July 04, 2026 |
Share on

നെയ്യാറ്റിൻകര സമാധി; പോസ്റ്റ്മോർട്ടം വൈകിയത് മരണകാരണം കണ്ടെത്തുന്നതിന് പ്രയാസമാകാം

സ്വാഭാവിക മരണമാണോ എന്ന് കൃത്യമായി പറയാൻ ഈ കേസിൽ ഒരുപാട് പരിമിതികളുണ്ട്

നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞതിനാൽ കൃത്യമായ മരണകാരണം കണ്ടെത്താൻ പ്രയാസമാണെന്ന് ഫോറൻസിക് വിദ​ഗ്ധർ പറയുന്നു.

‘സാധാരണ ​ഗതിയിൽ ഒരാളുടെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്നതാണ് പ്രശ്നം. നിലവിലെ സമാധി വിഷയത്തിൽ, ഇത് ഒരു സ്വാഭാവിക മരണമാണെങ്കിൽ നേക്കഡ് ഐ എക്സാമിനേഷനിൽ തന്നെ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കണം. ഹൃദയത്തിൽ വരുന്ന വ്യതിയാനങ്ങൾ, ശ്വാസകോശത്തിലോ തലച്ചോറിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അല്ലെങ്കിൽ മരണകാരണം ആയേക്കാവുന്ന എന്തെങ്കിലും രോ​ഗവസ്ഥയോ ഇതൊക്കെ ആയിരിക്കും മരണകാരണങ്ങൾ. ഒരു ഫ്രഷ് ബോഡി ആണെങ്കിലാണ് നമുക്ക് അത് കൃത്യമായി മനസിലാക്കാൻ സാധിക്കുക. അതായത് മരിച്ചുകഴിഞ്ഞ് 24 മണിക്കൂറിനുള്ളിലെങ്കിലും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാൻ കഴിയണം. മരണം സംഭവിച്ച് 12 മണിക്കൂർ കഴിയുമ്പോഴേക്കും ആന്തരികാവയവങ്ങൾ അഴുകി തുടങ്ങും. അതൊരു പ്രശ്നമാണ്.’

‘ചില അവസരങ്ങളിൽ സ്വാഭാവിക മരണത്തിന് ഹിസ്റ്റപത്തോളജി പരിശോധന ആവശ്യമായി വരും. പോസ്‌റ്റ്‌മോര്‍ട്ടം കഴിഞ്ഞിട്ട് ശരീരത്തിൽ നിന്നുള്ള ചില അവയവങ്ങൾ പരിശോധനക്ക് അയക്കാറുണ്ട്, അതാണ് ഹിസ്റ്റപത്തോളജി പരിശോധന. ഇതിന്റെ ഒരു പ്രശ്നമെന്ന് പറയുന്നത് ഫ്രെഷ് ബോഡിയിൽ മാത്രമേ ഇത് ചെയ്യാൻ കഴിയുകയുള്ളൂ. ശരീരം അഴുകി കഴിഞ്ഞാൽ ബോഡി ടിഷ്യൂവിന്റെ ഘടനകളിൽ വ്യത്യാസം വന്ന് തുടങ്ങും. കോശങ്ങളിൽ വികരണം സംഭവിക്കാം, അങ്ങനെയുള്ള പല പ്രശ്നങ്ങളുമുണ്ടാകും. പോസ്‌റ്റ്‌മോര്‍ട്ടം വൈകുന്തോറും അത്തരം കാരണങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമാണ്.’

‘നെയ്യാറ്റിൻകരയിലെ വിഷയത്തിൽ മരണപ്പെട്ട വ്യക്തി ഡയബറ്റിക് ആണെന്ന് അവകാശപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഈ വ്യക്തിക്ക് ഹൈപ്പോ​ഗ്ലൈസീമിയ വന്നിരിന്നോ എന്ന് അറിയണം. ഭക്ഷണം കഴിക്കാതെ ഇരുന്ന് രക്തത്തിലെ ഷു​ഗറിന്റെ അളവ് കുറഞ്ഞ് പോയി, കുറേ നേരം അങ്ങനെ തന്നെ തുടർന്നാലും മരണം സംഭവിക്കാം. നമ്മുടെ കണ്ണിൽ വിട്രിയസ് ഹ്യൂമർ എന്നൊരു സം​ഗതിയുണ്ട്. കണ്ണിന്റെ റെറ്റിനക്കും ലെൻസിനും ഇടയിലുള്ള കട്ടിയുള്ള ഒരു ദ്രാവകമാണത്. മരണശേഷം നമ്മുടെ രക്തത്തിലുള്ള ഷു​ഗർ ലെവൽ, ഇലക്രോലൈറ്റ് ലെവൽ എന്നിവയിലെല്ലാം വ്യത്യാസം വരും. പക്ഷേ അതേസമയം, വിട്രിയസ് ഹ്യൂമർ എന്ന ദ്രാവകത്തിലുള്ള ലെവൽ ഒരു പരിധിവരെ നന്നായി തുടരും. അങ്ങനെയാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. സാധാരണ​ഗതിയിൽ വിട്രിയസ് ഹ്യൂമർ കുത്തിയെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഡയബറ്റിക് ആയിട്ടുള്ള വ്യക്തികളുടെ മരണങ്ങളിൽ അതാണ് ചെയ്യുന്നത്. എന്നാൽ അത്തരം കാര്യങ്ങളും മൃതദേഹം അഴുകി കഴിഞ്ഞാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സ്വാഭാവിക മരണമാണോ എന്ന് കൃത്യമായി പറയാൻ ഈ കേസിൽ ഒരുപാട് പരിമിതികളുണ്ട്.’

‘ഇനി അസ്വാഭാവിക മരണത്തിന്റെ കാര്യത്തിലാണെങ്കിൽ മരണം സംഭവിച്ച് കഴിഞ്ഞ്  36 മണിക്കൂറുകൾ കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതലത്തിലുള്ള തൊലിയുണ്ട്, എപ്പിഡെർമസ് എന്ന് പറയും അത് ഇളകി തുടങ്ങുകയും കുമിളകൾ പോലെ വരികയും ചെയ്യും. എന്തെങ്കിലും തരത്തിലുള്ള അപായപ്പെടുത്തലുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അതായത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഒരു കേസാണെങ്കിൽ ചെറിയ മുറിവുകൾ മാത്രമേ മുഖത്ത് ഉണ്ടാവുകയുള്ളു. അത്തരം മുറിവുകൾ കണ്ടെത്താനുള്ള സാധ്യതയും കുറയും. അതേസമയം, ആഴത്തിലുള്ള മുറിവുകളോ ചതവുകളോ ഉണ്ടെങ്കിൽ അതെല്ലാം കണ്ടെത്താൻ കഴിയും.’

‘നെയ്യാറ്റിൻകര കേസിലാണെങ്കിൽ, കല്ലറയിൽ ഇരുന്ന് ശ്വാസംമുട്ടി മരിച്ചതാണെങ്കിൽ കൂടി നമ്മുടെ ശരീരത്തിൽ നിറവ്യത്യാസങ്ങൾ വരാനുള്ള സാധ്യതയുണ്ട്. എന്നാൽ മൃതദേഹം അഴുകി തുടങ്ങിയാൽ അതിന്റേതായ നിറവ്യത്യാസങ്ങളും സംഭവിക്കാൻ തുടങ്ങും. അങ്ങനെവന്നാൽ രണ്ട് നിറവ്യത്യാസങ്ങളും കൂടിച്ചേർന്ന് ഏതാണെന്ന് മനസിലാക്കാനുള്ള ബുദ്ധിമുട്ട് വരും. ഇനി പോയിസണിങ്ങ് ആണ് അസ്വാഭാവിക മരണമാണെങ്കിൽ ഈ കേസിൽ ഒരു സാധ്യതയായിട്ട് നിലനിൽക്കുന്നത്. എന്തെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ അത് അവയവങ്ങളിലും ടിഷ്യൂകളിലും എത്തിയിട്ടുണ്ടാകും. അത് കെമിക്കൽ എക്സാമിനേഷൻ ചെയ്തിട്ട് നമുക്ക് മനസിലാക്കാൻ സാധിക്കും. പിന്നെ പൂജാദ്രവ്യങ്ങൾ ഉപയോ​ഗിച്ചു, കല്ലറ പോലെ പണിഞ്ഞു എന്നൊക്കെ പറയുന്നുണ്ടല്ലോ അങ്ങനെയെങ്കിൽ മൃതദേഹം കുറച്ചൊന്ന് പ്രിസർവ്വ് ആകാനും സാധ്യതയുണ്ട്. ഒരാഴ്ചയായി റോഡിൽ മരിച്ച് കിടക്കുന്ന ഒരാളുടെ ശരീരത്തിനുണ്ടാകുന്ന വ്യതിയനങ്ങൾ ഒരുപക്ഷേ കല്ലറയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന് ഉണ്ടാകണമെന്നില്ല’, ഫോറൻസിക് വിദ​ഗ്ധൻ അഴിമുഖത്തോട് പറഞ്ഞു.

Content summary: Neyyatinkara Samadhi; A delayed autopsy can make it difficult to determine the cause of death
Neyyatinkara Samadhi kerala latest news 

Leave a Reply

Your email address will not be published. Required fields are marked *

×