കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചിന്തകളില്‍ മറ്റൊരു ജീവിതം സാധ്യമാക്കിയ ജ്ഞാനവ്യക്തിത്വമായിരുന്നു കെ കെ കൊച്ച്. ഇന്ന് രാവിലെ 11.20 ന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.kk kochu; dalit activist and writer passed away
ഉത്തരാധുനിക രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തെ മുന്നില്‍ നിന്നും നയിക്കാന്‍ കഴിഞ്ഞ ബുദ്ധിജീവിതമാണ് കെ കെ കൊച്ചിന്റേത്. നവോത്ഥാനത്തെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തുടര്‍ന്ന് നക്‌സലേറ്റ് പ്രസ്ഥാനങ്ങളും കേരളത്തില്‍ ജ്ഞാന വ്യവസ്ഥയെ നയിച്ചിട്ടുണ്ട്. അത്തരം ജ്ഞാന വ്യവസ്ഥകളില്‍ നിന്നും പുറത്താക്കപ്പെട്ട ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ അവര്‍ അനുഭവിക്കുന്ന എക്‌സ്‌ക്ലൂഷനുകളെ പൊതുധാരയുടെ ചിന്താ പദ്ധതിയായി കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നല്‍കിയ വിലപ്പെട്ട ഇടപെടല്‍. കേരളീയ സാമൂഹ്യ ജീവിതത്തിന് അന്നുവരെ അപരിചിതമായിരുന്ന ഒരു ലോകക്രമത്തെയാണ് അദ്ദേഹം വെളിച്ചമിട്ട് കാണിച്ചുതന്നത്.
കെ കെ കൊച്ച്
അതുവരെ ഉണ്ടായിരുന്ന ദലിത് വിമോചന സങ്കല്‍പ്പങ്ങള്‍ മേലാള രക്ഷാകര്‍തൃത്വത്തിന് കീഴില്‍ മാത്രം നിലനിന്നിരുന്നു. അവര്‍ ജ്ഞാനപരമായി നേതൃത്വം നല്‍കുന്ന സംരക്ഷിത ജനത എന്ന പരിഗണനയാണ് ദളിതര്‍ക്ക് എക്കാലത്തും ലഭിച്ചത്. എന്നാല്‍ ദളിത് വിഭാഗങ്ങളില്‍ നിന്നും തങ്ങള്‍ എന്താണെന്ന് സ്വയം നിര്‍ണയിക്കാനുതകുന്ന സവിശേഷമായ ഭാഷ നിര്‍മ്മിക്കുകയായിരുന്നു കെ കെ കൊച്ച്.
കോട്ടയം ജില്ലയിലെ കല്ലറയ്ക്കടുത്ത് മധുരവേലിയില്‍ 1949 ഫെബ്രുവരി 2 നാണ് കെ കെ കൊച്ച് ജനിച്ചത്. വയനാട്ടിലെ കാരാപ്പുഴയിലും ഏറെക്കാലം ജീവിച്ചു. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ബി.എസ്.സി വിദ്യാഭ്യാസം. നക്‌സല്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശസമിതി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്കി. 1986-ല്‍ ‘സീഡിയന്‍’ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. ഏറെക്കാലം കെഎസ്ആര്‍ടിസിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്.
സമകാലിക സാംസ്‌കാരിക ചര്‍ച്ചകളില്‍ പ്രബലമാണ് അദ്ദേഹത്തിന്റെ ദളിത് തത്വചിന്തകള്‍. അത്തരമൊരു തത്വചിന്തയ്ക്ക് കേരളത്തില്‍ ശക്തമായ അടിത്തറ പാകിയ വ്യക്തിത്വണ് കെ കെ കൊച്ച്. സര്‍വകലാശാല പഠനങ്ങളില്‍ ഇക്കാലത്ത് അദ്ദേഹത്തിന്റെ കൃതികള്‍ സുപരിചിതമാണ്. സമഗ്ര സംഭാവനയ്ക്കുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിക്കുകയുണ്ടായി.
ആനുകാലികങ്ങളിലും ടിവി ചാനല്‍ ചര്‍ച്ചകളിലും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. ‘ദലിതന്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. അംബേദ്കര്‍: ജീവിതവും ദൗത്യവും (എഡിറ്റര്‍), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, വചനം ബുക്‌സ് സാഹിത്യകാരനായ നാരായന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ദലിതന്‍ എന്ന് പേരുള്ള കെ കെ കൊച്ചിന്റെ ആത്മകഥ കേരളത്തിന്റെ ഒരു സമാന്തര ചരിത്രം തന്നെയാണ്. നക്‌സല്‍ അനന്തര സാംസ്‌കാരിക രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന കലാപവും സംസ്‌കാരവും എന്ന പുസ്തകമാണ് ആദ്യ കൃതി. കേരള ചരിത്രത്തിന്റെ വെട്ടിമാറ്റപ്പെട്ട ഏടുകളെയും കൂട്ടിച്ചേര്‍ക്കുന്നതോടൊപ്പം, പെരുംധാരാ ചരിത്രമെഴുത്തിന്റെ ഏകപക്ഷീയതയെ അപനിര്‍മിക്കുകയും ചെയ്ത ചരിത്ര പഠനകൃതിയാണ് കേരളചരിത്രവും സാമൂഹ രൂപീകരണവും, അംബേദ്കര്‍: ജീവിതവും ദൗത്യവും (എഡിറ്റര്‍), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം തുടങ്ങിയവയാണ് മുഖ്യ കൃതികള്‍. ആനുകാലികങ്ങളില്‍ എഴുതിയ സമാഹരിക്കപ്പെടാത്ത നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
തിരുത്തലും വീണ്ടെടുപ്പുമായി കേരളീയ സാംസ്‌കാരികധാരയെ മുന്നോട്ടുനയിച്ച കെ കെ കൊച്ചിന്റെ വേര്‍പാട് സാംസ്‌കാരിക രംഗത്ത് വലിയൊരു ശൂന്യത തന്നെ ബാക്കിയാക്കുന്നുണ്ട്… ആ ജ്ഞാന വെളിച്ചത്തിന് ഏറ്റവും ആദരവോടെ വിട.kk kochu; dalit activist and writer passed away
Content Summary: kk kochu; dalit activist and writer passed away