June 26, 2026 |

2021ൽ മാത്രം അസമിൽ 171 വ്യാജ ഏറ്റുമുട്ടൽ; പുനരന്വേഷണത്തിനുള്ള സുപ്രീം കോടതി നിർദേശം പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട് ?

2021ൽ മാത്രമായി 171ഓളം വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നിട്ടുള്ളത്

ഹിമാന്ത വിശ്വ ശർമ്മ മുഖ്യമന്ത്രിയായിരിക്കെ അസമിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നി‍ർദേശിച്ച് സുപ്രീം കോടതി. 2021ൽ മാത്രമായി 171ഓളം വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നിട്ടുള്ളത്. സ്വതന്ത്രവും വേ​ഗത്തിലുമുള്ള അന്വേഷണത്തിലൂടെ ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കോടതി നി‍ർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി മുമ്പ് ​ഗുഹാവത്തി കോടതി തള്ളിയിരുന്നു. അസമിൽ 2021ൽ 171 ഏറ്റുമുട്ടലുകളുണ്ടായെന്നും ഇതിലൊന്നിലും സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആരിഫ് മുഹമ്മദ് യാസീൻ ജവാദർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൗരാവകാശ സംരക്ഷണത്തിൽ മനുഷ്യാവകാശ കമ്മിഷനുകളുടെ പങ്ക് പരമപ്രധാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കമ്മിഷൻ കടമകൾ ഫലപ്രദമായി നിർവഹിക്കുമെന്നും കോടതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹരജിക്കാരൻ എടുത്തുകാണിച്ച 171 കേസുകളിൽ ഓരോന്നിലും വസ്തുനിഷ്ഠമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അസം മനുഷ്യാവകാശ കമ്മീഷൻ (എഎച്ച്ആർസി) നേരത്തെ ഈ വിഷയം പരിശോധിക്കാൻ വിസമ്മതിച്ചിരുന്നതിനാൽ മെയ് 29ലെ സുപ്രീം കോടതിയുടെ ഇടപെടൽ പ്രധാനമാണ്.

പൊലിസ് ഏറ്റുമുട്ടലുണ്ടായാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്നാണ് പി.യു.സി.എൽ കേസ് ഉത്തരവിലെ വ്യവസ്ഥകളിൽ പ്രധാനം. ഈ മാർഗനിർദേശങ്ങൾ നിയമവാഴ്ചയുടെയും ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറയുടെയും പ്രാധാന്യം വീണ്ടും സ്ഥിരീകരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. ഒരു വ്യക്തിയോ സ്ഥാപനമോ നിയമത്തിന് അതീതരല്ല. പൊലിസ് ഏറ്റുമുട്ടലുകളെ മഹത്വവൽക്കരിക്കുന്ന സംസ്‌കാരത്തിനെതിരായ മുന്നറിയിപ്പായിരുന്നു സുപ്രിംകോടതിയുടെ മാർഗരേഖയെന്നും ബെഞ്ച് വിലയിരുത്തി. ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം ആരംഭിക്കാൻ മനുഷ്യാവകാശ കമ്മിഷന് സ്വാതന്ത്ര്യമുണ്ട്. അന്വേഷണത്തിൽ സംസ്ഥാന അധികാരികൾ പൂർണമായി സഹകരിക്കുകയും സ്ഥാപനപരമായ തടസ്സങ്ങൾ നീക്കം ചെയ്യുകയും വേണം. ഇരകൾക്കും ബന്ധുക്കൾക്കും ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മിഷൻ നടപടി സ്വീകരിക്കണം. ആവശ്യമുള്ളവർക്ക് അസം സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി നിയമസഹായം നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

ആരോപണവിധേയമായ സംഭവങ്ങളുടെ ഇരകൾക്കോ കുടുംബാംഗങ്ങൾക്കോ പറയാനുള്ളത് കേൾക്കണം. ദുരിതമനുഭവിക്കുന്നവരെ ക്ഷണിച്ച് പൊതു അറിയിപ്പ് പുറപ്പെടുവിക്കണം. സമീപിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വയ്ക്കണം. വ്യാജ ഏറ്റുമുട്ടൽ തെളിയിക്കപ്പെട്ടാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഗുരുതരമായ ലംഘനമാണ്. എന്നിരുന്നാലും, നീതിയുക്തവും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ, ഈ കേസുകളിൽ ചിലത് നിയമപരമായി ന്യായീകരിക്കാവുന്നതുമായി മാറിയേക്കാം. ഈ വ്യത്യാസം നിർണായകമാണെന്നും കോടതി പറഞ്ഞു.

കുറച്ച് വർഷങ്ങളായി അസമിൽ പി.യു.സി.എൽ കേസിലെ മാർഗനിർദേശങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. അസമിലെ പല കേസുകളിലും ഇരകൾക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ ഏറ്റുമുട്ടൽക്കൊലകൾ മുതൽ വെടിയേറ്റ പരുക്കുകൾ ഉൾപ്പെട്ട 135 ഏറ്റുമുട്ടൽ കേസുകൾ ഉണ്ടെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.

content summary: Why the Supreme Court-Ordered Investigation Into Assam’s Alleged Fake Encounters Matters

Leave a Reply

Your email address will not be published. Required fields are marked *

×