അഴിമുഖം പ്രതിനിധി
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണി അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റഫര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മാണി പ്രത്യേക താല്പര്യം എടുത്തതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു. അത് ബാറുടമകള്‍ക്ക് അനുകൂലം ആയിരുന്നുമില്ല. മാണി കോഴ ആവശ്യപ്പെട്ടതിനും മാണിക്ക് കോഴ ലഭിച്ചതിനും തെളിവില്ല. പാലായിലെ മാണിയുടെ വീട്ടില്‍ ബാറുടമകള്‍ 15 ലക്ഷം രൂപയുമായി പോയിട്ടുണ്ട്. മാണിയുടെ വീട്ടില്‍ രണ്ടു തവണ അവര്‍ പോയിട്ടുണ്ട്. പക്ഷേ പണം കൈമാറിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാറുടമകളുടെ സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പണം മാണിക്ക് കൈമാറിയതായി രേഖകളില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു. മാണിക്ക് പണം നല്‍കിയെന്ന് ബിജുരമേശ് ആരോപിക്കുന്നവര്‍ ആരും അത് സമ്മതിച്ചു കൊണ്ട് മൊഴി നല്‍കിയിട്ടില്ല. അമ്പിളിയുടെ മൊഴിയും നുണപരിശോധനാ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് റഫര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.