March 27, 2025 |
Share on

അദാനി ചോദ്യത്തിൽ വിയർത്ത് മോദി; വ്യക്തികളെക്കുറിച്ച് ചർച്ചകളില്ല

‘ഇന്ത്യയുടെ സംസ്കാരം വസുധൈവ കുടുംബകം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്’

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ, ​ഗൗതം അദാനിക്കെതിരെ യുഎസ് സർക്കാർ ഉന്നയിച്ച കോഴ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി നരേന്ദ്ര മോദി.

ഗൗതം അദാനിക്കെതിരായ കേസിൽ നിന്ന് അമേരിക്കയോട് പിന്മാറണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യം. എന്നാൽ ചോദ്യത്തിന് വ്യക്തമല്ലാത്ത മറുപടിയാണ് നരേന്ദ്ര മോദി നൽകിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും ഒരു വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങൾ രണ്ട് രാജ്യങ്ങളുടെ തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാറില്ലെന്നും മോദി പറഞ്ഞു.

‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെ സംസ്കാരവും ചിന്തയും വസുധൈവ കുടുംബകം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നതാണ് വസുദൈവ കുടുംബകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അദാനിക്കെതിരായ ആരോപണങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണ്. ഇത്തരം വ്യക്തപരമായ കാര്യങ്ങൾ രണ്ട് രാജ്യങ്ങളിലെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിൽ ചർച്ച ചെയ്യില്ല’, നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, വാർത്താസമ്മേളനത്തിൽ ഉന്നയിച്ച അദാനിയെക്കുറിച്ചുള്ള ചോദ്യത്തിൽ ട്രംപ് യാതൊരു പരാമർശവും നൽകിയിട്ടില്ല.

സൗരോര്‍ജ്ജ പദ്ധതികളുടെ കരാറുകളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2209 കോടി(265 മില്യണ്‍ ഡോളര്‍) കൈക്കൂലി നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ശതകോടീശരനുമായ ഗൗതം അദാനിക്കെതിരേ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. ഗൗതം അദാനിയെക്കൂടാതെ അദ്ദേഹത്തിന്റെ അനന്തിരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം. രാജ്യത്തെ ഏറ്റവും ബൃഹത്തായൊരു സൗരോര്‍ജ്ജ പദ്ധതിയുടെ നടത്തിപ്പിനായുള്ള കരാര്‍ കിട്ടാനായിരുന്നു അദാനി ഗ്രൂപ്പ് ശ്രമിച്ചത്. ഈ പദ്ധതിയിലൂടെ അടുത്ത 20 വര്‍ഷം കൊണ്ട് 16881 കോടി (രണ്ട് ബല്യണ്‍ ഡോളര്‍) ലാഭം അവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതിനായാണ് 265 മില്യണ്‍ ഡോളര്‍(2236 കോടി 70 ലക്ഷം) ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക, വ്യക്തിഗത നേട്ടത്തിനായി സാമ്പത്തിക വിപണിയില്‍ കൃത്രിമം കാണിക്കുക തുടങ്ങി ഗുരുതരമായ നിയമ ആരോപണങ്ങളാണ് 62 കാരനായ ഇന്ത്യന്‍ കോടീശ്വരന്‍ നേരിടുന്നത്.

അദാനിയെ ഒരു അമേരിക്കൻ കോടതിയിലേക്ക് കൊണ്ടുവരണമെങ്കിൽ, അമേരിക്ക അദ്ദേഹത്തെ കൈമാറാൻ അഭ്യർത്ഥിക്കേണ്ടതുണ്ട്. അദാനിക്കെതിരെ യുഎസ് ക്രിമിനൽ, സിവിൽ കുറ്റങ്ങൾ ചുമത്തിയതിനുശേഷം കോടതിയിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കേസിന്റെ നടപടി ക്രമങ്ങൾ നേരിടുന്നതിനായി അദാനിയെ കോടതിയിൽ ഹാജരാക്കണമെങ്കിൽ അദാനിയെ കൈമാറാൻ ഇന്ത്യയോട് അമേരിക്കക്ക് ആവശ്യപ്പെടേണ്ടി വരും.

അതേസമയം, ഉന്നത നിയമ സ്ഥാപനങ്ങളെയും ലോബിയിസ്റ്റുകളെയും നിയമിച്ചുകൊണ്ട് യുഎസിൽ രാഷ്ട്രീയ സ്വാധീനം വളർത്തിയെടുക്കാനും തന്റെ ബിസിനസ്സ് വളർത്താനും അദാനി ശ്രമിക്കുകയാണ്.

Content Summary: Narendra Modi Clarifies no discussion with Donald Trump on Gautam Adani issue
Gautam Adani Narendra Modi 

×