2017ല്‍ ഒരു ഇന്ത്യന്‍ സ്ത്രീയെയും അവരുടെ ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നസീര്‍ ഹമീദിനെ കൈമാറണമെന്ന് യുഎസ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ. 50,000 ഡോളര്‍ വരെ പാരിതോഷികവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
2017 മാര്‍ച്ചില്‍ ന്യൂജേഴ്സിയിലെ മാപ്പിള്‍ ഷേഡിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് 38-കാരിയായ ശശികല നാര, മകന് അനീഷ് നാര എന്നിവരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 38കാരനായ നസീര്‍ ഹമീദിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ആസൂത്രിതവും കരുതിക്കൂട്ടി ചെയ്തതുമായ രണ്ട് കൊലപാതക കുറ്റങ്ങള്‍, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ എന്നിങ്ങനെയാണ് ഹമീദിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ശശികലയുടെയും അനീഷിന്റെയും കഴുത്തിലെ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. അനീഷിന്റെ കഴുത്ത് അക്രമി ഏതാണ്ട് ഛേദിച്ചിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ നിരവധി മുറിവുകള്‍ ഇരുവരുടെയും ശരീരത്തില്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് മടങ്ങിപ്പോകുകയും തുടര്‍ന്ന് അവിടെത്തന്നെ തുടരുകയുമാണെന്ന് യു.എസ്. അധികൃതര്‍ അറിയിച്ചു.
ഹമീദിന, കൊല്ലപ്പെട്ട ശശികലയുടെ ഭര്‍ത്താവ് ഹനുമന്ത് നാരയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരേ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ്. കൂടാതെ ഹമീദ് നാരാ കുടുംബം താമസിച്ചിരുന്ന അതേ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് താമസിച്ചിരുന്നത്. അന്വേഷണത്തിനിടെ ഹമീദ് ഹനുമന്ത് നാരയെ പിന്തുടര്ന്നിരുന്നതായും കണ്ടെത്തി.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച രക്തത്തുള്ളി ഇരകളുടേതല്ലെന്ന് തെളിഞ്ഞു. മധ്യേഷ്യന്‍ വംശജനായ ഒരു പുരുഷന്റേതാണ് ആ രക്തം എന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ഹമീദിലേക്ക് നീണ്ടത്.
പ്രതിയില്‍ നിന്ന് ഡി.എന്‍.എ. സാമ്പിള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2020 ഒക്ടോബറില്‍ നസീര്‍ ഹമീദ് ഡി.എന്‍.എ. സാമ്പിള്‍ നല്കാന് വിസമ്മതിച്ചതായി ഇന്ത്യയിലെ സി.ബി.ഐ., എഫ്.ബി.ഐയെ അറിയിച്ചിരുന്നു. 2023 മാര്‍ച്ചില്‍ ഡി.എന്‍.എ. ശേഖരിക്കുന്നതിനായി യു.എസ്. അധികൃതര്‍ നല്കിയ ‘മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ്’ അഭ്യര്‍ത്ഥനയും പൂര്‍ത്തീകരിക്കപ്പെട്ടില്ല.
ഒടുവില്‍, പ്രോസിക്യൂട്ടറുടെ ഓഫീസ് നിര്‍ദേശിച്ച പ്രകാരം ഹമീദിന്റെ തൊഴിലുടമ വഴിയാണ് ഡി.എന്‍.എ. സാമ്പിള്‍ ലഭിച്ചത്. ഹമീദിന്റെ ലാപ്ടോപ്പിന്റെ കീബോര്‍ഡില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ഡി.എന്‍.എ. പ്രൊഫൈല്‍ കൊലപാതക സ്ഥലത്ത് നിന്ന് കണ്ടെത്തിയ അജ്ഞാത രക്തത്തുള്ളിയുമായി പൊരുത്തപ്പെട്ടു. ഇതോടെ ഹമീദാണ് കൊലയാളി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
കൊലപാതകത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പ്രോസിക്യൂഷന് നടപടികള്‍ക്കായി ഹമീദിനെ എത്രയും പെട്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് അടുത്ത നടപടി. പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയെ വിളിക്കുകയും കത്തയക്കുകയും ചെയ്തു.
‘ഭീകരമായ ഈ കുറ്റകൃത്യം സംസ്ഥാനത്തെ ഞെട്ടിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിക്കും അനുസൃതമായി കൈമാറല്‍ പ്രക്രിയ സുഗമമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ ന്യൂജേഴ്സി തയ്യാറാണ്’ ഗവര്‍ണര്‍ മര്‍ഫി അറിയിച്ചു.
എട്ട് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കുറ്റാരോപണം സാധ്യമായതെന്ന് ബര്ലിംഗ്ടണ് കൗണ്ടി പ്രോസിക്യൂട്ടര്‍ ലാചിയ ബ്രാഡ്ഷോയും മാപ്പിള്‍ ഷേഡ് പോലീസ് മേധാവി ക്രിസ്റ്റഫര്‍ ഫ്ലെച്ചറും അറിയിച്ചു.
Content Summary: New Jersey double murder: FBI announces 50,000 dollar reward for information on Indian citizen