കാരണവന്മാരെ മൂലയ്ക്കിരുത്താൻ കോൺഗ്രസ് ‘യുവതുർക്കികൾ’ ?

സതീശനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് യുവതുർക്കികൾ കരുവെറിഞ്ഞത്

കാരണവർ കണ്ണുരുട്ടിയാൽ അനന്തരവന്മാർ വാപൊത്തി നിൽക്കുന്ന ഒരു കാലം കേരളത്തിലെ കോൺഗ്രസ്സിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഗ്രൂപ്പ് നേതാക്കന്മാരുടെ വാക്കും നോക്കും ആ ഗ്രൂപ്പിലെ കുട്ടിനേതാക്കൾക്ക് സുഗ്രീവാജ്ഞയായിരുന്നു. കെ. കരുണാകരൻ ഒരഭിപ്രായം പറഞ്ഞാൽ അതിനു വിരുദ്ധമായ ഒരഭിപ്രായം ഐ ഗ്രൂപ്പിലെ ഒരു നാവിൽ നിന്നും ഉയർന്നിരുന്നില്ല. ഉയർന്നാൽ ആ പറഞ്ഞവൻ്റെ രാഷ്ട്രീയഭാവി എന്താകുമെന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാമായിരുന്നു.

കരുണാകരനെപ്പോലെ ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായിരുന്നില്ല എ.കെ ആൻ്റണിയെങ്കിലും അദ്ദേഹത്തിൻ്റെ വാക്ക് എ ഗ്രൂപ്പുകാർക്ക് വേദവാക്യമായിരുന്നു. ഇടക്കാലത്ത് ഉറ്റ അനുയായികളിൽ ചിലർ കരുണാകരനെ തള്ളിപ്പറഞ്ഞ് തിരുത്തൽവാദമുയർത്തി എ ഗ്രൂപ്പുകാരുമായി കൈകോർത്ത് പുകച്ചുചാടിച്ചെങ്കിലും ശേഷിച്ച ഐ ഗ്രൂപ്പുകാർ അദ്ദേഹത്തോടൊപ്പം പാറപോലെ നിന്നു. എ.കെ ആൻ്റണി, ഗ്രൂപ്പു നേതൃത്വം ഉപേക്ഷിച്ച് ഹൈക്കമാൻഡിൻ്റെ ഭാഗമായി മൗനം ദീക്ഷിച്ചിട്ടും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാർ  ശ്രീകോവിലിനകത്തെ ആൻ്റണി വിഗ്രഹം എടുത്തു മാറ്റിയിരുന്നില്ല.

ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ കോൺഗ്രസ്സിലെ യുവതുർക്കികളുടെ പടയോട്ടത്തെ നിരീക്ഷിക്കാൻ. കുറച്ചുകാലമായി പിണറായിക്കെതിരേയുള്ള പോരാട്ടത്തിലെ മുഖ്യപോരാളികൾ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പി.സി വിഷ്ണുനാഥുമെല്ലാമടങ്ങുന്ന യുവതുർക്കികളായിരുന്നു എന്നതു യാഥാർത്ഥ്യം. പക്ഷേ, അപ്പോഴൊന്നും അവർ ‘കടിഞ്ഞാൺ’ പിടിച്ചുവാങ്ങിയിരുന്നില്ല.

എന്നാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ രംഗം മാറി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ കടിഞ്ഞാൺ തൻ്റെ കൈയ്ക്കുള്ളിൽ മാത്രമൊതുക്കി 2026 ലേക്കുള്ള ഏകഛത്രാധിപത്യം ഉറപ്പിക്കാൻ കളത്തിലിറങ്ങിയ യു.ഡി.എഫ് ചെയർമാൻ വി.ഡി സതീശനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് യുവതുർക്കികൾ കളത്തിൽ കരുവെറിഞ്ഞത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചാൽ അതിൻ്റെ കിരീടം സതീശൻ്റെ തലയിലല്ല, തങ്ങളുടെ തലയിലാണ് പാകമാകുക എന്ന്‌ പറയിപ്പിക്കാൻ കച്ചമുറുക്കുകയാണവർ. ഷൗക്കത്തിനെ ഇതുവരെ തള്ളിപ്പറഞ്ഞ പി.വി അൻവർ താനുമായി രഹസ്യസൗഹൃദം തുടരുന്ന ഈ ‘തുർക്കി’കൾക്ക് അനുകൂലമായ പ്രഖ്യാപനം നടത്തുകയും ചെയ്യും. അതോടെ, കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം തുറക്കപ്പെടും.
കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്താണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രസക്തി എന്ന് ആദ്യം വിശകലനം ചെയ്യാം. ‘പിണറായിസ’ത്തിനെതിരേയുള്ള പരസ്യപ്പോരാട്ടവുമായി എൽ.ഡി.എഫ് ബന്ധം അറുത്തുമാറ്റി രംഗത്തെത്തിയ പി.വി അൻവർ ആദ്യം നടത്തിയ പ്രഖ്യാപനം ‘ഇനി പോരാട്ടം യു.ഡി.എഫിനൊപ്പം’ എന്നായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയായില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും പറഞ്ഞു. ഒപ്പം സ്ഥാനാർത്ഥി ആരായാൽ ജയിക്കുമെന്നും തുറന്നു പറഞ്ഞു.

വി.എസ് ജോയിയുടെ പേരു നിർദ്ദേശിക്കുന്നതിൽ അൻവറിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു. 2026 ൽ നിലമ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായോ യു.ഡി.എഫ് പിന്തുണയിലോ തനിക്കു മത്സരിക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകണം. ജോയിയാണ് ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നതെങ്കിൽ ‘നാമനിർദേശം’ നടത്തിയ ആൾ എന്ന നിലയിൽ തനിക്ക് അടുത്തതവണ സീറ്റ് ഒഴിഞ്ഞു തരും. ഷൗക്കത്താണ് മത്സരിച്ചു ജയിക്കുന്നതെങ്കിൽ പിന്നെ നിലമ്പൂരിൻ്റെ കാര്യം മറക്കേണ്ടി വരും.

അൻവറിൻ്റെ താൽപര്യം അംഗീകരിച്ച് ഒപ്പം നിർത്താൻ സതീശൻ ഒഴികെയുള്ള കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് യുവതുർക്കികൾ തയ്യാറായിരുന്നു. ലീഗും പച്ചക്കൊടി വീശിയിരുന്നു. പിണറായിക്കെതിരേ വാതോരാതെ പറഞ്ഞ് അൻവർ ഒപ്പമുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പു വിജയം അനായാസമാകുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, സതീശൻ വഴങ്ങിയില്ല. അൻവറിൻ്റെ രാഷ്ട്രീയശത്രുവായ ഷൗക്കത്തിനെത്തന്നെ സ്ഥാനാർത്ഥിയാക്കി.
എന്നിട്ടും, അൻവർ ഒത്തുതീർപ്പിനു തയ്യാറായിരുന്നു. 2026 ൽ നിലമ്പൂരിലെ സ്ഥാനാർത്ഥി അൻവർ തന്നെ എന്ന ഒരേയൊരു ഉറപ്പേ അദ്ദേഹത്തിനു വേണ്ടിയിരുന്നുള്ളു. രഹസ്യമായെങ്കിലും സതീശനെക്കൊണ്ട് ആ ഉറപ്പു നേടിയെടുക്കാൻ അൻവർ അവസാനനിമിഷങ്ങളിലും ലീഗ് നേതാക്കളുടെ പിന്നാലെ ചെന്നു. കോൺഗ്രസ് യുവതുർക്കികളുമായി ബന്ധപ്പെട്ടു. അവരൊക്കെ അനുകൂലമായിട്ടും സതീശൻ വഴങ്ങിയില്ല. അൻവർ വിഷയം അവസാനിച്ചതായും ഇനിയൊരു ചർച്ചയില്ലെന്നും പ്രഖ്യാപിച്ചു.

2026 ൽ ഭരണത്തിലേറാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പു വിജയം വലിയൊരു ഏണിയാകുമെന്നു വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക്, പ്രത്യേകിച്ച് യുവതുർക്കികൾക്ക് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു സതീശൻ്റെ കടുംപിടുത്തം.

മുതിർന്ന നേതാക്കൾ പ്രതിഷേധം കടിച്ചുപിടിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ള യുവതുർക്കികൾ അൻവറിലേയ്ക്ക് നേരിട്ടു പാലമിട്ടു. അൻവറിൻ്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ പോയത് ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചിട്ടല്ല. എന്തു വിലകൊടുത്തും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാനായിരുന്നു. 2026 ൽ അൻവറിന് അനുകൂലമായ തീരുമാനം യു.ഡി.എഫിനെക്കൊണ്ട് എടുപ്പിക്കാൻ യുവതുർക്കികൾ ഉണ്ടാകുമെന്ന വ്യക്തമായ സന്ദേശം അൻവറിനു നൽകാൻ തന്നെയാണ് രാഹുൽ അൻവറിൻ്റെ വീട്ടിൽ ചെന്നത് എന്നത് വ്യക്തം.
കടിഞ്ഞാൺ ഇനി ഞങ്ങളുടെ കൈകളിലാണെന്ന് യു.ഡി.എഫ് ചെയർമാനെ ബോധ്യപ്പെടുത്തൽ കൂടിയായിരുന്നു രാഹുലിൻ്റെ സന്ദർശനം.

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന വാശി ഇപ്പോൾ സതീശനേക്കാൾ ഉള്ളത് യുവതുർക്കികൾക്കാണ്. അൻവറിനെക്കൊണ്ട് പരമാവധി എൽ.ഡി.എഫ് വോട്ടുകൾ അദ്ദേഹത്തിനനുകൂലമായി പിടിപ്പിക്കുകയും യു.ഡി.എഫ് വോട്ടിൽ വിള്ളലുണ്ടാക്കാതിരിപ്പിക്കുകയും ചെയ്യുകയെന്ന ഡീൽ നടപ്പാക്കാനുള്ള കരുനീക്കമാണ് അവർ നടത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്സിൽ ഒരു കുരുക്ഷേത്രയുദ്ധം കാണാം. അതിൽ ഒരു ഭാഗത്ത് യുവതുർക്കികളായിരിക്കും.

Content Summary: nilambur byelection; a new group triggers among congress youth leaders

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 22, 2025 6:22 am

എ സജീവന്‍: മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment