June 04, 2026 |
Share on

മകനെ പിന്‍ഗാമിയാക്കി നിതീഷിന്റെ പടിയിറക്കം; ബിഹാറില്‍ എല്ലാം ബിജെപിയുടെ തീരുമാനമോ?

ഒന്നിലേറെ പേരുകളുണ്ട് ബിജെപിയുടെ മുഖ്യമന്ത്രി പദത്തിലേക്ക്

ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന വാര്‍ത്തകളാണ് ബിഹാറില്‍ നിന്നും വരുന്നത്. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നതാണ്. ബുധനാഴ്ച വന്ന വാര്‍ത്തകള്‍ പ്രകാരം അദ്ദേഹത്തിന്റെ പടിയിറക്കത്തിന് കളമൊരുങ്ങി കഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രി പദമൊഴിഞ്ഞ് നിതീഷ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഡിയുവിലെയും സഖ്യ കക്ഷിയായ ബി.ജെ.പിയിലെയും നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വഴി തെളിയുകയാണ്. ജെ.ഡി.യുവില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ ആയിരിക്കും പുതിയ മുഖ്യമന്ത്രിയെങ്കിലും, ബി.ജെ.പിയില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ രാജ്യസഭാ എം.പിമാരുടെ കാലാവധി ഏപ്രിലിലാണ് അവസാനിക്കുന്നത് എന്നതിനാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ നിതീഷ് കുമാര്‍ അതുവരെ സമയം എടുത്തേക്കാം. അതേസമയം തന്നെ ബുധനാഴ്ച രാത്രി വൈകിയും ജെ.ഡി.യുവിന്റെ മുതിര്‍ന്ന നേതാക്കളും നിതീഷിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പദവി ഒഴിയുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം അദ്ദേഹം തന്നെ എടുക്കണമെന്നുമാണ് ജെ.ഡി.യു മന്ത്രി വിജയ് കുമാര്‍ ചൗധരി പറഞ്ഞത്. കൂടാതെ, പാര്‍ട്ടിയുടെ ആഗ്രഹപ്രകാരം നിതീഷിന്റെ മകന്‍ നിശാന്ത് കുമാര്‍ ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പട്‌ന സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

ബി.ജെ.പിയോ ജെ.ഡി.യുവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യസഭാ നാമനിര്‍ദ്ദേശ പത്രികയില്‍ നിതീഷ് കുമാര്‍ ഒപ്പുവെച്ചതായും വിവരങ്ങളുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയത്. 89 സീറ്റുകളുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെ.ഡി.യു 85 സീറ്റുകള്‍ നേടി. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 42 സീറ്റുകളുടെ വര്‍ധനവാണ് ജെ.ഡി.യുവിനുണ്ടായത്. ഈ വിജയത്തിന്റെ പ്രധാന ക്രെഡിറ്റ് നിതീഷ് കുമാറിനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതി ഭരണത്തെ ബാധിക്കുന്നുണ്ടെന്നും നിലവില്‍ ഉദ്യോഗസ്ഥവൃന്ദമാണ് ബിഹാര്‍ ഭരിക്കുന്നത് എന്നുമുള്ള ധാരണ പരന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ നിതീഷ് കുമാര്‍ മാറുന്നത് പുറംലോകത്തിന് മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കാമെങ്കിലും ഇത് സംസ്ഥാന ഭരണത്തിനും എന്‍.ഡി.എയ്ക്കും ഗുണകരമാകുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന് അഞ്ച് വര്‍ഷവും ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്ന് വര്‍ഷവും ബാക്കിയുള്ള സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണാത്മകമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്ന് അവര്‍ കരുതുന്നു. അതേസമയം, ഈ നീക്കങ്ങളെ പ്രതിപക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിതീഷിന്റെ മടക്കം വെനസ്വേലന്‍ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകുന്നതിന് തുല്യമായിരിക്കുമെന്നും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ആര്‍.ജെ.ഡി എം.പി മനോജ് ഝാ പറഞ്ഞു.

പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, വ്യവസായ മന്ത്രി ദിലീപ് ജയ്സ്വാള്‍, ബി.ജെ.പി എം.എല്‍.എ സഞ്ജീവ് ചൗരസ്യ എന്നിവരുടെ പേരുകളാണ് എന്‍.ഡി.എ വൃത്തങ്ങള്‍ക്കിടയില്‍ സജീവമായിട്ടുള്ളത്. വിജയ് കുമാര്‍ ചൗധരിയും നിതീഷിന്റെ മകന്‍ നിശാന്ത് കുമാറും ജെ.ഡി.യുവിന്റെ ഭാഗത്ത് നിന്ന് ഉപമുഖ്യമന്ത്രിമാരായേക്കാം. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ നിതീഷിന്റെ ഈ പിന്‍മാറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബിഹാറിലെ സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലുള്ള സ്വാധീനവും വികസനത്തിന്റെ മുഖമെന്ന പ്രതിച്ഛായയും നിതീഷ് കുമാറിനെ ബിഹാറിലെ അനിഷേധ്യ നേതാവാക്കി മാറ്റിയിരുന്നു. നിശാന്ത് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാനായിരുന്നു ആദ്യ ചര്‍ച്ചകളെങ്കിലും, ബിഹാര്‍ രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് നിശാന്ത് താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതോടെയാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകാനും തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതെന്ന് പറയപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും നിതീഷ് ഈ നിര്‍ദ്ദേശത്തിന് വഴങ്ങിയതായാണ് റിപ്പോര്‍ട്ട്.

Content Summary: Nitish Kumar Likely to Resign CM post Due to Failing Health; Set to Move to Rajya Sabha. A BJP Chief Minister is likely to take over in Bihar

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×