മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എന്‍സിപി) ഇരുവിഭാഗങ്ങളുടെയും ലയനത്തിന് തൊട്ടു മുമ്പ്. ഫെബ്രുവരി 8-ന് ലയന പ്രഖ്യാപനത്തിന് വേദിയൊരുക്കാനായിരുന്നു പദ്ധതി.
ലയന ചര്‍ച്ചകള്‍ അതിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നും, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഔദ്യോഗികമായി ഒരുമിച്ചു ചേരുന്നതിനുള്ള കളമൊരുക്കാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും വാര്‍ത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അജിത് പവാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം വന്നിട്ടുണ്ടെങ്കിലും ഇതിന് പിന്നിലെ രാഷ്ട്രീയ പ്രക്രിയ മാറ്റമില്ലാതെ തുടരുമെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്.
ബുധനാഴ്ച വൈകി അജിത് പവാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബാരാമതിയിലെത്തിയ മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ അടിയന്തര പ്രാപ്തിയെക്കുറിച്ച് ഈ യോഗത്തില്‍ സംസാരിച്ചതായാണ് വിവരം.
ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി (എസ്പി) മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാകുന്നതിലേക്കുള്ള ഒരു ചുവടുവെപ്പായിരിക്കും ലയനമെന്നാണ് വിവരം. നിലവില്‍, അജിത് പവാര്‍ നയിച്ചിരുന്ന വിഭാഗം ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമാണ്. അതേസമയം ശരദ് പവാര്‍ വിഭാഗം ശിവസേന (യുബിടി), കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയിലെ അംഗവുമാണ്.
രണ്ട് എന്‍സിപി വിഭാഗങ്ങള്‍ക്കിടയിലെ പ്രധാന കണ്ണിയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍. ശരദ് പവാര്‍ വിഭാഗവുമായുള്ള ആശയവിനിമയ വാതിലുകള്‍ വീണ്ടും തുറക്കുന്നതിലും ചര്‍ച്ചകള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
മുതിര്‍ന്ന എന്‍സിപി (എസ്പി) എംഎല്‍എ ജയന്ത് പാട്ടീലും ശശികാന്ത് ഷിന്‍ഡെയും ലയന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ സ്ഥിരീകരിച്ചു. സാധ്യമായ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും ലയനത്തിന്റെ ഭാഗമായി പുതിയ മുഖങ്ങളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും അനൗദ്യോഗിക ചര്‍ച്ചകള്‍ പോലും നടന്നിരുന്നതായി സൂചനയുണ്ട്.
അജിത് പവാറിന്റെ വേര്‍പാട് എല്ലാവര്‍ക്കും വലിയ നഷ്ടമാണെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. ‘അടുത്ത കാലത്തായി ഞങ്ങള്‍ (ഇരു വിഭാഗങ്ങളും) അടിക്കടി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. ജനുവരി 16-ന് എന്റെ വസതിയില്‍ വെച്ച് തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ചര്‍ച്ചകള്‍ നടത്തി. ജനുവരി 17-ന് ശരദ് പവാര്‍ ജിയുടെ വീട്ടിലും യോഗം ചേര്‍ന്നു,’ അദ്ദേഹം വിശദീകരിച്ചു.
ലയന ചര്‍ച്ചകള്‍ നേരത്തെ ഉണ്ടാക്കിയ ധാരണകള്‍ക്ക് അനുസൃതമായാണ് മുന്നോട്ട് പോയിരുന്നതെന്ന് ഷിന്‍ഡെ പറഞ്ഞു. ‘സത്യം സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ഒന്നിക്കുമെന്ന് അജിത് പവാര്‍ സൂചിപ്പിച്ചിരുന്നു. ശരദ് പവാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടിക്കൊണ്ടാണ് അജിത് ദാദ ഇത് പറഞ്ഞത്. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും,’ പ്രക്രിയ വൈകിയേക്കാമെങ്കിലും അത് തുടരുമെന്ന സൂചന നല്‍കിക്കൊണ്ട് ഷിന്‍ഡെ വ്യക്തമാക്കി.
പൂനെ, പിംപ്രി-ചിഞ്ച്വാഡ് നഗരസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് എന്‍സിപി വിഭാഗങ്ങളും ഒന്നിച്ച് മത്സരിച്ചതോടെയാണ് പുനരേകീകരണ ചര്‍ച്ചകള്‍ക്ക് വേഗത ലഭിച്ചത്. ഇരുപക്ഷവും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ പരസ്യമായ സൂചനകളും മാധ്യമ റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു. നേതാക്കള്‍ പരസ്പരം വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കുകയും ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതായി വ്യക്തമാക്കുകയും ചെയ്തു.
വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ‘ജില്ലാ പരിഷത്ത് ഫലത്തിന് ശേഷം ലയനം പ്രഖ്യാപിക്കാനായിരുന്നു തന്ത്രം. ഫെബ്രുവരി 8 ആയിരുന്നു പ്രഖ്യാപനത്തിനായി നിശ്ചയിച്ചിരുന്ന താല്‍ക്കാലിക തീയതി,’ ഒരു എന്‍സിപി (എസ്പി) നേതാവ് പറഞ്ഞു.
പൊതുറാലികളിലും അജിത് പവാര്‍ ലയനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ‘ഞങ്ങള്‍ ഒന്നിക്കുന്നതില്‍ ചിലര്‍ക്ക് എന്താണ് ഇത്ര വിഷമം?’ എന്നായിരുന്നു ഒരിക്കല്‍ അജിത്ത് പവാറിന്റെ മറുചോദ്യം.
Content Summary; Ajit Pawar’s unexpected demise has thrown the merger of NCP elements into uncertainty
This post was last modified on January 30, 2026 9:02 am
Leave a Comment