങ്ങളിൽ അവരുടെ രാജ്യങ്ങൾ പല വെല്ലുവിളികളും നേരിടുന്നുവെന്ന റിപ്പോർട്ടുകൾ വരുമ്പോഴാണ്,  മാധ്യമങ്ങളിലെ തലക്കെട്ടുകളിൽ ഇരുനേതാക്കളും  നിറയുന്നത്. സാമ്പത്തിക തകർച്ച, സാമൂഹിക അശാന്തി, നയതന്ത്രപരമായ ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

8.1 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. ഇന്ത്യയിലെ കാർഷിക മേഖല ഉൽപാദനക്ഷമമില്ലാതെ തുടരുന്നുവെന്നത് രാജ്യത്തെ സുസ്ഥിര തൊഴിലവസരങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. കോർപ്പറേറ്റ് ലാഭം കുതിച്ചുയരുമ്പോഴും സാധാരണക്കാരന് ലഭിക്കുന്ന ശമ്പളത്തിന് വർദ്ധനവുണ്ടാകുന്നില്ല. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് റെക്കോർഡ് തുകയാണ് അടുത്ത കാലങ്ങളിൽ പിൻവലിച്ചത്. 2016 ലെ നോട്ട് നിരോധനം പോലുള്ള മോദിയുടെ നടപടികളാണ് സാമ്പത്തിക മാന്ദ്യം ഇത്രത്തോളം രൂക്ഷമാകാൻ കാരണമെന്ന് ദ വയറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

മോദി സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും വിപ്ലവകരമായ സാമ്പത്തിക നയങ്ങളെന്ന് വാദിച്ച് മോദിയുടെ അനുയായികൾ ഉയർത്തിക്കാട്ടുന്ന പലതും രാജ്യത്തിന് ദോഷകരമാണെന്നും  റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

2022 ഓടെ 100 സ്മാർട്ട് സിറ്റികൾ,  എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി, ബുള്ളറ്റ് ട്രെയിൻ തുടങ്ങി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഉറപ്പുകൾ എങ്ങുമെത്തിയിട്ടില്ലായെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ഗം​ഗാ നദി ശുദ്ധീകരിക്കുമെന്നുള്ള വാ​ഗ്ദാനമായിരുന്നു മറ്റൊന്ന്. കുംഭമേളയിൽ ഭക്തർ സ്നാനം നടത്തുന്ന ​ഗം​ഗയിലെ ജലം ഉപയോയ​ഗ​യോ​ഗ്യമല്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നി​ഗമനം ഏറെ ചർച്ചയായിരുന്നു. വിചിത്രമായ അവകാശവാദങ്ങളുന്നയിച്ചാണ് കേന്ദ്രം റിപ്പോർട്ടിനെ തള്ളിക്കളഞ്ഞത്. സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിൽ മോദിയുടെ ഭരണം ജനാധിപത്യവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ് പാലിക്കപ്പെടാത്ത വാ​ഗ്ദാനങ്ങളുടെ നീണ്ട നിര സൂചിപ്പിക്കുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനുള്ള പ്രധാന കാരണമിതാണെന്നും വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിച്ച് നടത്തിയ പ്രചാരണങ്ങളും ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. രാഷ്ട്രീയ പ്രശസ്തി നിലനിർത്താനുള്ള ഒരു ഉപകരണമായി വിശ്വാസത്തെ കേന്ദ്രം ഉപയോ​ഗിക്കുകയിരുന്നുവെന്ന് ചർച്ചകളും ഉയർന്നിരുന്നു. അതേസമയം ഇത്തരം നടപടികൾ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് കൂടുതൽ മോശമാക്കുകയാണ് ചെയ്തത്.

ബുൾഡോസർ അനീതി പോലുള്ള നടപടികളിലൂടെ മുസ്ലീങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചത് ന്യൂനപക്ഷ ധ്രൂവീകരണത്തിൻ്റെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരുകാലത്ത് മാധ്യമങ്ങളുടെ തലക്കെട്ടുകളിലൂടെ പ്രശസ്തി നേടിയെടുത്ത പ്രധാനമന്ത്രി, സ്വതന്ത്രമാധ്യമങ്ങളുടെ വരവോടെ കുറച്ച് പിന്നിലേക്ക് പോയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അത് വീണ്ടെടുക്കാനുള്ള കഠിനമായ ശ്രമത്തിൻ്റെ ഭാഗമാണ്  ഹിന്ദുവികാരത്തെ ഉണർത്തുന്ന തരത്തിലുള്ള പ്രവൃത്തികളെന്നതും സംശയമാണ്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള മോദിയുടെ ഈ നടപടികൾ 1.4 ബില്ല്യൺ ജനങ്ങളുടെ ഭാവി അനിശ്ചിതത്തിലാക്കുമെന്നും വയറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

Content Summary: Narendra Modi and Trump Focus on Branding While People Bear the Impact of Their Policies
us India 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment