മലപ്പുറത്ത് 15കാരന് നിപ വൈറസ് ബാധയെന്ന സംശയത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികില്‍സയില്‍ കഴിയുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയ്ക്ക് ആദ്യം മലപ്പുറത്തെ തന്നെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് ചികില്‍സ നല്‍കിയിരുന്നത്. എന്നാല്‍ നിപ സംശയം വന്നതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ നിപയാണോയെന്ന കാര്യം വ്യക്തമാവു. Nipah Kerala on high alert.
അതേസമയം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഞ്ചാമത്തെ തവണയാണ് നിപ വൈറസ് ഭയത്തിലേക്ക് കേരളം പോയത്. അധിവേഗത്തില്‍ പകരുന്ന രോഗമല്ല നിപ, അസുഖ ബാധിതന്റെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കം വന്നാല്‍ മാത്രമേ രോഗം പിടിപെടു. അതുകൊണ്ട് തന്നെ ഭയമല്ല, കരുതലാണ് വേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
പ്രാരംഭ ലക്ഷണം
പനി
തലവേദന
ചുമ
തൊണ്ടവേദന
ശ്വാസതടസ്സം
ഛര്‍ദ്ദി
സാധാരണ പനിക്കൊപ്പം കടുത്ത ബലഹീനതയും പേശി വേദന പോലുള്ളവ വന്നാല്‍ ഡോക്ടറുടെ സഹായം തേടണം. പലതരം പനികള്‍ വരെയുള്ളതിനാല്‍ എന്ത് പനിയെന്ന് സ്ഥിരീകരിക്കുകയാണ് ഇത്തത്തെ കാലത്ത് ഏറെ പ്രധാനപ്പെട്ട കാര്യമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂടിയായ ഡോ അനിത കുമാരി പറയുന്നു. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗാണു ശരീരത്തില്‍ കടന്നാല്‍ പനിയുടെ ലക്ഷണം തന്നെയായിരിക്കും കാണിക്കുക.
അപൂര്‍വ്വമായി ചുമ,ഛര്‍ദി, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍ പോലുള്ളവയും വരാം. നേരത്തെ തന്നെ രോഗാണു ശരീരത്തില്‍ കയറിയതിനാല്‍ ആണ് ലക്ഷണം കാണിച്ച് തുടങ്ങി 48-72 മണിക്കൂറില്‍ തന്നെ ചില രോഗികള്‍ കോമ അവസ്ഥയിലേക്ക് പോവുന്നതെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. ഇതിന് പിന്നാലെ തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അസുഖം വരാതെ നോക്കുകയാണ് പ്രധാനമെന്ന് പറയുന്നത്.
പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനംനിപ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാകാലത്തും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതിരോധം: നിലവില്‍ വവ്വാലുകളെയാണ് എറ്റവും ഭയപ്പെടേണ്ടത്. അത്തരത്തിലുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണം-വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ളവ. അവ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഐസിഎംആര്‍ പഠനങ്ങള്‍ പറയുന്നത്
സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018ല്‍ കോഴിക്കോടാണ്. അയാളുടെ ശരീരത്തില്‍ രോഗാണു എവിടെ നിന്നാണ് എത്തിചേര്‍ന്നത് എന്നതിനെ കുറിച്ച് അജ്ഞാതമായിരുന്നു. എന്നാല്‍ പേരാമ്പ്ര അടക്കമുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ പരിസരത്ത് നിന്ന് ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നത് ഉറപ്പിച്ചത്. സാംപിളുകളില്‍ 19 ശതമാനത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകള്‍ തമ്മിലുള്ള സാമ്യം 99-100 ശതമാനമായിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേയ്ക്ക് ഗവേഷകര്‍ എത്തിയത്.
ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് പഴം തീനി വവ്വാലുകളുടെ പ്രജനന സമയം, ഈ സമയത്ത് കരുതല്‍ വേണമെന്നാണ് ഐസിഎംആര്‍ ചൂണ്ടികാട്ടുന്നത്
ടീറോപസ് ജെജാന്റിക്കസ് എന്ന വില്ലന്‍
ഇന്ത്യയില്‍ കാണപ്പെടുന്ന ഏക പഴം തീനി വവ്വാല്‍ ആണ് ടീറോപസ് ജെജാന്റിക്കസ്.പ്രാഗ്യ യാദവിന്റെ നേതൃത്വത്തില്‍ 2019ല്‍ എറണാകുളത്ത് രോഗം വന്നപ്പോള്‍ നടത്തിയ പരിശോധനയിലും പഴം തീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. താടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍നിപവൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ സാന്നിധ്യം 21 ശതമാനം വരെയായിരുന്നു.
2021ല്‍ കോഴിക്കോട്ടെ കൊടിയത്തൂര്‍, താമരശേരി എന്നിവിടങ്ങളില്‍ നിപവൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. ആദ്യഘട്ട ഫലത്തില്‍ താമരശേരിയിലെ ഒരു വവ്വാലിലും കൊടിയത്തൂരിലെ ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.ഇതോടെയാണ് വില്ലന്‍ പഴം തീനി വവ്വാല്‍ ആണെന്ന നിഗമനത്തില്‍ എത്തിയത്.
English Summary: Nipah Kerala on high alert- 15-year-old boy in Kerala hospitalized with suspected Nipah symptoms