നെറ്റ്ഫ്ലിക്‌സിൽ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകള്‍ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകള്‍. നെറ്റ്ഫ്ലിക്സിന്റെ പുതിയ ടിവി ഷോയിലാണ് എഐ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്. ജനറേറ്റീവ് എഐ ഫൂട്ടേജ് ഉപയോഗിച്ച് നിർമ്മിച്ച ആദ്യ അർജന്റീനിയൻ സയൻസ് ഫിക്ഷൻ പരമ്പരയാണ് എൽ എറ്റെർനൗട്ട (ദി എറ്റെർനൗട്ട്) എന്ന് നെറ്റ്ഫ്ലിക്സിന്റെ സഹ-ചീഫ് എക്സിക്യൂട്ടീവ് ആയ ടെഡ് സരണ്ടോസ് പറഞ്ഞു. ചിത്രങ്ങളുടെ പരമ്പരകളുടെയും നിർമ്മാണചിലവ് കുറയ്ക്കാൻ മാത്രമല്ല അവിശ്വസനീയമായ വിധത്തിലുള്ള ഫീച്ചറുകൾ കൂടിയാണ് എഐ നമുക്ക് സമ്മാനിക്കുന്നതെന്ന് ടെഡ് സരണ്ടോസ് പറഞ്ഞു.
വിനാശകരവുമായ മഞ്ഞുവീഴ്ചയെ അതിജീവിച്ചവരെക്കുറിച്ചാണ് പരമ്പര പറയുന്നത്. ഇതിൽ ബ്യൂണസ് ഐറിസിൽ ഒരു കെട്ടിടം തകർന്നുവീഴുന്നത് കാണിക്കാനായി എഐ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ നെറ്റ്ഫ്ലിക്സും വിഷ്വൽ ഇഫക്റ്റ്സ് (VFX) ആർട്ടിസ്റ്റുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ടെഡ് സരണ്ടോസ് പറഞ്ഞു.
എഐ ഉപകരണങ്ങൾ ഉപയോഗിച്ച് സാധാരണയേതിനേക്കാൾ വേഗതയിൽ തങ്ങൾക്ക് രംഗം പൂർത്തിയാക്കാൻ കഴിഞ്ഞു. പരമ്പരാഗത VFX ഉപകരണങ്ങളും വർക്ക്ഫ്ലോകളും ഉപയോഗിച്ച് പൂർത്തിയാക്കാൻ കഴിയുമായിരുന്നതിനേക്കാൾ 10 മടങ്ങ് വേഗത്തിൽ ആ VFX ശ്രേണി പൂർത്തിയാക്കിയതെന്നും ടെഡ് സരണ്ടോസ് പറഞ്ഞു. സാധാരണ ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഷോയ്ക്ക് ഫണ്ട് നൽകാൻ AI ഉപകരണങ്ങളുടെ ഉപയോഗം നെറ്റ്ഫ്ലിക്സിന് സഹായിച്ചു. വിനോദ വ്യവസായത്തിൽ ജനറേറ്റീവ് എഐയുടെ ഉപയോഗം, പ്രത്യേകിച്ച് തൊഴിൽ വെട്ടിക്കുറവിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. 2023 മുതൽ ഇക്കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിന് പകരം അവരുടെ നിയന്ത്രണത്തിൽ എഐ സംവിധാനങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടതെന്ന കരാറുകളും ഇവർ നേടിയിരുന്നു.
മുൻപ് നെറ്റ്ഫ്ലിക്സിലെ സെർച്ച് എഞ്ചിനിലും എഐ ഉപയോഗിച്ചുള്ള മാറ്റങ്ങൾ പ്ലാറ്റ്ഫോം വരുത്തിയിരുന്നു. സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐ അധിഷ്ടിത എഐ ടൂള്‍ ആണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സവിശേഷത നിലവിൽ ലഭ്യമായിരുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ചില ഉപയോക്താക്കളിലാണ് സ്ട്രീമിംഗ് ഭീമൻ എഐ സെർച്ച് ഫീച്ചർ പരീക്ഷിച്ചുതുടങ്ങിയത്. ഉള്ളടക്ക കണ്ടെത്തലിലും ഒരു പ്രത്യേക പേര് തിരയുന്നതിലും ഉപയോക്താക്കളെ ഈ സവിശേഷത കൂടുതല്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പുതിയ സവിശേഷത ഉപയോക്താക്കളെ അവരുടെ മൂഡിന് അനുസരിച്ചുള്ള “വളരെ നിർദ്ദിഷ്ട പദങ്ങൾ” ഉപയോഗിച്ച് ഷോകളും സിനിമകളും കണ്ടെത്താൻ സഹായിക്കും. ഇന്ത്യയില്‍ മാത്രം ഒന്നരക്കോടിക്കടുത്ത് നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കളുണ്ട്.
content summary: Netflix integrates generative AI technology into a show for the first time