‘ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല’; നീറ്റ് ക്രമക്കേടിന്റെ ഇരയായ 18 കാരിയുടെ ആത്മഹത്യ കുറിപ്പ്

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് മധ്യപ്രദേശ് സ്വദേശിയായ 18-കാരി ജീവനൊടുക്കിയത്

NEET student suicide Nagpur

‘അമ്മേ, അച്ഛാ… നിങ്ങളുടെ മകള്‍ കഠിനമായി പഠിച്ച് ഒരു ഡോക്ടറാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ ഇനിയൊരു തവണ കൂടി നീറ്റ് പരീക്ഷയെഴുതാനുള്ള ധൈര്യം എനിക്കില്ല…’ രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പതിനെട്ടുകാരി ആകാന്‍ഷാ ചതുര്‍വേദിയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ വരികളാണിത്. മേയ് 20-നായിരുന്നു മധ്യപ്രദേശ് സ്വദേശിനിയും നാഗ്പൂരില്‍ കോച്ചിംഗിന് ചേര്‍ന്ന് പഠിക്കുകയുമായിരുന്ന ആകാന്‍ഷാ ആത്മഹത്യ ചെയ്തത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ബന്ധുക്കള്‍ മുറിയിലെ സാധനങ്ങള്‍ ഒതുക്കുന്നതിനിടയിലാണ് ഹൃദയഭേദകമായ ഈ കുറിപ്പ് കണ്ടെത്തിയത്.

ആദ്യശ്രമത്തില്‍ തന്നെ തനിക്ക് നല്ല മാര്‍ക്ക് ലഭിക്കുമായിരുന്നെന്നും എന്നാല്‍ വീണ്ടുമൊരു പരീക്ഷയെഴുതിയാല്‍ നന്നായി ചെയ്യാന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും, താന്‍ എല്ലാം നശിപ്പിച്ചെന്നും മാതാപിതാക്കളോട് മാപ്പുചോദിച്ചുകൊണ്ട് ആകാന്‍ഷ കുറിപ്പില്‍ എഴുതിയിരുന്നു. മേയ് 3-ന് നടന്ന നീറ്റ് പരീക്ഷയില്‍ രാജ്യത്തുടനീളം 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. എന്നാല്‍ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പുറത്തുവന്നതോടെ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21-ലേക്ക് പുനഃപരീക്ഷ നിശ്ചയിക്കുകയുമായിരുന്നു. പരീക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത വന്നതോടെ ആകാന്‍ഷയുടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായതായി പിതാവ് കൃഷ്ണകുമാര്‍ ചതുര്‍വേദി പറഞ്ഞു. പരീക്ഷ കഴിഞ്ഞയുടന്‍ വളരെ സന്തോഷത്തോടെയാണ് മകള്‍ വിളിച്ചതെന്നും എന്നാല്‍ പരീക്ഷ റദ്ദാക്കിയതോടെ തന്റെ കഠിനാധ്വാനം മുഴുവന്‍ വെറുതെയായെന്ന നിരാശയിലായിരുന്നു അവളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി നാഗ്പൂരില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മകളുടെ പഠനത്തിനായി വലിയ തുകയാണ് ചിലവഴിച്ചത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും ബന്ധുക്കളില്‍ നിന്നുമായി മൂന്ന് ലക്ഷത്തോളം രൂപ കടമെടുത്താണ് ആകാന്‍ഷയെ കോച്ചിംഗിന് ചേര്‍ത്തത്. അച്ഛന് പലതവണ ഹൃദയാഘാതം ഉണ്ടായതും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വലിയ തുക ചിലവായതും ആകാന്‍ഷയ്ക്ക് അറിയാമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ബോധവതിയായിരുന്ന അവള്‍, ഇത്തവണ പരീക്ഷ പാസ്സായില്ലെങ്കില്‍ അടുത്ത തവണത്തേക്ക് പണം കണ്ടെത്താന്‍ കുടുംബത്തിന് കഴിയില്ലെന്ന വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മേയ് 20-ന് ഉച്ചഭക്ഷണത്തിന് അമ്മ വിളിച്ചപ്പോള്‍ വിശപ്പില്ലെന്ന് പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ച ആകാന്‍ഷയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാഗ്പൂരിലെ അംബസാരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ആകാന്‍ഷയുടെ മരണം പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ആകാന്‍ഷയുടേത് ആത്മഹത്യയല്ലെന്നും രാജ്യത്തെ തകര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായം മൂലമുണ്ടായ കൊലപാതകമാണെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ചോദ്യപേപ്പര്‍ ചോരുകയും പരീക്ഷകള്‍ റദ്ദാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു തലമുറ മുഴുവന്‍ അതിന്റെ വില കൊടുക്കേണ്ടി വരികയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനഃപരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കുള്ള നീതിയല്ലെന്നും പരീക്ഷാ ക്രമക്കേടുകള്‍ കാരണം നിരവധി കുട്ടികളാണ് ജീവനൊടുക്കുന്നതെന്നും ഇവര്‍ക്ക് എന്നാണ് നീതി ലഭിക്കുകയെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും എക്സിലൂടെ ചോദിച്ചു.

Content Summary: An 18-year-old NEET aspirant from MP died by suicide in Nagpur after the exam was cancelled due to a paper leak.

This post was last modified on June 4, 2026 5:51 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment