നിമിഷപ്രിയുടെ മോചനം വീണ്ടും പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിച്ചു. കാന്തപുരവുമായി ചർച്ച ചെയ്തതിന് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിൽക്കാൻ ആക്ഷൻ കൗൺസിലിനാകില്ലെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിർത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. അതേസമയം, കാന്തപുരം അബൂബക്കർ മുസിലായാരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുക്കുക. പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ
ആക്ഷൻ കൗൺസിലിനുള്ളിൽ നടക്കുന്നുണ്ട്. കെ. എ പോളിനെ പോലെയുള്ളവരെ പിന്തുണച്ചാണ് കുടുംബം നിൽക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ഇനി മുന്നോട്ട് പോകണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റർ കെ.എ. പോൾ പണപ്പിരിവ് നടത്തുന്നത് ശരിയായ മാർഗത്തിലൂടെയല്ലായെന്ന് കേന്ദ്ര സർക്കാർ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ കെ.എ. പോളിനൊപ്പം നിൽക്കാനാണ് നിമിഷപ്രിയയുടെ ഭർത്താവ് തീരുമാനിച്ചത്. അതിനാൽ അവർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ ഉത്തരവാദിത്തം ഏൽക്കാൻ ആക്ഷൻ കൗൺസിലിന് സാധിക്കില്ല. ഞങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് കാന്തപുരം ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കുചേർന്നത്. അതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് അവരോട് ചർച്ച ചെയ്യും. കുടുംബം ഇപ്പോൾ ആക്ഷൻ കൗൺസിലുമായി ബന്ധപ്പെടുന്നില്ല. അവർ പൂർണമായിട്ടും പോളിന്റെ നിയന്ത്രണത്തിലാണ്.
വധശിക്ഷയിൽ നിന്നും നിമിഷപ്രിയക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. ഇനി മുന്നിലുള്ള മോചനത്തിന്റെ കാര്യമാണ്. ആക്ഷൻ കൗൺസിലിനെ ഉപയോഗിച്ച് കേരള സമൂഹത്തിൽ നിന്നും പണം നേടാനാണ് കെ. എ പോളിനെ പോലുള്ളവർ ശ്രമിക്കുന്നത്. അതിന് ഞങ്ങൾ നിന്ന് കൊടുക്കില്ല. ഞങ്ങൾ സംസാരിച്ച് ഒന്നോ രണ്ടോ കോടി രൂപയിൽ തീരേണ്ട വിഷയം 50 കോടിയിൽ എത്തിനിൽക്കുകയാണ്. ഈ പണം അവർക്ക് നൽകാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യട്ടേ. ആക്ഷൻ കൗൺസിലിനെ ഇതിലേക്ക് വലിച്ചിഴക്കാൻ ഞങ്ങൾ അനുവദിക്കില്ല. ആരുടെയും സാമ്പത്തിക താൽപര്യത്തിന് നിന്നു കൊടുക്കാൻ കഴിയില്ലല്ലോ? എന്തായാലും വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ആക്ഷൻ കൗൺസിലിന്റെയും കാന്തപുരത്തിന്റെയും ഇടപെടൽ കാരണമാണ് വധശിക്ഷ റദ്ദാക്കിയത്. മോചനത്തിന് വേണ്ടി ഇനിയും മുന്നോട്ട് പോകാൻ ഞങ്ങൾ തയ്യാറായിരുന്നു. കാന്തപുരത്തിനെ പോലെയും ബാബു എംഎൽഎയെ പോലെയുമുള്ളവർ ആക്ഷൻ കൗൺസിലിലുണ്ട്. നാളെ ഈ സാമ്പത്തിക തട്ടിപ്പിൽ അവർക്കെതിരെ ചോദ്യം വരില്ലേ? അതുകൊണ്ടാണ് ഇത് നിർത്താൻ ആലോചിക്കുന്നത്. കേന്ദ്ര സർക്കാർ തന്നെ പോളിനെ തള്ളിപ്പറഞ്ഞിട്ടും പോൾ നടത്തുന്ന വാർത്താസമ്മേളനത്തിൽ കുടുംബം പങ്കെടുത്തു. പോളുമായി ചേർന്നാണ് അദ്ദേഹത്തിന് പ്രവർത്തിക്കാൻ താൽപര്യമെങ്കിൽ അങ്ങനെ തന്നെ പോകട്ടെ’, അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു.
ദയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ വിഷയത്തിലേക്ക് കടന്നുവരുന്നത്.
Content Summary: Nimishapriya death sentence: Save Nimishapriya Action Council plans to halt operations
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.