UPDATES

നായിഡുവിന് വേണ്ടത് പ്രത്യേക പദവി, നിതീഷിന് വേണം റെയില്‍വേ

ടിഡിപിയുടെയും ജെഡിയുവിന്റെയും ഡിമാന്‍ഡുകള്‍ ബിജെപിക്ക് തള്ളാനാകില്ല

                       

രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകളെല്ലാം തന്നെ ബിജെപിയുടെ കൈയിലായിരുന്നു. സഖ്യകക്ഷികള്‍ക്ക് അവര്‍ ചോദിച്ചതല്ല, ബിജെപി കൊടുത്ത വകുപ്പുകള്‍ മാത്രമാണ് കിട്ടിയത്. അതൊക്കെയും അപ്രധാനമായവായിരുന്നു. ഇത്തവണ ബിജെപിയുടെ നില പരുങ്ങലിലായതോടെ സഖ്യ കക്ഷികളുടെ ആവശ്യത്തിന് കനംകൂടും. ചില ഫോര്‍മുലകളൊക്കെ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ടിഡിപിയെയും ജെഡിയുവിനെയും സമാധാനിപ്പിക്കാന്‍ അതുകൊണ്ട് കഴിയാതെ വരും. 16 സീറ്റുള്ള തെലുഗു ദേശം പാര്‍ട്ടിയുടെയും 12 സീറ്റുള്ള ജനതദള്‍ യു-ന്റെയും സഹായം 240 ല്‍ ഒതുങ്ങിയ ബിജെപിക്ക് ആവശ്യമാണ്. nda allies demands, nitish kumar wants three cabinet post including railway, chandrababu naidu wants special state category for andhra pradesh

ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ചന്ദ്രബാബു നായിഡു തന്റെ ഡിമാന്റുകള്‍ അവതരിപ്പിച്ചുവെന്നാണ് വിവരം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നതാണ് നായിഡുവിന്റെ പ്രധാന ആവശ്യം. അമരാവതി കേന്ദ്രീകരിച്ച് പുതിയ തലസ്ഥാനം എന്നത് നായിഡുവിന്റെ സ്വപ്‌നമായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ താഴെയിറക്കി വീണ്ടും അധികാരത്തില്‍ എത്തിയതോടെ അമരാവതി സ്വപ്‌നം യാഥാര്‍ത്ഥമാക്കുന്നതിലായിരിക്കും നായിഡുവിന്റെ പ്രഥമ പരിഗണ. അതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നു വാങ്ങിയെടുക്കാനായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലത്തുക.

ചരിത്രപരമോ ഭൂമിശാസ്ത്രപരമോ സാമ്പത്തികപരമോ പോരായ്മ നേരിടുന്ന സംസ്ഥാനങ്ങളുടെ വികസനത്തിനും വേഗത്തിലുള്ള വളര്‍ച്ചയ്ക്കും വേണ്ട സഹായം ചെയ്യുന്നതിന് അവയ്ക്ക് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നത് അഞ്ചാം ധനകാര്യ കമ്മീഷന്റെ ആവശ്യമായിരുന്നു.
കുന്നിന്‍ പ്രദേശങ്ങള്‍ നിറഞ്ഞ ദുഷ്‌കരമായ ഭൂമിക, കുറഞ്ഞ ജനസാന്ദ്രത, കൂടിയ ഗോത്രജനസംഖ്യ, തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതിര്‍ത്തികള്‍, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നാക്കാവസ്ഥ, സംസ്ഥാന ധനകാര്യ സംവിധാനങ്ങളുടെ ലാഭകരമല്ലാത്ത സ്വഭാവം തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി പ്രത്യേക സംസ്ഥാന പദവി അംഗീകരിക്കുന്നതിന് പരിഗണിക്കപ്പെടുന്നത്.

നിലവില്‍ ഇന്ത്യയിലെ 11 സംസ്ഥാനങ്ങള്‍ പ്രത്യേക പദവി നേടിയിട്ടുണ്ട്. എല്ലാ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഈ പദവിയുണ്ട്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്താരഖണ്ഡ് സംസ്ഥാനങ്ങളും അവയുടെ തന്ത്രപ്രധാനമായ സ്ഥാനവും ഭൂപ്രകൃതിയും പരിഗണിച്ച് പ്രത്യേക പദവി നേടിയിട്ടുണ്ട്.

ആന്ധ്രയ്ക്ക് പുറമെ ബിഹാറും ഒഡീഷയും പ്രത്യേക പദവിക്കായി ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ബിഹാര്‍ ഭരിക്കുന്നത് നിതീഷ് കുമാറിന്റെ ജെഡിയു ആണ്. എന്‍ഡിഎ സഖ്യത്തില്‍ ടിഡിപിക്ക് പിന്നിലായി സീറ്റ് എണ്ണത്തില്‍ രണ്ടാമതുള്ള പാര്‍ട്ടിയാണ് ജെഡിയു. ഒഡീഷയില്‍ ഇനി വരുന്നത് ബിജെപി സര്‍ക്കാരാണ്.

സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തിനു പുറമെയാണ് സുപ്രധാന കാബിനറ്റ് മന്ത്രി സ്ഥാനങ്ങളും തെലുഗു ദേശം പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇതില്‍ ഒരു മന്ത്രി സ്ഥാനം മകന് വേണ്ടി പ്രത്യേകം പറഞ്ഞുറപ്പിക്കുകയാണ് നായിഡു. മകന്‍ നാര ലോകേഷ് മനഗലഗിരി മണ്ഡലത്തില്‍ നിന്നും ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്.

അഞ്ച് കാബിനറ്റ് പദവികളും ധന വകുപ്പില്‍ ഒരു സഹമന്ത്രിയുമാണ് നായിഡുവിന്റെ ആവശ്യമായി കേള്‍ക്കുന്നത്. റോഡ്, പഞ്ചായത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ടിഡിപിക്ക് താത്പര്യം. ആഭ്യന്തരത്തിലും പ്രതിരോധത്തിലും നായിഡുവിന്റെ കണ്ണുടക്കിയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷായും രാജ്‌നാഥ് സിംഗും കൈകാര്യം ചെയ്ത വകുപ്പുകളാണിവ.

2019 ല്‍ ജെഡിയുവിന് 16 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ ബിജെപി ആകെ നല്‍കിയത് ഒരേയൊരു മന്ത്രി സ്ഥാനമായിരുന്നു. കാരണം, അന്ന് 303 സീറ്റുകളുമായി ബിജെപിക്ക് ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. സഖ്യ കക്ഷികളെ പേടിക്കേണ്ടതില്ലായിരുന്നു. ഇത്തവണ 12 ആയി ചുരുങ്ങിയിട്ടും നിതീഷിനെ ആവശ്യമാണ്.

റെയില്‍വേ, ഗ്രാമ വികസനം, ജല സേചനം എന്നീ വകുപ്പകളാണ് ജെഡിയു നോട്ടമിട്ടിരിക്കുന്നതെന്നാണ് വിവരം. ഗതാഗതവും കൃഷിയുമാണ് മറ്റ് രണ്ട് ചോയ്‌സുകള്‍. നിതീഷ് കുമാര്‍ മുന്‍ എന്‍ഡിഎ സര്‍ക്കാരില്‍ റെയില്‍വേ, കൃഷി, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളയാളുമാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന വകുപ്പുകള്‍ ഞങ്ങളുടെ എംപിമാര്‍ ഏറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ബിഹാര്‍ ജല പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ്. ജലവിതാനം കുറയുകയും അതോടൊപ്പം വെള്ളപ്പൊക്കത്തിന്റെ വെല്ലുവിളി നേരിടേണ്ടി വരികയും ചെയ്യുന്നതുകൊണ്ട് ജലശക്തി വകുപ്പ് ഞങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്’ എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. അടുത്ത വര്‍ഷം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നേരിടുമെന്നതിനാല്‍ നിതീഷും ജെഡിയുവും ഭരണം നിലനിര്‍ത്താന്‍ വേണ്ടുന്നതൊക്കെയും കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കുമെന്ന് ഉറപ്പാണ്.

ഏഴ് സീറ്റുകള്‍ സ്വന്തമാക്കിയ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവ്‌സേന ഒരു കാബിനറ്റ് വകുപ്പും രണ്ട് സഹമന്ത്രി സ്ഥാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സീറ്റുകളുള്ള ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും റെയില്‍വേ വകുപ്പിന് ആഗ്രഹിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു സഹമന്ത്രി സ്ഥാനവും. ജനതദള്‍(എസ്) നേതാവ് എച്ച് ഡി കുമാര സ്വാമി കേന്ദ്രസര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയാകാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നും രണ്ട് സീറ്റുകളുണ്ട് ജെഡിഎസ്സിന്. ബിഹാറില്‍ നിന്നുള്ള ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയും ഒരു കാബിനറ്റ് പദവിക്ക് ആഗ്രഹിക്കുന്നുണ്ട്.

Content Summary; nda allies demands, nitish kumar wants three cabinet post including railway, chandrababu naidu wants special state category for andhra pradesh

Share on

മറ്റുവാര്‍ത്തകള്‍