‘ഇസ്ലാംമത വിശ്വാസമുള്ള യെമനിൽ പാസ്റ്റർമാരുടെ മധ്യസ്ഥത ​ഗുണം ചെയ്യില്ല’; കേസിൽ യുവ എംഎൽഎക്ക് വ്യക്തത വേണമെന്ന് ആക്ഷൻ കൗൺസിൽ ട്രഷറർ

സൂഫി പണ്ഡിതന്മാരെ മറികടന്ന് പാസ്റ്റർമാർക്ക് ഒരു ഇടമുണ്ടാക്കിയെടുക്കാൻ കഴിയില്ല

യെമൻ പൗരന്റെ കൊലപാതകത്തെ തുടർന്ന് യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം വൈകുന്നതിന് കാരണം തെക്കൻ കേരളത്തിലെ യുവ എംഎൽഎ ആണെന്ന ആരോപണമാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഉന്നയിച്ചിരിക്കുന്നത്. വർ​ഗീയതയും പണക്കൊതിയുമാണ് യുവ എംഎൽഎയുടെ ലക്ഷ്യമെന്നായിരുന്നു കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് വിമർശിച്ചത്. താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നും എന്നാൽ യുവ എംഎൽഎയുടെ പേര് പരാമർശിക്കാൻ ഇപ്പോൾ ആ​ഗ്രഹിക്കുന്നില്ലെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് അഴിമുഖത്തോട് പ്രതികരിച്ചു.

‘നിമിഷപ്രിയയുടെ മോചനം വൈകുന്നതിന് കാരണമായി നിൽക്കുന്ന യുവ എംഎൽഎയുടെ പേര് പരാമർശിക്കാൻ ഇപ്പോൾ ആ​ഗ്രഹിക്കുന്നില്ല. നിമിഷപ്രിയയുടെ കേസിൽ യുവ എംഎൽഎ കാണിക്കുന്ന താൽപര്യം വിപരീത ഫലമാണ് നിലവിൽ യെമനിൽ ഉണ്ടാക്കുന്നത്. യെമനിൽ ചർച്ച നന്നായി പുരോ​ഗമിക്കുന്ന സാഹചര്യമാണുള്ളത്. മർക്കസിന്റെ ഇടപെടൽ കൊണ്ട് യെമനിലെ മതപണ്ഡിതന്മാർ മുൻകൈയെടുത്താണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി കണ്ട് സംസാരിച്ചത്. ഇത്തരത്തിൽ ചർച്ച നടക്കുന്ന ഒരു സമയത്ത് മറ്റ് രീതിയിലുള്ള ഇടപെടലുകളുണ്ടായാൽ നിമിഷപ്രിയ കേസിൽ അത് ​ഗുണം ചെയ്യില്ല.

കുറച്ച് പാസ്റ്റർമാർ യെമനിൽ ഈ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത്. എന്നാൽ നിമിഷപ്രിയ കേസിൽ ഈ ഇടപെടൽ ദോഷമായി മാറുകയാണ് ചെയ്യുന്നത്. യെമൻ ഒരു ഇസ്ലാമിക രാഷ്ട്രമാണ്. ഹൂതികളടക്കമുള്ള കടുത്ത ഇസ്ലാംമത വിശ്വാസികളുള്ള ഒരു രാജ്യമാണത്. അവരുടെ ഇടയിൽ സൂഫി പണ്ഡിതന്മാരെ മറികടന്ന് പാസ്റ്റർമാർക്ക് ഒരു ഇടമുണ്ടാക്കിയെടുക്കാൻ കഴിയില്ല.

കാന്തപുരം എ. പി അബൂബക്കർ മുസില്യാർ യെമനിലെ ഹൂതികൾക്ക് വിശ്വാസമുള്ള സൂഫി പണ്ഡിതന്മാരുമായാണ് ഇടപെടൽ നടത്തിയത്. സൂഫി പണ്ഡിതന്മാരെ ഹൂതികളുമായി ബന്ധിപ്പിച്ച് തലാലിന്റെ ​ഗോത്ര തലവന്മാരെ ഉൾപ്പെടുത്തുകയും അവരുടെ കുടുംബാം​ഗങ്ങളുമാണ് നിലവിൽ ചർച്ചയിൽ പങ്കെടുത്തത്. അവരുമായി സംസാരിച്ച് പോസിറ്റീവ് രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സമയത്താണ് ഇടയിൽ കയറാൻ ചില വ്യക്തികൾ ശ്രമിക്കുന്നത്.

തുടക്കത്തിൽ നിമിഷപ്രിയ ദൗത്യത്തിൽ പണം നൽകി ചുമതലപ്പെടുത്തിയ വ്യക്തിയായിരുന്നു സാമുവൽ ജെറോം. ഏകദേശം അഞ്ച് വർഷത്തോളം സാമുവൽ ജെറോം നടത്തിയെന്ന് അവകാശപ്പെടുന്ന പ്രവർത്തനങ്ങൾ കള്ളത്തരങ്ങളായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ സാമുവൽ ജെറോമിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന വീഡിയോ ആക്ഷൻ കൗൺസിലിന്റെ കൈവശമുണ്ട്. നിമിഷപ്രിയയുടെ വക്കീലെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരാളും തങ്ങളുടെ കുടുംബത്തെ സമീപിച്ചിട്ടില്ലായെന്നാണ് അവർ പറയുന്നത്. അപ്പോഴാണ് മർക്കസിന്റെ ഇടപെടലിന്റെ പ്രാധാന്യം നമുക്ക് മനസിലാകുന്നത്. അതുകൊണ്ട് തന്നെയാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ മർക്കസിനെ ആശ്രയിക്കാൻ തീരുമാനിച്ചതും. മർക്കസിൻ്റെ ഇടപെടൽ കൊണ്ട് കേസിൽ പുരോ​ഗതി മാത്രമാണ് ഉണ്ടായിരിക്കുന്നത്. വധശിക്ഷ മാറ്റിവെച്ചു എന്നത് തന്നെ ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ വിജയമാണ്. ആ വിജയത്തെ പോലും തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് മാധ്യമങ്ങളോട് പലരും സംസാരിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്നതാണ് ഇതിൽ ദുഖകരമായ മറ്റൊരു കാര്യം.

കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നില്ല. കേന്ദ്ര സർക്കാർ അവർക്ക് കഴിയുന്ന തരത്തിൽ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കാരണം ഇന്ത്യൻ സർക്കാരിന് നയതന്ത്ര ചാനലുകളും എംബസി പോലുള്ള ഔദ്യോ​ഗിക സംവിധാനങ്ങളുമുണ്ട്. അതിന് പരിമിതികളുണ്ടെന്ന് മനസിലായപ്പോഴാണ് കുടുംബവുമായി നേരിട്ട് സംസാരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. നിമിഷപ്രിയയുടെ വധശിക്ഷ പൂർണമായും റദ്ദാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബം അതിന് തയ്യാറാണ് എന്ന വാർത്തയാണ് ഞങ്ങൾക്ക് ലഭിച്ചതും.

ആ അവസരത്തിൽ മധ്യസ്ഥതയിൽ യാതൊരു പ്രാധാന്യവുമില്ലാത്തവർ ലേലം വിളിയുമായി ഇറങ്ങിയത്. അഞ്ച് കോടി എന്നൊക്കെയുള്ള വാ​ഗ്ദാനങ്ങളുമായി അവർ കുടുംബത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്തത്. നിലവിൽ ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറാകാതെ നിൽക്കുന്ന സഹോദരനെ പറഞ്ഞ് മനസിലാക്കി വധശിക്ഷ ഇല്ലാതാക്കാനുള്ള ശ്രമങ്ങളല്ല നടക്കുന്നത്. രാജ്യത്തെ നിയമങ്ങളും രീതികളും മനസിലാക്കി വിഷയത്തെ വ്യക്തതയോടെ കൈകാര്യം ചെയ്യണമെന്നാണ് ആക്ഷൻ കൗൺസിലിന് പറയാനുള്ളത്.

മതപണ്ഡിതന്മാർ ഇടപെട്ട് നടത്തുന്ന ചർച്ചയിൽ പാസറ്റർമാരെ ഉൾപ്പെടുത്തിയാൽ ഇവർക്കിതിലെന്ത് കാര്യമെന്ന ചോദ്യമുയരും. യെമനിലെ ഭരണകൂടം അത് വിപരീതമായാണ് എടുക്കുക,’ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് അഴിമുഖത്തോട് പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യുവ എംഎൽഎയ്ക്കെതിരെയുള്ള നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷററുടെ വിമർശനം.

Content Summary: nimishapriya death sentence; Nimisha Priya Action Council treasurer criticises Kerala MLA

This post was last modified on August 6, 2025 5:03 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment