ഇന്ത്യന്‍ മാധ്യമലോകത്തെ ഐതിഹാസിക മനുഷ്യരെ ഓര്‍ത്തെടുക്കുന്ന ‘ന്യൂസ് റൂമിലെ ഏകാകികള്‍’

തങ്ങളെക്കുറിച്ച് ഒരു വരിപോലും എഴുതാതെ പോയ പ്രതിഭകളെ മലയാളത്തില്‍ ഇതാദ്യമായാണ് ആഴത്തില്‍ പരിചയപ്പെടുത്തുന്നത്

ആപല്‍ക്കരമായ കാലത്ത് നാം കയ്യെത്തിപ്പിടിക്കുന്ന ഓര്‍മ്മകളാണ് ചരിത്രമെന്ന് അഡോള്‍ഫ് ഹിറ്റല്‌റുടെ നാസിപ്പടയാല്‍ വേട്ടയാടപ്പെട്ട് സ്വയം മരണം വരിച്ച ജര്‍മ്മന്‍ തത്വചിന്തകനും ചരിത്രകാരനുമായ വോള്‍ട്ടര്‍ ബന്യാമിന്‍ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്തകരില്‍ ഒരാളായ ബന്യാമിന്റെ വരികള്‍ പ്രധാനമാകുന്നത് നാമൊരു കഠിനമായ കാലത്തിലൂടെ കടന്നുപോകുമ്പോഴാണ്.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം അതിന്റെ ഏറ്റവും വലിയ ദുര്‍ദശയെ അഭിമുഖീകരിക്കുകയാണിപ്പോള്‍. ഭരണകൂടങ്ങള്‍ക്ക് വഴങ്ങി, അവരുടെ താല്‍പ്പര്യങ്ങള്‍ അവതരിപ്പിക്കാനുള്ള പരസ്യപലകകളായി മുഖ്യധാര/കോര്‍പറേറ്റ് മീഡിയ ദേശീയതലത്തില്‍ മാറിക്കഴിഞ്ഞ കാലത്ത് ചരിത്രത്തിലേക്ക് നോക്കി രാജ്യത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രകാശഗോപുരങ്ങളായിരുന്ന ഐതിഹാസിക മനുഷ്യരെ ഓര്‍ത്തെടുക്കേണ്ടത് പ്രധാനമാണ്.

അത്തരത്തിലുള്ള ഒരു ശ്രമമാണ് അഴിമുഖം പബ്ലിക്കേഷന്റെ ഏഴാമത് പുസ്തകമായ ‘ന്യൂസ് റൂമിലെ ഏകാകികള്‍’. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. രാംകുമാര്‍ എഴുതിയ ലേഖനങ്ങളുടെ ഈ സമാഹാരം ഇന്ത്യയുടെ മാധ്യമചരിത്രത്തെയും ആ ചരിത്രം രൂപപ്പെടുത്തിയ അതികായരെയും ഓര്‍ത്തെടുക്കുന്നു. ഒരേ സമയം ചരിത്രവും വര്‍ത്തമാനകാലത്തെ മാധ്യമപ്രവര്‍ത്തര്‍ക്ക് മുന്നില്‍ തെളിയുന്ന ദിശാസൂചകവുമാണ് ഈ ഓര്‍മ്മകള്‍.

അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷത്തിലാണ് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്. ദേശിയ പത്രപ്രവര്‍ത്തനരംഗത്തെ പ്രധാനികളായിരുന്ന കേണല്‍ ഉണ്ണി നായര്‍, എസ്.മുള്‍ഗോങ്കര്‍, വിനോദ് മേത്ത. ടി.എസ്. സത്യന്‍. ഹോമായി വ്യാരവാല തുടങ്ങിയവരെ രാംകുമാര്‍ വായനക്കാര്‍ക്ക് ഈ പുസ്തകത്തിലൂടെ അടുത്ത് പരിചയപ്പെടുത്തുന്നുണ്ട്. ഇതാദ്യമായാണ് മലയാളത്തില്‍ ഈ പ്രമുഖരെ കുറിച്ച് വിശദമായി ലേഖനരൂപത്തില്‍ വരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി; ഇന്ത്യന്‍ പത്രരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രസിദ്ധീകരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തുന്ന ഇതിലെ ലേഖനങ്ങളും ഈ പ്രതപവര്‍ത്തക പ്രതിഭകളുടെ ജീവിതവുമായി ചേര്‍ന്നുപോയ മാധ്യമങ്ങള്‍ എന്ന നിലയില്‍ വായിക്കപ്പെടേണ്ടതാണ്.

ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഇന്ന് വിസ്മൃതരാണ്. ഇന്റര്‍നെറ്റില്‍ അന്വേഷിച്ചാല്‍ പോലും ഇവരെ കുറിച്ച് വിശദമായ വസ്തുതകള്‍ കിട്ടില്ല. തങ്ങളെക്കുറിച്ച്, ഒരു വരിപോലും എഴുതാത്തവരാണ് ഇവര്‍. അനുഭവക്കുറിപ്പുകള്‍ എഴുതിയ ഒന്നോ രണ്ടോ പേരാണ് ഇതിന് ആകെ അപവാദം. അത്തരത്തില്‍ ചിലരൊക്കെ വീണ്ടും ഓര്‍മിക്കേണ്ടവരാണെന്ന തിരിച്ചറിവിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് ഏകരായി സഞ്ചരിച്ച ഈ പ്രതിഭകളുടെ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശാനുള്ള ശ്രമം ഈ പുസ്തകം നടത്തുന്നു എന്നത് തന്നെയാണ് അതിന്റെ പ്രാധാന്യം.

അന്യം നിന്നു കൊണ്ടിരിക്കുന്ന ധാര്‍മിക പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ പത്രപവര്‍ത്തകരുടെ ഈ വാഗ്മയചിത്രങ്ങള്‍ പത്രപ്രവര്‍ത്തനരംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെളിച്ചം പകരാന്‍ ഈ പുസ്തകം സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ന്യൂസ്റൂമിലെ ഏകാകികളെ അഴിമുഖം വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിലും സത്യസന്ധവും വസ്തുതാപൂര്‍ണ്ണവുമായ വാര്‍ത്താ അവതരണത്തിലുമാണ് ‘അഴിമുഖം’വിശ്വസിക്കുന്നത്. അത്തരമൊരു മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്നതിന് നമ്മുടെ ചരിത്രത്തെ കുറിച്ചുള്ള ദര്‍ശനങ്ങള്‍ നമുക്കാവശ്യമാണ്. അതിലേയ്ക്കുള്ള വഴിവിളക്കായി കൂടി ‘ന്യൂസ് റൂമിലെ ഏകാകികള്‍’ എന്ന പുസ്തകം വായനക്കാര്‍ക്ക് മുന്നില്‍ ‘അഴിമുഖം’ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുകയാണ്.

content summary: ‘Loners in the Newsroom’ Remembering legends in Indian journalism

This post was last modified on June 24, 2025 1:05 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment