June 26, 2026 |
Share on

ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം

വിമാനം പൂര്‍ണമായും കത്തിനശിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) വിമാനാപകടത്തില്‍ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേരും അപകടത്തില്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ഏകദേശം ഒമ്പത് മണിയോടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാല് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബാരാമതിയിലേക്ക് തിരിച്ചത്. അപകടസ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച മുംബൈയില്‍ നടന്ന നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യ വികസന കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അജിത് പവാര്‍ ബാരാമതിയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു.

മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് രാവിലെ ബാരാമതിയിലേക്ക് യാത്ര തിരിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോകവെയാണ് ദൗര്‍ഭാഗ്യകരമായ ഈ അപകടം സംഭവിച്ചത്.

എൻസിപി നേതാവും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ജീവനക്കാരും രണ്ട് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. “ഇതുവരെ ആറ് മൃതദേഹങ്ങളാണ് ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. വിമാനം തകർന്നുവീണ ഉടനെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങളാണ് ആദ്യം കണ്ടെടുക്കാൻ സാധിച്ചത്” പൂനെ പോലീസ് സൂപ്രണ്ട് സന്ദീപ് ഗിൽ സംഭവത്തെക്കുറിച്ച് പറഞ്ഞു.

എന്‍സിപി സ്ഥാപകന്‍ ശരദ് പവാറിന്റെ അനന്തരവനും ലോക്സഭാ എംപി സുപ്രിയ സുലെയുടെ കസിനുമാണ് അജിത് പവാര്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരമറിഞ്ഞ് ഡല്‍ഹിയില്‍ നിന്നും ശരദ് പവാറും സുപ്രിയ സുലെയും പൂനെയിലേക്ക് തിരിച്ചു.

Content Summary: Maharashtra deputy CM Ajit Pawar killed in tragic plane crash

Leave a Reply

Your email address will not be published. Required fields are marked *

×