June 04, 2026 |

‘യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം, സുപ്രീം കോടതി നിർദേശം പ്രതീക്ഷയെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ

കുടുംബവുമായുള്ള ചർച്ചകൾ തുടരുന്നു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ചുള്ള വാർത്തകളാണ് കേരളം ഉറ്റുനോക്കുന്നത്. ദയാധനത്തിന്റെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ചർച്ചകൾ നടത്തുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗവും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന കേന്ദ്ര സർക്കാരിന്റെ പ്രതികരണത്തെക്കുറിച്ചും അഡ്വ. സുഭാഷ് ചന്ദ്രൻ സംസാരിച്ചു.

‘നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരം ഇടപെടൽ നടത്തിയിട്ടില്ലായെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. മധ്യസ്ഥത വഹിച്ചതിനെക്കുറിച്ച്
അറിവില്ലായെന്നാണ് പറഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസുണ്ടായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെക്കുറിച്ച് നാല് തവണയാണ് കോടതിയിൽ വാദിച്ചത്. ഒരിക്കൽ പോലും അറ്റോർണി ജനറൽ അതിനെ എതിർത്തിട്ടില്ല. കേന്ദ്ര സർക്കാർ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അറിയിച്ചതല്ലാതെ ആക്ഷൻ കൗൺസിന്റെ നീക്കത്തെക്കുറിച്ചോ കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ചോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.

വളരെ ആർജവത്തോടെ തന്നെയാണ് തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ മുന്നോട്ട് പോകുന്നത്. കുടുംബത്തിലെ നിരവധി അം​ഗങ്ങൾ നമുക്ക് പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് നൽകിയത്. തലാലിന്റെ സഹോദരനും കുറച്ച് കസിൻസും മാത്രമാണ് ഇതിൽ പിന്നോട്ട് നിൽക്കുന്നത്. അവരെക്കൂടി സമ്മതിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആക്ഷൻ കൗൺസിൽ.

ആക്ഷൻ കൗൺസിൽ ഒരു ഡെലി​ഗേഷൻ അയക്കാനായി ആ​ഗ്രഹിക്കുന്നുണെന്ന് ഇന്ന് സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ആക്ഷൻ കൗൺസിലിന്റെ രണ്ട് പ്രതിനിധികൾ, മർക്കസിന്റെ രണ്ട് പ്രതിനിധികൾ, കേന്ദ്ര സർക്കാരിൻ്റെ രണ്ട് പ്രതിനിധികൾ എന്നിങ്ങനെയാണ് മോചന ചർച്ചകൾക്കായി യെമനിലേക്ക് പോകാനുള്ള അനുമതി ആവശ്യപ്പെട്ടത്. പ്രതിനിധി സംഘത്തിന് യെമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. വിഷയത്തിൽ അനുഭാവപൂർണമായ നിലപാടെടുക്കണമെന്ന് കേന്ദ്രത്തിനും നിർദേശം നൽകിയിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷ വെയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്,’ അഡ്വ. സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു.

ജൂലൈ 16ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ യെമൻ ഭരണകൂടം ജൂലൈ 15ന് മരവിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടന്ന അനുരഞ്ജന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് വിധി നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിക്കാൻ തീരുമാനമായതെന്നും കാന്തപുരം എപി അബൂബക്കർ മുസ്യാരുടെ ഇടപെടലാണ് നിർണായകമായതെന്നും റിപ്പോർട്ടുകളുമുണ്ടായിരുന്നു. ബ്ലഡ് മണി സ്വീകരിക്കാൻ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം സമ്മതിച്ചാൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകും. കുടുംബാംഗങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായി മാറിയൊരു കൊലപാതകമാണ് തലാലിന്റേത്. ബ്ലഡ് മണി സ്വീകരിക്കുന്നതിൽ ഇതുവരെ അവിടുത്തെ ഗോത്ര വിഭാഗം എതിരായിരുന്നു. ഈ എതിർപ്പ് നിലനിൽക്കുന്നതുകൊണ്ടായിരുന്നു തലാലിന്റെ കുടുംബം, ബ്ലഡ് മണിയുടെ കാര്യത്തിൽ ചർച്ചകൾക്ക് തയ്യാറാകാതിരുന്നത്.

Content Summary: nimishapriya death sentence; Supreme Court order gives hope, said Adv. Subash Chandran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×