കല്ലറയില്‍ ഇരുത്തിയ നിലയില്‍ ഗോപന്‍; വിവാദ സമാധി തുറന്നു

ഹൈക്കോടതിയുടെ അനുമതിയും കിട്ടിയതോടെയാണ് കല്ലറ തുറക്കുന്നത്

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയില്‍, ഗോപന്റെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ ഗോപന്റെ മൃതദേഹം കല്ലറയില്‍ കണ്ടെത്തിയെന്നാണ് വിവരം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാദൃവ്യങ്ങളും ഉണ്ട്. നെഞ്ചോളം ഉയരത്തില്‍ ഭസ്മവും പൂജാദൃവ്യങ്ങളും നിറച്ചിരിക്കുകയാണ്. തിരുവനന്തപുരം സബ് കലക്ടറുടെ നേതൃത്വത്തിലാണ് കല്ലറ പരിശോധന നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിവാദ സമാധി സ്ഥലം ഇന്ന് തുന്നത്. കല്ലറ തുറക്കാനുള്ള ആര്‍ഡിഒ ഉത്തരവിനെതിരേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മണിയന്‍ എന്ന ഗോപന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയും അനുമതി നല്‍കിയതോടെ, വ്യാഴാഴ്ച്ച രാവിലെ തന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുള്ളത്.

രാവിലെ പത്തു മണിക്ക് മുമ്പ് തന്നെ കല്ലറ തുറന്ന് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. പൊതുജനങ്ങളെ കല്ലറയ്ക്ക് സമീപത്തേക്ക് കടത്തി വിടുന്നില്ല. കല്ലറ നില്‍ക്കുന്ന സ്ഥലം ടര്‍പോളിന്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തുണ്ട്.

ബുധനാഴ്ച്ചയാണ് ഗോപന്‍ എന്നയാളുടെ ഭാര്യയുടെ ഹര്‍ജി ഹൈേേക്കാടതി പരിഗണിച്ചത്. തന്റെ ഭര്‍ത്താവ് സമാധിയായതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ഗോപന്റെ ഭാര്യ സുലോചനയുടെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, കല്ലറ പൊളിക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഗോപന്റെ മരണത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടൈങ്കില്‍ അത് നീക്കണമെന്ന നിലപാടായിരുന്നു കോടതിക്ക്. മരണ സര്‍ട്ടിഫിക്കറ്റ് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നാണ് കോടതി അറിയിച്ചത്. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും, അത് തടയാനാകില്ലെന്നുമാണ് കോടതി പറഞ്ഞത്.എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനുമുള്ള പൊലീസിന്റെ അധികാരത്തെയും കോടതി ചൂണ്ടിക്കാണിച്ചു. ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്ന കാര്യം വ്യക്തമാകട്ടെയെന്നതായിരുന്നു കോടതിയുടെ നിലപാട്.

മതത്തെ കൂട്ടുപിടിച്ചായിരുന്നു സമാധി പൊളിക്കല്‍ തടയാനുള്ള ഹര്‍ജി തയ്യാറാക്കിയത്. പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് ഹൈന്ദവ വിശ്വാസത്തിനും ആചാരത്തിനും എതിരാണെന്നും, ദൈവനിന്ദയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അടുത്താഴ്ച്ച സുലോചനയുടെ ഹര്‍ജി പരിഗണിക്കാമെന്നാണ് ജസ്റ്റീസ് സി എസ് ഡയസ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഭാഗം കൂടി കേട്ടശേഷം വേണം അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്ന് 69 കാരനായ മണിയന്‍ എന്ന ഗോപന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on January 16, 2025 10:42 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment