വെള്ള മുണ്ടും വെള്ള ബനിയനും, ഒതുക്കമില്ലാത്ത മുടിയുമായി ആരാധകര്‍ക്കിടയില്‍ ‘ബോ ചെ’ എന്നറിയപ്പെടുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചുള്ള ‘അഴിമുഖം’ അന്വേഷണാത്മക പരമ്പര വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നാല് ഭാഗങ്ങളായുള്ള അന്വേഷണ പരമ്പരയിലൂടെ ബോബി ചെമ്മണൂരിന്റെ എട്ട് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പ് (LLP) കമ്പനികളുടെ സുതാര്യതയും ലാഭനഷ്ട കണക്കുകളുമാണ് അന്വേഷണ പരമ്പര വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്.
ബോബി ചെമ്മണൂരിന്റെ എട്ട് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) കമ്പനികളുടെ ലാഭനഷ്ട കണക്കുകളാണ് പരമ്പരയുടെ ആദ്യഭാഗം പ്രതിപാദിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) എന്നിവയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നിക്ഷേപം സ്വീകരിക്കുന്ന ബോബി ചെമ്മണൂരിന്റെ ബിസിനസ് സംരംഭം ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
വരുമാനം രേഖപ്പെടുത്താത്ത LLP-കളുടെ ഒരു വലിയ ശൃംഖല ബോബിയുടെ ബിസിനസ് സാമ്രാജ്യത്തിന് കീഴിലുണ്ടെന്ന് അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപ സമാഹരണവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ SEBI നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് ബോബി ചെമ്മണൂര്‍ ബിസിനസുമായി മുന്നോട്ട് പോകുന്നതെന്നത് ഞെട്ടിക്കുന്ന വിവരമാണ്.
Also Read : പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ
ബോച്ചെയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയ SEBI റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ പോയ ഭരണകൂടത്തിന്റെ നിശ്ശബ്ദത ചോദ്യം ചെയ്യപ്പെടുന്നതാണ്. നിയമലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളാണ് ഈ ബിസിനസ് സാമ്രാജ്യത്തിന് മൗനമായി കൂട്ടുനില്‍ക്കുന്നതെന്ന ഞെട്ടിക്കുന്ന സത്യവും അന്വേഷണ പരമ്പര ചൂണ്ടിക്കാണിക്കുന്നു.
2017 ലെ സെബി റിപ്പോര്‍ട്ട്
2017 ജൂണ്‍ 30-ന് തിരുവനന്തപുരത്ത് നടന്ന 38-ാമത് സംസ്ഥാനതല ഏകോപന സമിതി (SLCC) യോഗത്തിലാണ് SEBI, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനെതിരേ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനീസ് (NBFCs), അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് ബോഡീസ് (UIBs) എന്നിവയുടെ നിക്ഷേപ സമാഹരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗമായിരുന്നു അത്.
സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ യഥാര്‍ത്ഥത്തില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുകയായിരുന്നു ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരം കോടിയിലധികം രൂപയാണ് സ്ഥാപനം അനധികൃതമായി സമാഹരിച്ചത്.
സ്ഥാപനത്തിനെതിരേ സത്വര നടപടിയെടുക്കാന്‍ സെബി, റിസര്‍വ് ബാങ്കിനോടും സംസ്ഥാന എ.ഡി.ജി.പി. (ക്രൈം) യോടും ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഏകദേശം 85,000-ലേറെ നിക്ഷേപകരുടെ സമ്പാദ്യത്തിന്മേല്‍ സെബി അന്ന് ആശങ്ക ഉന്നയിച്ചിട്ടും, ഈ റിപ്പോര്‍ട്ടില്‍ ഇതുവരെ ഒരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല എന്നത് ഭരണകൂടത്തിന്റെ നിസ്സംഗത വ്യക്തമാക്കുന്നു.
സ്വര്‍ണ വില്‍പനയിലെ പൊരുത്തക്കേടുകള്‍
സെബി പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോഴും, നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ നിസ്സഹായതയുടെ വാദമാണ് ഉന്നയിക്കുന്നത്. ‘റിസര്‍വ് ബാങ്ക് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിനെതിരേ റിപ്പോര്‍ട്ട് തരട്ടെ, അപ്പോള്‍ നടപടിയെടുക്കാം’ എന്നതായിരുന്നു സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ടവരുടെ നിലപാട്.
നിയമലംഘനം നടക്കുന്നുണ്ടെന്ന് സെബി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും, നടപടിയെടുക്കാതെ ആര്‍ബിഐ യുടെ നിര്‍ദേശത്തിനായി കാത്തിരിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
നിക്ഷേപത്തിന് അനുസൃതമായ സ്വര്‍ണ്ണ വില്‍പന ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയില്‍ നടക്കുന്നില്ല എന്ന സെബിയുടെ സുപ്രധാന കണ്ടെത്തല്‍ ഗൗരവമായി കാണേണ്ടതാണ്. നിക്ഷേപമായി സ്വീകരിക്കുന്ന പണം സഹോദര സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.
നിക്ഷേപകരെ സംരക്ഷിക്കേണ്ട ഏജന്‍സികള്‍ക്ക് മുന്നില്‍ നിയമലംഘനങ്ങള്‍ വ്യക്തമായിട്ടും, നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചുനിന്നത്, സ്ഥാപനത്തിന് ലഭിക്കുന്ന ഉന്നതതല ഒത്താശയെ കൂടിയാണ് തുറന്നുകാട്ടുന്നത്.
പ്രതിസന്ധിയിലായ എല്‍എല്‍പികള്‍
ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട എട്ട് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിക്ഷേപ സമാഹരണത്തിലെ പാളിച്ചകളെ കുറിച്ച് അടിവരയിടുന്നവയാണ്.
കമ്പനിയുടെ ആദ്യ കാലത്ത് നിക്ഷേപം നടത്തിയവര്‍ക്ക് ലാഭവിഹിതം നല്‍കാനായി പുതിയ നിക്ഷേപകരുടെ പണം ഉപയോഗിക്കുന്ന, ഒരു സംയുക്ത നിക്ഷേപ പദ്ധതിയുടെ (പോണ്‍സി സ്‌കീം) മാതൃകയിലാണ് എല്‍എല്‍പി ശൃംഖല പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം നിലനില്‍ക്കാന്‍ എപ്പോഴും പുതിയ നിക്ഷേപകര്‍ വന്നുകൊണ്ടേയിരിക്കണം.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി എന്ന എല്‍എല്‍പി, 2024 സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷവും കമ്പനി വലിയ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 മാര്‍ച്ച് 31 വരെ കമ്പനിയുടെ കരുതല്‍-മിച്ചധനം മൈനസ് 86.60 കോടി രൂപയായിരുന്നു.
എട്ട് എല്‍എല്‍പി കളില്‍ അഞ്ചെണ്ണത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനമോ ടേണ്‍ഓവറോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും, 2024 മാര്‍ച്ച് 31 വരെ 1936 പങ്കാളികള്‍ മൊത്തം 100 കോടി രൂപ ഈ എല്‍എല്‍പി കളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഈ എല്‍എല്‍പികളിലെ നിയുക്ത പങ്കാളികള്‍ ബോബിയുടെ ഭാര്യ സ്മിത, ഭാര്യാ സഹോദരന്‍ ലിജോ മൂത്തേടന്‍, ഭാര്യയുടെ കസിന്‍ ജിസ്സോ ബേബി, മുന്‍ ഡ്രൈവര്‍ ദേവദാസന്‍ തുടങ്ങിയവരാണ്.
ഈ നിയുക്ത പങ്കാളികളുടെ സംഭാവനകള്‍ വെറും 20,000 രൂപ മുതല്‍ 30,000 രൂപ വരെ മാത്രമാണ്. എന്നാല്‍, സാധാരണ നിക്ഷേപരായ പല പങ്കാളികളും ഒന്നരകോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. 2024 മാര്‍ച്ചിലെ രേഖകള്‍ അനുസരിച്ച് ബോബിക്ക് ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണലില്‍ നേരിട്ട് 11.73% ഓഹരികളാണ് ഉള്ളത്.
നിയുക്ത പങ്കാളികള്‍ തുച്ഛമായ തുക മാത്രം മുടക്കുമ്പോള്‍, ആയിരക്കണക്കിന് നിക്ഷേപകര്‍ കോടികള്‍ നിക്ഷേപിക്കുകയും കമ്പനികള്‍ വലിയ നഷ്ടത്തില്‍ തുടരുകയും ചെയ്യുന്നത് നിക്ഷേപ സമാഹരണത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.
ആദായ നികുതി റെയ്ഡും പിഴയും
2016-ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍, കമ്പനി പ്രതിവര്‍ഷം 13% വരെയുള്ള ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 2024 ല്‍ കമ്പനീസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 1,35,500 രൂപ ചെമ്മണൂര്‍ ഗോള്‍ഡ് പാലസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് പിഴ ചുമത്തിയിരുന്നു. ബോബി ചെമ്മണൂര്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രധാനപ്പെട്ട ഗുണഭോക്തൃ ഉടമകളെ (SBO) യഥാസമയം വെളിപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനായിരുന്നു പിഴ.
Also Read : ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും
2015 ല്‍ വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങള്‍ മുതല്‍ സെബിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. 85,000-ലേറെ നിക്ഷേപകരുടെ പണം അപകടത്തിലാണെന്ന് ഔദ്യോഗിക ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടും, ഭരണകൂടം മൗനം പാലിക്കുന്നത് കേരളത്തിലെ നിക്ഷേപക സുരക്ഷയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
Content Summary: No action was taken on SEBI report; who is protecting Boby chemmanur
This post was last modified on November 25, 2025 4:48 pm
Leave a Comment