ഈ ആഴ്ച കൂടുതൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രായേലി ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിനെ ഇത് അട്ടിമറിക്കാൻ സാധ്യതകളേറെയാണ്. ഹമാസ് തങ്ങൾ തടവിലാക്കിയിരിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും ശനിയാഴ്ച മോചിപ്പിച്ചില്ലെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരുന്നു.
വെടിനിർത്തൽ റദ്ദാക്കുക, എല്ലാ പന്തയങ്ങളും ഇതാ ഇവിടെ അവസാനിച്ചു. വെടിനിർത്തലിനെപ്പറ്റി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ എന്റെ സ്വന്തം കാര്യം മാത്രമാണ് പറയുന്നത്. ഇസ്രായേലിന് അത് മറികടക്കാൻ കഴിയുമെന്നും അന്തിമ തീരുമാനം ഇസ്രായേലിന്റേതായിരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനുള്ള പ്രതികരണത്തിൽ അമേരിക്ക പങ്കുചേരുമോ എന്ന ചോദ്യത്തിന് പിന്നീട് മറുപടി നൽകാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഗാസയിൽ നിന്നുള്ള അഭയാർത്ഥികളെ ജോർദാനിലും ഈജിപ്തിലും സ്വീകരിച്ചില്ലെങ്കിൽ അവർക്കുള്ള സഹായം നിർത്തിവയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി എട്ട് മൃതദേഹങ്ങൾ ഉൾപ്പെടെ 16 പേരെ കൂടി ഇനി വിട്ടയക്കേണ്ടതുണ്ട്. ആകെ 76 ബന്ദികൾ ഇപ്പോഴും ഗാസ മുനമ്പിൽ തടവിലുണ്ട്. മാർച്ച് ആദ്യം ആരംഭിക്കേണ്ട രണ്ടാം ഘട്ടത്തിൽ മറ്റ് ജീവിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കേണ്ടതായിരുന്നു, ഇതുവരെയും അവരുടെ മോചനത്തിനുള്ള കാലാവധി നിശ്ചയിച്ചിട്ടില്ല.
വടക്കൻ ഗാസയിലേക്കുള്ള പലസ്തീനികളുടെ തിരിച്ചുവരവ് വൈകിപ്പിച്ചതും സഹായധനത്തിന്റെ വരവ് തടഞ്ഞതും സാധാരണക്കാരെ ആക്രമിച്ചതും ഉൾപ്പെടെയുള്ള വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതായി ഹമാസ് വക്താവ് അബു ഒബൈദ ചൂണ്ടിക്കാട്ടി. ഇസ്രായേൽ നഷ്ടപരിഹാരം നൽകുന്നതുവരെ” ഇനി ബന്ദികളെ വിട്ടയക്കില്ലെന്നും അബു ഒബൈദ പറഞ്ഞു. ഹമാസിന്റെ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിക്കുന്നുണ്ട്. ട്രംപിന്റെ ഗാസ ഏറ്റെടുക്കൽ പദ്ധതിയെക്കുറിച്ച് ഹമാസ് നേരിട്ട് പരാമർശിച്ചില്ല, എന്നാൽ യുഎസിന്റെ ഈ മാറിയ നിലപാട് ഗ്രൂപ്പിന്റെ പൊതു തീരുമാനത്തെയാണ് വ്യക്തമാക്കുന്നത്.
“തടവുകാരുടെ കൈമാറ്റം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മനഃപൂർവ്വം ഈ പ്രഖ്യാപനം നടത്തിയതാണെന്നും, ബാധ്യതകൾ നിറവേറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ മധ്യസ്ഥർക്ക് മതിയായ സമയം അനുവദിച്ചുവെന്നും” സംഘം പറഞ്ഞു. “ഭീഷണികളുടെ ഭാഷയ്ക്ക് ഒരു വിലയുമില്ല, കാര്യങ്ങൾ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്ന് ട്രംപിന്റെ അഭിപ്രായങ്ങൾക്ക് മറുപടിയായി ചൊവ്വാഴ്ച മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി പറഞ്ഞു
കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ച ചെയ്യാൻ ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം ചേർന്നു, അതിനുശേഷം ട്രംപിന്റെ ഭീഷണിയെ പിന്തുണച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തു. ശനിയാഴ്ചയ്ക്കകം ഇസ്രായേലി ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ “ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ സൈന്യം തീവ്രമായ പോരാട്ടം തുടരുമെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ഇസ്രായേൽ അധികൃതർ യുദ്ധം പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിന്റെ സൂചനയായി ഗാസ ഡിവിഷനിലെ സൈനികരുടെ എല്ലാ അവധികളും സൈന്യം റദ്ദാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ സാഹചര്യങ്ങളെ നേരിടാനായി ഗാസ പ്രദേശത്ത് ശക്തിപ്പെടുത്തലുകൾ വർദ്ധിപ്പിക്കുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേൽ സൈന്യം അറിയിച്ചു.
ടെൽ അവീവിൽ, എല്ലാ ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രതിഷേധക്കാർ തെരുവുകൾ ഉപരോധിച്ചു ചൊവ്വാഴ്ചയും പ്രതിഷേധങ്ങളും ഉപരോധങ്ങളും തുടർന്നു. കരാർ അംഗീകരിച്ചതുമുതൽ ഒന്നാം ഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് മാറാനുള്ള ഇസ്രായേലിന്റെ സന്നദ്ധതയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിനുശേഷം യുദ്ധം പുനരാരംഭിച്ചില്ലെങ്കിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യം ഉപേക്ഷിക്കുമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു.
പലസ്തീൻ തടവുകാർക്ക് വേണ്ടിയുള്ള ഇസ്രായേലി ബന്ദികളുടെ കൈമാറ്റം ഈ ശനിയാഴ്ച നിശ്ചയിച്ചിരുന്നു, വെടിനിർത്തൽ കരാറിന്റെ ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിലെ ആറാമത്തെ ചടങ്ങായിരുന്നു ഇത്. മാർച്ച് 2 വരെ ആഴ്ചതോറും ബന്ദികളുടെ കൈമാറ്റം തുടരും. രണ്ടാം ഘട്ടത്തിൽ, അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഇസ്രായേൽ ഗാസയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുകയും വേണം, അങ്ങനെ യുദ്ധം അവസാനിക്കും. രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച ആരംഭിക്കേണ്ടതായിരുന്നു, എന്നാൽ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമേ നെതന്യാഹു ഇസ്രായേൽ സംഘത്തെ അധികാരപ്പെടുത്തിയിട്ടുള്ളൂ.
മൂന്നാം ഘട്ടത്തിൽ മരിച്ച ബന്ദികളുടെ മൃതദേഹങ്ങളെയും ഹമാസ് അംഗങ്ങളെയും തമ്മിൽ കൈമാറുന്നതാവും പരിഗണിക്കുക.
content summary: Netanyahu warns Israel will resume fighting in Gaza unless more hostages are released this week.