ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി വാഹന നിർമാണ കമ്പനിയായ നിസാൻ. 20,000ലധികം തൊഴിലാളികളെ പിരിച്ചുവിടാനും ഏഴോളം ഫാക്ടറികൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിലാണ് കമ്പനി. കമ്പനിയിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ നിന്ന് ഏതാണ്ട് 15 ശതമാനത്തോളമാണ് ഇത്. ഈ തീരുമാനം ജപ്പാൻ, യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളിലെ കമ്പനികളെ പ്രതിസന്ധിയിലാക്കിയേക്കാം.
നിർമ്മാണം, വിൽപ്പന, ഭരണം, ഗവേഷണം, വികസനം എന്നിങ്ങനെ കമ്പനിയുടെ എല്ലാ മേഖലയിലെ ജീവനക്കാരെയും ഇത് കാര്യമായി ബാധിക്കാം. ഏതൊക്കെ ഫാക്ടറികളാണ് അടച്ചു പൂട്ടുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് മുമ്പ് കമ്പനി തീരുമാനിച്ചിരുന്നത് എന്നാൽ അതിന്റെ ഇരട്ടിയേക്കെത്തിയത് കമ്പനിയുടെ പ്രതിസന്ധി മൂലമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിസാൻ പ്രതിസന്ധിയിലാണെന്നും കമ്പനിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് കൃത്യമായി പ്രവർത്തിക്കുമെന്നും കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഇവാൻ എസ്പിനോസ ഒരു പത്ര സമ്മേളനത്തിനിടയിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. യുഎസിന്റെ വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതമായി നിസാന്റെ യുഎസിലെയും ചൈനയിലെയും കച്ചവടത്തിൽ ഇടിവ് വന്നു. മാർച്ച് അവസാനം വരെയുള്ള വിൽപ്പനയിൽ നിസ്സാൻ 671 ബില്യൺ യെൻ നഷ്ടമുണ്ടായതാണ് റിപ്പോർട്ട്. ഹോണ്ടയുമായുള്ള 60 ബില്യൺ ഡോളറിന്റെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെടുകയും ചെയ്തിരുന്നു.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കുഷ്യൂ ദ്വീപിൽ ഇലക്ട്രിക് കാറുകൾക്കായി ആസൂത്രണം ചെയ്ത ബാറ്ററി ഫാക്ടറി നിർമ്മാണം തത്കാലത്തേക്ക് വേണ്ടെന്നുള്ള തീരുമാനത്തിലേക്കും കമ്പനി എത്തി. ഈ പദ്ധതിയ്ക്കായി ഏകദേശം 100 കോടി രൂപയോളമാണ് ചിലവ്. 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിയിരുന്ന ഈ പദ്ധതിയ്ക്ക് ജാപ്പനീസ് സർക്കാർ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാൻ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ട്രംപിന്റെ തീരുവനയം കമ്പനിയെ കാര്യമായി ബാധിച്ചിരുന്നു ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം നികുതി ചുമത്തിയതോടെ നിസാന്റെ ഏറ്റവും ഡിമാൻ്റ് കൂടുതലുള്ള കാറുകളുടെ വിൽപ്പനയിലും കുറവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ചില പ്ലാന്റുകളിൽ നിർമ്മാണം നിർത്തി വച്ചിരിക്കയാണ്. നിർമ്മാണം പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ട്രംപിന്റെ തീരുവനയം പിൻവലിക്കാൻ ഉടനെ തീരുമാനമാകുമെന്നും ഇതോടെ കമ്പനി വീണ്ടും ഉത്പാദനം വർദ്ധിപ്പിച്ചേക്കുമെന്നുമാണ് സൂചന.
content summary: Nissan is cutting 20,000 jobs worldwide due to a loss of 100 crore