ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ തിക്കിനും തിരക്കിനും റെയില്‍വേയുടെ ആശയക്കുഴപ്പമുണ്ടാക്കിയ അറിയിപ്പുകളും കാരണമായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ(ആര്‍പിഎഫ്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചുണ്ടായ ആശയക്കുഴപ്പം അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് ആര്‍പിഎഫിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശനിയാഴ്ച്ച രാത്രി എട്ടേമുക്കാലിന് നടത്തിയ അനൗണ്‍സ്‌മെന്റില്‍, കുംഭമേളയില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് പോകാനുള്ള പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 12 ല്‍ നിന്നും പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, കുറച്ച് സമയത്തിനു ശേഷം നടത്തിയ അറിയിപ്പില്‍ കുംഭ മേള സ്‌പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 16 ല്‍ നിന്നാണ് പുറപ്പെടുകയെന്നാണ് പറഞ്ഞത്. ഇതോടെ യാത്രക്കാര്‍ക്കിടയില്‍ തിക്കിനും തിരക്കിനും കാരണമായതായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഡല്‍ഹി സോണിലെ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് ഫെബ്രുവരി 16 ന് സമര്‍പ്പിച്ച രേഖാമൂലമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കുംഭമേള സ്‌പെഷ്യല്‍ ട്രെയിനിനെ കുറിച്ചുള്ള അറിയിപ്പ് വരുന്ന സമയത്ത് തന്നെ പ്ലാറ്റ്‌ഫോം നമ്പര്‍ 14 ല്‍ മഗധ് എക്‌സ്പ്രസ് കിടപ്പുണ്ടായിരുന്നു. പ്ലാറ്റ്‌ഫോം നമ്പര്‍ 15 ല്‍ ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സും. ഇതേ സമയം തന്നെ അനിയന്ത്രിതമായ തരത്തില്‍ വലിയൊരു ആള്‍ക്കൂട്ടം പ്രയാഗ് രാജ് ട്രെയിനില്‍ കയറാനായി പ്ലാറ്റ്‌ഫോം നമ്പര്‍ 14 ലും തിങ്ങിനിറഞ്ഞിരുന്നു. ആളുകള്‍ക്ക് ഒരു ചുവട് അനങ്ങാന്‍ പോലുമാകാത്ത വിധം സ്‌റ്റേഷന്‍ നിശ്ചലമായ അവസ്ഥയായിരുന്നു അപ്പോള്‍.
റെയില്‍വേ അറിയിപ്പ് വന്നതോടെ തിക്കും തിരക്കും കൂടി. ട്രെയിനില്‍ കയറി പറ്റാന്‍ ബഹളമായി. യാത്രക്കാര്‍ 12,13,14,15 പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താനായി രണ്ടാമത്തെയും മൂന്നാമത്തെയും ഓവര്‍ ബ്രിഡ്ജുകള്‍(ഫൂട്ട് ഓവര്‍ ബ്രിഡ്ജ്-എഫ്ഒബി)വഴി തിരക്ക് കൂട്ടിയതോടെ സ്ഥിഗതികള്‍ വഷളായി. മഗധ് എക്‌സ്പ്രസ്, ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി, പ്രയാഗ്‌രാജ് എക്പ്രസ് എന്നിവയില്‍ കയറാനുള്ളവര്‍ ഓവര്‍ ബ്രിഡ്ജിന്റെ പടികളിലൂടെ ഇറങ്ങാനും കയറാനും ശ്രമിച്ചതോടെ വലിയ ഉന്തും തള്ളുമായി. പലരും കാല്‍വഴുതി ചവിട്ടു പടികളില്‍ നിന്നും താഴെ വീണു. വീണവരുടെ മുകളിലൂടെയും ആളുകള്‍ ചവിട്ടിക്കയറി പോവുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നാണ് ആര്‍പിഎഫ് റിപ്പോര്‍ട്ട് എന്നുമായിരുന്നു, പ്രസ്തുത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ചോദ്യത്തിന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഹിമാന്‍ഷു ശേഖര്‍ ഉപാധ്യായ പ്രതികരിച്ചത്. എല്ലാവരിലും നിന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി അവയെല്ലാം വിശകലനം ചെയ്ത് അന്തിമ നിഗമനത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 12560 ശിവഗംഗ എക്സ്പ്രസ് 12-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ, ഉണ്ടായ വലിയ ആള്‍ക്കൂട്ടം തിക്കും തിരക്കും കൂട്ടി. രണ്ടാമത്തെയും മൂന്നാമത്തെയും ഓവര്‍ ബ്രിഡ്ജിലെ സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കി. ആളുകള്‍ക്ക് ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നു. 12,13,14,15,16 പ്ലാറ്റ്‌ഫോമുകളില്‍ ട്രാഫിക് ജാം ഉണ്ടായതുപോലത്തെ അവസ്ഥയായിരുന്നു. ആളുകള്‍ക്ക് അനങ്ങാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു തിരക്ക്. ഫൂട്ഓവര്‍ ബ്രിഡ്ജ് രണ്ടിലെ തിരക്കിന്റെ ഭീകരത മനസിലാക്കിയതോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. തിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടിയിലുള്ളതും ഇല്ലാത്തവരുമായ എല്ലാ ജീവനക്കാരോടും മൂന്ന് പ്ലാറ്റ്ഫോമുകളിലും എഫ്ഒബികളിലും ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടു. സ്പെഷ്യല്‍ ട്രെയിനില്‍ ആളുകള്‍ നിറഞ്ഞാല്‍, അപ്പോള്‍ തന്നെ പുറപ്പെടണമെന്ന് സ്റ്റേഷന്‍ ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയില്‍ തന്നെയായിരുന്നു കുംഭമേള സ്‌പെഷ്യല്‍ ട്രെയിന്റെ പ്ലാറ്റ്‌ഫോം മാറ്റിയെന്ന അറിയിപ്പും വരുന്നത്. സാധാരണ പ്രയാഗ് രാജിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ 14 ലാണ് വരുന്നതെന്നാണ് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഹിമാന്‍ഷു ശേഖര്‍ ഉപാധ്യായ പറയുന്നത്. റിസര്‍വ് ചെയ്തവരും സ്ഥിരം പോകുന്നവരും കൂടാതെ പുതിയതായി എത്തിയ യാത്രക്കാരുമെല്ലാം കൂടിയതോടെയാണ് അപ്രതീക്ഷിതമായ തിരക്ക് പ്ലാറ്റ്‌ഫോമിലും ഓവര്‍ബ്രിഡ്ജുകളിലും ഉണ്ടായതെന്നാണ് പ്രഥമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപാധ്യായ പറയുന്നത്. തിരക്ക്് കൈകാര്യം ചെയ്യാന്‍, ഉടന്‍ തന്നെ പ്രയാഗ്രാജിലേക്ക് പോകാന്‍ മറ്റൊരു ട്രെയിന്‍ സജ്ജമാക്കി. അത് പ്ലാറ്റ്ഫോം നമ്പര്‍ 12 ല്‍ എത്തുമെന്ന് അറിയിച്ചു. പ്ലാറ്റ്ഫോം നമ്പര്‍ 14 ല്‍ കാത്തുനിന്ന യാത്രക്കാര്‍ അറിയിപ്പ് കേട്ടതോടെ പെട്ടെന്ന് സ്റ്റെയര്‍കേസും ഓവര്‍ബ്രിഡ്ജും വഴി പ്ലാറ്റ്‌ഫോം നമ്പര്‍ 12 ലേക്ക് പോകാന്‍ തിരക്കു കൂട്ടുകയായിരുന്നു. തിരക്ക് കൂടിയതോടെ ഓവര്‍ ബ്രിഡ്ജ് ബ്ലോക്ക് ചെയ്തു. ഇതോടെ സ്റ്റെയര്‍ കേസുകളില്‍ തിക്കും തിരക്കും കൂടുകയും ചെയ്തു; ഉപാധ്യായ പറയുന്നു. New Delhi Railway station stamped, RPF inquiry report
Content Summary; New Delhi Railway station stamped, RPF inquiry report