നാലുമാസം മുമ്പ് ജനുവരി 13ന് പി വി അന്‍വര്‍, നിലമ്പൂര്‍ എംഎല്‍എ എന്ന വിശിഷ്ട പദവിയില്‍ നിന്ന് സ്വമേധയാ സ്ഥാനത്യാഗം ചെയ്തു. പിണറായി വിജയനെന്ന മുഖ്യമന്ത്രിയേയും അദ്ദേഹം നയിക്കുന്ന കേരള സര്‍ക്കാരിനേയും അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നതാണ് ഇനി തന്റെ സുപ്രധാന ലക്ഷ്യം എന്ന് മാധ്യമങ്ങളോട്, പുതിയ നിലപാട് പ്രഖ്യാപിച്ചായിരുന്നു അന്‍വര്‍ രാജിവെച്ചത്. എല്‍ഡിഎഫിന്റെ എംഎല്‍എ ആയ അന്‍വര്‍, മുഖ്യമന്ത്രിയോടും സിപിഐ (എം) എന്ന പാര്‍ട്ടിയോടും കലഹിച്ച് തല്‍സ്ഥാനം രാജിവയ്ക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം അണപൊട്ടിത്തന്നെ ഒഴുകി. ഇപ്പോളിതാ മൂന്നാഴ്ചയ്ക്കകം നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കുകയായി. ഇതിന്റെയൊരു രാഷ്ട്രീയ പിരിമുറുക്കം സ്വാഭാവികമായും ഈ ഘട്ടത്തില്‍ ഉയരേണ്ടത് എല്‍ഡിഎഫ് ക്യാമ്പിലാണ്. 99 ല്‍ നിന്ന് എംഎല്‍എമാരുടെ എണ്ണമിപ്പോള്‍ 98 ആയി കുറഞ്ഞത് പോരാഞ്ഞ് ഇപ്പോളിതാ ഉപതെരഞ്ഞെടുപ്പും തൊട്ടു മുന്നില്‍. എന്നിട്ടും പക്ഷേ, ആശങ്കകളുടെ ഒരു വേലിയേറ്റവും ഇടതുപക്ഷത്ത് കാണാനില്ല. പിണറായിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കഴിഞ്ഞ ഏഴ് മാസങ്ങളായി പറയുന്ന അന്‍വര്‍, ഇപ്പോള്‍ അതിനൊരു വാല്യു അഡിഷനും കൂടി വരുത്തിയിട്ടുണ്ട്. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ, എന്നാണ് പുതിയ ഭാഷ്യം.
2016 മുതല്‍ ഇക്കഴിഞ്ഞ ജനുവരി 13 ലെ രാജി വരെയുള്ള ഒന്‍പത് വര്‍ഷം അന്‍വര്‍ എല്‍ഡിഎഫായിരുന്നു, പുതിയ നീക്കം കൊണ്ട് കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകേണ്ടിയിരുന്നത് ഇടതുപക്ഷത്തുമായിരുന്നു. പക്ഷേ, എവിടെയാണിപ്പോള്‍ പ്രതിസന്ധി രൂപപ്പെടുന്നതും മൂര്‍ച്ഛിക്കുന്നതുമെന്ന് നോക്കൂ. ഓരോ ദിവസവും എന്നല്ല ഓരോ മണിക്കൂറിലും നിലമ്പൂരുമായും അവിടുത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായും ബന്ധപ്പെട്ട് യുഡിഎഫിന് പ്രതികൂലമായ പ്രതിച്ഛായകള്‍ അന്‍വറാണ് സൃഷ്ടിക്കുന്നത്. അതേല്‍പ്പിക്കുന്ന പരിക്കുകള്‍ യുഡിഎഫിലെ എല്ലാ കക്ഷികളും അനുഭവിക്കേണ്ടി വരികയുമാണ്. അന്‍വറുണ്ടാക്കുന്ന ലഘു ഭൂകമ്പങ്ങളൊന്നും പക്ഷേ, യാതൊരുവിധ ചലനവും മറുപക്ഷമായ, എല്‍ഡിഎഫിന്റെ രാഷ്ട്രീയ മാപിനിയില്‍ ഉണ്ടാക്കിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്താണപ്പോള്‍ അന്‍വറിന്റെ ഉദ്ദേശ്യം?

കെപിസിസി നേതൃയോഗവും, അതുകഴിഞ്ഞ് യുഡിഎഫ് യോഗവുമൊക്കെ ചേര്‍ന്നാണ് ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ ഇക്കുറി സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചത്. അതിനു ശേഷവും അന്‍വര്‍ നിരന്തരം ഷൗക്കത്തിനെതിരെ സംസാരിക്കുകയാണ്. അതെന്തുകൊണ്ട്? മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ നിലമ്പൂരില്‍ മത്സരിപ്പിക്കണം എന്നതാണ് അന്‍വറിന്റെ മേജര്‍ ഡിമാന്റ്. എന്നാല്‍ ജോയി അല്ല ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ത്ഥി എന്നാണ് ഇതിന് വി ഡി സതീശന്റെ മറുപടി. ഇതേത്തുടര്‍ന്ന് അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍, എങ്കില്‍ താന്‍ തന്നെ അവിടെ മത്സരിക്കുമെന്ന് തിരിച്ചടിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ പത്ത് മന്ത്രിമാര്‍ തനിക്കായി നിലമ്പൂരില്‍ പ്രചാരണത്തിനെത്തുമെന്നും വ്യക്തമാക്കി…
അന്‍വറിപ്പോള്‍ ജോയിക്ക് വേണ്ടി നിലകൊള്ളുന്നതിന് പിന്നില്‍ ശക്തവും തികച്ചും ആത്മനിഷ്ഠവുമായ ചില അജന്‍ഡകളുണ്ട്. ജോയി ഇക്കുറി നിലമ്പൂരില്‍ മത്സരിച്ച് ജയിക്കുന്നു എന്നു കരുതുക. അടുത്ത വര്‍ഷം ഏതാണ്ട് ഇതേ സമയത്ത് തന്നെ കേരളത്തില്‍ അടുത്ത നിയമസഭാ പൊതു തിരഞ്ഞെടുപ്പും നടക്കും. ജോയി ഇപ്പോള്‍ മത്സരിച്ച് ജയിച്ചാലും അതല്ല തോറ്റാലും, അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ വേറൊരു നല്ല സീറ്റ് കൊടുത്താല്‍ ജോയി ആ സീറ്റില്‍ പോയി മത്സരിച്ചോളും. കെ എസ് യു സ്റ്റേറ്റ് പ്രസിഡന്റായിരുന്ന ജോയിക്ക് ഇന്ന സീറ്റ് തന്നെ കിട്ടിയാലേ മത്സരിക്കാനിറങ്ങൂ എന്ന് യാതൊരു പിടിവാശിയുമില്ല. അടുത്തതവണ നിലമ്പൂര്‍ തനിക്ക്, ജോയിക്ക് മറ്റേതെങ്കിലും ഉറപ്പുള്ള സീറ്റ്. അന്‍വര്‍ യുഡിഎഫ് നേതാക്കളോട് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഇങ്ങനെയൊരു ഫോര്‍മുല അടുത്ത വര്‍ഷം നടത്തിയെടുക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ മറുഭാഗത്ത് ആര്യാടന്‍ ഷൗക്കത്തിന്, നിലമ്പൂരിനെപ്പോലെ മത്സര സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്ന മറ്റൊരു മണ്ഡലമില്ല. നിലമ്പൂരില്‍ ഇത്തവണ ജയിച്ചാലും തോറ്റാലും മണ്ഡലത്തില്‍ തുടര്‍ന്നും ഷൗക്കത്ത് തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നതും അന്‍വറിന്റെ ഉറക്കംകെടുത്തുന്ന ദുസ്വപ്നമാണ്.
ഇതാണ് പശ്ചാത്തലം. ഡു ഓര്‍ ഡൈ എന്നതാണ് സിറ്റുവേഷന്‍. എല്‍ഡിഎഫിനെക്കാളും യുഡിഎഫിനെക്കാളും കെണിയില്‍പ്പെട്ടിരിക്കുന്നതിപ്പോള്‍ കണിശമായും പി വി അന്‍വര്‍ എന്ന നിലമ്പൂരിന്റെ മുന്‍ സാമാജികനാണ്. ഇതില്‍ നിന്ന് പുറത്തുകടന്ന്, സാഹചര്യങ്ങളെ പരമാവധി എങ്ങനെയൊക്കെ തന്റെ വരുതിക്കു കൊണ്ടുവരാം എന്നതിന്റെ ട്രപ്പീസ് പാഠങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്‍വര്‍ പ്രയോഗവല്‍ക്കരിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിത്തന്നെയാണ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷവും, പി വി അന്‍വറുമായി സന്ധി ചെയ്യാനാകില്ല എന്ന നിലപാടെടുക്കുന്നത്. എന്നാല്‍ ലീഗ് നേതാക്കളില്‍ പലര്‍ക്കും, പ്രത്യേകിച്ചും പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ക്കെല്ലാം അന്‍വറെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നുണ്ട്. അന്‍വറിനുണ്ടെന്ന് അവര്‍ കരുതുന്ന സ്വാധീനമാണ് അതിന്റെ പ്രധാന കാരണം. നിലമ്പൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ചൂണ്ടിയാണ് അവരുടെ മുഖ്യ പരിഗണനകള്‍. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 33 ല്‍ 22 സീറ്റും നേടി എല്‍ഡിഎഫിന് ഭരണം പിടിച്ചത് അന്‍വറാണ്. അതൊരു വലിയ ഘടകമായി ലീഗ് കാണുന്നു. ഈ വര്‍ഷമൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്‍വര്‍ തങ്ങള്‍ക്കൊപ്പം ചേരുന്നത് ഏറെ ഗുണം ചെയ്യുമെന്നും ലീഗ് കണക്കുകൂട്ടുന്നു. മണ്ഡലത്തില്‍ ആകെയുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചിലും യുഡിഎഫ് ഭരിക്കുന്നു. രണ്ടിടത്ത് എല്‍ഡിഎഫാണ് ഭരണം. മുന്‍സിപ്പാലിറ്റിയും എല്‍ഡിഎഫിന്. ആ സ്വാധീനത്തിലൊക്കെ മാറ്റമുണ്ടാക്കാന്‍ അന്‍വറിന് സാധിക്കുമെന്ന കണക്കുകൂട്ടല്‍ ലീഗ് നേതാക്കള്‍ക്കുണ്ട്. കെ. സുധാകരന്‍ അടക്കമുള്ള ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ ചിന്തയുണ്ട്. പക്ഷേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇതിനെ കാണുന്നത് മറ്റൊരു നിലയ്ക്കാണ്. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിച്ചാല്‍ വെക്കാന്‍ പോകുന്ന ഡിമാന്‍ഡ്, അടുത്ത കൊല്ലത്തെ നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ സീറ്റ് അന്‍വറിന് നല്‍കണം എന്നതാകും.. അതു പറ്റില്ലെന്നു പറഞ്ഞാല്‍, ജയിക്കുമെന്ന് ഉറപ്പുള്ള ഒരു യു ഡി എഫ് സീറ്റാകും അന്‍വറിന്റെ അടുത്ത ആവശ്യം. നിലമ്പൂര്‍ അല്ലെങ്കില്‍ പിന്നെ എവിടെ എന്ന് ഇപ്പോളേ നിശ്ചയിക്കണം. ഇപ്രകാരം ഇപ്പോള്‍ത്തന്നെ അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ബാര്‍ഗെയ്‌നിങ് പൊളിറ്റിക്‌സിനെ പ്രതിപക്ഷ നേതാവ് ലവലേശം അംഗീകരിക്കുന്നില്ല. ഇതാണ് പ്രധാനപ്പെട്ട പ്രശ്നം. അന്‍വര്‍ മുന്നോട്ടു വയ്ക്കുന്ന ഉടക്കുകളുടെ അല്ലെങ്കില്‍ തര്‍ക്കവിതര്‍ക്കങ്ങളുടെയും ഇടഞ്ഞു നില്‍ക്കലിന്റെയും ഒക്കെ അടിത്തറയില്‍ നില്‍ക്കുന്നത് ഈ കാഴ്ചപ്പാടാണ്, അഥവാ ഈയൊരു ലക്ഷ്യം തന്നെയാണ്. ഇതാണ് അന്‍വര്‍ അലമുറയിടുന്ന ‘പ്രോ- ജോയി’ തീസിസിന്റെ ന്യൂക്ലിയസ്.

കാരണങ്ങള്‍ അന്‍വറിന് പിന്നെയുമുണ്ട്. ആര്യാടന്‍ ഷൗക്കത്തും പി വി. അന്‍വറും ബന്ധുക്കളാണെങ്കിലും 2016ല്‍ അന്‍വര്‍ ആദ്യമായി ജയിച്ചശേഷം കക്കാടംപൊയിലിലെ വിഷയങ്ങളുമായും സര്‍ക്കാര്‍ ഭൂമി കൈയ്യേറി എന്ന ആരോപണത്തെ തുടര്‍ന്നുമൊക്കെ അന്‍വറെ ഏറ്റവുമധികം അപമാനിച്ചതും ദ്രോഹിച്ചതും ആര്യാടന്‍ ഷൗക്കത്താണ്. അന്‍വറിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അവ ഓരോന്നും. 2016ല്‍, 12,000 വോട്ട് ഭൂരിപക്ഷത്തിനാണ് അന്‍വര്‍, ഷൗക്കത്തിനെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം അന്ന് ഷൗക്കത്തിനെ എതിര്‍ത്തിരുന്നു. അതിനേക്കാള്‍ രൂക്ഷമായിരുന്നു മുസ്ലിം ലീഗിലെ പി വി അബ്ദുള്‍വഹാബ് എം പി, ഷൗക്കത്ത് വിരുദ്ധ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ച് അന്‍വറെ ജയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍. അതൊക്കെ പരസ്യമായ രഹസ്യങ്ങളാണ്. എംഎല്‍എ അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്നു പറഞ്ഞ് ഒരുപാട് പോസ്റ്ററുകളും വാര്‍ത്തകളും വന്നതാണ് മറ്റൊരു പൊതിയാത്തേങ്ങ. 2020 ലും 2021 ലുമാണത്. എംഎല്‍എയെ കാണ്മാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുന്നു. സംഗതി വന്‍ പുകിലാകുന്നു. ആര്യാടന്‍ ഷൗക്കത്താണ് ഇതിന്റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നതും പിന്നാലെ ചര്‍ച്ചയാകുന്നു. അതും അന്‍വറിനൊട്ടും പൊറുക്കാനാകുന്നതല്ല. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട കേസുകളുടെയെല്ലാം പിന്നിലുള്ള ഷൗക്കത്ത് കണക്ഷനെപ്പറ്റിയും അന്‍വറിന് നന്നായറിയാം. ഇതും അന്‍വറിന്റെ ഷൗക്കത്ത് വിരുദ്ധതയ്ക്ക് തീവ്രതയേറ്റി.
ഇതെല്ലാം നിലനില്‍ക്കെയാണ് 2021ലെ ഇലക്ഷന്‍ വരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശാണ്. പ്രകാശ് അന്ന് ഡിസിസി പ്രസിഡന്റായിരുന്നു. അദ്ദേഹം സ്ഥാനാര്‍ത്ഥിയായതോടെ ആര്യാടന്‍ ഷൗക്കത്ത് താത്കാലിക ഡിസിസി പ്രസിഡന്റായി. പ്രകാശ് 2,700 വോട്ടുകള്‍ക്ക് അന്‍വറോട് തോറ്റു. ആ തോല്‍വിക്ക് പ്രധാനപ്പെട്ട പങ്ക് വഹിച്ചയാള്‍ ആര്യാടന്‍ ഷൗക്കത്താണെന്ന് പ്രകാശിന്റെ കുടുംബം ഇപ്പോളും കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രകാശിന്റെ മകള്‍ ഒരു പോസ്റ്റിട്ടതും അത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടുവല്ലൊ. അന്‍വറിന്റെ ഷൗക്കത്ത് വിരുദ്ധ കാമ്പെയ്‌നിന് ഇതുമൊരു പുതിയ പോര്‍മുഖമാണ്. ഇത്തരം വിവിധ ഘടകങ്ങള്‍ ചേര്‍ന്നതാണ് അന്‍വറുമായി ബന്ധപ്പെട്ട താത്പര്യങ്ങളും കാഴ്ചപ്പാടുകളും. വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അന്‍വര്‍ കാട്ടുന്ന ശാഠ്യങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ പശ്ചാത്തലം ഇവയെല്ലാം ഉള്‍പ്പെടുന്നത് അല്ലാതെ മറ്റൊന്നുമല്ല…
നിലമ്പൂരില്‍, മറക്കാനരുതാത്ത മറ്റൊന്നുള്ളത് ആര്യാടന്‍ മുഹമ്മദെന്ന കോണ്‍ഗ്രസ് നേതാവിന്റെ ലെഗസിയാണ്. സമൃദ്ധമായ ഒരു രാഷ്ട്രീയ പൈതൃകം അവശേഷിപ്പിച്ചു കടന്നുപോയ വലിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. പക്ഷേ ആര്യാടന്‍ മുഹമ്മദിനോട് ഏറെക്കാലം കടുത്ത വിരോധം കാട്ടിയിരുന്നവരാണ് മുസ്ലിം ലീഗിന്റെ സമുന്നത നേതൃത്വം. ഓപ്പണായി തന്നെ ലീഗ് നേതൃത്വവുമായി, പ്രത്യേകിച്ച് പാണക്കാട് തങ്ങന്മാരുമായൊക്കെ നിരവധി ഘട്ടങ്ങളില്‍ പരസ്യമായി കലഹിക്കുകയുണ്ടായി ആര്യാടന്‍. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹമായിരുന്നു മകന്‍ ആര്യാടന്‍ ഷൗക്കത്ത്, തന്റെ അതേ സ്ഥാനത്ത് എംഎല്‍എ ആയി പ്രതിഷ്ഠിക്കപ്പെടുക എന്നത്. പക്ഷേ, അദ്ദേഹത്തിന്റെ കാലശേഷവും അതൊരു മോഹമായിത്തന്നെ തുടരുകയാണ്.
ജീവിച്ചിരുന്ന ആര്യാടനെക്കാളും ശക്തനാണ് മരിച്ച ആര്യാടന്‍ എന്ന് കരുതുന്നവര്‍ ഒരുപാടുണ്ട് നിലമ്പൂരില്‍. പ്രബലമാണിപ്പോളും ആര്യാടന്റെ ഓര്‍മകളും സ്വാധീനവും. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍, ലാസ്റ്റ് ബസ്സാണ്. അത് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കാണേണ്ടി വരിക യുഡിഎഫ് എന്ന രാഷ്ട്രീയ മുന്നണിയുടെ തകര്‍ച്ച തന്നെയാകുമോ? അടുത്ത തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെപ്പോലെ തന്നെ മുസ്ലിം ലീഗിന്റെയും പ്രസക്തി കേരള രാഷ്ട്രീയത്തില്‍ പിന്നെ ഏത് നിലയ്ക്കാക്കും അടയാളപ്പെടുക. ഇക്കാര്യങ്ങളാകെ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ യുഡിഎഫ് നേതൃത്വത്തിലാകെത്തന്നെ എന്നുള്ളതിനാലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാര്‍ഹമാകുന്നത്. Nilambur and PV Anvar political strategy
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Nilambur and PV Anvar political strategy