ജയിലിനും മരണത്തിനും ഇടയില്‍ സമാധാന നൊബേല്‍ ജേതാവ്

ഇറാന്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

Iranian Nobel Peace Prize laureate Narges Mohammadi

നൊബേല്‍ സമ്മാന ജേതാവായ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ കഴിയുന്ന അവര്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലാണെന്ന് അവരുടെ അനുയായികള്‍ അറിയിച്ചു. പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ഷിറിന്‍ അര്‍ദക്കാനി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നര്‍ഗീസിന്റെ ജീവന്‍ അപകടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. നര്‍ഗീസിന്റെ മോചനത്തിന് വേണ്ടി മാത്രമല്ല, അവരുടെ ഹൃദയമിടിപ്പ് നിലയ്ക്കാതിരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ തങ്ങള്‍ പോരാടുന്നതെന്ന് അര്‍ദക്കാനി പറഞ്ഞു.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) പ്രതിനിധി ജോനാഥന്‍ ഡാഗറും ഈ ആശങ്ക പങ്കുവെച്ചു. നര്‍ഗീസ് മുഹമ്മദി മരണസാധ്യതയുള്ള അത്രയും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആദ്യമായാണ് തങ്ങള്‍ പറയുന്നതെന്നും വൈകുന്നതിന് മുമ്പ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ 54 വയസ്സുള്ള നര്‍ഗീസ്, തന്റെ ജീവിതത്തിലെ ഏറിയ പങ്കും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു അഭിഭാഷകന്റെ ശവസംസ്‌കാര ചടങ്ങില്‍ വെച്ച് ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് അവരെ വീണ്ടും അറസ്റ്റ് ചെയ്തത്.

ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന നര്‍ഗീസിന് മാര്‍ച്ച് 24-നും മെയ് ഒന്നിനും ജയിലിനുള്ളില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതായി സംശയിക്കുന്നു. വടക്കന്‍ ഇറാനിലെ സന്‍ജാന്‍ ജയിലില്‍ വെച്ചുണ്ടായ ഏറ്റവും പുതിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ് അവര്‍ കഴിയുന്നത്. ജയിലില്‍ വെച്ച് നര്‍ഗീസിന്റെ ഭാരം 20 കിലോയോളം കുറഞ്ഞുവെന്നും സംസാരിക്കാന്‍ പോലും അവര്‍ക്ക് പ്രയാസമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മുന്‍പുണ്ടായിരുന്നതില്‍ നിന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അവരുടെ ശാരീരികാവസ്ഥ മോശമായിരിക്കുകയാണ്.

നിലവില്‍ സന്‍ജാനില്‍ ചികിത്സയിലുള്ള നര്‍ഗീസിനെ ടെഹ്റാനിലേക്ക് മാറ്റി അവരുടെ വ്യക്തിഗത മെഡിക്കല്‍ സംഘത്തിന്റെ കീഴില്‍ ചികിത്സ ലഭ്യമാക്കണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇതിന് അനുകൂലമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നര്‍ഗീസിന്റെ ഭര്‍ത്താവും മക്കളും പാരീസിലാണ് താമസിക്കുന്നത്. നര്‍ഗീസിന്റെ ജീവന്‍ രക്ഷിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നും ശക്തമായി ഇടപെടണമെന്നും അഭിഭാഷക ഷിറിന്‍ അര്‍ദക്കാനി ആവശ്യപ്പെട്ടു. നര്‍ഗീസിനെ ജയിലില്‍ തുടരാന്‍ അനുവദിക്കുന്നത് അവര്‍ക്ക് ലഭിക്കുന്ന വധശിക്ഷയ്ക്ക് തുല്യമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

Content Summary; Jailed Iranian Nobel Peace Prize laureate Narges Mohammadi is reportedly fighting for her life in a hospital

This post was last modified on May 6, 2026 11:57 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment