കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലായ എം.എസ്.സി എല്‍സ 3 ലെ രാസവസ്തുക്കള്‍ മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്ന വാദം തള്ളി സിഎംഎഫ്ആര്‍ഐ. “കണ്ടെയ്നര്‍ മറിയുന്നതിന് മുമ്പേ തന്നെ കാലാവസ്ഥ പ്രതികൂലമായിരുന്നതിനെ തുടര്‍ന്ന് ഈ മേഖലകളില്‍ മത്സ്യബന്ധനം നിരോധിച്ചിരുന്നു. നിലവില്‍ ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ വരുന്ന മത്സ്യങ്ങള്‍ കപ്പല്‍ മുങ്ങിയ ഭാഗങ്ങളില്‍ നിന്നുമുള്ളവയല്ലെന്ന്” സിഎംഎഫ്ആര്‍ഐ ഗ്രിന്‍സണ്‍ ജോര്‍ജ് അഴിമുഖത്തോട് പ്രതികരിച്ചു.
“മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്ക് കാരണമാകുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ധൈര്യമായി മത്സ്യം കഴിക്കാവുന്നതാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മത്സ്യബന്ധനം നടക്കാത്തതിനാല്‍ ഒരുപരിധിവരെ വില കൂടേണ്ട സമയമാണിത്. എന്നാല്‍ ആവശ്യമില്ലാത്ത ആശങ്കകളും മറ്റും മത്സ്യത്തിന്റെ വിപണിവില കുത്തനെ താഴ്ത്താന്‍ മാത്രമേ ഇടയാക്കൂ.
പുറക്കാട് മുതല്‍ തെക്കോട്ടുള്ള പ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ അതിന്റെ യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സര്‍ക്കാര്‍ പരിശോധനകള്‍ നടത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കപ്പല്‍ മുങ്ങിയ ഭാഗത്ത് മത്സ്യബന്ധനം തുടരണമോ വേണ്ടയോ എന്ന് പറയാനാവുക. പൊതുവെ എറണാകുളം മുതല്‍ തെക്കോട്ടുള്ള മേഖലകളില്‍ ഇപ്പോള്‍ മീനുകള്‍ വരുന്നില്ല. കേരളത്തിലെ വടക്കന്‍ മേഖലകളിലാണ് മീനുകള്‍ ഇപ്പോള്‍ കാണപ്പെടുക. അതുകൊണ്ടുതന്നെ തെക്കോട്ടുള്ള ആളുകള്‍ക്ക് മത്സ്യബന്ധനം നടത്താനേ കഴിയുന്നില്ല. വടക്കോട്ടുള്ള ആളുകള്‍ക്കാകട്ടെ മത്സ്യബന്ധനം നടത്തുന്നുണ്ട് പക്ഷേ, വില്‍പന നടത്താന്‍ പറ്റുന്നില്ല. അതാണ് നിലവിലെ അവസ്ഥ” ഗ്രിന്‍സണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
“ഒരു അപകടം നടന്ന് കഴിഞ്ഞാല്‍ അതിനോടനുബന്ധിച്ച് നിരവധി ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയുണ്ട്. കപ്പല്‍ മുങ്ങിയതുപോലുള്ള സംഭവങ്ങളില്‍ ആദ്യം ഇടപെടുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ്. ഒരു അപകടം നടന്നാല്‍ എന്താണ് പ്രതിരോധനടപടികളെന്നും, മത്സ്യങ്ങളുടെ ജീവന്‍ സംരക്ഷിക്കുക, അപകടത്തില്‍ ഉള്‍പ്പെട്ട ആളുകളെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവര്‍ അടിയന്തിരമായി കൈക്കൊളുക. അതുകൊണ്ട് തന്നെ ആ പ്രശ്നത്തില്‍ ആരും ഇടപെടണ്ട തങ്ങള്‍ ചെയ്തോളാം എന്ന നിലയില്‍ തന്നെയാണ് മത്സ്യത്തൊഴിലാളികളോട് അടിഞ്ഞുകൂടിയ കണ്ടെയ്നറിലും മറ്റും തൊടരുതെന്നൊക്കെ നിര്‍ദേശം നല്‍കാന്‍ കാരണം.
കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കപ്പല്‍ മുങ്ങിയ പശ്ചാത്തലത്തില്‍ കടലിലെ മത്സ്യങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണോ എന്നത് സംബന്ധിച്ച് പരിശോധനയ്ക്കായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പ്രകാരം മത്സ്യബന്ധനം സാധ്യമാണെന്ന് കണ്ടെത്തിയാല്‍, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് അനുമതി നല്‍കുമെന്നും” ഗ്രിന്‍സണ്‍ ജോര്‍ജ് അഴിമുഖത്തോട് വ്യക്തമാക്കി.
കപ്പല്‍ മുങ്ങിയതിന്റെ ഭാഗമായി അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു. വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് ഇതിനോടകം പ്രചരിക്കപ്പെട്ടത്. അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.ആശങ്കപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡും 46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റികുമായിരുന്നു. കൂടാതെ തുണി, തടി, പഴങ്ങള്‍ എന്നിവയും കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 100 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചിട്ടുണ്ടെന്നാണ് വിവരം. അവയില്‍ തീരത്തടിഞ്ഞ 20 എണ്ണം കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. അതേസമയം, കപ്പല്‍ കണ്ടെത്താന്‍ സോണാര്‍ സര്‍വേ ആരംഭിച്ചു. കപ്പലിലെ ഇന്ധനം പുറത്തെടുക്കുന്നത് വരെയോ മുങ്ങിയ കപ്പലിന് ചുറ്റും ബോയ സ്ഥാപിക്കുന്നത് വരെയോ കപ്പലില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാത്സ്യം കാര്‍ബൈഡ് അപകടകരമല്ലെന്നും എന്നാല്‍ വലിയ രീതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. കാത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ക്ക് ഭാരം കൂടുതലാണ്. അവ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോകും. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താല്ക്കാലികാശ്വാസമായി 1000 രൂപയും ആറ് കിലോ അരിയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്ന് പറയുമ്പോഴും മത്സ്യത്തൊഴിലാളികളും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കടുത്ത ആശങ്കയിലാണ്. no problem in eating sea fish after ship wreck
Content Summary: no problem in eating sea fish after ship wreck
This post was last modified on May 30, 2025 1:04 pm
Leave a Comment