June 14, 2026 |
Share on

‘ഇനിയൊരു രസീല ഉണ്ടാകരുത്’; തിരുവനന്തപുരത്ത്‌ ടെക്കികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍ പ്രതിഷേധം

ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രധാനമായും അഞ്ചു കാര്യങ്ങള്‍ എല്ലാ ഐ ടി കമ്പനികളും കര്‍ശനമായി നടപ്പാക്കണമെന്ന് ‘പ്രതിധ്വനി’

ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ടെക്നോപാര്‍ക്കില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍. രസീലയുടെ കൊലപാതകത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കുക, ഐ ടി കമ്പനികള്‍ സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായിട്ടായിരുന്നു ടെക്നോപാര്‍ക്ക് ജീവനക്കാര്‍ പ്രതിഷേധ ജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലും നടത്തിയത്. ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പ്ലകാര്‍ഡുകളും പോസ്റ്ററുകളും കയ്യിലേന്തി ഇരുന്നൂറിലധികം ടെക്കികള്‍ പ്രതിഷേധ മൗന ജാഥയില്‍ പങ്കെടുത്തു. പാര്‍ക്ക് സെന്ററിനടുത്തെ ആംഫി തീയേറ്ററില്‍ നിന്നും ആരംഭിച്ച ജാഥ, ഭവാനി – തേജസ്വിനി – ടി സി എസ് – നിള – ഫയര്‍ സ്റ്റെഷന്‍ – ആംസ്റ്റര്‍ – ഗായത്രി – നെയ്യാര്‍ – പദ്മനാഭം ബില്‍ഡിംഗ് കളിലൂടെ ടെക്‌നോപാര്‍ക്ക് ഫ്രണ്ട് ഗേറ്റ് – ബൈപാസ് റോഡിലുമായിരുന്നു മൗന ജാഥ നടത്തിയത്. ‘ആദ്യം വേണ്ടത് സുരക്ഷയാണ്- ഇനിയൊരു രസീല ഉണ്ടാകരുത് Safety is Primary – No more Raseela in IT Industry”) എന്ന ബാനറുമായിട്ടാണ് ജീവനക്കാര്‍ എത്തിയത്.


ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളെയും തടയുവാന്‍ പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി മെഴുകു തിരികള്‍ കത്തിച്ചു വെയ്ക്കുകയും ചെയ്ത് ടെക്നോപാര്‍ക്ക് ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

രസീല-യുടെ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്നും അത് പൂനെയില്‍ മാത്രമല്ല ഇന്ത്യയിലെ ഏതു ഐ ടി കമ്പനിയില്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണ്. അതിനാല്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രധാനമായും അഞ്ചു കാര്യങ്ങള്‍ എല്ലാ ഐ ടി കമ്പനികളും കര്‍ശനമായി നടപ്പാക്കണമെന്ന് ‘പ്രതിധ്വനി’ ആവശ്യപ്പെട്ടു.

‘പ്രതിധ്വനി’-യുടെ ആവിശ്യങ്ങള്‍

– എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക്ഗ്രൗണ്ട് വെരിഫിക്കേഷന്‍ കമ്പനികളുടെ തന്നെ മേല്‍ നോട്ടത്തില്‍ നടത്തുക.

– സ്ത്രീ ജീവനക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി വുമണ്‍ കംപ്ലൈന്റ് സെല്‍ എല്ലാ കമ്പനികളിലും ആരംഭിക്കുകയും അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യുക.

– സാധാരണ ജോലി സമയത്തിന് കൂടുതല്‍ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥര്‍ പ്രൊജക്റ്റ് മാനേജരുടെയോ എച്ച് ആര്‍ മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക.

– വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികള്‍ ഉറപ്പുവരുത്തുക.

– ഗവണ്‍മെന്റ് ഐ ടി കമ്പനികളിലെ ജീവനക്കാരുടെ സുരക്ഷയെ പറ്റി പഠിച്ചു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

‘പ്രതിധ്വനി’ വനിതാ ഫോറം സെക്രട്ടറി മാഗി വൈ വി പ്രതിഷേധത്തിന്റെ ആവിശ്യകതയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളെയും തടയുന്നതിനുള്ള പ്രതിജ്ഞ, പ്രസിഡന്റ് സുജിത് ജസ്റ്റി ചൊല്ലിക്കൊടുത്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, ട്രഷറര്‍ റെനീഷ് എ ആര്‍, വിനീത് ചന്ദ്രന്‍, വിനു പി വി, അജിത് അനിരുദ്ധന്‍, ബിമല്‍ രാജ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

×