എന്‍സിപിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ തീരുമാനമാകാത്തത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം രൂക്ഷമാക്കുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ തുടരുന്നതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് എകെ ശശീന്ദ്രന്‍. തോമസ് കെ തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രിയേ വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വം. ശശീന്ദ്രനെ താഴെയിറക്കാന്‍ തോമസ് കെ തോമസിനൊപ്പം ചരടുവലികളോടെ രംഗത്തുള്ളത് എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോയാണ്.NCP tightens the dispute
മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എകെ ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തോമസ് കെ തോമസ് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിന് രാജിവയ്ക്കണമെന്നാണ് ശശീന്ദ്രന്‍ ചോദിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയതോടെ രാജിവയ്ക്കില്ലെന്ന സൂചന കൂടിയാണ് നല്‍കിയിരിക്കുന്നത്.
നിലവില്‍ രണ്ട് എംഎല്‍എ മാരാണ് കേരള നിയമസഭയില്‍ എന്‍സിപിക്ക് ഉള്ളത്. 2021 ല്‍ സര്‍ക്കാര്‍ രൂപീകരണ സമയത്ത് എന്‍സിപിയില്‍ മന്ത്രിസ്ഥാനം പങ്കുവയ്ക്കല്‍ ഒരു ചര്‍ച്ചയേ അല്ലായിരുന്നു. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ദേശീയ നേതാവായിരുന്ന പ്രഫൂല്‍ പട്ടേല്‍, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ്, അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയില്‍ ധാരണയാകുകയായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ പൊട്ടിത്തെറികളുടെ ഫലമായി എന്‍സിപി ദേശീയ നേതൃത്വം പിളരുകയും പ്രഫുല്‍ പട്ടേല്‍ ശരദ് പവാറില്‍ നിന്ന് അകലുകയും ചെയ്തു. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ടിപി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനൊപ്പമായതിനാല്‍ തന്നെ മന്ത്രിസ്ഥാനം വച്ചുമാറുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനും സാധിക്കില്ല.
ഒറ്റ എംഎല്‍എ മാത്രമുള്ള ഘടക കക്ഷികളായ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി തുടങ്ങിയവയില്‍ ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആദ്യ രണ്ടരവര്‍ഷവും മറ്റ് രണ്ട് പാര്‍ട്ടികള്‍ക്ക് തുടര്‍ന്നുള്ള രണ്ടരവര്‍ഷവുമാണ് മന്ത്രിസ്ഥാനം ക്രമപ്പെടുത്തിയിരിക്കുന്നത്. അത് പ്രകാരമാണ് അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ആദ്യം മന്ത്രിയായത്. പിന്നീട് കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ്‌കുമാറും മന്ത്രിമാരായി. രണ്ടരവര്‍ഷം എന്ന കാലയളവിനെ ഇവരെല്ലാം കൃത്യമായി തന്നെയാണ് പാലിച്ചത്.
മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയിലാണ് തോമസ് കെ തോമസ് എംഎല്‍എ. മന്ത്രിസ്ഥാനം കിട്ടാതെ മുന്നോട്ടില്ലെന്ന വാശിയിലാണ് തോമസ് പക്ഷം. ഇതേത്തുടര്‍ന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും, തോമസ് കെ തോമസും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. ശരദ് പവാറിനെ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്താനാണ് ഇരുവരുടെയും നീക്കം. എന്നാല്‍ മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് വനം വകുപ്പ് മന്ത്രി കൂടിയായ എകെ ശശീന്ദ്രന്റെ നിലപാട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. അതേസമയം, എകെ ശശീന്ദ്രന്‍ ഉടനെ രാജിവയ്ക്കുമെന്നും താന്‍ മന്ത്രിയാകുമെന്നും ആവര്‍ത്തിക്കുകയാണ് തോമസ് കെ തോമസ് എംഎല്‍എ. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭിന്നതകള്‍ മറന്ന് ഒന്നിച്ചതോടെയാണ് ശശീന്ദ്രനെ താഴെയിറക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമായത്.
എന്‍സിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു മറുപടി ലഭിച്ചത്. ഇതിനൊക്കെ പുറമെയാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ച സംബന്ധിച്ച് പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞതാകട്ടെ ‘ആര്‍ക്കും പാര്‍ട്ടി ഉണ്ടാക്കാം, അന്‍വര്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്’ എന്നായിരുന്നു. ഇതോടെ തോമസ് കെ തോമസിന് കിട്ടാനിരുന്ന മന്ത്രിസ്ഥാനമാണ് തെറിച്ചത്. കൂടാതെ പിവി അന്‍വറിന്റെ സഹോദരന്‍ പിവി അജ്മല്‍ എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.
2006 മുതല്‍ നാല് നിയമസഭകളില്‍ എംഎല്‍എയാണ് എകെ ശശീന്ദ്രന്‍. 1980, 1982 വര്‍ഷങ്ങളിലെ ജയം കൂടി കണക്കിലെടുത്താല്‍ ആറ് തവണ നിയമസഭാംഗമായിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ പിണറായി സര്‍ക്കാരിലും മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഇത്തവണയും മന്ത്രിപദവി വിട്ടുനല്‍കാന്‍ തയ്യാറാകാത്തത് അദ്ദേഹത്തിന്റെ അധികാരമോഹത്തെ കൂടിയാണ് തുറന്നുകാട്ടുന്നത്. 2011 മുതല്‍ എകെ ശശീന്ദ്രന്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. ഇതേ മണ്ഡലത്തില്‍ തന്നെയാണ് പിസി ചാക്കോയും കണ്ണുവയ്ക്കുന്നത്. ചാക്കോയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍വേണ്ടിയാണ് എന്‍സിപിയില്‍ മന്ത്രിതര്‍ക്കം പുകയുന്നതെന്ന സൂചനകളുമുണ്ട്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും എകെ ശശീന്ദ്രനും ബന്ധുക്കളാണെന്നതും ശശീന്ദ്രന് അനുകൂലമായി കാര്യങ്ങള്‍ എത്താന്‍ കാരണമാകുന്നതായി തോമസ് പക്ഷം ആരോപിക്കുന്നു. എന്നിരുന്നാലും തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന ഉറച്ച നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും, ആന്റണി രാജുവിനും 50 കോടി വീതം എന്‍.സി.പി എം.എല്‍.എ ആയ തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്ന ആരോപണം അടുത്തിടെ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
ഇത്തരമൊരു ആരോപണം മന്ത്രിസ്ഥാനം മോഹിച്ചിരുന്ന തോമസ് കെ തോമസിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മന്ത്രി സാധ്യതയുടെ എല്ലാ വഴികളും അടഞ്ഞത്. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിനായി എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പിടിമുറുക്കിയ പശ്ചാത്തലത്തിലായിരുന്നു കോഴ ആരോപണം ഉയര്‍ന്നത്. എന്നാല്‍ കോഴ ആരോപണത്തില്‍ തോമസ് കെ തോമസിന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനായിരുന്നു ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സിപിഎം ഇപ്പോഴും ഈ വിഷയത്തില്‍ തോമസ് കെ തോമസിനെ കുറ്റക്കാരനായാണ് കാണുന്നത്. ഇതാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിന് തടസ്സമായിരിക്കുന്നത്. മന്ത്രിക്കസേരയ്ക്കായുള്ള പിടിവലികള്‍ മുറുകുന്നതോടെ എന്‍സിപിയുടെ പിളര്‍ച്ചയിലേക്ക് കൂടിയാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ തല്ക്കാലം പിണറായി വിജയനും എല്‍ഡിഎഫും തയ്യാറല്ല. എന്‍സിപിക്ക് സ്വന്തം മന്ത്രിയെ പിന്‍വലിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അടുത്ത മന്ത്രിക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് ഒക്‌ടോബര്‍ മൂന്നിന് മുഖ്യമന്ത്രി എന്‍സിപി നേതാക്കളോട് പറഞ്ഞത്. പക്ഷേ, ഈ കാത്തിരിപ്പില്‍ പുതിയ മന്ത്രിക്കസേര കിട്ടുമെന്നതില്‍ എന്‍സിപിക്ക് യാതൊരു ഉറപ്പുമില്ല. അതായത് ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസ് മന്ത്രിയാകില്ല എന്നു തന്നെയാണ് പിണറായി വിജയനും പറയാതെ പറയുന്നത്. ശശീന്ദ്രനെ നിര്‍ബന്ധിപ്പിച്ച് മന്ത്രിപദവിയില്‍ നിന്നും മാറ്റിയാല്‍ ഇനിയുള്ള രണ്ടുവര്‍ഷം മന്ത്രിയില്ലാതെ തുടരേണ്ടി വരുമെന്ന ആശങ്കയും എന്‍സിപി നേതൃത്വത്തിനുണ്ട്.NCP tightens the dispute
Content Summary: NCP tightens the dispute
Thomas k thomas ak sasheendran kerala politics latest news sharad pawar pinarayi vijayan