നവ്യ നായര്‍ക്ക് കിട്ടിയ ‘മുല്ലപ്പൂ പിഴ’; മുയല്‍ അധിനിവേശം ഉണ്ടാക്കിയ നിയമക്കുരുക്ക്

ജൈവസുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്

വിമാനയാത്രയിൽ മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യാ നായർക്ക് കൊടുക്കേണ്ടി വന്ന പിഴ ഒന്നേകാൽ ലക്ഷം രൂപയായിരുന്നു. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നവ്യയ്ക്ക് പിഴ ഈടാക്കിയത്. ഓണത്തിന് തലയിൽ ചൂടാൻ ലേശം മുല്ലപ്പൂ സൂക്ഷിച്ചതിനാണോ നവ്യയ്ക്ക് പിഴ ചുമത്തിയതെന്ന് ചോദിക്കാൻ വരട്ടെ. രാജ്യത്തിന്റെ ജൈവസുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. ഓസ്ട്രേലിയയിൽ ഇങ്ങനൊരു നിയമം വന്നതിന് പിന്നിലൊരു അധിനിവേശത്തിന്റെ കഥയുണ്ട്. 1950ൽ രാജ്യത്തെ പ്രതിസന്ധിലാക്കിയത് മുയൽ അധിവേശമായിരുന്നു. വിനോദത്തിനായി കൊണ്ടുവന്ന മുയലുകൾ പിന്നീട് രാജ്യത്തിന് തന്നെ തലവേദനയായി തീർന്നു. അവയെ തടുക്കാനും രാജ്യത്തെ രക്ഷിക്കാനും ഒരു വൈറസിനെ തന്നെ ഓസ്‌ട്രേലിയയ്ക്ക് തെക്കേ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നു.

മുല്ലപ്പൂ മാത്രമല്ല രാജ്യത്ത് നിലനിൽക്കുന്ന ജൈവ സുരക്ഷ നിയമ പ്രകാരം വിദേശത്ത് നിന്നുള്ള ചെടികളോ പൂവുകളോ ഒന്നും തന്നെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ല.  ഓസ്ട്രേലിയയുടെ പരിസ്ഥിതിയ്ക്ക് ദോഷകരമായേക്കാവുന്ന സൂക്ഷ്മജീവികളോ രോഗങ്ങളോ ഇവയിലൂടെ രാജ്യത്ത് എത്തിയേക്കാമെന്നതാണ് പിഴയ്ക്ക് പിന്നിലെ കാരണം.

തെക്കൻ സംസ്ഥാനമായ വിക്ടോറിയയിലെ വിൻചെൽസിയിൽ തോമസ് ഓസ്റ്റിൻ എന്ന കർഷകന്റെ മുയൽവേട്ടയ്ക്കുള്ള മോഹമായിരുന്നു മുയൽ അധിനിവേശത്തിന് കാരണമായി തീർന്നത്. 1859ൽ ഇംഗ്ലണ്ടിൽനിന്നുള്ള 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം ഓസ്റ്റിൻ തുറന്നുവിട്ടു. വിനോദത്തിനായി വേട്ടയാടാനായിരുന്നു മുയലുകളെ ഓസ്റ്റിൻ ഓസ്ട്രേലിയയിലേക്ക് എത്തിച്ചത്. വേഗത്തിൽ പെറ്റുപെരുകിയ കാട്ടുമുയലുകൾ രണ്ടുവർഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവൻ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിച്ചു. മുയലുകളില്ലാത്ത ഭൂഖണ്ഡമായിരുന്നു ഓസ്‌ട്രേലിയ. അഞ്ചുകോടി വർഷത്തെ ഒറ്റപ്പെടലിൽ കഴിഞ്ഞ ആ ഭൂഖണ്ഡത്തിൽ മുയലുകളെ നശിപ്പിക്കാൻ കഴിയുന്ന ഒറ്റ രോഗാണുവോ ജീവിയോ ഉണ്ടായിരുന്നില്ല. മുയലുകൾക്ക് കണക്കില്ലാതെ പെറ്റുപെരുകാൻ ഇത് അനുകൂല സാഹചര്യമൊരുക്കി.

കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉൾപ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീർത്ത് ലക്ഷക്കണക്കിന് മുയലുകൾ കൂറ്റൻ തിരമാല പോലെ മുന്നേറി. വെട്ടുകിളി ആക്രമണം പോലെയായിരുന്നു അത്. പ്രതിവർഷം 75 കിലോമീറ്റർ വീതമായിരുന്നു അവയുടെ വ്യാപനം. 1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ൽസിലേക്കും വ്യാപിച്ചു. 1890ഓടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയും മുയൽ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു. മുയലുകൾ പച്ചപ്പ് തീർത്തതോടെ, ആടുകൾക്കും മറ്റ് വളർത്തു മൃഗങ്ങൾക്കും കൂടുതൽ അകലെയുള്ള മേച്ചിൽപുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിച്ചു.

പെർത്ത് നഗരം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലേക്ക് മുയലുകൾ വ്യാപിക്കുന്നത് തടയാൻ വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ നിർമിച്ചതാണ് മുയൽചാടാ വേലി. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ നിർമാണം ആരംഭിച്ച വേലി 1907 ൽ പൂർത്തിയായി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റർ നീളം. വലിയ പ്രതീക്ഷയോടെയാണ് നിർമിച്ചതെങ്കിലും, വേലി പരാജയമായി. കാരണം, മുയലുകൾ അതിനകം പടിഞ്ഞാറൻ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു. ഒടുവിൽ 1950ൽ മൈക്‌സോമ വൈറസിനെ ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയൽ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890കളിലെ കൊടിയ വരൾച്ച ഓസ്‌ട്രേലിയയെ ‌പ്രതിസന്ധിയിലാക്കുന്നത്. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരിക്കലും പഴയ ഹരിതാഭ തിരിച്ചു കിട്ടിയില്ല.

ഇത്തരത്തിൽ തദ്ദേശീയമായി തദ്ദേശീയമായി സസ്യ ജന്തുജാലങ്ങൾക്ക് ഭീഷണിയാവുന്ന ജീവികളിൽ നിന്ന് രക്ഷ നേടാനാണ് രാജ്യത്ത് ജൈവനിയമം ശക്തമാക്കിയിരിക്കുന്നത്. ന്യൂസിലാൻഡ് യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളിലും ബയോസെക്യൂരിറ്റി നിയമം നിലവിലുണ്ട്.

content summary: Actress Navya Nair violated biosecurity laws in Australia, which were established following the 1859 rabbit invasion

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment