യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കപ്പെട്ട വാര്‍ത്ത രാജ്യം കാത്തിരുന്ന ഒന്നാണ്. തൂക്കിലേറ്റപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വധശിക്ഷ മരവിപ്പിച്ച് കൊണ്ടുള്ള യെമന്‍ സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ആയിരുന്നു നിമിഷ പ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഇദ്ദേഹവുമായി കാന്തപുരം എപി അബൂബക്കര്‍ നടത്തിയ ഇടപെടലാണ് നാളെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മരവിപ്പിച്ചത്. ലോക പ്രശസ്ത പണ്ഡിതരും തത്വചിന്തകരും എഴുത്തുകാരും ഉള്‍പ്പെടുന്നതാണ് ശൈഖ് ഹബീബ് ഉമറിന്റെ ശിഷ്യന്മാര്‍. അദ്ദേഹത്തിന് കാന്തപുരം ഉസ്താദുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവ് കൂടിയാണ് നിമിഷ പ്രിയയുടെ വധശിക്ഷയിലെ മരവിപ്പിക്കല്‍.
നയതന്ത്രപരമായി ഇന്ത്യയ്ക്ക് യെമന്‍ സര്‍ക്കാരില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമല്ലെന്ന സാഹചര്യം നിലനില്‍ക്കെയായിരുന്നു കാന്തപുരത്തിന്റെ മധ്യസ്ഥ ശ്രമം നടന്നത്. ഹൂതികളുടെ നിയന്ത്രണമുള്ള സനയിലെ ജയിലിലായിരുന്നു നിമിഷ പ്രിയ കഴിയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ പരിധിയുണ്ടെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണിയും അറിയിച്ചിരുന്നത്.
വധശിക്ഷയ്ക്ക് പകരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദിയാധനം നല്‍കി പ്രായശ്ചിത്തം നടത്താന്‍ ഇസ്ലാമില്‍ വ്യവസ്ഥയുണ്ടെന്നത് അനുസരിച്ചാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നത്. കാന്തപുരത്തിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി പോലും ആശയവിനിമയം നടത്താനും സാധ്യമായത്. കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശവാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകമായിരുന്നു തലാലിന്റേത്. അതുകൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്.
മനുഷ്യനെന്ന നിലയ്ക്കാണ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധത്തില്‍ ഇടപെട്ടത്. ഇസ്ലാം മനുഷ്യത്വത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മതമാണ്. നിമിഷ പ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യെമനിലെ മതപണ്ഡിതരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞത്.
ആരാണ് കാന്തപുരം അബൂബക്കര്‍?
ഇന്ത്യയിലെ സുന്നി മുസ്ലീം സമുദായത്തിലെ ഏറ്റവും മുതിര്‍ന്നതും സ്വാധീനവുമുള്ള സമുദായ നേതാക്കളില്‍ ഒരാളാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. 1939 മാര്‍ച്ച് 22ന് കോത്താരിയില്‍ അഹ്‌മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മയുടെയും മകനായാണ് ഇദ്ദേഹം ജനിക്കുന്നത്. പിതാവ് അഹമ്മദ് ഹാജി ഖുര്‍ആന്‍ പണ്ഡിതനായിരുന്നു. തന്റെ പന്ത്രണ്ടാം വയസ്സില്‍ പിതാവ് മരണപ്പെട്ടു.
നാട്ടില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അബൂബക്കര്‍ മുസ്ലിയാര്‍ ഉപരിപഠനത്തിന് ചേര്‍ന്നത് വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിലാണ്. പഠനം കഴിഞ്ഞ് തിരിച്ച് വന്ന അദ്ദേഹം ഒരു സമ്പൂര്‍ണ സുന്നി പ്രവര്‍ത്തകനായി. എന്നാല്‍ സമസ്തയിലെ പിളര്‍പ്പിന് തുടക്കം കുറിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെ നേതാവാകുകയും അണികളെ സമ്പാദിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കാരന്തൂര്‍ പ്രദേശത്തുനിന്നാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്തപുരം തുടക്കമിട്ടത്. പിന്നീട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് തന്റെ സ്ഥാപനമായ ‘മര്‍കസ് സഖാഫതു സുന്നിയ്യ’ വളര്‍ത്താനായിരുന്നു. മര്‍കസ് സ്ഥാപനങ്ങളുടെ ചാന്‍സലറായ കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ ഒരു സംഘടനയെ മുഴുവന്‍ സ്വന്തം ചുമലില്‍ വഹിക്കുന്ന നേതാവ് കൂടിയാണ്. ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. പലവിധ കോഴ്സുകളിലായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ സ്ഥാപനമാണ് ഇന്ന് മര്‍കസ്.
1962ല്‍ തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദര്‍സ് ആരംഭിച്ചത്. 1970-ല്‍ കോളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്‍ഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്‍സ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. 1981 മുതല്‍ 1988 വരെ മര്‍കസ് ശരീഅ വിഭാഗം തലവനായും 1988 മുതല്‍ ചാന്‍സലറായും സേവനം ചെയ്യുന്നു. 1974 ഏപ്രിലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറില്‍ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ല്‍ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയില്‍ അംഗമായി. 1975 മുതല്‍ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ല്‍ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്‌നങ്ങളാല്‍ 1989 ല്‍ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതല്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരുന്നു. 1992-ല്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വന്നപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. 1993-ല്‍ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. 2019 ഡല്‍ഹിയില്‍ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തില്‍ ഒരു വിഭാഗം മുസ്ലീം പണ്ഡിതര്‍ അദ്ദേഹത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സുന്നി-സൂഫി ധാരയിലെ പരമോന്നത നേതാവായി അദ്ദേഹത്തെ അനുയായികള്‍ കരുതുന്നു. ദക്ഷിണേന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ഈ പദവിയിലെത്തുന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രബലമായ സുന്നികളിലെ വലിയൊരു വിഭാഗത്തിനെ പതിറ്റാണ്ടുകളോളം ആശയപരമായും സാമൂഹ്യപരമായും നയിച്ച് കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് എപി അബൂബക്കര്‍ മുസലിയാര്‍. കേരളത്തില്‍ മുസ്ലിം മത സമൂഹത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യപരമായി ആക്രമിക്കപ്പെട്ട നേതാവ് കൂടിയാണ് കാന്തപുരം. മുസ്ലിം മത സംഘടനകള്‍ സാമ്പ്രദായികമായി പിന്തുടരുന്ന രാഷ്ട്രീയ ചായ്വുകളില്‍ നിന്നും വിഭിന്നമായി ചിന്തിച്ചതിന്റെ പേരില്‍ ഏറെ ആക്രമിക്കപ്പെട്ടിട്ടുണ്ട് കാന്തപുരം.
നിരവധി വാദപ്രതിവാദങ്ങളിലും ഖണ്ഡന-ഖണ്ഡനങ്ങളിലും പങ്കെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള മതപണ്ഡിതനാണ്. ഭാര്യയും ആറു മക്കളുമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോടിനടുത്ത് കാന്തപുരത്താണ് കുടുംബസമേതം താമസിക്കുന്നത്.
തൊണ്ണൂറ് വയസ്സിനോടടുത്ത്, എഴുന്നേറ്റ് നില്ക്കാന്‍ കഴിയാത്തത്ര നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആ മനുഷ്യന്‍ ഒരു ജീവന് വേണ്ടി ഇടപെടുന്ന കാഴ്ച, മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മത നേതാക്കളും ആശയ പ്രചാരകരും കണ്ടുപഠിക്കേണ്ടത് കൂടിയാണ്. nimishapriya case; intervention of Kanthapuram AP Abubakar
Content Summary: nimishapriya case; intervention of Kanthapuram AP Abubakar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.