ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ പ്രധാനമന്ത്രി പദത്തില്‍ എന്ന ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി അധികാരത്തിലേറി. ഞായറാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് മോദി മൂന്നാം തവണയുടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്. Narendra modis third term nda government, thirty cabinet ministers, eleven new faces, seven women, four ex chief ministers
മോദിക്കൊപ്പം 72 മന്ത്രിമാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതില്‍ 30 പേര് കാബിനറ്റ് മന്ത്രിമാരാണ്. അഞ്ച് പേര് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാകും.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ഈ സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ചേരും. യോഗത്തിന് മുമ്പായി മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
മുതിര്‍ന്ന ബിജെപി നേതാക്കളും മുന്‍ മന്ത്രിസഭയിലെ അംഗങ്ങളുമായിരുന്ന രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍, പിയൂഷ് ഗോയല്‍ തുടങ്ങി 19 പേര് തങ്ങളുടെ കാബിനറ്റ് പദവി വീണ്ടും നിലനിര്‍ത്തി.
ധര്‍മേന്ദ്ര പ്രധാന്, പ്രഹ്ലാദ് ജോഷി, സര്‍ബാനന്ദ സോനോവാള്‍, വീരേന്ദ്ര കുമാര്‍, ഗിരിരാജ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, അശ്വനി വൈഷണവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കിരണ്‍ റിജ്ജു, ഹര്‍ദീപ് സിംഗ് പുരി, മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, ജി കിഷന് റഡ്ഡി എന്നിവരും കാബിനറ്റ് മന്ത്രിമാരായി തിരിച്ചെത്തും.
ബിജെപിയില്‍ നിന്നും കാബിനറ്റ് ടീമിലേക്ക് വരുന്ന പുതമുഖങ്ങള്‍, ജെ പി നഡ്ഡ, ശിവരാജ് സിംഗ് ചൗഹാന്, മനോഹര്‍ ലാല്‍ ഖട്ടാര്‍, സി ആര് പാട്ടീല്‍ എന്നിവരാണ്. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ആ മാസം കാലാവാധി പൂര്ത്തിയാക്കുമെന്നതിനാലാണ് മുതിര്‍ന്ന നേതാവായ നഡ്ഡ മന്ത്രിസഭയിലെത്തുന്നത്. മധ്യപ്രദേശില്‍ വീണ്ടും അധികാരം പിടിച്ചെങ്കിലും ദേശീയ നേതൃത്വം മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിയ നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്. ഇതിന്റെ നിരാശ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി മുഖവുമായ ചൗഹാന് ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടു വന്ന് അധികാരം കൊടുത്തിരിക്കുകയാണ്. മറ്റൊരു മുന്‍ ബിജെപി മുഖ്യമന്ത്രി കൂടി മന്ത്രിസഭയിലുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ദേശീയ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്, ഹരിയാനയില്‍ നടന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായി ഖട്ടര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റപ്പെടുന്നത്. ഗുജറാത്ത് ബിജെപി സംസ്ഥാന പ്രസിഡന്റായ സി ആര് പാട്ടീലിനെയും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിമാരായിരുന്ന അന്നപൂര്‍ണ ദേവി, ജുവല്‍ ഓറാം എന്നിവര്‍ക്ക് ഇത്തവണ കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതദള്‍ എസ് തലവനുമായ എച്ച് ഡി കുമാര സ്വാമി, തെലുഗു ദേശം പാര്‍ട്ടിയുടെ കെ റാം മോഹന്‍ നായിഡു, ജെഡിയുവിന്റെ ലലന്‍ സിംഗ്(രാജീവ് രഞ്ജന്‍). എല്‍ജെപിയുടെ ചിരാഗ് പാസ്വാന്, എച്ച് എ എം നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതിന് റാം മാഞ്ചി എന്നിവരാണ് ഘടകകക്ഷികളില്‍ നിന്നും കാബിനറ്റ് പദവി നേടിയവര്‍.
അഞ്ച് പേര്‍ക്കാണ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നു പേര് ബിജെപിയില്‍ നിന്നാണ്. റാവു ഇന്ദ്രജിത്ത്, സിംഗ്, അര്ജുന് മേഘ്വാള്, ജിതേന്ത്ര സിംഗ് എന്നിവരാണ് ബിജെപി മന്ത്രിമാര്‍. ഇവര്‍ മൂന്നു പേരും കഴിഞ്ഞ സര്‍ക്കാരിലും സമാന ചുമതല കിട്ടിയിരുന്നവരാണ്. ശിവസേനയുടെ ബുല്‍ധാന എംപിയായ പ്രതാപ് റാവു ജാദവ്, ആര് എല്‍ഡിയുടെ ജയന്ത് ചൗധരി എന്നിവരാണ് സഖ്യ കക്ഷികളില്‍ നിന്നുള്ള സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍.
ലോക്സഭയില്‍ ഇത്തവണ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ല. സഖ്യ കക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രധാന വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണ് വിവരമെങ്കിലും, കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഘടകകക്ഷി മന്ത്രിമാരെ പ്രത്യേകം പരിഗണിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 26 അംഗ കാബിനറ്റ് ആയിരുന്നിടത്താണ് ഇത്തവണ 30 അംഗങ്ങളായിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ മൂന്നു പേര് മാത്രമായിരുന്നു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, ഇത്തവണ അഞ്ചു പേരായി. 42 സഹമന്ത്രിമാരുടെ സ്ഥാനത്ത് ഇത്തവണ 37 പേര്.
മൂന്നാം മോദി സര്‍ക്കാരില്‍ 38 പേര് മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. ഇതില്‍ 11 പേര് കാബിനറ്റ് റാങ്കുകാരാണ്. രണ്ട് പേര് സ്വതന്ത്ര ചുമതലയുള്ളവരും. 25 പുതുമുഖങ്ങള്‍ സഹമന്ത്രിമാരായുണ്ട്. മലയാളികളായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന് എന്നിവര്‍ സഹമന്ത്രിമാരായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ എംപിയായ സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയോ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
ഏഴ് വനിത മന്ത്രിമാരാണ് സര്‍ക്കാരില്‍ ഉള്ളത്. ഇതില്‍ ബിജെപിയില്‍ നിന്നുള്ള നിര്‍മല സീതാരാമന്, അന്നപൂര്‍ണ ദേവി എ്ന്നിവരാണ് കാബിനറ്റ് റാങ്കുള്ള വനിതകള്‍. അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, രക്ഷ ഖദ്സെ, സാവിത്രി താക്കൂര്‍, നിമുബെന്‍ ജയന്തിബംഭാനിയ എന്നിവര്‍ സഹമന്ത്രിമാരാകും.
ജയിച്ചിട്ടും ഇത്തവണ ഒഴിവാക്കപ്പെട്ട രണ്ടാം മോദി സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാരാണ് അനുരാഗ് താക്കൂര്‍, നാരായണ്‍ റാണെ, പുരുഷോത്തം രൂപാല എന്നിവര്‍. ആര് കെ സിംഗ്, മഹേന്ദ്ര നാഥ് പാണ്ഡെ, അര്ജുന് മുണ്ട,
സ്മൃതി ഇറാനി എന്നിവരും ഇത്തവണ മന്ത്രിസഭയിലില്ല. ഈ മുന്‍ കാബിനറ്റ് മന്ത്രിമാരും ഇത്തവണ തോറ്റു പോയ പ്രമുഖരാണ്.