താത്കാലിക നിയമനങ്ങളെ സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ മറുപടി നൽകാത്തത് ജനരോഷം ഭയന്ന് എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ സർക്കാർ നടത്തിയ താൽക്കാലിക പിൻവാതിൽ നിയമനങ്ങളെക്കുറിച്ചാണ് രമേശ് ചെന്നിത്തല ചോദ്യങ്ങൾ ഉന്നയിച്ചത്. നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ മുങ്ങി എന്നാണ് ആരോപണം. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ വിവിധ സർക്കാർ വകുപ്പുകളിലും കോർപറേഷൻ/ബോർഡ്/കമ്പനി, സർക്കാർ സ്വയംഭരണസ്ഥാപനങ്ങൾ, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴിയല്ലാതെ നടത്തിയ കരാർ/താൽകാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് നൽകണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ചോദ്യത്തിനാണ് ഇതിന്റെ ക്രോഡീകരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടി സർക്കാർ നൽകിയത് എന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്.
ഈ നിയമനങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും സർക്കാർ ഉത്തരം നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ താൽക്കാലിക, കരാർ ജീവനക്കാരിൽ എത്രപേരെ കഴിഞ്ഞ നാലു വർഷത്തിനിടെ സ്ഥിരപ്പെടുത്തി, അതിന്റെ സ്ഥാപനം തിരിച്ചുള്ള വിശദാംശങ്ങൾ എന്നിവയ്ക്കും മറുപടിയില്ല. സംസ്ഥാനത്തെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ പി.എസ്.സി/എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് എന്നിവ വഴിയല്ലാതെ നടത്തിയ നിയമനങ്ങളുടെ വിവരം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യത, അഭിമുഖത്തിന്റെ മാർക്ക് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യപ്പെട്ടതിലും ഇത്തരം വിവരങ്ങൾ ഒന്നും ലഭ്യമല്ല എന്നാണ് മറുപടി നൽകിയിരിക്കുന്നത്.
അടുത്ത കാലത്ത് നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളത്തിലെ താൽക്കാലിക ഒഴിവുകളിൽ മൂന്നിലൊന്നു മാത്രമാണ് എംപ്‌ളോയ്‌മെന്റെ എക്‌സേഞ്ച് വഴി നൽകുന്നത് എന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ പ്രതിവർഷം ഏതാണ്ട് 33000 ഒഴിവുകളാണ് താൽക്കാലികാടിസ്ഥാനത്തിൽ വരുന്നത്. ഇതിൽ പതിനായിരത്തിൽ പരം ഒഴിവുകൾ മാത്രമാണ് ശരാശരി എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്തിയതായി കണ്ടെത്തിയത്. ബാക്കി 22,000 ഒഴിവുകൾ വർശാവർഷം പിൻവാതിലൂടെ നിയമനം നൽകുകയാണ് സർക്കാർ എന്നും അങ്ങനെ എട്ട് വർഷത്തിനിടെ 1.8 ലക്ഷം പിൻവാതിൽ നിയമനം നടന്നതായിട്ടാണ് കണക്കുകൾ വഴി വ്യക്തമാകുന്നതെന്നും ചെന്നിത്തല പറയുന്നു.
സംസ്ഥാനത്ത് എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 26 ലക്ഷത്തിൽപരം യോഗ്യരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസർക്കാർ പിൻവാതിലിലൂടെ ഇത്രയും സ്വന്തക്കാർക്കും പാർട്ടി ബന്ധുക്കൾക്കും നിയമനം നൽകിയിരിക്കുന്നത്. സംവരണചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് ഈ നിയമനങ്ങൾ. കഴിഞ്ഞ എട്ടുവർഷത്തെ ഭരണത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം ഒഴിവുകൾ ഇത്തരത്തിൽ നൽകിയെന്നാണ് നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസിന്റെ കണ്ടെത്തൽ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നയിച്ച ചോദ്യത്തിനാണ് ഉത്തരം നൽകാതെ സർക്കാർ മുങ്ങിയത് എന്നും ചെന്നിത്തല ആരോപിച്ചു.
താൽക്കാലിക നിയമനക്കാർക്കുള്ള ശമ്പളലും മറ്റ് ആനുകൂല്യങ്ങളും സ്പാർക്ക് അടക്കമുള്ള ഡേറ്റാ ബേസുകളിൽ ലഭ്യമായിരിക്കെ, ഇക്കാര്യത്തിൽ നിരുത്തരവാദപരമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിമയസഭയിൽ സമാജികർ ചോദ്യമുന്നയിച്ചാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിവരം എടുത്ത് കൃത്യമായ ഡേറ്റ അറിയിക്കണമെന്നാണ്. എന്നാൽ സർക്കാർ ഇപ്പോൾ സ്വീകരിച്ച നടപടി നിയമസഭയോടും സാമാജികരോടുമുള്ള അവഹേളനമാണ്. പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വന്നാൽ കേരളത്തിലെ യുവജനരോഷം സർക്കാരിനെതിരെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടാണ് സർക്കാർ മറുപടി നൽകാതെ ഒളിച്ചോടുന്നത് – ചെന്നിത്തല ചോദിച്ചു.
content summar; No reply on temporary appointments; Ramesh chennithala said that CM was afraid of public anger
Leave a Comment