യെമൻ പൗരനെ വധിച്ചതുമായി ബന്ധപ്പെട്ട് യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചർച്ചകൾ മുറുകയാണ്. ഇത് സംബന്ധിച്ച് യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ലിയാർ സമൂഹ മാധ്യമം വഴി പങ്കുവച്ച പോസ്റ്റിനെതിരെയും വിമർശനങ്ങളുയരുന്നു. കാന്തപുരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെറ്റിദ്ധാരണ പടർത്തുന്ന തരത്തിലാണ് പല മാധ്യമങ്ങളും വാർത്ത നൽകുന്നത്. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തലാലിന്റെ കുടുംബം സമ്മതം അറിയിച്ചതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ സ്ഥിരീകരിച്ചു.
യെമനിലെ ചർച്ചകൾ നയിക്കുന്ന ആളുകളിൽ നിന്ന് ലഭിച്ച വിവരപ്രകാരം നിമിഷപ്രിയയുടെ വധശിക്ഷ എന്ന ആവശ്യത്തിൽ നിന്ന് തലാലിന്റെ കുടുംബം പുറകോട്ടു പോയിരിക്കുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തുടർ ചർച്ച ആവശ്യമാണ്. വധശിക്ഷ റദ്ദാക്കിയാലും ജയിൽശിക്ഷ തുടരണമെന്ന ആവശ്യം പല ഭാഗത്തു നിന്നായി ഉയർന്നു വരുന്നുണ്ടെന്നും സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.
എന്നാൽ അതല്ലാതെ ദിയാധനം കൈപ്പറ്റിക്കൊണ്ട് നിമിഷപ്രിയയ്ക്ക് മോചനം നൽകണമെന്ന ആവശ്യമാണ് നമ്മൾ ഉന്നയിക്കുന്നത്. അതേ സംബന്ധിച്ചുള്ള കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ ആവശ്യമായി വരും. വധശിക്ഷ എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പുറകോട്ട് പോയിരിക്കുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. ഇന്നലെ രാത്രിയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തയെത്തുന്നത്. എന്നാൽ ആ വാർത്ത തെറ്റാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കൃത്യമായ താത്പര്യങ്ങളുണ്ട്. ഇതിന് മുമ്പ് നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തെ പരാമർശിച്ചു കൊണ്ട് ആ ഉത്തരവ് വ്യാജമാണെന്ന തരത്തിൽ കേരളത്തിലെ ഒരു മുഖ്യധാര മാധ്യമം വാർത്ത നൽകിയിരുന്നു. നിമിഷ ഇന്നും ജീവിച്ചിരിക്കുന്നത് ആ ഉത്തരവിനെ തുടർന്നാണ് അത് വ്യാജമായിരുന്നില്ല എന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്. ഇന്നിപ്പോൾ അതേ മാധ്യമം തന്നെയാണ് ഈ വാർത്തയും തെറ്റാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നതെന്ന് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കുന്നുണ്ട്.
കാന്തപുരം എഎൻഎ എന്ന ഏജൻസിയുടെ ട്വീറ്റ് ഷെയർ ചെയ്യുകയാണ് ചെയ്തത്. ആ അക്കൗണ്ടിൽ നിന്ന് ഈ ട്വീറ്റ് ഡിലീറ്റായി പോയപ്പോഴാണ് കാന്തപുരത്തിന്റെ അക്കൗണ്ടിൽ നിന്നും പോയിരിക്കുന്നത്. ഈ വിവരങ്ങളൊന്നും ഇവർക്ക് അറിയില്ലാഞ്ഞിട്ടല്ല. അറിയുന്ന കാര്യങ്ങൾ എന്തോ താത്പര്യത്തോടെ മറച്ചുവച്ചിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മലയാളിയായ ഒരു യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ കേരളം നടത്തുമ്പോൾ ഇതിൽ വന്ന് കുത്തിതിരിപ്പുണ്ടാക്കുനതിന് പിന്നിലെ താത്പര്യമെന്താണെന്ന് ആ മാധ്യമം തന്നെയാണ് പറയേണ്ടതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ആദ്യം ഘട്ടം മുതൽക്കേ തന്നെ നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്ന നിലപാടിലുറച്ചാണ് തലാലിന്റെ സഹോദരൻ നിൽക്കുന്നത്. ആ നിലപാടിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, ചർച്ചകളുടെ ഭാഗമായി ഈ വിഷയത്തിൽ അന്തിമയായ നിലപാടെടുക്കേണ്ട ആളുകൾ തങ്ങളുടെ നിലപാടിൽ നിന്ന് പിന്മാറിയിട്ടുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ വാർത്ത തന്നെയാണെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
content summary: Nimisha Priya case, Talal’s family is reportedly willing to withdraw the demand for the death penalty